Showing posts with label ബ്ലോഗേഴ്സ് മീറ്റ്. Show all posts
Showing posts with label ബ്ലോഗേഴ്സ് മീറ്റ്. Show all posts

Monday, July 23, 2012

കൊണ്ടോട്ടീലെ കണ്ടൂട്ടല്‍ ( മീറ്റ്‌ സ്പെഷ്യല്‍) ! ! !

ഇലകള്‍ വിരിയുന്നു.. 'പൂക്കളേക്കാള്‍ മണമുള്ള e-ലകള്‍' ശ്രീ: പി. സുരേന്ദ്രന്‍ 
ബ്ലോഗ്ഗര്‍ ശ്രീ: ശരീഫ് കൊട്ടാരക്കരക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
 വല്ല്യ  ഉറപ്പൊന്നും ഇല്ലായിരുന്നു കൊണ്ടോട്ടിയിലെ മീറ്റില്‍ പങ്കെടുക്കാനൊക്കുമെന്ന്‍.സാഹചര്യം ഒത്തു വന്നപ്പോ ഒന്ന് ചെന്ന് നോക്കാമെന്നായി. അങ്ങിനെ 11 -07 -12 നു പത്തര മണി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലേക്ക് കടന്നു ചെന്നു.

എന്റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റ്‌. ബൂലോകത്ത് തീരെ സജീവമല്ലാത്ത, ബൂലോകത്തെ ഒരു മനുഷ്യന്റെ കുഞ്ഞിനെ പോലും പരിചയവുമില്ലാത്ത ഒരാള്‍ ഇങ്ങിനെ ഒരു സംഭവത്തില്‍ ചെന്നു പെട്ടാല്‍.. അംസു ആകുമോ എന്തോ.. ഒരു നിശ്ചയവുമില്ല. എന്നാലും സൈബര്‍ ലോകത്തെ എഴുത്തിടത്തില്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണരാജി വിരിയിച്ച് പൂക്കളേക്കാള്‍ മണമുള്ള ഇലകളെ സൃഷ്ടിക്കുന്ന അക്ഷര ശലഭങ്ങളെയൊക്കെ അഭ്രപാളിക്കിപ്പുറം  ഭൂലോകത്ത് വെച്ച് അടുത്തറിയാനും സന്തോഷം പങ്കിടാനും കഴിയുമല്ലോ എന്ന് തോന്നി.
ഇടനാഴിയിലൊരു ഇട വേള..  (ശ്രീമാന്‍:പേരറിയില്ല :), കൂതറ ഹാഷിം, 
ഇംതിയാസ് ഭായ്, സിയാഫ്ക്ക, പ്രദീപ്‌ മാഷ്‌, ഉബൈദ് ഭായ്)

മുകളിലേക്ക് കയറുമ്പോള്‍ കോണിപ്പടിയില്‍ വിടര്‍ന്ന ചിരിയുമായി ഒരാള്‍.മുമ്പ് പല വട്ടം ഫോട്ടോ കണ്ട പരിചയത്തില്‍ ചോദിച്ചു,'ഫൈസു മദീനയല്ലേ?'. വീണ്ടും ചിരി വിടര്‍ന്നു 'അതെ'. കഴിഞ്ഞു വീണ്ടും കയറുമ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി വരുന്ന ഒരു മധ്യ വയസ്കന്‍. എന്തോ ഒരൂഹത്തില്‍ 'പ്രദീപ്‌ മാഷല്ലേ' എന്ന്‍ ചോദിച്ച് കൈ കയറിപ്പിടിച്ചു. ഭാഗ്യം മാഷ്‌ തന്നെ. വഴിയില്‍ കണ്ട ആരെയും വെറുതെ വിടാതെ ഹാളിലേക്ക് കടന്നു. കൊട്ടോട്ടി ചേട്ടന്‍ രജിസ്ട്രേഷന്‍ മേശക്കു സമീപം തന്നെയുണ്ട്‌. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം ബ്ലോഗ്‌ രചനകള്‍ക്ക് പ്രത്യേക ഇടം നല്‍കി നമ്മെ പ്രോത്സാഹിപ്പിക്കുന്ന 'കൈരളി നെറ്റ്' മാഗസിനെ പരിചയപ്പെടുത്തി. ഇടയ്ക്കു 'സടപടേ' ന്നു ഓടിച്ചാടി നടക്കുന്ന മുഖ്യ സംഘാടകന്‍ ശ്രീമാന്‍ ശ്രീജിത്ത് കൊണ്ടോട്ടിയെയും കണ്ടു മുട്ടി. അങ്ങിനെ കണ്ടാലറിയാവുന്ന അഞ്ചാറു പേരെ കണ്ടുകിട്ടിയ സന്തോഷത്തില്‍ ച്ചിരി അഹങ്കാരത്തോടെ ഹാളിലാകമാനം ഒന്ന് വീക്ഷിച്ചു. എവിടെ 'ഞാനുണ്ട്' 'ഞാനുമുണ്ട്' എന്ന് വരവറിയിച്ച മഹാന്മാരൊക്കെ?? എണ്ണം വളരെ കുറവാണല്ലോ ന്നു ആരോ പറയും പോലെ. ഏയ്‌ തോന്നിയതാവും.. അല്ലേലും എണ്ണം കുറഞ്ഞാലെന്താ വണ്ണം കൂടിയാ പോരെ..

പറഞ്ഞില്ലേ, ഇപ്പൊ ബ്ലോഗ്‌ മീറ്റിലാ..  (ശ്രീജിത്ത്‌ കൊണ്ടോട്ടി)
അപ്പുറത്ത് രണ്ടു പേരതാ നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്നു. കണ്ടിട്ട് ഒരെത്തും പിടിയുമില്ല. നേരെ അങ്ങോട്ട്‌ ഇടിച്ചു കയറി ശറഫാക്കപ്പെട്ട കൈ നീട്ടിക്കൊടുത്തു. ആ സംസാരം മുടക്കി പേരു വിവരം ചോദിച്ചു വാങ്ങി. ഒന്ന് സന്ദീപ്‌ രണ്ട് ഹക്കീം ചെറൂപ്പ. അപ്പോഴേക്കും ചായ കിട്ടി. അവിടവിടെയായി ഓരോരുത്തര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഒക്കെ സാവകാശം കാണാമെന്നു കരുതി മാറി നില്‍ക്കുമ്പോഴാണ് ഒരാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടത്, ഇങ്ങേ അറ്റത്ത് മുന്നിലെ മേശമേല്‍ ഒരു ലാപ് ടോപ്പും തുറന്നു വെച്ച്. അങ്ങടുത്തു ചെന്ന്‌ പരിചയപ്പെട്ടു 'ദേവന്‍ തൊടുപുഴ'- നമ്മുടെ ബൂലോക റേഡിയോക്കാരന്‍ തന്നെ. തട്ടിയും മുട്ടിയും അങ്ങിനെ നില്‍ക്കുന്നതിനിടക്ക് നമ്മുടെ നാമൂസ് ഏട്ടനെ ആരോടാ തിരക്കിയതെന്നോര്‍മയില്ല. അയാളുടെ മറുപടി പക്ഷെ നല്ല ഓര്‍മയുണ്ട് 'അവിടെവിടെയെങ്കിലും മുണ്ടും മടക്കി കുത്തി ഒരാളെ കാണും. അത് തന്നെ നാമൂസ്'. മ്ഹാ.. ഇനി ആ മടക്കി കുത്ത് കണ്ടു പിടിച്ചാ മതിയല്ലോ...

അപ്പോഴേക്കും ഇരിക്കാനുള്ള അറിയിപ്പുമായി ആരൊക്കെയോ ഓടി നടക്കുന്നു. പരിപാടി തുടങ്ങുന്നു എന്നര്‍ത്ഥം.കസേരകള്‍ നീണ്ട വട്ടത്തില്‍ നിരത്തി എല്ലാവരും ഇരുന്നു. എന്റെ ഇപ്പുറത്ത് 'സുറുമയിടാത്ത കണ്ണു'മായി വി.പി. അഹ്മദിക്കയും  അപ്പുറത്ത് 'ഗഫൂര്‍ കാ പക്കാ ദോസ്ത്'  അരുണ്‍ ചട്ടനും.  നാമൂസ് സാബിന്റെ സ്വാഗത ഭാഷണം കഴിഞ്ഞ് മൈക്ക് കസേരകളിലൂടെ നടന്നു നീങ്ങി, എല്ലാരുടേം പേരും ഊരും വിവരോം വിളിച്ചറിയിച്ചും കൊണ്ട്. പക്ഷെ എന്റെ ഭൂലോക ബന്ധു ജാബിര്‍ മലബാരിയെ കാണാനില്ല. അവന്‍ ഒരു മീറ്റ്‌ മിസ്സാക്കാന്‍ ഒരു ന്യായവും ഇല്ല. മാത്രവുമല്ല,  ഒരു മീറ്റ്‌ ഫോട്ടോ വേണമെന്ന് വെച്ചാലും അവനില്ലാതെ എങ്ങിന്യാ??

പി സുരേന്ദ്രന്റെ ഉത്ഘാടനപ്രസംഗം ഗംഭീരമായിരുന്നു. പ്രോഗ്രാം ബാനര്‍ ഒരു വശത്തും പ്രസംഗ പീഠം മറ്റൊരു വശത്തും ആണല്ലോ? ആ.. ഞാനതപ്പളേ മറന്നു.. എഴുത്തും വായനയും അതിന്റെ ഗതിവിഗതികളുമൊക്കെ വിശാലമായി സുരേന്ദ്രന്‍ മാഷ്‌ വിവരിക്കുന്നു. നാട്ടുമ്പുറങ്ങളിലെ സ്മ്നേഹോഷ്മളമായ കൂട്ടു ജീവിതത്തിനെയും അതിന്റെ ഭാവപ്പകര്‍ച്ചകളെയുമൊക്കെ തെളിമയാര്‍ന്ന ശൈലിയില്‍ ലളിതമായി എഴുതി വെക്കാറുള്ള സുരേന്ദ്രന്‍ മാഷ്‌ ഇപ്പോള്‍ സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ ഗഹനമായി അവതരിപ്പിക്കുന്നു. എഴുത്തിലെ വിപ്ലവവും പ്രണയവും ജീവിതവും എല്ലാം അതില്‍ വിഷയീഭവിച്ചു. മലയാളിക്ക് സാഹിത്യ അവബോധത്തില്‍ വന്നു കൊണ്ടിരിക്കുന്ന ഇടിവിനെ കുറിച്ചാണ് ആദ്യത്തെ അര മണിക്കൂറിലധികം അദ്ദേഹം സംസാരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടേണ്ട സാഹിത്യത്തെ കുറിച്ചുള്ള അറിവുകള്‍ വളരെ ശുഷ്കിച്ചു പോയിരിക്കുന്നുവെന്നും സാഹിത്യം പഠിപ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധ്യാപകര്‍ പോലും ഇക്കാര്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കാലത്തെ അദ്ധ്യാപകര്‍ സാഹിത്യത്തെ കുറിച്ചൊക്കെ അഗാധമായ അറിവുള്ളവരായിരുന്നു എന്ന് ഉദാഹരണ സഹിതം എടുത്തു കാട്ടി. ഈയൊരു അവസ്ഥയെ കുറ്റകരമായ അനാസ്ഥ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്‌. ഇക്കാരണത്താലൊക്കെതന്നെ വായന ഇന്ന് വളരെ കുറഞ്ഞു എന്ന് കൂടി പറഞ്ഞപ്പോള്‍ ഒരു വേള ഉള്‍ക്കൊള്ളാന്‍ പ്രയാസമായി തോന്നി. ഭൂമിമലയാളത്തിലെ കാക്കത്തൊള്ളായിരം പ്രസിദ്ധീകരണ ശാലകളില്‍ നിന്നിറങ്ങുന്ന പുസ്തകങ്ങളൊക്കെ വിറ്റു പോവുന്നത് പിന്നെ എങ്ങോട്ടാണ്? മുന്‍ നിരയിലെ ഒന്നോ രണ്ടോ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെ വിറ്റുവരവ് മാത്രം വിലയിരുത്തിയാല്‍ മതി വായനയുടെ തോത് മനസ്സിലാവും. പക്ഷെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സാഹിത്യകാരന്‍ പറയുമ്പോള്‍ അത് വെറും വാക്കാകില്ലല്ലോ എന്നാലോചിക്കുമ്പോള്‍... 

നേരെ നിക്കിന്‍, നാലാള്‍ കാണേണ്ടതാ..  (ശ്രീ:ശരീഫ്ക്ക കൊട്ടാരക്കര, 
ശ്രീ:ദേവന്‍ തൊടുപുഴ, ശ്രീ:ഇംതിയാസ്)
പിന്നെ മീറ്റിലെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞു പോയെന്ന സംഘാടകരുടെ പരാമര്‍ശത്തെ ഉദ്ധരിച്ച് മലയാളത്തിലെ സാഹിത്യ സദസ്സുകളിലെ ശുഷ്കിച്ച സദസ്സുകളെ കുറിച്ചദ്ധേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ തല മുതിര്‍ന്ന സാഹിത്യകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന സദസ്സുകളില്‍ പോലും ജന പങ്കാളിത്തം അമ്പത് തികയാതെ വരുന്ന അവസ്ഥകളെ എടുത്തു കാട്ടി, അങ്ങിനെ നോക്കുമ്പോള്‍ ഈ കുട്ടായ്മ എത്രയോ ഉയര്‍ന്ന നിലയിലാണെന്നു പറഞ്ഞപ്പോള്‍ ആശ്വാസത്തിന്റെ കയ്യടി മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. നമ്മുടെ പരിമിതികളെയും അതേ സമയം തന്നെ നമ്മുടെ വലിപ്പവും നാം തിരിച്ചറിയണം. സൈബര്‍ ലോകത്തെ വളരെ ചെറിയ വായനാവൃന്ദത്തെ ബോധനം ചെയ്യുമ്പോള്‍ ഒരിക്കലും വലിയ വിചാരങ്ങളൊന്നും നമുക്ക് വേണ്ട. എന്നാല്‍ ഓരോ മുക്കുറ്റി ചെടിക്കും തുമ്പ ചെടിക്കും അതിന്റേതായ പരിപൂര്‍ണ്ണത ഉണ്ട് എന്നത് പോലെ എഴുത്ത് എവിടെയായാലും എഴുത്ത് തന്നെ. വായിക്കാന്‍ ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും നന്നായി എഴുതാനാണ് നാം ശ്രമിക്കേണ്ടത്. ഒരാള്‍ തന്റെ പ്രണയിനിക്ക് എഴുതും പോലെ. അവിടെ വായനക്കായി ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ എഴുതാനാണ് ശ്രമിക്കുക.

ബ്ലോഗെഴുത്തില്‍ വലിയൊരു ഭാഗം പ്രവാസികളുടെതാണെന്ന തിരിച്ചറിവില്‍ അവരോടായി പ്രത്യേകം ഒരു കാര്യം ഓര്‍മിപ്പിച്ചു. പ്രവാസികള്‍ പൊതുവേ ഗൃഹാതുരത്വവും അനുഭവവും കലര്‍ന്ന രചനകള്‍ എഴുതി വെക്കുന്നതിനു പുറമേ, അവരുടെ മുന്നിലെ ജീവിത പശ്ചാത്തലം പരിസരമാക്കിയും വ്യത്യസ്ത ഭാഷാ-സംസ്കാരങ്ങളുള്ള അന്യ ദേശക്കാരെ കഥാപാത്രങ്ങളാക്കിയുമുള്ള കഥകളും മറ്റു രചനകളും നടത്താന്‍ അവര്‍ കൂടുതല്‍ മുന്നോട്ട് വരണം. കാരണം അതിനു അവര്‍ക്ക് മാത്രമേ കഴിയൂ എന്നതു തന്നെ.

ശേഷം 'പൂക്കളേക്കാള്‍ മണമുള്ള e -ലകള്‍'എന്ന ബ്ലോഗ്‌ കഥകളുടെ സമാഹാര പുസ്തകം പി.സുരേന്ദ്രന്‍ മാഷ്‌ ബ്ലോഗ്ഗര്‍ അഡ്വ.ശരീഫ് കൊട്ടാരക്കരക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.  തുടര്‍ന്ന് മ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ 'മഴവില്‍' ഇ-മാഗസിന്‍ ലോഞ്ചിങ്ങും അദ്ദേഹം തന്നെ നിര്‍വഹിച്ചു.
അതു കഴിഞ്ഞ് പുസ്തകത്തിലെ കഥകളെ അവലോകനം ചെയ്തു നാസര്‍ മാഷുടെ സംസാരം. ഒരു മണിക്കൂറിലധികം നീണ്ട ആ പ്രസംഗത്തില്‍ എഴുത്തിനെയും സാഹിത്യത്തെയും കുറിച്ചാണ് അധികവും സംസാരിച്ചത്. ഓഷോയും മാര്‍ക്സും ബഷീറും ലെനിനും എം ടിയും ബെന്യാമിനും എല്ലാം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ കഥകളെ വിലയിരുത്തല്‍ കുറഞ്ഞ വാക്കുകളില്‍ ഒതുക്കി. അതും കഴിഞ്ഞ് തല്‍ക്കാലം ആ ചടങ്ങ് അവസാനിപ്പിക്കുന്നതിന് മുന്നേ ഒരു സുഹൃത്ത്‌ അനുമതി വാങ്ങി സംസാരിച്ചു. 'മ' ഗ്രൂപ്പിലെ സമീപ കാലത്തെ പൊട്ടിത്തെറിയാണ്  വിഷയമാക്കിയത്. പടച്ചോനെ.. പ്രോഗ്രാം ലിസ്റ്റിലാണെങ്കില്‍ 'കലാ പരിപാടികള്‍' എന്ന് അച്ചടിച്ച്‌ കാണുകേം ചെയ്തു. ഇനി ഇവിടെയും കലകള്‍ വാഴാന്‍ പോകുന്നു?? . രണ്ടു മൂന്നു ദിവസമായി ഈ കലാപരിപാടികള്‍ ഗ്രൂപ്പില്‍ നിന്ന് തന്നെ നല്ലോണം ആസ്വദിക്കുക കൂടി ചെയ്തത് കൊണ്ട് ഞാന്‍ വാച്ചിലേക്ക് നോക്കി.. 

എല്ലാരും ഉണ്ടോ എന്തോ...

ഒന്ന് പുറത്തു പോയി വന്നപ്പോഴേക്കും എല്ലാവരും ഫോട്ടോ എടുപ്പിന്റെ ഒരുക്കത്തിലാണ്. സമയത്തിന് തന്നെ ജാബിര്‍ എത്തിയത് കൊണ്ട് ഈ ഗ്രൂപ്പ് ഫോട്ടോയിലും, പാവം അവനെ കാണാനൊക്കില്ല. ഇനി ഉണ്ണാന്‍ പിരിഞ്ഞു. ശരിക്കും പരിചയപ്പെടല്‍ സെഷന്‍ ഇതാണ്.  റാഷിദ് കൊച്ചുജാലകത്തെയും ജാബിര്‍ മലബാരിയെയും കൂട്ടു പിടിച്ച് അങ്ങിനെ കറങ്ങി നടന്നു. ഓരോരുത്തരുടെയും നേരെ ചെന്ന് 'എന്താ പേര്?ഏതാ ബ്ലോഗ്‌?' പരിപാടി തുടങ്ങി. 'തിരിച്ചറിയാതെ പോയ ശബീറി'നെ തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളിലൊരു ചിരി പൊട്ടി. ഉടമയില്ലാതെ ഒഴുകി നടന്ന ആ കല്ല്യാണ പോസ്റ്റിന്റെ കാര്യം ഓര്‍മ്മയില്‍ വന്നതാണ്. മനേഷ് മണ്ടൂനെയും ഷമീര്‍ തിക്കോടിയെയും പരിചയിക്കാന്‍ കിട്ടി. ഇടയ്ക്കു 'ശൂ...'ന്ന് വന്ന് ഒരാള്‍ കൈ പിടിച്ച് വാങ്ങി, "ഞാന്‍ കൂതറ ഹാഷിം" എന്ന് ഒരു കുലുക്ക്. പേടിച്ചു പോയി. ഇതെന്തു കൂതറത്തരം എന്ന് ചോദിക്കാന്‍ വന്നെങ്കിലും മുഖത്തേക്ക് നോക്കിയപ്പോള്‍ ആള്‍ മ്മടെ അത്ര കൂതറയല്ലല്ലോ ന്നൊരു തോന്നല്‍.



കുറച്ചു സമയം സുരേന്ദ്രന്‍ മാഷോട് കുശലം പറയാന്‍ കിട്ടി. ആ എഴുത്തിലെ ചെറുപ്പ കാലത്തെ നാട്ടുമ്പുറ കാഴ്ചകളുടെ വശ്യമായ പകര്ത്തലിനെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. ഉടുത്ത വെള്ള മുണ്ട് നന്നായൊന്ന് മടക്കി കുത്തി കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. ഈ സൗഹൃദം ഒരിക്കലും മുറിഞ്ഞു പോകരുതേ എന്ന്  ആശിച്ചു പോയി.  ബൂലോകത്തിന്റെ സ്വന്തം 'കഥാ വണ്ടി'യുമായി കയ്യില്‍ കഥാ ബുക്കും പിടിച്ച് സിയാഫ് ഭായ്. വണ്ടിയുടെ എഞ്ചിന്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അല്‍പനേരം മിണ്ടിപ്പറഞ്ഞു. വഴിവക്കില്‍ കുറുമ്പടി ഇസ്മായില്‍ക്കയെ കണ്ടുകിട്ടി. ആ 'തണലി'ല്‍ ജാബി ഒരു കളിക്കും ക്ലിക്കി. 'മ' ലോക 'ആചാര്യനായ' ഇംതിയാസ് ഭായിയെയും ബൂലോകത്ത് ഏറെ 'കേളികേട്ട' നിധിഷ് ഭായ് യെയും സൗഹൃദത്തിന്റെ ഒരു കണ്ണിയായി വിളക്കി ചേര്‍ത്തു. ബൂലോക മഹിളാ രത്നങ്ങള്‍ നാലഞ്ചെണ്ണം ഉണ്ടായിരുന്നു. സുജ, കൊച്ചുമോള്‍, ഷീല ടോമി, ധനലക്ഷ്മി തുടങ്ങിയ ചേച്ചിമാര്‍ പലരും കുടുംബ സമേതം തന്നെയാണ് എത്തിയിട്ടുള്ളത്.

ഊട്ടു പുരയിലെ കാര്യമെന്തായോ ആവോ? പലരും തിരിച്ചു വരവ് തുടങ്ങി. ഈ വിശപ്പിന്റെ അസുഖം ഉള്ളതാണേ.. നേരമായാ വിശക്കാന്‍ തുടങ്ങും. പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍ വാങ്ങാതെ എങ്ങന്യാ? അതും വാങ്ങിക്കഴിഞ്ഞപ്പോള്‍ നേരത്തെ ഈ പുസ്തകത്തിലെ കഥകളെ അധികരിച്ച് സംസാരിച്ച നാസര്‍ മാഷെ കിട്ടി. കുറേ കത്തിയടിച്ചു.  ഇനി വൈകണ്ട. കാര്യ പരിപാടിയിലേക്ക് ചെന്ന് നോക്കാം. എന്തൊക്കെയാണാവോ വിഭവങ്ങള്‍? സദ്യയാണെങ്കിലും എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കാണുവായിരിക്കും. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിത്തുടങ്ങുമ്പോള്‍ ജാബിയാണ് 'പുന്നശ്ശേരി'യുടെ കാര്യം പറഞ്ഞത്. ഹാവൂ.. സമാധാനമായി. മീറ്റ്‌ ഒരുപാട് പുതിയ കൂട്ടുകാരെ തന്നു. ഇനി ഈറ്റിലും വേണ്ടേ പുതുമയുള്ളതെന്തെങ്കിലും. ഈ എരിശ്ശേരിയും പുളിശേരിയുമൊക്കെ കുറേ കഴിച്ചു മടുത്തതാ. എന്നാല്‍ പുന്നശ്ശേരി ഞാനാദ്യായിട്ടാ.. എന്തായാലും ഒരു കലക്ക് കലക്കണം. വീട്ടിലെത്തി പുന്നശ്ശേരി വിശേഷത്തെ പറ്റി നാല് പറഞ്ഞു ഞെളിയുകയുമാവാല്ലോ. ഓര്‍ക്കുമ്പോ തന്നെ ലഡ്ഡു‌ പൊട്ടുന്നു.. 

ഇല ഞാനിട്ടില്ലേല്‍ ശരിയാവൂല... (പുതു ബ്ലോഗ്ഗര്‍ അനീസ്,
ശ്രീ ഫൈസു മദീന, ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ ഇ.പി.സലീം)

എരിശ്ശേരിയും പുളിശ്ശേരിയും എത്തി, അടുത്തത് അത് തന്നെ..

ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. വൈകാതെ ഫൈസു ഭായ് ഇലയിട്ടു. പിന്നെ വിഭവങ്ങളോരോന്നും വരി വരിയായി വന്ന് നിറഞ്ഞു. ഓരോന്നിലും ഞാന്‍ പുന്നശ്ശേരിയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പരിപ്പും കൂട്ടി ആദ്യത്തെ ഉരുള വായിലിട്ടപ്പോഴാണ് ഒരു കാര്യം ഓടിയത്. ഇതിപ്പോ ഇല തല തിരിഞ്ഞു പോയല്ലോന്ന് ! മദീന ഭായിയെ മെല്ലെ വിവരമാരിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഉള്ള കാര്യം പറഞ്ഞു. "ഞമ്മക്ക് ചിക്കന്‍ ബിരിയാണിയൊക്കെയല്ലേ  വിളമ്പി പരിചയമുള്ളൂ.. ഈ സദ്യയൊക്കെ.." അത് നേര്. പോട്ടെ എന്ന് വെക്കാം. പ്രശ്നം അതൊന്നുമല്ല. ഈ പുന്നശ്ശേരി എവിടെ? മുന്നിലെ ഇലയില്‍ നിരന്നു കാണുന്ന വിഭവങ്ങള്‍ ഓരോന്നും സൂക്ഷ്മ നിരീക്ഷണം നടത്തി. ഇനി എനിക്ക് തരാന്‍ മറന്നു പോയോ? അപ്പുറത്തെ ഇലയില്‍ കണ്ണിട്ടു ഒരു താരതമ്യ പഠനവും നടത്തി. എബടെ. ഇവിടെയുള്ളതൊക്കെത്തന്നെയേ അവിടെയുമുള്ളൂ.. ആകെയുള്ള പ്രതീക്ഷ പുന്നശ്ശേരി യായിരുന്നു. ഇനിയിപ്പോ തീര്‍ന്നോ മറ്റോ പോയോ എന്തോ? ഇനിയും മറച്ചു വെച്ചിട്ട് കാര്യമില്ല. അവനോടു തന്നെ കാര്യം തിരക്കാം."അല്ല ജാബീ, നീയല്ലേ പറഞ്ഞത് പുന്നശ്ശേരിയുണ്ടെന്ന്?" "ആ, എന്തേയ്?".. "എന്നിട്ടെവിടെ സാധനം?" "ഇപ്പഴും കണ്ടില്ലേ? ദേ ആ പായസചെമ്പു കണ്ടോ?" "അതെ".. "അതില്‍ കണ്ണ്  നട്ടിരിക്കുന്ന ആളെ കണ്ടില്ലേ? അതെന്നെ പുന്നശ്ശേരി" "എന്തോന്ന്?!" വായിലിട്ട സാമ്പാര്‍ മിക്സഡ്‌ ചോറുരുള അണ്ണാക്കില്‍ ആഞ്ഞു തറച്ച് പണിമുടക്കി. "റഷീദ് പുന്നശേരീന്ന് മുഴുവന്‍ പേര്" എന്നു കൂടി കേട്ടപ്പോള്‍ ചങ്കില്‍ തറച്ച ഉരുള താനേ ഇറങ്ങി.. വെറുതേ... നീ ആളെ കൊതിപ്പിച്ചല്ലോടാ.. ആത്മഗതം ചങ്കില്‍ കുടുങ്ങി..

എല്ലാരും എന്താ ഇങ്ങോട്ട് നോക്കുന്നേ... (ശ്രീ കെ.വി.നൗഷാദ്, 
ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ റഷീദ് പുന്നശ്ശേരി)
   
അങ്ങനെ ഫോട്ടോഗ്രാഫരുടെ ഫോട്ടോയും..

അച്ചടക്കമുള്ള കുട്ടികള്‍..
ച്ചിരി ചോര്‍..    (ശ്രീ.സമീര്‍ തിക്കോടി)

ഇതു കൊള്ളാല്ലോ.. 
(ശ്രീ.നാമൂസ്, ശ്രീ. റഷീദ് പുന്നശ്ശേരി, ശ്രീ.ഷബീര്‍ തിരിച്ചിലാന്‍, 
ശ്രീ ശ്രീജിത്ത് കൊണ്ടോട്ടി, ശ്രീ കെ.വി.നൗഷാദ് )
പടച്ച റബ്ബേകുടുങ്ങി..   (ശ്രീ.കൊണ്ടോട്ടി, മദീന)

പായസം കിടുവായിരുന്നുവെന്ന് പറയാതെ വയ്യ. പക്ഷെ ആ ഗ്ലാസ് കുറച്ചു കൂടെ ചെറുതാക്കാമായിരുന്നു എന്നൊരു തോന്നല്‍. കാരണം ഒരു മുഴു ഗ്ലാസ് പായസം വായില്‍ ഒഴിച്ചിട്ടും വായ പകുതിയും വായു !!

 ശാപ്പാട് കഴിഞ്ഞ് കുറച്ചു പേരെ കൂടി കാണാനുണ്ടായിരുന്നു. മൊബൈല്‍ കാമറയുടെ 'ജാലകം തുറന്നു കാണിക്കാതെ, സ്നേഹിതന്‍' നൌഷാദിക്കയും രോഷം തീരെ ഇല്ലാത്ത റോഷന്‍ ചേട്ടനും ഒക്കെ അതില്‍ പെടും. പിന്നെ ശ്രീ മനോജ്‌ ഭായിയെ കണ്ടിരുന്നെങ്കിലും ആളെ തിരിച്ചറിയാതെ ഞാനൊരു 'വിഡ്ഢി മാനാ'യി എന്ന് പറയുന്നതാവും ശരി. ശ്രീ കൊട്ടാരക്കര ശരീഫ്ക്കയും ഉബൈദ്ക്കയുമൊക്കെ അവിടെയെല്ലാം ഒഴുകി നടക്കുന്നുണ്ടായിരുന്നു.

ഇനി ഓരോരുത്തര്‍ ഗ്രൂപ്പ് തിരിഞ്ഞ് പിരിഞ്ഞു പോവാന്‍ തുടങ്ങി. പോയിട്ട് കുറച്ചു കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഞാനും എല്ലാരെയും കണ്ട് ഇനിയം കാണാമെന്ന് പറഞ്ഞു പിരിഞ്ഞു. പിന്നത്തെ കലാ പരിപാടി എന്തായോ ആവോ?? എന്തായാലും ഓര്‍ക്കാപ്പുറത്ത് കണ്ടു കിട്ടിയ ഒരു കൂട്ടം നല്ല മനസ്സുകാരെ കൂട്ടുകാരായി കിട്ടിയതില്‍ മനസ്സ് നിറഞ്ഞ് സന്തോഷിച്ചു കൊണ്ടാണ് അന്നവിടം വിട്ടത്, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളെയും നെഞ്ചിലേറ്റി...
--------------------------------------------------------------
ഫോട്ടോസ്: ജാബിര്‍ മലബാരി.
Related Posts Plugin for WordPress, Blogger...