സമയം ഏഴേ കാലായി....
ഹോ.. എന്തൊരു തണുപ്പാ.. അടിച്ചു വീശി നെഞ്ചത്ത് തുളച്ചു കയറുന്ന തണുപ്പ് കാറ്റിനെ പ്രതിരോധിക്കാന്‍ റൈന്‍ കോട്ട് ഉപകാരമായി. ഇപ്പൊ തണുപ്പ് ഒരു തരം രസമുള്ള കുളിര് കോരിത്തരുന്നു..സമയം ഇത്രയായിട്ടും ഇരുട്ടിന്റെ മൂടല്‍ മാറിത്തീര്‍ന്നിട്ടില്ല. വെളിച്ചത്തിന് കനം കൂടാന്‍ ഇനിയും വൈകും. ഈയിടെയായി പ്രഭാതം ഇന്ത്യന്‍ റയില്‍വേ പോലെയൊന്നുമല്ലെങ്കിലും ച്ചിരി ലേറ്റാ.കലണ്ടര്‍ പ്രകാരം 6-50 ആണ് സുര്യോദയം.
രാവിലെ ആറര ആയപ്പോഴേ വിളി വന്നിരുന്നു 'എവിടെ, ഇറങ്ങിയോ' എന്നും ചോദിച്ച്.നിലമ്പൂരും വിട്ട് എവിടെയോ പോവാനാ.. ഒറ്റക്കാണെങ്കിലും ബൈക്ക് യാത്രയോട് സൊതവേ എനിക്ക് ഇഷ്ടക്കേട് തോന്നേണ്ട കാര്യമില്ലെങ്കിലും ഇന്ന് പുറപ്പെടാന്‍ മൂഡ് കുറഞ്ഞതിനു കാരണങ്ങള്‍ പലതാണ്. രണ്ടു ദിവസം മുമ്പ് പിടികൂടിയ പനിചൂടിന്റെ ചൂര് ഇനിയും പൂര്‍ണമായി വിട്ടുപോയില്ലെന്ന തോന്നല്‍, രാത്രി ഉറക്കൊഴിച്ച ക്ഷീണം, ഇന്ന് ലീവാക്കേണ്ടി വന്നതിന്റെ വല്ലായ്മ, ... ഹാ ഒരു വിധം മേനിയൊക്കെ കഴുകി ഫ്രെഷായി ഇന്നലത്തെ ബാഗ് അതേ പോലെ തൂക്കിയെടുത്ത് നേരെ അടുക്കളദേശത്തേക്ക് കുതിച്ചു. "മമ്മാ..ന്നാ ഞാമ്പോട്ടെ, എന്താ ഉള്ളത്?.." ഒരു ആലസ്യവും കൂടാതെ ഇവിടെ എപ്പളേ ജോലി തുടങ്ങിയിരിക്കുന്നു. ഉശിരനൊരു കട്ടനും ഉമ്മ ചുട്ടു മാറ്റുന്നതില്‍ നിന്ന് ഒരു ചുടു ചപ്പാത്തിയും അകത്താക്കുന്നതിനിടയില്‍ ഉമ്മ: "അല്ല കുട്ട്യേ.. അനക്കിതെന്തിന്റെ കേടാ, ഇങ്ങനെ നടക്കാന്‍... വരാന്‍ പറ്റൂലാന്ന് പറഞ്ഞുടെ?" കേള്‍ക്കാത്ത ഭാവം പരമാവധി നടിച്ചുകൊണ്ട് കട്ടന്‍ ചായ വേഗത്തില്‍ കുടിച്ചു തീര്‍ത്തു. ഉമ്മ ഇനിയും പറഞ്ഞോട്ടെ, ഉമ്മാന്റെ മോനാണല്ലോ ഞാന്‍ .അധികം നില്‍ക്കാതെ ബൈക്കില്‍ കേറി പുറപ്പെട്ടതാണ്.
വാഹനക്കൂമ്പാരങ്ങളുടെ മാലപ്പടക്കമില്ലാത്ത ഒഴിഞ്ഞ റോട്ടിലൂടെ മനസ്സിലേക്ക് ഓരോരോ ചിന്തകളെ കയറ്റി വിട്ട് ബൈക്ക് യാത്ര ആസ്വദിച്ചങ്ങനെ മുന്നോട്ടു നീങ്ങുമ്പോള്‍ "മെല്ലെ പൊയ്ക്കോ ട്ടാ..." ഉമ്മാന്റെ കല്പന ഇടയ്ക്കിടെ ഓര്‍മിച്ചു എന്ന് വരുത്തി.
ഹെല്‍മെറ്റിന്റെ ഉള്ളില്‍ തിരുകിക്കയറ്റിയ ഇയര്‍ഫോണ്‍ വഴി മൊബൈലില്‍ നിന്ന് തലത് മഹമൂദും മെഹ്ദി ഹസനും ജഗ്ജിത് സിങ്ങും ഫതഹ് അലിഖാനും ഉംബായിയും അടക്കം ഗസല്‍ രാഗങ്ങളുടെ ശഹന്ഷാ മാരെല്ലാം ചേര്‍ന്ന് അവാച്യമായ കാവ്യവീചികള്‍ കൊണ്ട് ആത്മഹര്‍ഷത്തിന്റെ വരികള്‍ തീര്‍ത്ത് കാറ്റിന്റെ ശീല്ക്കാരത്തെ വകഞ്ഞു മാറ്റി കാതുകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയത്തില്‍ അനുഭുതിയുടെ മെഹ്ഫില്‍ വിരിയുകയായിരുന്നു.
വഴിയിലുടനീളം തുറക്കപ്പെടാത്ത വാതിലുകളുമായാണ് വീടുകളേറെയും കാണപ്പെടുന്നതെങ്കിലും പ്രഭാതത്തിലേക്ക് മലര്‍ക്കെ തുറന്നിട്ട പ്രകൃതിയുടെ നഗ്നമേനി താഴുകിത്തലോടാന്‍ കാത്തു നില്ക്കുമ്പോലെ തോന്നിച്ചു. മോഹിപ്പിക്കുന്ന ഈ പ്രകൃതി സൌന്ദര്യം നുകരാന്‍ പ്രഭാതത്തോളം പറ്റിയ നേരമുണ്ടോ വേറെ?
ഈ ബൈക്ക് യാത്ര വല്ലാത്തൊരു ഹരമാണ്. ശരിക്കും ആസ്വദിക്കണമെങ്കില്‍ ഒറ്റയ്ക്ക് തന്നെ പോവുകയും വേണം എന്നാണ് എന്റെ പക്ഷം. നമുക്കും പ്രകൃതിക്കുമിടയില്‍ ഒരു മറയുമില്ലാതെ എല്ലാം കണ്ടും കെട്ടും അനുഭവിച്ചുമങ്ങിനെ നീങ്ങാന്‍ എന്ത് രസമാണെന്നോ.വഴിവക്കിലെ മരങ്ങളെയും ജീവികളെയും കെട്ടിടങ്ങളേയും ഒക്കെ നോക്കിക്കണ്ട് ഇടക്കൊരു മരത്തണലോ കുഞ്ഞരുവിയോ പാറക്കെട്ടുകളോ അതുമല്ലെങ്കില്‍ സുന്ദരമായ ഒരു പുല്‍തകിടിയോ ഒക്കെ കണ്ടാല്‍ സൗകര്യം പോലെ ഒന്ന് നിര്‍ത്തി അല്പം കിന്നാരമൊക്കെയായി പിന്നെയും യാത്ര തുടരാം.
ചാപ്പനങ്ങാടി- കോഡൂര്‍ വഴി മലപ്പുറത്തെത്തുമ്പോള്‍ ഇരുട്ട് വെളിച്ചത്തിന് കുറേ കൂടി വഴി മാറികൊടുത്തിരിക്കുന്നു. മാര്‍ക്കറ്റിലേക്കുള്ള ചരക്കു വണ്ടികള്‍ നിരത്ത് കയ്യടക്കിയിട്ടുണ്ട്.നിറുത്താതെ വിട്ട് മഞ്ചേരിയെത്തി. ഒന്ന് സൈഡാക്കി. ഇവിടെയും പച്ചക്കറി വണ്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു.ഇവിടെ അങ്ങാടി തിരക്കിലേക്ക് എത്തിക്കഴിഞ്ഞു.വെറുതേ ഒരു ഓട്ടോ ഡ്രൈവറോട് നിലമ്പൂര്‍ലേക്ക് എത്ര കിലോമീറ്റര്‍ ഉണ്ടെന്നു തിരക്കി. ഓട്ടോ ഒന്ന് യൂ-ട്ടേണ് അടിക്കാന്‍ പാകത്തില്‍ തിരിച്ച് രണ്ടു കയ്യും ഏന്തി വലിച്ചു ഹാന്റ്ല് നീട്ടി തിരിച്ച് പിടിച്ച് ഉടലാകെ വളച്ചുള്ള ആ നില്പ്പില് നിന്നും തെല്ലിട ഇളകാതെ ചെരിച്ചു പിടിച്ച കഴുത്ത് നീളത്തിലൊന്ന് നീട്ടിക്കാണിച്ചു, 'ദാ ആ വഴിക്ക് പൊയ്ക്കോ' എന്ന്! സന്തോഷം.. ഉടന്‍ ഞാന്‍ യാത്ര തുടരുകയും ചെയ്തു.
ഇന്ദ്രജാലമൊന്നും കൈവശമില്ലാത്തതിനാല്‍ വേഗം അടുത്ത പമ്പില്‍ കയറി ഇന്ധനം നിറച്ചു. മഞ്ചേരി-നിലമ്പൂര്‍ റൂട്ട് ഒന്നൂടെ പച്ചപ്പ് കൂടുതലുള്ള സ്ഥലമാണ്. ടൌണ്‍ വിട്ട് കുറച്ചു നീങ്ങിയപ്പോള്‍ റോഡിനിരുവശവും പച്ചവിരിച്ച് നില്ക്കുന്ന ചെറുതും വലുതുമായ മരങ്ങള്‍ക്ക് പക്ഷെ ഉറക്കച്ചടവ് ഇനിയും തീര്‍ന്നിട്ടില്ലാത്ത പോലെ. തണുപ്പിനും ഇവിടെ നല്ല കട്ടിയുണ്ട്. ചന്തമുള്ള ഈ പച്ചക്കാഴ്ച മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരും. അങ്ങിനെ നിലമ്പൂര്‍- നാടുകാണി -ഗൂഡല്ലൂര്‍ എത്തുമ്പോഴേക്ക് ഈ പച്ചപ്പ് കൊടും കാടായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരിക്കും.
എന്തായാലും ഇറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന മൂടിക്കെട്ടിയ മൂഡൊക്കെ പോയി ഇപ്പൊ നല്ലൊരു സുഖം മനസ്സിനുണ്ട്. ഏറെ വൈകിയില്ല, ഒരു എട്ടര കഴിഞ്ഞു കാണും നിലമ്പൂര്‍ എത്തി. ആദ്യം ഒരിടത്തരം ഹോട്ടല്‍ പിടിച്ച് നാലഞ്ചു നൂല്‍പുട്ട് കടുക് വറുത്ത ചെറുപയര്‍ കറിയില്‍ കുഴച്ചു വയറ്റിലേക്ക് എത്തിച്ചു. പിന്നെ കാത്തു നില്ക്കുന്ന കൂട്ടുകാരോടൊപ്പം കാറില്‍ നിശ്ചയിച്ച സ്ഥലത്തേക്ക് പോയി. അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് നിലമ്പൂരിലെ കേന്ദ്രത്തില്‍ തിരിച്ചെത്തുമ്പോള്‍ സമയം മൂന്ന് കഴിഞ്ഞു.
അല്പം വിശ്രമമൊക്കെ കഴിഞ്ഞ് നിലമ്പൂരില്‍ നിന്ന് തിരിച്ച് ബൈക്കില്‍ കോട്ടക്കലേക്ക് യാത്ര തിരിച്ചു. ടൌണ്‍ ആകെ തിരക്ക്. നിലമ്പൂര്‍ ഉത്സവത്തിന്റെയാ. രണ്ടു കിലോമീറ്റര്‍ പോന്നു കാണും, റോഡ് സൈഡില്‍ തന്നെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അടയാളങ്ങളും 'കനോലി പ്ലോട്ടെ'ന്ന ബോര്‍ഡും കാണാനായി.ഇതുവരെ ഇവിടെ കേറിയിട്ടില്ല, ഇന്നാണെങ്കില്‍ വേറെ പണിയൊന്നും ഇല്ലതാനും. അങ്ങിനെയാണ് അപ്രതീക്ഷിതമായി ഈ 'കനോലി പ്ലോട്ട്' സന്ദര്‍ശനം എനിക്ക് ഒത്ത് വന്നത്.

ആളുകളെ നിയന്ത്രിക്കാന്‍ ഒരു യുണിഫോം ധാരി അരികിലുണ്ട്. ഞാനാദ്യമായാണ് ഇത്തരം ഒന്നില്‍ കയറുന്നത്. പാലത്തില്‍ കയറിയതും ഒരു ചെറിയ വിറയലായിരുന്നു. മനോഹരമായ കാഴ്ചയാണ് ഇവിടുന്ന് നോക്കിയാല്‍. കണ് കുളിര്‍ക്കെക്കാണാന്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചാലിയാര്‍... തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളില്‍ നിന്നുല്ഭവിച്ച് നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി അരീക്കോട്-എടവണ്ണ നാട്ടുകാര്‍ക്ക് തെളിനീരിന്റെ അനുഭൂതി പകര്‍ന്ന് ഫറോക്കിലും കല്ലായിയിലും ചുറ്റിത്തിരിഞ്ഞ് ബേപ്പൂര്‍- ചാലിയം ദേശത്ത് നിന്നും അറബിക്കടലിനോളം വലുതാവുന്ന ചാലിയാര്‍... കേരള സംസ്കാരത്തിനോടൊട്ടി നിന്ന് മലപ്പുറത്തിന്റെ ചരിത്ര നിര്‍മ്മിതിയിലലിഞ്ഞു ചേര്‍ന്ന് നൈര്‍മ്മല്യം കൊണ്ട് ഓളങ്ങള്‍ സൃഷ്ടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്ന ചാലിയാര്‍... വേനലിന്റെ മാര്‍ച്ചിലും ഏപ്രിലിലും മറ്റു നദികളെല്ലാം നിര്‍ദയം ഉള്‍വലിയുമ്പോഴും കരുണാര്‍ദ്രമായ ജീവജലം കൊണ്ട് നമ്മെ വീര്‍പ്പു മുട്ടിക്കുന്ന ചാലിയാര്‍...
പാലത്തിലെങ്ങും അധികമാരുമില്ല. നടക്കുമ്പോഴൊക്കെ പാലം ചെറുതായി ഉലഞ്ഞു കൊണ്ടിരുന്നു. ചുറ്റും കണ്ണോടിച്ച് അരക്ക് മുകളില്‍ ഉയരമുള്ള ഇരുമ്പ് കമ്പിയില്‍ പിടിച്ച് ഒരു പ്രത്യേക താളത്തില്‍ ഞാനങ്ങനെ നടന്നു നീങ്ങി. അക്കരെ ഇറങ്ങാന്‍ ഒരു പിരിയന്‍ കോണിയുണ്ട്. താഴെയിറങ്ങി ചെല്ലുന്നത് ഒരു തോട്ടത്തിലേക്കാണ്, നിറയെ തേക്ക് മരങ്ങളാല്‍ നിബിഡമായ കനോലി പ്ലോട്ടെന്ന തേക്കിന് കാട്ടിലേക്ക്.
1840 മുതല്‍ 1855 വരെ മലബാര്‍ കലക്ടര്‍ ആയിരുന്ന 'HV.കനോലി' യുടെ മേല്‍നോട്ടത്തില്‍ സഹായി ശ്രീ. ചാത്തു മേനോന് പണികഴിപ്പിച്ചതാണ് ഈ തോട്ടം. ലോകത്തിലെ തന്നെ ഏറ്റവും പഴയ മനുഷ്യ നിര്‍മിത തേക്ക് തോട്ടം. നിലമ്പൂര്‍ പരിസരത്ത് സുലഭമായി കണ്ടിരുന്ന തേക്ക് മരങ്ങളെ 1840 കളിലാണ് വ്യവസ്ഥാപിതമായി 1500 ഏക്കറോളം സ്ഥലത്ത് വെച്ച് പിടിപ്പിച്ചു തുടങ്ങിയത്. ശേഷം 1933 ല്‍ ഇതില്‍ നിന്നും 14.8 ഏക്കര്‍ തോട്ടം 'കനോലി പ്ലാന്റേഷന്' ആയി സംരക്ഷിക്കാന്‍ തുടങ്ങി. പിന്നീട് രണ്ടാംലോക മഹായുദ്ധത്തിലെ സഖ്യ കക്ഷികളുടെ വിവിധ തടി ആവശ്യങ്ങള്‍ക്കായി 1943 ല്‍ ഏകദേശം 9 ഏക്കറിലധികം സ്ഥലത്ത് നിന്നും മരങ്ങള്‍ മുറിച്ചു കൊണ്ടുപോയി. ബാക്കി 5.7 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഇവിടെ 'കനോലിപ്ലോട്ടെ'ന്ന പേരില്‍ തേക്ക് തോട്ടമുള്ളത്. തേക്ക് തടിയുടെ ഈടും ഉറപ്പും ശരിക്കും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം ഈ തോട്ടത്തില്‍ നിന്ന് ബ്രിട്ടീഷ് കപ്പല്‍ ശാലകളിലേക്ക് തരം പോലെ തേക്ക് തടി എത്തിക്കുക എന്നതായിരുന്നു.
രണ്ടുമൂന്നു സ്റെപ്പുകള്‍ കയറി തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വിശാലമായ ഈ സ്ഥലത്തൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന സിമെന്റു നടപ്പാതയുണ്ട്. ഈ നടപ്പാതയില്‍ പല ഇടങ്ങളിലായി ഇരിപ്പിടത്തോട് കൂടിയ കൂടാരങ്ങളും കാണാം. മറ്റു ഉദ്യാനങ്ങളില്‍ കാണും പോലെ തൂത്തുവാരി വൃത്തിയാക്കിയിട്ടൊന്നുമില്ല. നിറയെ ഉണക്ക ഇലകള്‍ കൊണ്ട് പ്രകൃത്യാ ഉള്ള ഒരു കുഞ്ഞു കാട് പോലെതന്നെ തോന്നിക്കും. ഞാന്‍ സിമെന്റു പാതയിലൂടെ നടക്കാന്‍ തുടങ്ങി. വലതു വശത്ത് തെക്കല്ലാത്ത ചെറുതും വലുതുമായ ഒരുപാട് മരങ്ങള്‍ നിറഞ്ഞിരിക്കുന്നു.
മുന്നിലെങ്ങും ആരുമില്ല. അവിടവിടെയായി കുറച്ചു യുവ ദമ്പതികള്‍ ഫോട്ടോയെടുപ്പില്‍ വ്യാപൃതരായി നില്ക്കുന്നതൊഴിച്ചാല് മറ്റു 'കശപിശ'കളൊന്നും ഇവിടെയില്ല. തേക്ക് മരങ്ങളുടെ വണ്ണം കൊതിപ്പിക്കുന്നതല്ലെങ്കിലും ആകാശം മുട്ടെയുള്ള അവറ്റകളുടെ നില്‍പ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. തോട്ടത്തിന്റെ നടുക്കുള്ള ഒട്ടുമിക്ക മരങ്ങള്‍ക്കും സിമന്റു തറ ഉണ്ടാക്കി കൊടുത്തിരിക്കുന്നു. റെഡിമെയ്ഡ് പാത വിട്ടു അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയപ്പോള്‍ പരവതാനി വിരിച്ച കരിയിലകള്‍ ചലപില ഒച്ചകള്‍ പുറപ്പെടുവിച്ചു സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. നടന്നുനടന്ന് ഒരു ഭാഗത്തെത്തിയപ്പോള്‍ താഴേക്ക് ചാലിയാറിന്റെ ഒരു വശം കാണാനായി. ചെറിയ മതില്‍ക്കെട്ട് കടന്ന് പുഴയുടെ ഓരത്തേക്ക് ഇറങ്ങാന്‍ പാകത്തില്‍ കുത്തനെയുള്ള ചെരിവിലൂടെ ആളുകള്‍ നടന്നുണ്ടാക്കിയ മെല്ലിച്ച ഒരു പാത കാണാം. ആ വഴിയിലൂടെ രണ്ടാളുകള്‍ ഇങ്ങോട്ട് കയറിയ ശേഷം ഞാനതിലൂടെ 'ഓടിനടന്ന്' താഴെ പുഴക്കരയിലെത്തി. വെള്ളം കുറെ വലിഞ്ഞു പോയിരിക്കുന്നു. ഉന്തിച്ചു നില്ക്കുന്ന പാറക്കെട്ടുകളിലൂടെ നടന്ന് ചാലിയാറില്‍ നിന്നും കൈവെള്ളയില്‍ വെള്ളം കോരിയെടുത്ത് മുഖത്തൂടെയാകെ ഒലിപ്പിച്ചു. തണുപ്പുമാറാത്ത വെള്ളത്തില്‍ കയ്യും കാലും നന്നായി കഴുകി പാറക്കഷ്ണമൊന്നില്‍ അല്പനേരം ഒറ്റക്കിരുന്നു. മൊബൈലില്‍ രണ്ടു വിളികളൊക്കെ നടത്തി ഓരോന്നോര്‍ത്തങ്ങനെ....
സമയം കുറേ നീങ്ങി.ഇപ്പോള്‍ സാഹാഹ്ന സൂര്യന്റെ ഇളം മഞ്ഞ കിരണങ്ങളില്‍ മുങ്ങിക്കുളിച്ച് സുവര്‍ണ്ണ തിളക്കത്താല്‍ വശ്യമായി പുളയുന്ന ചാലിയാറില്‍ നിന്നും ഒന്നുകൂടെ മുഖം കഴുകി ഞാനെണീറ്റു. തിരിച്ച്, നിരങ്ങുന്ന മണ്‍ചെരിവിലെ വികൃതമായ പടവുകള്‍ സശ്രദ്ധം ചവിട്ടിക്കയറി വീണ്ടും തേക്ക് തോട്ടത്തില്‍ എത്തി. കാണാന്‍ ബാക്കിവെച്ച തേക്ക് മരങ്ങള്‍ ഓരോന്നും വിശദമായി തന്നെ തൊട്ടും കണ്ടും കരിയിലകള്‍ക്കിടയിലൂടെ നടന്ന് നീങ്ങി. സന്ദര്‍ശകര്‍ ഏറി വരികയാണ്. നേരത്തെതിലും ഇരട്ടിയിലധികം ആളുകള്‍ ചുറ്റിത്തിരിയുന്നു. അങ്ങിനെ ഞാന്‍ ഈ തോട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മരത്തിന്റെ മുമ്പിലെത്തി.ഉയരം 46.5 മീറ്റര്‍. ഇടയ്ക്കു എന്റെ പാട്ട മൊബൈലിലെ റ്റൂ മെഗാപിക്സല്‍ കാമറ തുറന്ന് നാലഞ്ചു ക്ലിക്ക് കൂടി ആവാമെന്ന് വെച്ചപ്പോള്‍ , ദേ അവന് ഒരുക്കമല്ല്ലത്രേ.. നേരത്തെ തുടങ്ങിയ 'ലോ ബാറ്ററി' മുന്നറിയിപ്പ് വകവെക്കാതെ ക്ലിക്കിയതും പോരാഞ്ഞ് പുഴക്കരയില്‍ നിന്ന് ഒന്ന് രണ്ടു കോളുകള്‍ കൂടി ചെയ്തത് മൂപ്പര്‍ക്ക് തീരെ അങ്ങട് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. കാമറക്കണ്ണ് തുറക്കാന്‍ പോലും അവന് വഴങ്ങുന്നില്ല. അതു പോട്ടെ... അല്ലെങ്കിലും പിക്സലുകള്‍ക്കപ്പുറത്തെ ക്ലാരിറ്റിയോടെ ഒരിക്കലും മായാത്ത ചിത്രങ്ങളെടുത്ത് സൂക്ഷിക്കാന്‍ പാകത്തില്‍ സ്വന്തമായി രണ്ടു കണ്ണുകള്‍ കൂടെത്തന്നെയുള്ളപ്പോള്‍ ആര്‍ക്കു വേണം ഈ റെഡിമൈഡ് കാമറക്കണ്ണ് ??!..
വെയിലാറി സൂര്യന് അസ്തമയത്തോടടുത്തു കൊണ്ടിരിക്കുന്നു. ഇനി തിരിച്ചു പോവാം. അവസാനമായി പ്ലോട്ടാകെ ഒന്ന് കാണാന്‍ പാകത്തില്‍ നിന്ന നില്പ്പില് 180 ഡിഗ്രി തിരിഞ്ഞ് ചുറ്റും ഒരു കണ്ണേര്‍ നടത്തി. എന്നിട്ട് അവിടം വിട്ടു. തിരിച്ച് നടന്ന് തൂക്കുപാലത്തിലേക്ക് കയറി. ആ വിറയല്‍ ഒന്ന് കൂടി അനുഭവിച്ച് ധൃതി കൂട്ടാതെ നടന്നു. ഈ സമയം, ഇങ്ങോട്ട് വരുന്ന ചില മഹിളാ രത്നങ്ങള്‍ പാലത്തിന്റെ ഈ വിറയലില്‍ അസ്വസ്ഥരായി പരസ്പരം മുറുകെ പിടിച്ചും ഇടക്കൊക്കെ ഒച്ചവെച്ചും മറ്റുള്ളവരുടെ ശ്രദ്ധയെ പിടിച്ചു വാങ്ങുന്നതായി കാണപ്പെട്ടു. പാലം ഇറങ്ങി യുണിഫോം ധാരിയോട് രണ്ടു വാക്ക് സംസാരിച്ച് ചുവപ്പ് നടപ്പാതയിലൂടെ പുറം ലോകം ലക്ഷ്യമാക്കി നടന്നു. അതിര് കടന്ന് ടാറിട്ട റോഡിലൂടെ മെയിന്‍ റോഡിനെ ലക്ഷ്യമാകി നടക്കുമ്പോള്‍ കരിയിലകളുടെ കലപിലയും തൂക്കുപാലത്തിന്റെ വിറയലും എന്നെ പിന്തുടരുന്ന പോലെ...
റോഡ് സൈഡില്‍ നിന്ന് ഒരു കരിമ്പ് ജൂസും കുടിച്ച്, അകത്തു നിന്നും കാര്യമായി ആരെയും സംസാരിക്കാന്‍ കിട്ടാത്തതിന്റെ സങ്കടം തീര്‍ക്കാന്‍ ജുസുകാരനോട് കണക്കിന് കത്തിക്കയറി. ബൈക്കെടുത്ത് യാത്ര തുടരുമ്പോള്‍ സമയം കൊണ്ട് വൈകുന്നേരം അഞ്ചേമുക്കാല്‍ മണി....
പിങ്കുറിപ്പ്: നിശ്ചയിച്ചുറപ്പിച്ചു ചെന്നതല്ല, ഒത്തുവന്നപ്പോ കയറി എന്നേയുള്ളൂ..
വ്യത്യസ്തമായിരിക്കുന്നു. ഇവിടെയും വരുമല്ലോ...http://pheonixman0506.blogspot.com/2012/01/1.html
ReplyDelete! വെറുമെഴുത്ത് !: നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര >>>>> Download Now
Delete>>>>> Download Full
! വെറുമെഴുത്ത് !: നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര >>>>> Download LINK
>>>>> Download Now
! വെറുമെഴുത്ത് !: നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര >>>>> Download Full
>>>>> Download LINK ng
നല്ല ചിത്രങ്ങളും വിവരണവും
ReplyDeleteവെറുമെഴുത്തു നന്നായിട്ടുണ്ട്...
ReplyDeleteസ്നേഹാശംസകള്‍...
എനിക്കിഷ്ടായി ട്ടോ കോട്ടക്കലേ....
ReplyDeleteനിലമ്പൂര്‍ യാത്രകള്‍ ഞാനും ഒത്തിരി ആസ്വദിച്ചതാണ്.
നല്ല രസായി ഈ വിവരണം. പ്രകൃതിയും ചാലിയാറും നിറഞ്ഞു നില്ക്കുന്ന കാഴ്ചകളുടെ വിവരണം എങ്ങിനെ ഇഷ്ട്ടപ്പെടാതിരിക്കും.
പക്ഷെ ഒറ്റക്കുള്ള യാത്രകള്‍. അതെനിക്ക് ഒട്ടും ആസ്വദിക്കാന്‍ പറ്റില്ല. തമാശ പറഞ്ഞു , കളിയാക്കി, ഒന്നിച്ചു ഭക്ഷണം കഴിച്ചു കൂട്ടമായി യാത്ര ചെയ്യാനാണ് എനിക്കിഷ്ടം.
നല്ല യാത്രാ വിവരണത്തിന് അഭിനന്ദനങ്ങള്‍ .
നന്നായിട്ടുണ്ട്.വിവരങ്ങളും,ചിത്രങ്ങളും
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്
ഹെല്‍മെറ്റിന്റെ ഉള്ളില്‍ തിരുകിക്കയറ്റിയ ഇയര്‍ഫോണ്‍ വഴി മൊബൈലില്‍ നിന്ന് ഗസല്‍ രാഗങ്ങളുടെ അവാച്യമായ കാവ്യവീചികള്‍ കൊണ്ട് ആത്മഹര്‍ഷം - നല്ല രസമാണ് സംശയമില്ല .പക്ഷേ അനിയാ ...ഒരിക്കലും ഇങ്ങിനെ വണ്ടി ഓടിക്കരുതേ...
ReplyDeleteഏകാന്തമായ യാത്ര -അതൊരു വ്യത്യസ്ഥമായ അനുഭവമാണ്...
നല്ല വിവരണം - ഭംഗിയായി.
എന്നാലും ഒറ്റക്കുള്ള യാത്ര. എന്തോ എനിക്ക് തീരെ പറ്റാത്തതാണ്.
ReplyDeleteചിത്രങ്ങളും വിവരണങ്ങളും പോസ്റ്റ് ആക്കിയപ്പോഴായിരിക്കും ആ യാത്ര കൂടുതല്‍ രസമായി തോന്നിട്ടുണ്ടാകുക അല്ലെ?
നന്നായിരിക്കുന്നു.
ഈ നിലമ്പൂര്‍ നമുക്ക് എത്രയോ അടുത്ത, പ്രകൃതിയുടെ അന്ഗ്രഹങ്ങളുടെ കളിതൊട്ടിലായ നിലമ്പൂരിന്റെ ഭംഗി ആസ്വദിക്കാന്‍ ഒറ്റയ്ക്കായാലും അത് അനുഭവിക്കേണ്ടത് തന്നെയാണ്. പക്ഷെ ചെറുവാടി പറഞ്ഞപോലെ ഒറ്റക്കുള്ള യാത്ര ഞാനും ഇഷ്ട്ടപെടുന്നില്ല...
ReplyDeleteനന്നായി പറഞ്ഞു, ആശംസകള്‍.
നല്ലൊരു യാത്രാനുഭവം വായിച്ച പ്രതീതി
ReplyDeleteഒപ്പം ആ ബൈക്കിന്റെ പുറകില്‍ കയറിയിരുന്നു
ചുറ്റിയ ഒരു പ്രതീതിയും
പിന്നോരുകാര്യം, ആ ഫോണ്‍ പ്രയോഗം
യാത്രയില്‍ കുറക്കുന്നത് എല്ലാവര്ക്കും നല്ലത്
ഒപ്പം ഒറ്റക്കുള്ള യാത്ര. അത്രയും വലിയ risk
എടുക്കണ്ട കേട്ടോ, എന്നെപ്പോലോരാളെക്കൂടി
കൂട്ടിക്കോ. വരിക ഇത്തരം പുതിയ അനുഭവങ്ങളുമായി
ചിത്രങ്ങള്‍ കലക്കി
keep it up
ഒറ്റക്കൊരു യാത്ര ചെറുവാടി പറഞ്ഞ പോലെ ബോറയാണ് എനിക്കനുഭവം .
ReplyDeleteവിവരണം വായനാസുഖമുണ്ട്
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteകൂട്ട് കൂടി യാത്ര ചെയ്യുക...മനോഹരമായ ഫോട്ടോസ്..!വളരെ നല്ല യാത്ര വിവരണം.!
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കുവെക്കാന്‍...ഒരു കൂട്ടില്ലാതെ യാത്ര ചെയ്യരുത്...!
സസ്നേഹം,
അനു
ഈ ബൈക്ക് യാത്ര വളരെ ഇഷ്ടപ്പെട്ടു. യാത്രയിൽ പങ്ക് ചേർന്ന പ്രതീതി. വേറൊരു കാര്യം വിവരണം കുറച്ച് കൂടീ സംഗ്രഹിച്ച് ചെറുതാക്കി എഴുതിയാൽ നന്നാകുമെന്ന ഒരു തോന്നൽ മറച്ച് വെക്കുന്നില്ല, ആശംസകൾ !
ReplyDeleteനന്നായി പറഞ്ഞ യാത്രാ വിവരണം.
ReplyDeleteഇവിടെ ആദ്യമാണ് . ഇനിയും വരാം
ആശംസകള്‍
വളരെ നന്നായിcnക്കുന്നു….
ReplyDeleteമtനmഹcമായ വിവരണവും അത് മനസnല്‍ കാണmന് സഹmയിക്കുന്ന ചിത്രങ്ങളും….
ഈ യാത്രയില്‍ പങ്കmളnയായ അനുഭവം…..
സ്നേഹാശംസകളോടെ,
യാസn…
entammo.....
ReplyDeletenannayiTTunnd~ vivaraNam....
ithokke eppo sam_bhavichchu?!
ഓക്കേ കോട്ടക്കല്‍ ,എത്തിച്ചേരുവാൻ അല്പം താമസിച്ചുപോയി..എങ്കിലും ഏറെ ഇഷ്ടപ്പെട്ടു, കനോലിപ്ലോട്ടിനേക്കുറിച്ചുള്ള ഈ വിവരണം..വളരെ നന്നായിത്തന്നെ താങ്കൾ അവതരിപ്പിച്ചിരിയ്ക്കുന്നു..
ReplyDeleteഈ മാസം ഞാനും നിലമ്പൂരിൽ എത്തുന്നുണ്ട്..എന്റെ അമ്മയുടെ നാട് അകമ്പാടത്താണ്..പല തവണ നിലമ്പൂരിൽ വന്നിട്ടുണ്ടെങ്കിലും കനോലിപ്ലോട്ടിലൊന്നും പോകുവാൻ സാധിച്ചിട്ടില്ല..ഇത്തവണ കനോലി പ്ലോട്ടിലും,ആഢ്യൻപാറയിലും, കോഴിപ്പാറയിലുമൊക്കെ പോകണമെന്ന് വിചാരിയ്ക്കുന്നു. മഴ ചതിച്ചില്ലെങ്കിൽ എല്ലായിടത്തും പോകാമെന്ന് കരുതുന്നു.
ഇനിയും ഇത്തരം മനോഹരമായ യാത്രാവിവരണങ്ങൾ പ്രതീക്ഷിയ്ക്കുന്നു..ആശംസകൾ.
WebHarvy Crack is an intelligent web scraping software that can automatically extract data from web pages and save the extracted content in various formats.
ReplyDeleteTonal Balance Control Crack
Windows-10-Activator Key
GTA 5 Crack
! വെറുമെഴുത്ത് !: നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര >>>>> Download Now
ReplyDelete>>>>> Download Full
! വെറുമെഴുത്ത് !: നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര >>>>> Download LINK
>>>>> Download Now
! വെറുമെഴുത്ത് !: നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര >>>>> Download Full
>>>>> Download LINK