Friday, December 16, 2011

ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

സമര്‍പ്പണം: ബൂലോകത്തെ സകല ബ്ലോഗര്‍ക്കും..

മുങ്കുറിപ്പ്: ഈ ബ്ലോഗും വണ്ടിയില്‍ കയറി നിങ്ങളോടൊപ്പം യാത്ര തുടങ്ങാന്‍ മെനക്കെട്ടതിന്റെ ഒന്നാം നാള്‍ തന്നെ കരുതിയതാ ആമുഖത്തിനു ശേഷം ആദ്യ പോസ്റ്റ്‌ ബൂലൊകത്തെ കുറിച്ചായാലോ എന്ന്.

ബ്ലോഗിങ് മേഖലയിലെ എന്‍റെ ആദ്യ ദിനങ്ങളാണ്. നീളമുള്ള അനുഭവങ്ങളോ വിശദമായ വിശകലനങ്ങളോ പങ്കു വെക്കാനല്ല ഈ പോസ്റ്റ്‌. ധാരാളം കേട്ടറിഞ്ഞ ഒന്നിഴുകിച്ചേര്‍ന്നു ഭാഗവാക്കാകാന്‍ ഏറെ കൊതിച്ച ബ്ലോഗിങ് മേഖലയെ അടുത്തറിയാനുള്ള ശ്രമത്തിനിടയില്‍ തോന്നിയ തോന്നലുകളുടെയും ബുലോകത്തുടെ ഒരു കുഞ്ഞു യാത്ര ചെയ്യാനുള്ള വിഫല ശ്രമത്തിന്റെയും വെറുമെഴുത്താണിത്.

ബ്ലോഗിങ് അനന്തമായ സാധ്യതകളുടെ വിശാലമായ ഒരു ലോകമാണ്, വളരെ വലിയ ഒരു കാന്‍വാസ്‌.ഈ കാന്‍വാസിലുടെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഒരു ബ്ലോഗര്‍ക്ക് തന്റെ അക്ഷരങ്ങളോ ചിത്രങ്ങളോ വരകളോ വീഡിയോകളോ കൊണ്ട് പുറം ലോകവുമായി സംവദിക്കാം.ഇവിടെ ഇടപെടലുകള്‍ തീര്‍ത്തും സൗജന്യമായിരിക്കും.തന്റെ ആശയാവിഷ്കാരങ്ങളെ അനുവാചക ഹൃദയത്തിലേക്ക് നേരിട്ടെത്തിക്കുന്നു എന്നതിന് പുറമേ, എഡിറ്റര്‍മാരുടെ വെട്ടിത്തിരുത്തലുകള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ വിധേയമാകാതെ ബ്ലൊഗറുടെ ഇംഗിതത്തിനനുസരിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതായിരിക്കും വലിയ ഒരു സവിശേഷത.അനുവാചകര്‍ക്ക് പ്രതികരണം അറിയിക്കാന്‍ അതേ സ്ഥലത്തും സമയത്തും കഴിയുന്നു എന്നത് മറ്റൊരു പ്രത്യേകത.

ബ്ലോഗിങ്ങിന്റെ ഗുണഫലങ്ങള്‍ ഒരുപാടുണ്ടാവാം.മറ്റു മാധ്യമങ്ങളെ പോലെ തന്നെ എഴുത്തുകാരന് തന്റെ കൃതികളെ വായനക്കാരില്‍ എത്തിക്കാനുള്ള ഒരു ഇടം എന്നതില്‍ കവിഞ്ഞ്, ലോകത്ത് പലയിടത്തും മുഷിഞ്ഞ മണമുള്ള സ്ട്രീറ്റുകളിലും മറ്റും മുല്ലപ്പൂ മണക്കുന്ന വാളുകള്‍ പടുത്തുയര്ത്താനും മറ്റുമുള്ള സാമുഹിക പടപ്പുറപ്പാടുകള്‍ക്കൊക്കെ ചെറിയ നിലയിലെങ്കിലും ധൈഷണികമായിത്തന്നെ നേതൃത്വം കൊടുക്കാന്‍ ബ്ലോഗിങ്ങിനെക്കൊണ്ട്  കഴിയുന്നു എന്ന് വരുമ്പോള്‍, ഇനിയും ഈ മാധ്യമത്തിന്റെ സാധ്യത വര്‍ധിക്കുകയാണ്.

എന്നാല്‍ ഇങ്ങു ബൂലോകത്ത്  വരുമ്പോള്‍, ഇടപെടലുകള്‍ വളരെ സജീവമായി തോന്നുമ്പോഴും ഇത്തരം സാമൂഹിക മാറ്റങ്ങള്‍ക്കുപകരിക്കുന്ന ഒരു ഇടപെടലിനൊന്നും ഉദാഹരണം കണ്ടില്ല. അതിനു മാത്രം ബൂലോകം  വളര്‍ന്നിട്ടില്ലാത്തത് കൊണ്ടോ വളര്‍ച്ച ഒരു പ്രത്യേക ദിശയില്‍ മാത്രമായതു കൊണ്ടോ അതോ ഭൂമിമലയാളത്തില്‍ ഇത്തരം ശുദ്ധി കലശങ്ങള്‍ നടമാടപ്പെടാന്‍ മാത്രം ശുംഭത്തരങ്ങള്‍ നിറഞ്ഞാടുന്ന ഒരിടവും ഇല്ലാത്തതു കൊണ്ടോ... എന്തോ..
=>ഇടക്കൊരു സംശയം-ഈ ബുലോകം എന്നത് മലയാളം ബ്ലോഗിങ്ങിനെ മാത്രം പരിചയപ്പെടുത്തുന്ന വാക്ക് തന്നെയല്ലേ?<=

വെറുതേ മലയാളി ബ്ലോഗര്‍മാര്‍ക്കിടയിലുടെ ഒന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍, അമ്പോ .. കണ്ണ് തള്ളിപ്പോയി. ഇത്രമാത്രം വലിയ ലോകമാണോ ഈ ബൂലോകം എന്ന്.. ഇത് മലയാളത്തിന്റെ നാട്യങ്ങള്‍ ഇല്ലാത്ത സാഹിത്യ ശാഖയാ.. ഞാനറിയാന്‍ അല്പം വൈകിയെങ്കിലും ഇനിയും അറിയാത്ത അറിഞ്ഞിട്ടും 'അറിയാത്ത' എത്രയോ പേരുണ്ട് പടിക്ക് പുറത്ത്.തരം കിട്ടിയാല്‍ ഈ അക്ഷയ ഖനിക്കിട്ടു ഒരു കൊട്ട് കൊടുക്കുന്ന വലിയ സാഹിത്യ മേല്‍വിലാസക്കാര്‍ ഇനിയെങ്കിലും മാറ്റിപ്പറയണം. മലയാള സാഹിത്യത്തിന്റെ ബ്ലോഗ്‌ ശാഖ പരിഗണിക്കപ്പെടണം എന്ന്.

മനോരമയിലെ ഒരു ലേറ്റസ്റ്റ് സര്‍വേ പ്രകാരം മലയാളി ബ്ലോഗര്‍മാരുടെ ജാഗ്രത ഇപ്പോള്‍ കുറഞ്ഞിരിക്കുന്നുവെന്നും ബുലോകത്തെ സുവര്‍ണ കാലഘട്ടം അവസാനിച്ചു എന്നും പല പ്രമുഖ പോസ്റ്റര്‍മാരുടെയും സൃഷ്ടികള്‍ തുലോം വിരളമായേ ഇപ്പോള്‍ ഉണ്ടാവുന്നുള്ളൂ എന്നും എല്ലാറ്റിനും കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണെന്നും കാണുന്നു.(സത്യം എന്താണാവോ .. അറിയാന്‍ താല്പര്യം..)  പഴയ പല പുലികളുടെയും പോസ്റ്റുകള്‍ ഇപ്പൊ കുറഞ്ഞിരിക്കുന്നു എന്ന് എനിക്കും ബോധ്യമായി.

എഴുത്തും വരയും പാട്ടും പഠനവും ചിത്രങ്ങളും ഒക്കെയായി എടുത്താല്‍ പോങ്ങാത്തത്രയും പേജുകള്‍ ബുലോകക്കാഴ്ചയില്‍ ഒറ്റയിരിപ്പില്‍ തന്നെ കാണാനായി.അതില്‍ ഏറ്റവും മത്ത്‌ പിടിപ്പിച്ചത് കവിതകളുടെ തിരതള്ളലാണ്. പൊതുവേ പ്രസിദ്ധീകരണങ്ങളിലെക്കൊക്കെ വരുന്ന സൃഷ്ടടികളില്‍ കവിതകള്‍ക്ക് അടുത്ത കാലത്ത് വലിയ ക്യൂവാണ് ഉള്ളതെന്ന് ഒരു കേട്ടുകേള്‍വിയും ഉണ്ട്. ഇവിടെ ആശയ സമ്പുഷ്ടവും നിലവാരം പുലര്‍ത്തുന്നതും ആയ ഒരുപാട് കവിതാ ശലകങ്ങള്‍ അനുഭവിച്ചറിയാന്‍ പറ്റി. കൂടാതെ അറുവഷളന്‍ ചവറുകളും (ക്ഷമിക്കണം എന്റെ മാത്രം അഭിപ്രായത്തില്‍, അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുന്നു) പലരും പോസ്റ്റിയിരിക്കുന്നു. അതിനും 'നൈസാ'ക്കി കമന്‍റി മറ്റു ചിലര്‍.

യാത്രാ കുറിപ്പുകള്‍ കേമമായിരിക്കുന്നു എന്ന് പറയാതെ വയ്യ.യാത്രകളെ പെരുത്ത്‌ ഇഷ്ടമായ എനിക്ക് ഇവയില്‍ ദൃഷ്ടി പതിപ്പിക്കാതെ അങ്ങനങ്ങ് പോവാന്‍ പറ്റ്വോ?കുഞ്ഞു കുഞ്ഞു നാട്ടുമ്പുറക്കാഴ്ചകള്‍ മുതല്‍ കൊന്നോളം പോന്ന വിദേശ പര്യടനങ്ങള്‍ വരെ മലര്‍ത്തി വെച്ചിരിക്കുന്ന ഈ കാഴ്ചകളില്‍ നിന്ന് കണ്ണെടുക്കാന്‍ ച്ചിരി ബുദ്ധിമുട്ടി.അല്‍പനേരം കൊണ്ട് തന്നെ അനുഭുതി ദായകമായി തോന്നിയ ഈ യാത്രാ വഴികളിലുടെ പക്ഷെ അധികം യാത്ര ചെയ്യാനായില്ല.പലതിലും പരപ്പ് അല്പം കുടിയെങ്കിലും അവതരണം വളരെ നന്ന്.പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരു ദീര്‍ഘ യാത്ര പോലെ തോന്നി അവിടുന്ന്  പടിയിറങ്ങുമ്പോള്‍. കുറച്ചേ വായിച്ചുള്ളൂ. കുറേ കരുതി വെച്ചിട്ടുണ്ട്, എന്നെങ്കിലുമൊക്കെ വായിച്ചു തീര്‍ക്കാനായി..
അങ്ങിങ്ങായി കാണാനായ മോഷ്ടാക്കളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വക വെക്കാതെ യാത്ര തുടര്‍ന്നപ്പോള്‍ അത്തരക്കാരുടെ കരവിരുത്   
അവിടെയും ഇവിടെയുമൊക്കെ അറിയാനും പറ്റി. എന്നാലും അതിവിടെ കുറിക്കാന്‍ നിനച്ചതല്ല. പിന്നെ ഒരു മഹാന്റെ കൈക്കരുത്ത് കണ്മുന്‍പില്‍ കിടന്നു കിതച്ചപ്പോള്‍ സങ്കടം കൊണ്ട് എഴുതാതിരിക്കാന്‍ പറ്റുന്നില്ല. പ്രത്യേകിച്ച് 'ഇര' രക്ത ബന്ധു കൂടി ആകുമ്പോള്‍. തരക്കേടില്ലാത്ത ആ ബ്ലോഗറുടെ സാമാന്യം നീണ്ട പ്രൊഫൈല്‍ വചനങ്ങളില്‍ സിംഹ ഭാഗവും ഈ   
'പീ.ച്ച്.ഡി' ക്കാരന്‍ ഇങ്ങട് കോപ്പീ പേസ്റ്റാക്കി തന്റെ പ്രൊഫൈല്‍ ഭാഗം മിനുക്കി വെച്ചിരിക്കുന്നു. ഹാ.. കഷ്ടം... അല്ലാതെന്ത്‌ പറയാന്‍..
മലയാളത്തിന്റെ ആനുകാലികങ്ങള്‍ നല്ലോണം ബൂലോകത്ത് വിശയീഭവിക്കുന്നുണ്ട്. 'ശുംഭ'നാം വീരേതിഹാസങ്ങളെല്ലാം സ'സന്തോഷം' തിമിര്‍ത്താടിക്കൊണ്ടിരുന്നു. ഇപ്പോഴാനെങ്കിലോ മാറ് നിറഞ്ഞു പൊട്ടിപ്പുറപ്പെടാന്‍ സമയം കാത്തു നില്‍ക്കുന്ന മുല്ലപ്രദേശിലെ പെരിയ വീട്ടില്‍ ആറാനമ്മായിയുടെ സകല വിശേഷങ്ങളും ചര്‍ച്ചയാകുന്നുണ്ട്.
തങ്ങള്‍ സ്നേഹിക്കുന്ന രാഷ്ട്രീയ പാര്ട്ടികലോടുള്ള കൂറ്  തെളിയിക്കാന്‍ അനുഭാവികള്‍ തരം പോലെ പോസ്റ്റുകള്‍ പേസ്റ്റി ബൂലോകത്ത് സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും  ആകെ മൊത്തം ടോട്ടല്‍ മുഴച്ചു നില്‍ക്കുന്നത് അരിവാള്‍ തലപ്പ്‌ കൊണ്ട് കോറിയിട്ട ചുവപ്പന്‍ വരികളാണെന്ന് കാണാം..
വ്യത്യസ്ഥ മത-ആത്മീയ ചിന്തകളും വിവിധ എഴുത്തുകളിലൂടെ സ്ഥാനം പിടിച്ച മലയാളം ബ്ലോഗിങ് മേഖലയില്‍ പക്ഷെ, ഇസ്ലാമിക്-മുസ്ലിം എഴുത്തുകളാണ് ഈ ഇനത്തില്‍ കൂടുതലെന്ന് കാണാന്‍ അധികം പ്രയാസമൊന്നുമില്ല.
ഇനി ഓര്‍മകളുടെയും അനുഭവങ്ങളുടെയും മുറിയില്‍ കണ്ടത് അധികവും ഇന്നലെകളായിരുന്ന  ബാല്യ കൌമാരങ്ങളില്‍, മനസ്സിന് മായ്ക്കാന്‍ കഴിയാതെ കിടക്കുന്ന വശ്യ മനോഹര മുഹൂര്‍ത്തങ്ങളാല്‍ ചായം പകര്‍ന്ന അക്ഷരക്കൂട്ടുകളായിരുന്നു.നടന്നു നീങ്ങിയ ജീവിതത്തിനിടയില്‍ ഹൃദയത്തിനേറ്റ നീറുന്ന മുറിപ്പാടുകള്‍ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും പകര്തിക്കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും നോവുകള്‍ നേര്‍ത്തു വരുന്നത് നമുക്ക് കാണാനാവും.
ഇഷ്ടായി.. എല്ലാം പെരുത്ത്‌ ഇഷ്ടമായി.. കലര്‍പ്പില്ലാതെ വെച്ചുകെട്ടില്ലാതെ ആശയം ആവിഷ്കരിച്ചത് കൊണ്ടാവാം ഒരു തരം എളിമത്വം പരക്കെ പ്രകടമാണ്.എടുത്തു പറയേണ്ടതായി തോന്നിയ മറ്റൊരു സവിശേഷത, പൊതുവേ എല്ലാ തരം പോസ്റ്റുകളിലും ഹാസ്യാത്മകത നല്ലോണം നിഴലിച്ചു കാണുന്നു എന്നതാണ്.
അങ്ങനെ സാമ്പാറും കോഴിയിറച്ചിയും ഒന്നിച്ചു കഴിച്ച പ്രതീതിയില്‍ ബൂലോകക്കാഴ്ച കണ്ടു കൊതി തീരാത്ത ഈ പാവം, പക്ഷെ 'വെറുമെഴുത്തി'നോട്  തല്ക്കാലം ഇവിടെ സുല്ലിടുകയാണ്.ഇനിയും ആ കാഴ്ചകളെ പകര്‍ത്താന്‍ എനിക്ക് വശമില്ല.കാഴ്ചകള്‍ തീര്‍ന്നിട്ടില്ലെന്നു മാത്രമല്ല അതിന്റെ ഒരു മൂലയ്ക്ക് പോലും എത്തിയിട്ടില്ല എന്നും ഇനിയും ഈ കാഴ്ചകളെ പുല്‍കാന്‍ വന്നുകൊണ്ടേ ഇരിക്കേണ്ടതുണ്ടെന്നുമുള്ള ഉത്തമ ബോധ്യത്താല്‍ തന്നെ...
ബൂലോകത്ത് കമന്റിടാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ചില ബ്ലോഗര്‍മാരെങ്കിലും ഉണ്ടോ എന്ന ഒരു കുസൃതി സംശയം കൂടി നിങ്ങള്ക്ക് വേണ്ടി ബാക്കി വെച്ച്, നിറക്കാഴ്ചകള്‍ കണ്ടു ഗാലറിയിലിരിക്കാതെ, ഒരുപാട് പേരുടെ ജീവിതം കൊണ്ട് നിറം പകര്‍ന്ന അക്ഷരക്കാഴ്ചകള്‍ കൊണ്ട് മനം കിളിര്‍പ്പിക്കുന്ന ഈ ബൂലോകത്തിനു കാണിക്ക വെക്കാന്‍ കാലഹരണപ്പെട്ട എള്ളുണ്ടയോ പുതു ലോകത്തിന്റെ രുചി കേന്ദ്രങ്ങള്‍ക്ക് അരുചി തോന്നിക്കുന്ന കടലമിട്ടായി കൊണ്ടെങ്കിലുമോ ഞാനിനിയും വരാം.. എന്ന് മാത്രം...
'വെറുമെഴുത്തി'നിടയിലെ ചില്ലറ കാര്യങ്ങള്‍:
 1. ബൂലോകര്‍ മാലോകര്‍ക്കുപകരിക്കുന്ന സാമുഹിക പരിവര്‍ത്തനങ്ങള്‍ക്കായി വല്ലതുമൊക്കെ ഒതുരുമിച്ചു ചെയ്യാനാവുമോ എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ കൊള്ളാം.
 2. ബൂലോകത്ത് കാലൂന്നുന്ന പുതിയ കൂട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സ്ടിമുലേശന്‍ തെറാപ്പികള്‍ നല്‍കാം. അവരുടെ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുത്തും ഇങ്ങോട്ട് എത്തിച്ചും മറ്റും. അല്ലെങ്കില്‍ തപ്പിത്തടഞ്ഞു കിടന്നുഴലും.
 3. തെറ്റുകള്‍ കണ്ടാല്‍ തിരുത്തി കൊടുക്കാന്‍ പേരും പെരുമയും തടസമാവേണ്ടതില്ല.
 4. ബൂലോകം അടക്കി വാഴുന്ന അതികായകര്‍ക്കും സമയം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ അഭിപ്രായം അറിയിക്കലൊക്കെ ആവാം. 

പിങ്കുറിപ്പ്: ദഹിക്കാത്ത വല്ലതുമൊക്കെ അകത്ത്താക്കേണ്ടി വന്നാല്‍ ആരെയും കാത്തു നില്‍ക്കാതെ വേഗം അറിയിച്ചാ മതി ട്ടോ...

27 comments:

 1. onnu snapshots aakkamayirunnu....

  ReplyDelete
 2. ബൂലോകം ഒത്തിരി കറങ്ങിയല്ലോ,പുലികളെയും കടലാസ് പുലികളെയും കണ്ടല്ലോ ,ഇനി ധൈര്യമായി ഗര്‍ജ്ജിക്കാന്‍ തുടങ്ങൂ :)ആശംസകള്‍ ..

  ReplyDelete
 3. ഗൗരവമുള്ള ഒരു വിഷയം അവതരിപ്പിച്ചുകൊണ്ടുള്ള ആദ്യപോസ്റ്റ് തന്നെ കേമമായി.. വിലയിരുത്തലില്‍ അല്‍പ്പം പാകപ്പിഴകള്‍ പറ്റി എന്ന് സ്നേഹപൂര്‍വ്വം പറയുന്നു... ബൂലോകര്‍ മാലോകര്‍ക്കുപകരിക്കുന്ന സാമുഹിക പരിവര്‍ത്തനങ്ങള്‍ക്കായി വല്ലതുമൊക്കെ ഒതുരുമിച്ചു ചെയ്യാനാവുമോ എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ കൊള്ളാം.എന്നു പറഞ്ഞല്ലോ.. ബൂലോകത്ത് വെറും വാചകമടി മാത്രമേ ഉള്ളു എന്ന ഒരു ധ്വനി അതിലുണ്ട്... മറ്റേതൊരു മാധ്യമങ്ങളേക്കാളും സാമൂഹിക വിഷയങ്ങളില്‍ സൈബര്‍ എഴുത്തുകളിലൂടെയും അവരുടെ കൂട്ടായ്മകളിലൂടെയും നടക്കുന്നുണ്ട് എന്ന വിവരം അറിയാഞ്ഞതു കൊണ്ടാണ് ഇങ്ങിനെ പറയുന്നത്... ഈ അടുത്ത കാലത്ത് മണിപ്പൂരിന്റെ സമരനായിക ഇറോം ഷര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സൈബര്‍ എഴുത്തുകാര്‍ മാതൃകാപരമായ പല പ്രവര്‍ത്തനങ്ങളും നടത്തുകയും അത് ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. കോഴിക്കോട്ടെ ജിത്തുവിന് ഒരു ജീവിതമാര്‍ഗമുണ്ടാക്കാന്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഒരു കൂട്ടായ്മക്കു കഴിഞ്ഞു... ഇങ്ങിനെ നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാണിക്കുവാന്‍ ഉണ്ട്....

  ഇതൊക്കെ അറിഞ്ഞിട്ടും കണ്ണടച്ചിരുട്ടാക്കി ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യത്തോട് ഉപമിച്ചു നടക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെയും അവരുടെ ശിങ്കിടികളായ സാഹിത്യശിങ്കങ്ങളുടെയും ഉദ്ദേശം വേറെയാണ്... ബ്ലോഗെഴുത്തിടങ്ങള്‍ സജീവമാവുന്നതും നിലവാരം ഉയരുന്നതും അവര്‍ അറിയുന്നുണ്ട്.തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്നത് അവര്‍ മനസിലാക്കുന്നതിന്റെ ബഹിര്‍ സ്ഫുരണങ്ങളാണ് അവരുടേതായി ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വിലകുറഞ്ഞ പ്രതികരണങ്ങള്‍...അതില്‍ വീഴാതിരിക്കുക. വസ്തു നിഷ്ടമായും സത്യസന്ധമായും കാര്യങ്ങള്‍ വിലയിരുത്തുക.

  ReplyDelete
 4. @സിയാഫ് അബ്ദുള്‍ഖാദര്‍, khaadu.. സന്ദര്‍ശനത്തിനും ആശംസക്കും നന്ദികള്‍ അറിയിക്കുന്നു..

  @Pradeep Kumar: വിലയേറിയ അഭിപ്രായത്തിനു ഒരുപാടു നന്ദി... "ബൂലോകത്ത് വെറും വാചകമടി മാത്രമേ ഉള്ളു എന്ന ഒരു ധ്വനി അതിലുണ്ട്".. അങ്ങിനെ ഒരു ധ്വനി ഉണ്ടെങ്കില്‍ ഖേദിക്കുന്നു..ഒരിക്കലും അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല..
  കണ്ണടച്ച് ഇരുട്ടാക്കുന്ന മുഖ്യധാരയിലെ ചിലരുടെ സമീപനത്തെ അനുകുലിക്കുന്നില്ല.. എന്നല്ല എതിര്തിട്ടുമുണ്ട്.. അറിയാത്ത കാര്യങ്ങള്‍ അറിയിച്ചു തന്നത് നന്നായി.. താങ്ക്സ് ..

  ReplyDelete
 5. കൊള്ളാം, ചുറ്റിക്കറങ്ങിക്കണ്ട കുറേ കാഴ്ചകൾ നല്ലതുപോലെ ഒരു ‘അവലോകന’രീതിയിൽ എഴുതിയിരിക്കുന്നു, നല്ലത്. നമ്മൾ വായിക്കുന്നതിലൊക്കെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, ഒരല്പം വിട്ടുവീഴ്ച-സഹതാപഭാവം കാണിക്കേണ്ടിവരും. കാരണം, ഇതിനുപുറത്തെ മറ്റ് എഴുത്തുകാർക്ക് കിട്ടുന്ന ‘റോയൽറ്റി’ എന്ന ‘സ്വർണ്ണപ്പതക്കം‘ ഇവിടെ കിട്ടുന്നില്ല എന്നതും, പരിപക്വമായി വേണ്ടുന്ന ‘എഡിറ്റിംഗ്’ ഇല്ല എന്നതും, ബ്ലോഗെഴുത്തുകളും മറ്റു ശാഖയിലുള്ള എഴുത്തുകളും തമ്മിൽ വേർതിരിപ്പ് ഉണ്ടാക്കുന്നു. പ്രത്യക്ഷത്തിൽ വികലമായ രചനകൾ എല്ലാറ്റിലുമുണ്ട്. താങ്കൾ പറഞ്ഞതുപോലെ, ബൂലോകത്ത് നല്ല മികച്ച രചനകൾ ധാരാളമുണ്ട്. ആർക്കും എന്തെഴുതിയാലും പ്രസിദ്ധീകരിക്കുകയും ചെയ്യാം, കത്രികപ്രയോഗമില്ലാതെ. പുറത്ത്,നമ്മൾ രൂപകൊടുത്ത് രചനകൾ വാങ്ങിവായിക്കുകയാണ്. അതിന്റെ ഒരോഹരി കൈപ്പറ്റുന്ന രചയിതാവ്, മാളികമുകളിലിരുന്ന് പൂരം കണ്ടിട്ട് ‘ഏയ് ഇങ്ങനെയല്ല പൂരം നടത്തേണ്ടത്...’ എന്ന് വെറുതേ വിളിച്ചുകൂവുകയാണ്. (ധാരാളം പറയേണ്ടിവരുന്നതിനാൽ ചുരുക്കുന്നു.) പുതിയ ‘ബ്ലോഗറെ’ന്ന ബാഡ്ജ് പതിച്ചുകൊണ്ട് പാർശ്വവീക്ഷണം നടത്തി, പല നല്ല കാര്യങ്ങളും പരാമർശിച്ചുവന്ന താങ്കൾ പ്രശംസയർഹിക്കുന്നു. എങ്കിലും പറയാതെ നിവൃത്തിയില്ല, ക്ഷമിക്കണം. പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി വായിച്ച് ശ്രദ്ധിച്ച് അക്ഷരത്തെറ്റുകൾ മാറ്റിമാത്രം റിലീസാക്കുക. പുതിയ ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ‘ഇരിപ്പിടം’ എന്ന ബ്ലോഗ് വേറെയുണ്ട്. നാലഞ്ചുപേർ ചേർന്നാണ് അത് അവലോകനം ചെയ്യുന്നത്. താങ്കൾ അവിടേയുംകൂടി വന്ന് അഭിപ്രായം പറയുന്നത് നല്ലതാവും. ഒരു ‘കഥാമത്സരം’ നടത്തുന്നുണ്ട്,അതിലും താങ്കളെ പങ്കെടുക്കാൻ ക്ഷണിക്കുന്നു. ആശംസകളോടെ......വി. എ.

  ReplyDelete
 6. തുടർന്ന്, ബ്ലോഗിന്റെ പേര് കാണിക്കാൻ മറന്നുപോയി ക്ഷമിക്കുമല്ലോ..http://marubhoomikalil.blogspot.com/ here read

  ReplyDelete
 7. ഈ അവലോകനം നന്നായിട്ടുണ്ടല്ലോ. ഇനിയും എഴുതു. അഭിനന്ദനങ്ങൾ.

  ReplyDelete
 8. @വി.എ || V.A നല്ല കുറെ വാക്കുകള്‍ക്ക് നന്ദി ..
  'ഇരിപ്പിടം' സന്ദര്‍ശിച്ചു, അഭിനന്ദനാര്‍ഹമായ ഒരു സംരംഭം പരിജയപ്പെടുതത്തില്‍ സന്തോഷമുണ്ട്..

  @Shukoor ,Echmukutty:ഒത്തിരി താങ്ക്സ്..

  ReplyDelete
 9. ഇനിയും എഴുതു. അഭിനന്ദനങ്ങൾ.

  ReplyDelete
 10. നല്ല അവലോകനം .. നന്നായിരിക്കുന്നു. പിന്നെ ബൂലോകത്ത് പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. വഴിയെ മനസിലാകും..

  ReplyDelete
 11. അവലോകനം കൊള്ളാം. ബൂലോകം എന്നത് മലയാളം ബ്ലോഗ് ലോകം എന്ന് തന്നെ.. പിന്നെ പറഞ്ഞത് പോലെ ഇവിടെ കിട്ടുന്ന വിഷയവൈവിദ്ധ്യവും അപാരം തന്നെ. മുഖ്യമാധ്യമങ്ങള്‍ പറയും പോലെ ബ്ലോഗിങ് നിന്നുപോയിട്ടൊന്നുമില്ല. എല്ലാക്കാലത്തും ബ്ലോഗില്‍ മികച്ച രചനകള്‍ ഉണ്ടാവുന്നുണ്ട്. ബൂലോകം ഭൂലോകത്തും ഇടപെടുന്നുണ്ട് കേട്ടോ. അത് കൂടുതല്‍ സഞ്ചരിക്കുമ്പോള്‍ മനസ്സിലാവും

  ReplyDelete
 12. ഞാന്‍ വീണ്ടും ആശംസകള്‍ നേരുന്നു....

  ReplyDelete
 13. @kARNOr(കാര്‍ന്നോര്),ഫസലുൽ Fotoshopi,Manoraj,മനോജ് കെ.ഭാസ്കര്‍:...അപ്പൊ എല്ലാവര്ക്കും നന്ദിയുണ്ട് കേട്ടോ..അറിയാതവ അറിയിച്ചു തന്നതിനും മറ്റും അതൊക്കെ തന്നെയല്ലേ എന്റടുത്തുള്ളൂ..

  ReplyDelete
 14. ബൂലോകത്തേക്ക് സ്വാഗതം :)

  ReplyDelete
 15. ബൂലോകത്തെക്കുറിച്ച് ഇനിയും ഒത്തിരി മനസ്സിലാക്കാനുന്ടെന്നു തോന്നുന്നു , എന്നാലും ഈ ആമുഖം നന്നായി
  ആശംസകള്‍ .

  ReplyDelete
 16. അവലോകനം വളരെ നന്നായി കേട്ടോ.. ബൂലോകത്തില്‍ പുതിയ ആളാണ്‌ ഞാനും .... എല്ലാം പഠിച്ചു വരുന്നു ... എഴുത്ത് നില നില്‍ക്കുന്നതില്‍ ബ്ലോഗ്‌ നു വലിയ പങ്ക് ഉണ്ട് .. എന്നിട്ടും എന്തിനാണ്
  ബ്ലോഗ്‌ എഴുത്തുകാരെ മാറ്റി നിര്‍ത്തുന്നത് .. ( മാറ്റി നിര്‍ത്തിയെങ്കിലും അവര്‍ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാകി എടുത്തിട്ടുണ്ട് ... ) ... എഴുതുന്നതിനെകള്‍ എത്രയോ വലിയ അനുഭവമാണ് വായിക്കുമ്പോള്‍ കിട്ടുന്നത് ... ഏതായാലും ... നല്ല നിരീക്ഷണം .. ആശംസകള്‍ ...

  ReplyDelete
 17. ഈ പഠനം നന്നായി ഇഷ്ടപ്പെട്ടു. താങ്കൾക്ക് സ്വാഗതം നേരുന്നു.

  ReplyDelete
 18. നന്നായിരിക്കുന്നു,തുടര്‍ന്നും എഴുതുക.

  പുതുവത്സര ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 19. >>benchali, sidheek, yathrakkaaran, kumaran, cv thankappettan.. സ്വാഗതമോതിയ എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി... തങ്കപ്പേട്ടന്റെ പുതുവത്സരാശംസ സ്വീകരിച്ചിരിക്കുന്നു..

  ReplyDelete
 20. നന്നായി നല്ല തുടക്കം

  ReplyDelete
 21. ബൂലോകം മൊത്തം കറങ്ങിയോ അതോ?. ഞാന്‍ ഇവിടെ ഒരു കോട്ടയ്ക്കല്‍ എന്നു കണ്ടപ്പോള്‍ ഒന്നു കയറി നോക്കിയതാ. ഞാനും ഒരു കോട്ടയ്ക്കലായതു കൊണ്ടു തന്നെ.!

  ReplyDelete
  Replies
  1. ബൂലോകം കറങ്ങാന്‍ നോക്കി എവിടെയും എത്താതെ നിര്‍ത്തേണ്ടി വന്നു.. ഏതായാലും ഒരു നാട്ടുകാരനെ കിട്ടിയതില്‍ പെരുത്ത് സന്തോഷം ... നമുക്ക് പരിചയപ്പെടണം..

   Delete
 22. ".....ഇടപെടലുകള്‍ വളരെ സജീവമായി തോന്നുമ്പോഴും ഇത്തരം സാമൂഹിക മാറ്റങ്ങള്‍ക്കുപകരിക്കുന്ന ഒരു ഇടപെടലിനൊന്നും ഉദാഹരണം കണ്ടില്ല......"

  ബൂലോകം മുഴുവൻ കറങ്ങിയില്ലെന്നു മനസ്സിലായി. മാലോകർക്ക് സാമൂഹികമാറ്റങ്ങളെക്കുറിച്ച് ഇരുത്തിച്ചിന്തിയ്ക്കാനുതകുന്ന ഇടപെടലുകൾ ഏറ്റവും കൂടുതൽ ഉണ്ടായ മേഖലയാണു ബൂലോകം. അതുകൊണ്ടുതന്നെയാണ് കേവലം ബ്ലോഗ്‌മീറ്റുകൾ മാത്രം നടത്തി ബൂലോകർ പരസ്പരം പരിചെയപ്പെടലും സൗഹൃദം പുതുക്കലും മാത്രം നടത്തിപ്പിരിയുന്ന ഏർപ്പാടിൽനിന്ന് വ്യത്യസ്ഥതലങ്ങളിലേയ്ക്ക് വികസിപ്പിച്ച് സാംസ്കാരികവും വൈജ്ഞാനികവുമായ വികാസങ്ങൾ കൂടി ലക്ഷ്യമാക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിലേക്ക് ബൂലോകവും ബൂലോകമീറ്റുകളും വളർന്നു വന്നിട്ടുള്ളത്. ശില്പശാലകളും ചർച്ചകളും ബൂലോകത്ത് സജീവമായി നടക്കുന്നത്. അങ്ങനെ നടക്കുന്നതുകൊണ്ടാണു ബ്ലോഗിതര ലോകങ്ങൾ അസൂയാവഹമായ വിധത്തിൽ ബൂലോകത്തെ നോക്കിക്കാണുന്നത്. അസൂയകൊണ്ടാണു ബൂലോകം വെറും ടോയ്‌ലറ്റു സാഹിത്യം മാത്രം നിറഞ്ഞതാണെന്ന് കുരുടൻ ആനയെക്കണ്ടതുപോലെ ചിലരെങ്കിലും വിളിച്ചുകൂവുന്നത്. അവരൊക്കെത്തന്നെയാണ് ഈ "ടോയ്‌ലറ്റു സാഹിത്യങ്ങളും" കഴമ്പുള്ള ബൂലോക ചിത്രങ്ങളും കട്ടെടുക്കുന്നത്. ബൂലോകം നേരേ മറിച്ചാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഇന്നത്തെ ജൂറികൾ നാളത്തെ അവാർഡുജേതാക്കളാവാറില്ല. ഇന്നത്തെ അവാർഡുജേതാക്കൾ ഇന്നത്തെ ജൂറികൾക്കു അവാർഡു പ്രഖ്യാപനം നടത്താറുമില്ല. ഇങ്ങനെയുള്ള "പരസ്പര സഹായം" നടത്താൻ മാത്രം ബൂലോകം അധ:പതിച്ചിട്ടുമില്ല. കീശ വീർക്കാത്ത വിധത്തിൽ ആത്മാർത്ഥമായി സഹജീവിസാമൂഹ്യസേവനം നടത്തുന്ന എഴുത്തുമേഖല വേറേ കാണില്ല. താങ്കൾ സൂചിപ്പിച്ചപോലെ ഒരുമിച്ചാൽ ഒരുപാടു ചെയ്യാൻ പറ്റുന്ന മാധ്യമമാണു ബ്ലോഗുകൾ. ഒരുപാടുതവണ അതു തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ തുടർവായനയിലൂടെ തനിയേ കണ്ടെത്തിക്കൊള്ളും. നല്ല ബ്ലോഗുകളും നല്ല ശ്രമങ്ങളും കൂട്ടായ്മകളുമാണു കൂടുതൽ. അതു വീണ്ടും വികാസം പ്രാപിയ്ക്കേണ്ടതുണ്ട്. അതിനുവേണ്ടികൂടിയാവട്ടെ ഇനിയുള്ള എഴുത്തുകൾ.

  ReplyDelete
  Replies
  1. വിശദമായ കുറിപ്പിന് നന്ദി പറയാന്‍ വൈകിയതില്‍ ക്ഷമിക്കുക..
   @"..ശില്പശാലകളും ചർച്ചകളും ബൂലോകത്ത് സജീവമായി നടക്കുന്നത്." ഈ ചര്‍ച്ചകളോ അതിന്റെ ഗുണഫലങ്ങളോ ബൂലോകത്തിനു പുറത്തേക്കു വേണ്ട വിധം എത്തിയിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാം ഇനിയും....

   Delete

Related Posts Plugin for WordPress, Blogger...