Wednesday, January 11, 2012

Aligarh University: Malappuram Campus - ബനേഗാ ഹമാരാ ചമന്‍


എന്റെ നടക്കാതെ പോയ സ്വപ്നങ്ങളില്‍ ഒന്നായി ഇന്നും മനസ്സിന്റെ ഏതോ ഒരു കോണില്‍ 'അലിഗഡ് യുണിവേഴ്സിറ്റി' ഒരു നെരിപ്പോടായി  കിടക്കുമ്പോഴും, ഒരു ജനതയുടെ മൊത്തം സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി  കേരളത്തിലെ മലപ്പുറത്തിന്റെ മണ്ണിലേക്ക് അലിഗഡ് യുണിവേഴ്സിറ്റി ഒഴുകിയെത്തുമ്പോള്‍ മനസ്സിന്റെ മറ്റൊരു കോണില്‍ നിന്ന് ആരോ പാടും പോലെ...

"യേ ബനേഗ ചമന്‍ ഹമാര ചമന്‍
 യേ ചമന്‍ സെ ഉട്ടേഗ ഹസാറോ  ബുല്‍ബുലേന്‍"....

അന്ന് കേരളം വിട്ടു തുംകൂരില്‍ പഠിക്കാന്‍  ചെന്നതിന്റെ ആദ്യ ദിനങ്ങളില്‍  ഡോ.ആബിദലി അന്‍സാരിയുടെ ക്ലാസ്സില്‍ പലപ്പോഴും സിലബസിന്റെ പരിധിയും വിട്ട് ശുദ്ധ ഉറുദുവില്‍ 'അലിഗഡ് കഹാനി' പരിധി വിടുമ്പോള്‍ ഉറുദുവിന്റെ ബാലപാഠം പോലുമറിയാത്ത ഞാന്‍ മുഖം തിരിച്ചു മൂന്നു മലയാളികളില്‍ ഏറ്റവും അടുത്തിരിക്കുന്നവനോട് അടക്കം പറയുമായിരുന്നു "mmm ... സാര്‍ തുടങ്ങി....." യു.ജിയും പി.ജിയും പിന്നെ ടീച്ചിങ്ങും അടക്കം എത്രയോ വര്‍ഷങ്ങള്‍ ഒരു ക്യാമ്പസില്‍ ജീവിച്ചു തീര്‍ത്ത ഒരാളുടെ ഹൃദ്യമായ ഓര്‍മകളുടെ അയവിറക്കലായേ ഞങ്ങള്‍ ഇതിനെയും കരുതിയുള്ളു... പിന്നെ പിന്നെ ഈ 'അലിഗഡ് കഹാനി' പറച്ചില്‍ ഒരു ശീലമായപ്പോള്‍ ഞങ്ങള്‍ മറ്റൊരു ശീലത്തിന് തുടക്കം കുറിച്ചു."ജബ് മേ അലിഗഡ് മേ ഥാ..." സാര്‍ കഹാനി തുടങ്ങിയാല്‍ പേനയും പേപ്പറും എടുത്തു ഞങ്ങള്‍ ശ്രദ്ധയെ സജീവമാക്കും. എന്നിട്ട് വരി വരിയായി 'വരയിടല്‍ പരിപാടി' തുടങ്ങും -അന്നേ ദിവസം സാര്‍ എത്ര പ്രാവശ്യം 'അലിഗഡ്' എന്ന വാക്ക്  ഉച്ചരിക്കുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍!

2011 ഡിസംബര്‍ 24 നു അലിഗഡ്:മലപ്പുറം ക്യാമ്പസ്‌ പെരിന്തല്‍മണ്ണ ചേലാമലയില്‍ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ട പത്ര വാര്‍ത്ത കണ്ണില്‍ പെട്ടപ്പോള്‍ അറിയാതെ നൊമ്പരപ്പെടുത്തുന്ന പഴയ ഓര്‍മ്മകള്‍ മനസ്സിലൂടെ   ഒരു നിമിഷം മിന്നി മറഞ്ഞു. അലിഗഡ് യുണിവേഴ്സിറ്റി ഇന്ത്യക്കകത്തും പുറത്തും അറിയപ്പെട്ട, ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായ വിശ്വ വിജ്ഞാന കേന്ദ്രമാകുന്നു.1875 ല്‍ ഒരു ജനതയുടെ ഭാവിയില്‍ നിറപ്പകിട്ടുകളുടെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി, സര്‍ സയ്യിദ് അഹമദ് ഖാന്‍ എന്ന വിദ്യാഭ്യാസ വിചക്ഷണന്‍ തുടക്കം കുറിച്ച ഈ വൈജ്ഞാനിക കേന്ദ്രം രാജ്യത്താകമാനം വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്നു. 300 ലധികം കോഴ്സുകളും  95 ഡിപ്പാര്‍ട്ട്മെന്റുകളും 13 ഫാക്കല്‍റ്റികളും 5 ഇന്‍സ്റ്റിട്യുട്ട് കളും 2000 അധ്യാപകരും  60000 വിദ്യാര്‍ത്ഥികളും 15 ലക്ഷം പുസ്തകങ്ങള്‍ അടങ്ങുന്ന ലോകത്തിലെ എണ്ണപ്പെട്ട ലൈബ്രറികളില്‍ ഒന്നായ മൗലാന ആസാദ് ലൈബ്രറിയും അടക്കം ഉത്തര്‍പ്രദേശിലെ അലിഗഡില്‍ 1100 ഏക്കറിലായി പരന്നു കിടക്കുന്ന അറിവിന്റെ ഈ മഹാ ലോകത്തേക്കുള്ള ഒരു വാതായനം ഇങ്ങ് കേരളത്തിലെ മലപ്പുറത്തിന്റെ മണ്ണില്‍ തുറക്കപ്പെടുമ്പോള്‍ അതൊരു പുതിയ ചരിത്രത്തിന്റെ നാന്ദി കുറിക്കല്‍ കൂടിയാണ്.

വിദ്യാഭ്യാസ- സാമുഹിക-സാമ്പത്തിക മേഖലകളില്‍ ഒരു ജില്ലയുടെയും ഒരു സംസ്ഥാനത്തിന്റെ തന്നെയും മുഖച്ചായ തന്നെ മാറ്റപ്പെടാന്‍ കാരണമായേക്കാവുന്ന ഒന്നായി അലിഗഡ്:മലപ്പുറം ക്യാമ്പസ് മാറുമെന്നതില്‍ സംശയമില്ല.പലരും ധരിച്ച പോലെ (ധരിപ്പിക്കും പോലെ) അലിഗഡ് യുണിവേഴ്സിറ്റി മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമുല്ല ഒരു കലാലയമൊന്നുമല്ല.ഇവിടെ ജാതി മത ലിംഗ ഭേദമന്യേ ഏതൊരാള്‍ക്കും വേണ്ടി തുറക്കപ്പെട്ട വാതിലുകളാണ് ഉള്ളത്. എന്നാല്‍ 'വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ മുത്താ'ണെന്ന്  പഠിപ്പിക്കപ്പെട്ട ഒരു സമുദായത്തിന്, ചരിത്രത്തിന്റെ ഇന്നലെകളില്‍ അവര്‍ക്ക് കൈമോശം വന്നുപോയ അറിവാകുന്ന മുത്തിനെ അതിന്റെ ആഴക്കടലില്‍ മുങ്ങിച്ചെന്നു തപ്പിയെടുത്തു മുന്നോട്ടുള്ള ജീവിതത്തിനു പ്രകാശം പകരാന്‍ ഈ ക്യാമ്പസ് വഴി തുറന്നു തരുമെന്ന്  നിസ്സംശയം പറയാം.

അലിഗഡില്‍ പഠിച്ചവര്‍ക്കെല്ലാം ആ കലാലയത്തിനെയും  അവിടുത്തെ ജീവിതത്തെയും  ഹൃദയത്തിനോട് ചേര്‍ത്ത് വെച്ച് നൊമ്പരപ്പെടാന്‍ ഒരല്പം വെമ്പല്‍ കൂടുതല്‍  കാണാം. അലിഗഡില്‍ പഠിക്കണമെന്ന ആഗ്രഹം തൊട്ടു  മുന്നില്‍ നിന്ന് നിര്‍ഭാഗ്യവശാല്‍ വഴുതി നീങ്ങിയെങ്കിലും മറ്റു പലരുടെയും വികാര നിര്‍ഭരമായ ഓര്‍മകളുടെ കൂടെ  മനസ്സുകൊണ്ട് അവിടം ചുറ്റിത്തിരിയാന്‍ പലവട്ടം അവസരം കൈവന്നിട്ടുണ്ട്. 'അലിഗരിയന്‍സി'നു എന്നും കുളിരേകുന്നതാണ് 'അലിഗഡ് തരാന'. "യേ മേര ചമന്‍ ഹേ മേര ചമന്‍".... ഏതു നട്ടപ്പാതിരയിലെ ഉറക്കത്തിലാണെങ്കിലും 'തരാന'യിലെ വരികേട്ടാല്‍ അലിഗരിയന്‍ അടുത്ത വരി പാടും "..മേ അപ്നി ചമന്‍ കാ ബുല്‍ബുല്‍ ഹൂ.." മനോഹരമായ ഈ വരികള്‍ ഇങ്ങു ചേലാമലയിലെ കുളിര്‍ക്കാറ്റിലും ലയിച്ചു ചേര്‍ന്നപ്പോള്‍ അതൊരു സംസ്കാരത്തിന്റെ കു‌ടി അവതരിക്കലായിരുന്നു..

"യേ മേര ചമന്‍ ഹേ മേര ചമന്‍
 മേ അപ്നി ചമന്‍ കാ ബുല്‍ബുല്‍ ഹൂ
 സര്ശാരെ നിഗാഹെ നര്‍ഗീസ് ഹൂ
 പാബസ്തെ ഗെസൂ എ സുംബുല്‍ ഹൂ .."

അന്നാദ്യമായി ആബിദ് സാറില്‍ നിന്ന് ഈ വരികള്‍ കേട്ടപ്പോള്‍ അര്‍ത്ഥമറിഞ്ഞ്‌ കൂടെ  പാടാന്‍ എനിക്ക് ഉറുദുവില്‍ അറിവ് പോരായിരുന്നു. അറിയില്ലായിരുന്നു ഇത് അലിഗഡ് തരാനയില്‍ നിന്നാണെന്ന്, ഇത് രചിച്ചത് മജാസ് ലഖ്നവി ആണെന്നും ഇതിനു പിന്നില്‍ ഒരു കഥയുണ്ടെന്നും ഒട്ടും അറിയില്ലായിരുന്നു. പണ്ടൊരിക്കല്‍ പണ്ഡിറ്റ്‌ നെഹ്റുജി അലിഗഡ് സന്ദര്‍ശിക്കാന്‍ എത്തിയത്രെ. വിദ്യാര്‍ഥികളോടും ഭാരവാഹികളോടുമുള്ള സംസാരത്തിനിടയില്‍ ചോദിച്ചുവത്രേ 'കലാലയ ഗാനം' ഏതെന്ന്. മറുപടി ഇല്ലാതായപ്പോള്‍ "ഇത്രയും ഉയര്‍ന്ന ഒരു കലാലയത്തിനു സ്വന്തം ഗീതം ഇല്ലെന്നോ" എന്ന് നെഹ്‌റു അത്ഭുതം കൂറിയപ്പോള്‍, പക്ഷെ കൂട്ടത്തിലൊരു വിദ്യാര്‍ത്ഥിക്ക്  ആ രാത്രി ഉറക്കം നഷ്ടപ്പെടുകയായിരുന്നു. തൊട്ടടുത്ത പ്രഭാതത്തില്‍ ഈ വിദ്യാര്‍ഥി  അലിഗഡിനു സമ്മാനിച്ചതാണ്‌ വശ്യ മനോഹര ശൈലിയില്‍ സാര സമ്പൂര്‍ണ്ണമായ വരികളുമായി ഉറുദു കാവ്യ വീചികളുടെ മാസ്മരിക സൗന്ദര്യം സ്ഫുരിക്കുന്ന ഈ തരാന.അന്നത്തെ ആ വിദ്യാര്‍ത്ഥിയാണ് പിന്നീട്  ഉറുദു കാവ്യ ലോകത്ത്  തന്‍റെ സവിശേഷമായ തുലിക കൊണ്ട് അവിസ്മരണീയ സാന്നിധ്യമറിയിച്ചു കടന്നു പോയ  മജാസ് ലഖ്നവി 

"..ജോ താഖെ ഹറം മേ റോഷന് ഹേ
 വോ ശമാ യഹാ ഭീ ജല്‍തീ ഹേ
 ഇസ് ദശ്ത് കെ ഖോഷേ ഖോഷേ സെ
 ഏക്‌ ജൂ എ ഹയാത് ഉബല്‍തീ ഹേ
 യേ ദശ്തെ ജുനൂന് ദിവാനോ കാ
 യേ ബസ്മേ വഫാ പര്‍വാനോ കാ.."

വരികളുടെ സാരാംശത്തിലേക്ക്  ഇറങ്ങിച്ചെല്ലാന്‍ ആയില്ലെങ്കിലും വാക്കുകളുടെ ആകാര ഭംഗി ആര്‍ക്കും അനുഭവേദ്യമാകും. സുന്ദരമായ പദപ്രയോഗങ്ങള്‍ ഈണത്തില്‍ അവതരിപ്പിക്കുന്നത്‌ കേട്ടാല്‍  അറിയാതെ ലയിച്ചു പോവും.

കാലക്രമേണ അത്യാവശ്യം അര്‍ത്ഥമൊക്കെ അറിഞ്ഞു ആസ്വദിക്കാമെന്നു വന്നപ്പോഴേക്ക്  ഞങ്ങളുടെ പ്രിയപ്പെട്ട ആബിദ് സാര്‍ അറിവ് പകര്‍ന്നു കൊടുക്കാന്‍ മറ്റൊരു കലാലയത്തിലെ വിജ്ഞാന കുതുകികളെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മറ്റിയുടെ ശിപാര്‍ശയനുസരിച്ച് രാജ്യത്താകെ 5 സ്ഥലങ്ങളില്‍ അലിഗഡ് യുണിവേഴ്സിറ്റിയുടെ സെന്ററുകള്‍ സ്ഥാപിക്കാന്‍ അനുമതി കിട്ടിയതില്‍ മലപ്പുറം സെന്റര്‍ മാത്രമാണ് ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഇത്രയും ദൂരം മുന്നേറിയിട്ടുള്ളത്. അഭിനന്ദനാര്‍ഹാമായ ഈ മുന്നേറ്റത്തിനു പിന്നില്‍ രാഷ്ട്രീയവും അതിനപ്പുറവുമുള്ള ഭിന്നതകള്‍ മറന്നു ജില്ലയിലെ ജനങ്ങളുടെ ഒന്നിച്ചുള്ള അണിചേരലാണുള്ളത്. തുടക്കം മുതലേ ഈ മുന്നേറ്റം സാധ്യമാകാന്‍ രാഷ്ട്രീയ വകഭേതങ്ങള്‍ കടന്നു വരാത്ത വിധം മുഴുവന്‍ ജനങ്ങളുടെയും മനസ്സറിഞ്ഞ സാന്നിധ്യം ഉറപ്പു വരുത്തി ഒരു ജനകീയ സംരംഭമാക്കി മാറ്റുന്നതില്‍  കൈമെയ് മറന്നു പ്രവര്‍ത്തിച്ച പെരിന്തല്‍മണ്ണ മുന്‍ എം.എല്‍.എ ശശികുമാറിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഭരണം മാറിയെങ്കിലും ഈ രീതിക്ക് തുടര്‍ന്നും മാറ്റമൊന്നും വന്നിട്ടില്ല എന്ന് തന്നെ തോന്നുന്നു. എന്നാലും ഉത്ഘാടന ചടങ്ങില്‍ ശശികുമാറിന് അവസരം കൊടുക്കാത്തത്തില്‍ ജില്ലക്ക് മൊത്തം അമര്‍ഷമുണ്ട്.

തരാനയിലെ വരികള്‍ മൊബൈലില്‍ നിന്ന് പാടിക്കൊണ്ടേയിരുന്നു.

"ഇസ് ബസ്മ് മേ സാഗര്‍ ഥോഡേ ഹേ
 ഇസ് ബസ്മ് മേ ആന്ഖ് ബിച്ചായീ ഹേ
 ഇസ് ബസ്മ് മേ ദില്‍ തക്‌ ജോഡേ ഹേ ..

 .....ഹര്‍ ശാമ് ഹേ ശാമ്-എ- മിസ്ര്‍ യഹാന്‍
      ഹര്‍ ശബ് ഹേ ശബ്-എ- ശീരാസ് യഹാന്‍
      ഹേ സാരേ ജഹാന്‍ കാ സോസ് യഹാന്‍
      ഔര്‍ സാരേ ജഹാന്‍ കാ സാസ് യഹാന്‍ ...."

മനോഹരമായി കവി എല്ലാം  പറഞ്ഞിരിക്കുന്നു. അവിടെ വൈവിധ്യമായ സംസ്കാരങ്ങളുടെ സമന്വയം സാധ്യമാകുന്നു.സന്തോഷവും സങ്കടവും  ഇടകലര്‍ന്ന കലാലയ ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങള്‍ വരികളിലേക്ക് പകര്‍ത്തിയത് ഓര്‍മകളെ തലോടലായി തോന്നും. രാജ്യത്തെ വിപ്ലവാത്മകമായ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന അലിഗഡ് യുണിവേഴ്സിറ്റി മലപ്പുറത്തെത്തുമ്പോള്‍ മറ്റൊരു മുന്നേറ്റത്തിനായി നമുക്ക് കാതോര്‍ക്കാം.

എന്ജിനിയറിംഗ് , മാനെജ്മെന്റ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്, ലോ, ലൈഫ് സയന്‍സ്, ആര്‍ട്സ്, കൊമേഴ്സ്‌, സോഷ്യല്‍ സയന്‍സ്, തിയോളജി എന്നീ ഫാക്കല്‍റ്റികളും കോളേജ് ഓഫ് യുനാനി മെഡിസിന്‍, കോളേജ് ഓഫ് ഹോസ്പിറ്റലിറ്റി ആന്‍ഡ്‌ ഹോട്ടല്‍ മാനെജ്മെന്റ്, വോക്കെഷണല്‍ കോളേജ്, വിമന്‍സ് കോളേജ് എന്നീ സ്ഥാപനങ്ങളുമാണ് കാമ്പസില്‍ പ്രവര്‍ത്തിക്കുക.

അങ്ങിനെ കാലക്രമേണ അലിഗഡിന്റെ എല്ലാ പ്രൌഡിയും ചേലാമലയിലും സാധ്യമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.


"ജോ അബ്ര്‍ യാഹാന്‍ സെ ഉത്തെഗാ
 വോ സാരേ ജഹാന്‍ പര്‍ ബര്സേഗാ ..

...യെ അബ്ര്‍ ഹമേശാ ബര്സാ ഹേ
   യെ അബ്ര്‍ ഹമേശാ ബര്സേഗാ...

   യെ അബ്ര്‍ ഹമേശാ ബര്‍സാ ഹേ
   യെ അബ്ര്‍ ഹമേശാ ബര്സേഗാ.."

   അതെ ഈ സങ്കേതത്തില്‍ നിന്നുയരുന്ന മേഘങ്ങള്‍ എല്ലാ നിലങ്ങളിലും വര്ഷിക്കും.. എപ്പോഴും വര്‍ഷിച്ചു കൊണ്ടേ ഇരിക്കും...

   തരാനയിലെ വരികള്‍ മൊബൈലില്‍ നിന്നും മെല്ലെ അലിഞ്ഞില്ലാതെയാകുന്നു...

'വെറുമെഴുത്തി'നിടയിലെ ചില്ലറ കാര്യങ്ങള്‍:
  അഡ്മിഷന്‍ സബ്ബന്ധിച്ച അറിയിപ്പുകള്‍ സമയാസമയം നമ്മുടെ വേണ്ടപ്പെട്ടവരില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുക..

പിങ്കുറിപ്പ്:
  ഉത്ഘാടന ചടങ്ങൊക്കെ കഴിഞ്ഞെങ്കിലും അങ്ങോട്ടേക്കുള്ള റോഡിന്റെ കാര്യം പുതിയ സര്‍ക്കാര്‍ വല്ലതും ചെയ്തോ??

25 comments:

 1. യെഹ് ബഹുത്ത് അച്ഛാ ലേഖ് ഹേ
  ഔര്‍ തും അച്ചേ ലേഖക്ക് ഹേ
  ശുഭ് കാംനായെ ബച്ചാഈ

  നല്ല ആര്‍ട്ടിക്കിള്‍ .. ആശംസകള്‍ ..

  ReplyDelete
 2. എന്റെയും നഷ്ടപ്പെട്ട ആഗ്രഹങ്ങൾ... അവിടുത്തെ പാതകളിലൂടെ സ്വപ്നം കണ്ട് നടന്നതു ഓർത്തു പോകുന്നു.. രണ്ടു ദിവസത്തെ അലീഗർ ഓർമ്മകൾ എന്നിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നു ഓരോ ദിനങ്ങളിലും...

  ആശംസകൾ .. തുടരുക എഴുത്ത്

  ReplyDelete
 3. പ്രിയ സുഹൃത്തേ,
  നവവത്സരാശംസകള്‍ !
  ഹൃദ്യമായ വരികള്‍....!യേ......ചമന്‍.......ഞാനും പാടി നടക്കുമായിരുന്നു!
  ദില്‍ സേ മുബാറക് ഹോ.....!
  സസ്നേഹം,
  അനു

  ReplyDelete
 4. വളരെ നല്ലൊരു ലേഖനം.
  ഹൃദ്യമായ അവതരണവും,വിവരണവും.
  നന്ദിയുണ്ട്.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 5. വളരെ നല്ലൊരു ലേഖനം എന്ന് പറയാതിരിക്കാന്‍ വയ്യ...

  സ്നേഹാശംസകള്‍...

  ReplyDelete
 6. @Shukkur: ബൊഹുത് ധന്യവാത് ഹോ ആപ്കോ

  @jaabi: നമ്മില്‍ രണ്ടു പേരിലും സാമ്യതകള്‍ പലതും ഉണ്ടാവാല്ലോ :) നല്ല വാക്കുകള്‍ക്കു നന്ദി നേരുന്നു...

  @anupama: അതെ, 'യെ ചമന്‍' എല്ലാ അലിഗരിയന്‍സിനും ഒരു വല്ലാത്ത ഓര്‍മയായിരിക്കും.. നിങ്ങളും അവിടെ പഠിച്ചതാണെന്ന് തോന്നുന്നു... ഖുശ് ഹുആ, മുബാറക് ബാത്ത് ബോല്‍നെ കോ ബഹുത് ബഹുത് ശുക്രിയ ആപ്കോ..

  @ cv, Khaadu :സ്നേഹാശംസകള്‍ക്ക് ഒരുപാട് നന്നിയുണ്ട്.

  ReplyDelete
 7. ഇതാ ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ സന്തര്‍ശിച്ചത് .നല്ല രചനകള്‍ .ആശംസകള്‍

  ReplyDelete
 8. നല്ല ലേഖനം... അലിഗഢ് മഹത്തായ ഒരു പ്രസ്ഥാനമാണ്.... സാമൂഹ്യമാറ്റങ്ങള്‍ക്ക് ചാലകശക്തിയാവാന്‍ അതിന്റെ പ്രാദേശിക കേന്ദ്രത്തിനു കഴിയട്ടെ....

  ReplyDelete
 9. ഉത്ഘാടന ചടങ്ങൊക്കെ കഴിഞ്ഞെങ്കിലും അങ്ങോട്ടേക്കുള്ള റോഡിന്റെ കാര്യം പുതിയ സര്‍ക്കാര്‍ വല്ലതും ചെയ്തോ??....
  ഒന്ന് സബൂറാക്ക് പഹയാ ,,ഇത്രയൊക്കെ യായില്ലേ ..എല്ലാം ശെരിയാവും...!!അതായത്‌ (എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന ശ്രീനിവാസന്‍ -ലാല്‍ ഡയലോഗിനോട് കടപ്പാട് )

  ReplyDelete
 10. വളരെ നന്നായി, ഭാവുകങ്ങള്‍
  അബ്ദുല്‍ അസീസ്‌ ബാഖവി ,ഓ.കെ.

  ReplyDelete
 11. ഇതാരാ പറഞ്ഞത് വെറുമെഴുത്താണെന്ന് ? :))

  ReplyDelete
 12. നല്ല ലേഖനം. നാടിനഭിവൃദ്ധിയുണ്ടാവട്ടെ ...

  ReplyDelete
 13. നല്ല കുറിപ്പ്. മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍...

  ReplyDelete
 14. കൊള്ളാം നല്ല എഴുത്ത്

  ReplyDelete
 15. lekhanam valare nannayittundu..............

  ReplyDelete
 16. @ബെഞ്ചാലി,എം.അഷ്റഫ്.,umesh pilicode,jayarajmurukkumpuzha

  എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു...

  ReplyDelete
 17. സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ സ്ഥാപിച്ച അലിഗഡ്‌ സര്‍വകലാശാലയെക്കുറിച്ച് ഒരു സാമാന്യ വിവരം തരുന്ന കുറിപ്പ് നന്നായിട്ടുണ്ട്. കേരളത്തിലേക്കുള്ള ഇതിന്റെ കടന്നു വരവ് വിദ്യാഭ്യാസലോകത്ത് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതാം. ഉറുദു കവിതകളുടെ മേമ്പൊടി ഈ കുറിപ്പിനെ മനോഹരമാക്കിയിട്ടുണ്ട്.

  ReplyDelete
 18. അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

  അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തില്‍ എം.ബി.എ, ബി.എ.എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിനകം അപേക്ഷിക്കണം. മെയ് അഞ്ചിന് പ്രവേശന പരീക്ഷ നടത്തും. കോഴിക്കോട് ഫാറൂഖ് കോളേജാണ് കേരളത്തിലെ ഏക പരീക്ഷാകേന്ദ്രം. എം.ബി.എ കോഴ്‌സിന് ഏതെങ്കിലും ഡിഗ്രിക്ക് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കും എല്‍.എല്‍.ബി കോഴ്‌സിന് പ്ലസ്ടുവിന് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കുമാണ് യോഗ്യത. 22 വയസ്സില്‍ കൂടരുത്. നടപ്പുവര്‍ഷം യോഗ്യതാപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ജൂണ്‍ 18 നകം ബന്ധപ്പെട്ട ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.amucontrollerexams.com ല്‍ ലഭിക്കും.

  ReplyDelete
 19. പ്രിയ അസീസ്‌ ഇക്ക നിങ്ങളുടെ പറച്ചില്‍ കേട്ടപ്പോള്‍ ഞ്ഹന്‍ ബിജാരിചിരുന്നു ഇത് അത്ര ബാല്യ സംഭവം ഒന്നും ആകൂലെന്നു പക്ഷെങ്കില്‍ ഞ്ഹംമല്‍ നിഘലെ ബ്ലോഗ്‌ ന്റ്റെ കമന്റ്സ് കണ്ടുഅന്തംബിറ്റ് കുന്തം പോലെ ആയി. എന്ധായാലും ബാലരെ ബാലരെ നന്ദി ഉണ്ട്. പടച്ചോന്‍ ഇനിയും എയുതാന്‍ അസി ഇക്ക യുടെ തൂലി കക്ക് ശക്തി പ്രധാനം ചെയ്യട്ടെ എന്ന് മാത്രം ആശം സിക്ക്ന്നു . നാഥന്‍ തുണ ക്ക റ്റെ അമീന്‍.

  പിന്നെ നമ്മളും തോടന്ഘീ ട്ടുണ്ട് നമ്മുടെ നാടിന്റ്റെ ഒരു ബ്ലോഗ്‌ സന്ദര്‍ശി ച്ചും, ഫോളോ ഛെ യ്ധും കമന്റ്‌ ഇട്ടും ഒക്കെ സഹക രി ക്ക ണ മി ന്നു അപേ ക്ഷിക്കുന്നു

  ബൈ ജൂനിയര്‍ നിസമുധീന്‍ കെ പി കൊണ്ടോട്ടി നീരദ്

  www.neerad.co.cc
  WWW.NEERAD.CO.CC

  ReplyDelete
 20. വേരുമെഴുതെന്ന വ്യാജേന വമ്പിച്ച കാര്യങ്ങളാണല്ലോ ഡോക്ടര്‍ എഴുതി വിടുന്നത്...... എഴുത്തിന് നല്ല പാകം വന്നിട്ടുണ്ട് കേട്ടോ..... അഭിനന്ദനങ്ങള്‍...

  ReplyDelete

Related Posts Plugin for WordPress, Blogger...