Thursday, July 12, 2012

കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയ ഗസല്‍ സുല്‍ത്താന്‍


തിങ്ങി നിറഞ്ഞ കോഴിക്കോട് ടാഗോര്‍ ഹാള്‍ . കാലം തളര്‍ത്തിയ ശരീരത്തെ തെല്ലും വക വെക്കാതെ പ്രായം തളര്‍ത്താത വിശേഷപ്പെട്ട ശബ്ദത്തില്‍ വേദിയിലിരുന്ന്  കേള്‍വിക്കാരന്റെ ഇംഗിതത്തിനനുസരിച്ച്  ഒന്നിന് പിറകെ ഒന്നായി  ഒരാള്‍ മഴ പെയ്യിക്കുന്നു. അനുഭൂതിയുടെ ഗസല്‍ മഴ! ജീവിതത്തിലെ അസുലഭ നിമിഷം ഇതാണെന്ന രീതിയില്‍ സദസ്സ് മുഴുവന്‍ ഒന്നായി ലയിച്ചിരിക്കുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഈരടികള്‍ ചോദിച്ചു വാങ്ങിക്കൊണ്ട് , ഒരവകാശമെന്ന പോലെ. പാട്ടവസാനിപ്പിച്ച് പെട്ടി പൂട്ടിയിട്ടും കോഴിക്കോട്ടുകാരുടെ സ്നേഹാഭ്യാര്‍ത്ഥനക്ക് മുന്നില്‍ പെട്ടി തുറന്നു വീണ്ടും പാടുന്നു, നിഷ്കളങ്ക ഹൃദയനായ ആ 73 കാരന്‍ .പാടി പാടി ഇനിയും പാടിച്ചാല്‍ ക്രൂരതയാവുമെന്ന്  സദസ്സിനും ഇനിയും പാടാന്‍ തനിക്കാവില്ലെന്ന് അദ്ദേഹത്തിനും ബോധ്യമാവും വരെ തുടര്‍ന്നു ആ സ്വരമാധുരിയുടെ ഒഴുക്ക്. അവസാനം രംഗം വിടുമ്പോള്‍ സംഘാടകരോട് അദ്ദേഹം പറഞ്ഞു:"ഞാന്‍ കോഴിക്കോട്ടു വരാന്‍ വൈകിയെന്ന് എനിക്ക് ബോധ്യമായി. സാരമില്ല ഇനിയും ഒരിക്കല്‍ കൂടെ നിങ്ങള്ക്ക് വേണ്ടി പാടാന്‍ തീര്‍ച്ചയായും വരുന്നുണ്ട്".  ഗസല്‍ പ്രേമികള്‍ അന്നവിടം വിട്ടത്, ആഹ്ലാദം തുളുമ്പുന്ന ഹൃദയവും പിരിയാന്‍ കൊതിക്കാത്ത മനസ്സുമായിട്ടാണ്, മെഹ്ദി ഹസ്സന്‍ എന്ന ഗസല്‍ മാന്ത്രികന്റെ രാജ്യതെര്‍ അവസാന മേഹ്ഫിലിലാണ് തങ്ങള്‍ പങ്കെടുത്തത് എന്നറിയാതെയും.വിധി പക്ഷെ മറ്റൊന്നായിരുന്നു. ആ വാഗ്ദാനം ഇനിയൊരിക്കലും പാലിക്കപ്പെടാന്‍ പോകുന്നില്ല എന്ന് നമ്മെ അറിയിച്ചു കൊണ്ട് ആ മഹാന്റെ മരണ വാര്‍ത്ത നമ്മെ തേടിയെത്തിയിരിക്കുന്നു. അതെ 'മെഹ്ദി ഹസന്‍' എന്ന ഗസല്‍ മാന്ത്രികന്‍ രംഗം വിട്ടിരിക്കുന്നു.

1927 ജൂലായ്‌ 12നു രാജസ്ഥാനിലാണ് മേഹ്ദിയുടെ ജനനം. പാരമ്പര്യ സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദിയുടെ സംഗീത പഠനങ്ങള്‍ തുടങ്ങുന്നത് പിതാവ് അസീം ഖാനില്‍ നിന്നും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനില്‍ നിന്നുമാണ്. മെഹ്ദിയുടെ ആദ്യ അരങ്ങേറ്റം ബറോഡ മഹാരാജാവിന്റെ ദര്‍ബാറിലായിരുന്നുവത്രേ- തന്റെ എട്ടാം വയസില്‍. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറിയ മെഹ്ദി ജീവിക്കാന്‍ വക നേടിയത് സൈക്കിള്‍ ഷാപ്പിലൂടെയായിരുന്നു. പിന്നെ മോട്ടോര്‍ ബൈക്കും ട്രാക്ടറും നന്നാക്കിക്കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ പാട് പെടുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തില്‍ സംഗീതത്തെ തേച്ചു മിനുക്കി കൂടെ കൊണ്ട് നടക്കുകയായിരുന്നു മെഹ്ദി, വരാന്‍ പോകുന്ന ഒരു ദിവസത്തെ കണ്ടു കാത്തിരിക്കുന്നവനെ പോലെ. 1952 ലാണ് റേഡിയോ പാകിസ്ഥാനിലൂടെ അദ്ധേഹത്തിന്റെ ശബ്ദം ആസ്വാദകരിലെത്തുന്നത്.

പിന്നീടങ്ങോട്ട് ഓരോഴുക്കായിരുന്നു. ഗസല്‍ വീചികളുടെ മാസ്മരിക സൌന്ദര്യം നിറഞ്ഞാടുന്ന ഹിമാലയന്‍ മേഹ്ഫിലുകള്‍ കയറിയിറങ്ങി, സാധാരണക്കാരന്റെ ഹൃദയ വിചാരത്തോട് സല്ലാപം നടത്തി, രാഷ്ട്രാതിര്‍വരംബുകള്‍ക്കപ്പുറത്തെ മനുഷ്യ മനസ്സുകളിലൂടെയുള്ള സ്നേഹത്തിന്റെ ഒഴുക്ക്. 'ഗുലോം മേ രംഗ് ഭരെ' യില്‍ തുടങ്ങി 'രഞ്ജിശ് ഹി സഹി' യുംയും കടന്ന്  'സിന്ദഗീ മേ സഭീ പ്യാറി' ലൂടെ 'പത്താ പത്താ ബൂട്ടാ ബൂട്ടാ' യും കഴിഞ്ഞ് 'ബാത്ത് കര്‍നീ മുജേ മുഷ്കിലു'കള്‍ക്കപ്പുറത്തെ 'അബ് കെ ബിച്ടെ തോ ശായിദി'ലേക്കങ്ങനെ....

സംഗീത പ്രപഞ്ചത്തില്‍ , ഭാവാത്മകമായ താളലയങ്ങളെ കൊണ്ട് പതിനായിരങ്ങളുടെ ഹൃദയത്തിന്റെ ഈണമായി നിലകൊണ്ട 'ഗസല്‍ പുഷ്പത്തെ പനിനീരിന്റെ നൈര്‍മല്ല്യം ചാര്‍ത്തി മുല്ലപ്പൂവിന്റെ പരിമളം പുരട്ടി തേനിന്‍  മധുരവും ചേര്‍ത്ത് മെഹ്ദി നമുക്ക് വേണ്ടി അണിയിച്ചൊരുക്കിയപ്പോള്‍ ഗസലിന് മെഹ്ദിയെന്ന  പര്യായം പോലും കല്പ്പിക്കപ്പെടുകയായിരുന്നു.

വരി ആരുടേതായാലും ശബ്ദം മെഹ്ദിയുടെതാണെങ്കില്‍  ഗസല്‍ അര്‍ത്ഥപൂര്‍ണ്ണമാവുന്ന മാന്ത്രിക വിദ്യ മെഹ്ദി ക്ക് മാത്രം സ്വന്തം. ഉര്‍ദു കവിതകളുടെ ദേവനായിരുന്ന 'മിര്‍ താഖി മീറി'ന്റെയും 'ഗാലിബി'ന്റെയും രാജഭരണത്തിനൊപ്പം കവിതാ രചനയില്‍ കൂടി കയ്യൊപ്പ് ചാര്‍ത്തിയ 'ബഹദൂര്‍ ഷാ സഫറി'ന്റെയുമൊക്കെ പുരാണ കവിതകളും, 'ഫിറാഖി' ന്റെയും 'ജിഗര്‍ മുരാദാബാദി'യുടെയും 'ജോഷിന്റെയും  'ഇഖ്‌ബാലി'ന്റെയുമൊക്കെ നവോഥാന കവിതകളും, ഉര്‍ദു കവിതകള്‍ക്ക് പുതുജീവന്‍ നല്‍കിയ ജയിലില്‍ നിന്ന് പോലും മാസ്റ്റര്‍പീസുകള്‍ക്ക് ജന്മം നല്‍കിയ 'ഫൈസ്  അഹ്മദ് ഫൈസി'ന്റെയും 'ഖതീല്‍ ശിഫാഇ' യുടെയും 'കൈഫ്‌ ആസ്മി'യുടെയും 21ആം നൂറ്റാണ്ടിന്റെ മഹാനായ ഉര്‍ദു കവി 'അഹ്മദ് ഫറാസി'ന്റെയുമൊക്കെ  ആധുനിക കവിതകളും എല്ലാം ഒരുപോലെ വഴങ്ങിയിരുന്ന മഹ്ദി സാബിന്റെ ആലാപന മികവിലൂടെ അവയെല്ലാം നമുക്കൊക്കെ പ്രിയപ്പെട്ടതായി.

സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന, പലരും തൊടാതെ മാറ്റി വെച്ചിരുന്ന 'ഗാലിബി'ന്റെയൊക്കെ വിശാലാര്‍ത്ഥത്തിലുള്ള സങ്കീര്‍ണ്ണമായ വരികള്‍ വരെ മെഹ്ദി യുടെ തലോടലില്‍ സ്വയം കുരുക്കഴിഞ്ഞ് സാധാരണക്കാര്‍ക്ക് പോലും ഇഷ്ട്ട വരികളാവുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

ഗസല്‍ ലോകത്തെ മറ്റൊരു ഇതിഹാസമായിരുന്ന 'തലത്ത് മഹ്മുദി'ന്  തന്റെ ശബ്ദത്തിലെ മാര്‍ദ്ദവമുള്ള സ്പന്ദന ഗതികളാണ്  വ്യത്യസ്തത നേടിക്കൊടുത്തതെങ്കില്‍ , ഖവാലിയുടെ കുലപതിയായിരുന്ന 'നുസ്രത് ഫതഹ് അലിഖാനെ' തന്റെ ശബ്ദ ഗാമ്ഭീര്യമാണ് ശ്രധിപ്പിച്ചതെങ്കില്‍, ഇന്ത്യന്‍ ഗസലിന്റെ തോഴനായിരുന്ന 'ജഗ്ജിത് സിംഗി'ന്റെ താളാത്മകമായ ശൈലിയാണ് അദ്ധേഹത്തെ നമുക്ക് പ്രിയങ്കരനാക്കുന്നതെങ്കില്‍ മെഹ്ദി ഹസനെ ഗസലിന്റെ ചക്രവര്തിയാക്കുന്നത്, ഇതെല്ലാം ഒരേ സമയം സന്നിവേശിപ്പിക്കുന്ന അസാധാരണമായ ആ ശബ്ദ സൌന്ദര്യമാണ് എന്നേ എനിക്ക് പറയാനറിയൂ. അത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടിയായ 'ലത മങ്കേഷ്കര്‍ ' ആ ശബ്ദത്തില്‍ ഈശ്വരനെ ദര്‍ശിച്ചത്, 'ജഗ്ജിത് സിംഗ്' എന്നും അദ്ധേഹത്തിന്റെ ശിഷ്യനാവാന്‍ കൊതിച്ചത്.

ഗസലുകള്‍ രണ്ടു രൂപത്തില്‍ നമ്മെ കരയിപ്പിക്കും.ഒന്ന് കഹാനിയിലെ വരികള്‍ പകര്‍ന്നു നല്‍കുന്ന ദുഃഖ ഭാരത്താല്‍. മറ്റൊന്ന് കാവ്യാംശത്തിലൂടെ അനുവാചകരില്‍ എത്തുന്ന ആനന്ദത്തിന്റെ മൂര്‍ത്ത  ഭാവത്താല്‍ . എന്നാല്‍ മെഹ്ദി യുടെ ഗസലുകള്‍ നയനങ്ങളില്‍ പലപ്പോഴും അശ്രു പൊഴിച്ചപ്പോഴും  ഒന്ന് മാത്രം അറിയാതെ പോകും, ഇതില്‍ എന്തിനു വേണ്ടിയായിരുന്നു അതെന്ന്‌.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പാരമ്പര്യവും ഉയര്‍ന്ന മികവും കാണിച്ചിട്ടും ഗസലിനെ മാത്രം ഇത്രയും കൂടെക്കൂട്ടാനുള്ള കാരണം ചോദിച്ചപ്പോള്‍ മെഹ്ദി പറഞ്ഞു:"മുഴുവന്‍ മനുഷ്യ ഭാവത്തെയും ഗസലില്‍ സജീവമാക്കാം.കവിതയും സംഗീതവും ഇത്ര കണ്ട് ഭാവാത്മകമായി സംവദിക്കുന്നത് ഗസലില്‍ മാത്രം". പരമ സത്യം. ഈ സംവേദനരീതി കൊണ്ട് ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുന്നവയാണ് മെഹ്ദിയുടെ ഓരോ ഗസലുകളും. വിഷാദം മുറ്റി നില്ക്കുന്ന ഗസലുകള്‍  പ്രത്യേകിച്ചും. അത്തരത്തില്‍ ഒന്നാണ് അഹ്മദ് ഫരാസ് രചിച്ച, മെഹ്ദിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ഈ വരികള്‍..

“രഞ്ജീശ് ഹി സഹീ ദില്‍ ഹി ദുഖാനെ കേലിയെ ആ
ആ ഫിര്‍ സെ മുജെ ച്ചോട്കെ ജാനേ കേലിയെ ആ
പെഹലെ സെ  മരാസിം ന സഹീ ഫിര്‍ ഭീ കഭീ തോ
റസം-ഓ-രഹ് യെ -ദുനിയാ ഹീ നിഭാനെ കേലിയെ ആ
കിസ് കിസകോ പതായേംഗേ ജുദായീ കാ സബബ് ഹം
തു മുച്ഹ്സെ ഖഫ ഹേ  തോ സമാനേ കേലിയെ ആ…..”
(ഹൃദയത്തെ മുറിവേല്‍പ്പിക്കാന്‍ ഇനിയും നീ വരണം, വേദനിക്കുമെങ്കിലും
വരണം ഇനിയും എന്നെ ഉപേക്ഷിച്ച് പോവാനാണെങ്കിലും നീ വരണം
കഴിഞ്ഞ കാലത്തെ ബന്ധത്തിന് വേണ്ടിയല്ലെങ്കിലും
ദുനിയാവിലെ നാട്ടു നടപ്പിനു വേണ്ടിയെങ്കിലും ഇനിയും വരണം
വേര്‍പാടിന്റെ കാരണം ആരോടു വിവരിക്കും ഞാന്‍
നിനക്കെന്നോട് പിണക്കമാണെങ്കിലും ലോകമാന്യത്തിനു വേണ്ടിയെങ്കിലും വരണം…)*

ആ ശബ്ദ സൌകുമാരത്തില്‍ ഞാന്‍ സ്വയം ലയിച്ചില്ലാതെയാവുന്നു.പ്രണയവും നൈരാശ്യവും കലര്‍ന്ന വരികള്‍ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റുന്നു.മണിക്കൂറുകളോളം അതില്‍ ലയിച്ചിരുന്നു പോകുന്നു.
ഗസലിന്റെ ആത്മാവ് തന്നെ പ്രണയമാണ്, സ്നേഹമാണ്. പ്രിയപ്പെട്ടവരോടുള്ള പ്രണയം, പ്രകൃതിയോടുള്ള പ്രണയം, ഈശ്വരനോടുള്ള പ്രണയം, തന്നോട് തന്നെയുള്ള പ്രണയം.. ആ പ്രണയമില്ലാതെ ഗസല്‍ ഇല്ല തന്നെ. മെഹ്ദി തന്നെ പാടട്ടെ..

"ഹമേന്‍ കോഇ ഗം നഹീ ഥാ, ഗമേ ആശിഖീ സെ പെഹലെ
 ന ഥീ ദുഷ്മനേം കിസീസേ, തെരി ദോസ്തീ സെ പെഹലെ
 ഹേ യേ മെരീ ബദ്നസീബ്, തേരാ ക്യാ ഖുസൂര്‍ ഈസ്‌ മേന്‍
 തെരെ ഗം നെ മാര്‍ ഡാലാ, മുജെ സിന്ദഗീ സെ പെഹലെ...
...........................
...... മേരാ  പ്യാര്‍ ജല്‍  രഹാ ഹേ, അരെ ചാന്ദ് ആജ് ചുപ്പ് ജാഓ
      കഭീ പ്യാര്‍ ഥാ ഹമെന്‍ ഭീ, തേരി ചാന്ദ്നീ സെ പെഹലേ...."
 ഈ രണ്ടു വരികള്‍ എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌.  ചന്ദ്രനോടുള്ള ആ സല്ലാപം മാത്രം മതി എത്ര പുകയുന്ന സമയത്തും മനസ്സ് നിറഞ്ഞ് എല്ലാം മറക്കാന്‍... മെഹ്ദി ഇവിടെ പാടുകയായിരുന്നില്ല, അനുഭവിച്ചറിഞ്ഞ ഒരു അവസ്ഥയെ അനുവാചകന്റെ ഹൃദയത്തിലേക്ക് ആനയിച്ച് കൊണ്ട് വരികയാണെന്നേ തോന്നുകയുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ എന്റെ അക്ഷരങ്ങള്‍ക്ക് ശക്തി പോരാ, ആ വശ്യാനുഭൂതിയെ പകര്ത്തിയിടാന്‍ മാത്രം.

മിര്‍ താഖി മിര്‍ "പത്താ പത്താ ബൂട്ടാ ബൂട്ടാ" യും ബഹദൂര്‍ഷ സഫര്‍ "ബാത്ത് കര്‍നീ മുജെ മുശ്കില്‍ കഭീ" യും ഗാലിബ് "ദില്‍ സെ തേരീ നിഗാഹ്" ഉം മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്നേ കുറിച്ചിട്ടത്‌ സത്യത്തില്‍ മെഹ്ദിയുടെ ശബ്ദമികവിനെ നമുക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോകും, നൂറ്റാണ്ടുകള്‍ക്കിപ്പുറം അവ മെഹ്ദി പാടുമ്പോള്‍.

"പത്താ പത്താ ബൂട്ടാ ബൂട്ടാ ഹാല്  ഹമാരാ ജാനേ ഹേ "..
ഇവിടെ പ്രകൃതിയുടെ നൈര്‍മല്യവും ഇളം തെന്നലുമാണ് മെഹ്ദിയുടെ ശബ്ദത്തില്‍ വിളക്കി ചേര്‍ത്തിരിക്കുന്നത്, പ്രകൃതിയുടെ മര്‍മരം പോലെ, പ്രകൃതിയോടുള്ള സല്ലാപം പോലെയും..

ഗസല്‍ ഗായകരില്‍ നിന്ന് മെഹ്ദിയെ വ്യത്യസ്തനാക്കുന്നത് ഉര്‍ദു വാക്കുകളുടെ ഉച്ചാരണ ശുദ്ധിയും പദവിന്യാസത്തിലെ സമ്പൂര്‍ണ്ണതയും കൂടിയാണ്. മറ്റൊരു പ്രത്യേകതയായ ആലാപനത്തിനിടയിലെ വിശദീകരണം കൂടിയാകുമ്പോള്‍ ഗസല്‍ മെഹ്ദിയുടെതാവുകയായി.

ഗസല്‍ സ്നേഹമാണ്. കളങ്കമില്ലാത്ത സ്നേഹം. ഹൃദയം കൊണ്ട് ആത്മാവിനെ തേടുന്നവരെ അനുഭൂതിയുടെ ചരടില്‍ കോര്‍ക്കുന്ന സ്നേഹം. ഗസല്‍ ഒരു യാത്രയുമാണ്, തന്നിലെ തന്നെ കണ്ടെത്താനുള്ള യാത്ര. സ്വന്തത്തെ തേടിയുള്ള ആത്മാന്വേഷകര്‍ക്ക് മാത്രം അനുഭവേദ്യമാകുന്ന തീര്‍ത്ഥയാത്ര. ആ യാത്രയില്‍ നമ്മെ വഴി നടത്തുന്നവരാണ് ഗസല്‍ ഗായകര്‍. മെഹ്ദി അവരുടെ നേതാവും. ഗസലിന്റെ ഭാവിയെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ ഊര് ചുറ്റിയായ ഒരു സൂഫി പറഞ്ഞുവത്രേ, 'ഭൂമിയില്‍ സ്നേഹമുള്ള കാലത്തോളം ഗസലും ഉണ്ടാകുമെ'ന്ന്. എങ്കില്‍ ഗസലുള്ള കാലത്തോളം മെഹ്ദിയുമുണ്ടാവും. അതറിയാതെ ആകില്ല മെഹ്ദി തന്നെ ഇങ്ങിനെ പാടിയത്.

"സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍ത്തീ ഹേ
 മേന്‍ തോ മര്‍ കര്‍ ഭീ മേരീ ജാന്‍ തുജെ ചാഹുന്ഗാ....
 ...തു മിലാ ഹേ തോ യെ ഇഹ്സാസ് ഹുആ ഹേ മുജ്കോ
     യേ മേരീ ഉമര്‍ മോഹബ്ബത് കേലിയെ തോഡീ ഹേ ...."
അതെത്ര ശരി..യെ ഉമര്‍ മുഹബ്ബത്ത് കേലിയെ തോഡീ ഹേ ..

മെഹ്ദിയുടെ ഓരോ ഗസലും കേള്‍ക്കുന്തോറും ഇമ്പം കൂടി കൂടി വരികയെ ഉള്ളൂ. അതാണല്ലോ മെഹ്ദി യുടെ കഴിവും. മെഹ്ദിയുടെ ഗസലുകളില്‍ ഏതിനെയാണ് പ്രത്യേകം എടുത്തുദ്ധരിക്കാനാവുക?   'ഗുലോം കോ രംഗ് ഭരേ' യെയോ 'ദേഖ് തു ദില്‍ കെ ജാന്‍ സെ ഉഡ് താ ഹേ' യെയോ അല്ലെങ്കില്‍ 'യൂന്‍ സിന്ദഗീ കി രാഹ് മെന്‍ ടക്റാ  ഗയാ കോയീ' യെയോ  'മോഹബ്ബത് കര്‍നേ വാലേ കം ന ഹോന്ഗെ തേരീ മെഹ്ഫില്‍ മേ ലേകിന്‍ ഹം ന ഹോന്ഗെ' യെയോ 'ഫൂല്‍ ഹി ഫൂല്‍ ഖില്‍ ഉട്ടെ' യെയോ അതോ 'ഏക്‌ ബസ് തുഹീ മുജെ' യെയോ 'ദുനിയാ കിസീകെ പ്യാര്‍ മേ ജനനത് സെ കം ന ഹോന്ഗെ' യെയോ അതുമല്ലെങ്കില്‍ 'ക്യാ ഹംസേ ഖഫാ ഹോ ഗയെ' യെയോ 'രഫ്താ രഫ്താ  ഓ മേരീ ഹസ്തീ കാ സമാന്‍ ഹോഗയെ' യെയോ അതോ... ഞാന്‍ വീണ്ടും അശക്തനാവുന്നു.

മെഹ്ദി നമ്മെ വിട്ടു പിരിഞ്ഞു. പകരം വെക്കാന്‍ മറ്റൊന്നും നമുക്കില്ല, അദ്ധേഹത്തിന്റെ തന്നെ ശബ്ദമല്ലാതെ. ആ ദുഃഖം മറക്കാനും പ്രിയപ്പെട്ട മെഹ്ദി സാബ് നമുക്ക് വേണ്ടി മുമ്പേ പാടി വെച്ചു…
 ”അബ് കെ ഹം ബിച്ച്ടെ തോ ശായിദ് കഭി ഖ്വാബോന്‍ മേന്‍ മിലേ
ജിസ് തരഹ് സുക്കെ ഹുവേ ഫൂല്‍ കിതാബോം മി മിലേ..”....
(ഒരു പക്ഷെ ഇപ്പോള്‍ നാം വിട്ടു പിരിഞ്ഞാല്‍
ചിലപ്പോള്‍ സ്വപ്നത്തില്‍ വെച്ച് കണ്ടു മുട്ടിയേക്കാം
പഴയ പുസ്തകത്താളുകളില്‍ അമര്ത്തി വെക്കപ്പെട്ട പുഷ്പത്തെ
പിന്നീടൊരിക്കല്‍ കണ്ടെത്തും പോലെ….)*
>>മഴവില്ല് E-മാഗസിനില്‍ പ്രസിദ്ധീകരിച്ചത്<<
......................................................................................................................
*തര്‍ജ്ജമ ശരിയല്ലെന്നറിയാം. പരാജയപ്പെട്ടെന്ന് അറിയിക്കാന്‍ വേണ്ടി മാത്രം.

11 comments:

 1. സമയം വൈകിയെന്നറിയാം. സമയക്കുറവ് സോറി അലസത കാരണമാ.. എന്നാലും മെഹ്ദിയെ കുറിച്ച് പറയാതെ എനിക്കെങ്ങനെ അടുത്ത പോസ്റ്റ് ഇടാനാകും ...

  ReplyDelete
 2. മെഹ്ദിയും മധുരസ്മരണകളും......വായിക്കുന്തോറും ഇഷ്ടം കൂടിവരും

  ReplyDelete
 3. ഗസല്‍ രാജാവിന് നല്‍കിയ ഈ സ്മരണാഞ്ജലി നന്നായി.

  ReplyDelete
 4. സ്മരണാഞ്ജലി ഉചിതമായി.
  ആശംസകള്‍

  ReplyDelete
 5. നേരത്തെ രമേശ്‌ ഭായിയുടെ ഒരനുസ്മരണം വായിച്ചിരുന്നു.
  ഈ ഓര്‍മ്മപ്പെടുത്തല്‍ കൂടി സ്മരണക്ക് മുന്നില്‍ ചേര്‍ത്ത്‌ വെക്കുന്നു.

  ReplyDelete
 6. മെഹ്ദി ഹസനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് നന്നായി,

  ആശംസകൾ ഓക്കെ...

  ReplyDelete
 7. സുപ്രഭാതം...
  നന്ദി അറിയിയ്ക്കട്ടെ...!

  ReplyDelete
  Replies
  1. അജിത്‌ ഏട്ടന്‍, വേണുവേട്ടന്‍, തങ്കപ്പേട്ടന്‍, റാംജി ഏട്ടന്‍, മോഹി ഭായ്, വര്‍ഷിണി ചേച്ചി- അഭിപ്രായങ്ങള്‍ക്ക് നന്ദി..

   Delete
 8. നന്നായി ഈ സ്മരണാഞ്ജലി ...
  വൈകിയാണെലും വായിക്കാന്‍ സാധിച്ചു ..!

  ReplyDelete
 9. ആര്‍ക്കാണ്‌ കഴിയുക കോടിക്കണക്കിനു ജനങളുടെ വേദനകള്‍ ഗസലായി പാടാന്‍ ....
  ''Aab Ke Hum Bichde Tou Shayad, Kabhi Khawabon Mein Mile....ഇപ്പോള്‍ വേര്പിരിഞ്ഞാലും സ്വപ്നങ്ങളില്‍ നാം വീണ്ടും കണ്ടുമുട്ടിയേക്കാം....
  ചിലപ്പോള്‍ മരിക്കുന്നതിന്റെ തൊട്ടു മുന്പും നാം അറിയാതെ ഗസല്‍ ചക്രവര്‍ത്തി വീണ്ടും മനസ്സില്‍ പാടിയിട്ടുണ്ടാകം.....

  ReplyDelete
 10. കോഴിക്കോട്ടുകാരുടെ സ്നേഹ സൌഹൃദങ്ങള്‍ക്ക് ഇഴയടുപ്പം പകര്‍ന്ന ഗസല്‍ സംഗീതത്തെ ഞങ്ങള്‍ തന്നെ മറക്കാന്‍ തുടങ്ങുന്ന സമയത്താണ് ഇത്തരത്തിലൊരു ലേഖനം വായിക്കാന്‍ ഇടയായത്. നന്ദി ഓക്കെ..

  ReplyDelete

Related Posts Plugin for WordPress, Blogger...