Monday, January 27, 2020

പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ

*പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ?*
Dr OK Abdul Azeez

പൂച്ചയുടെ കടിയേറ്റ് ഒരാഴ്ചയ്ക്കുശേഷം പേവിഷബാധയേറ്റ് കുട്ടി  മരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് നാം ഏവരും കേട്ടത്. തീർത്തും ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് അറിവില്ലായ്മയുടെ പേരിൽ സംഭവിച്ചത്. 11 വയസ്സുകാരനെ പൂച്ച കടിച്ചപ്പോൾ കാര്യമായ പരിക്കുകളോ മുറിവോ ഒന്നുമില്ലാത്തതിനാൽ നിസ്സാരം ആക്കുകയും ഒരാഴ്ചയ്ക്കുശേഷം ശാരീരിക ബുദ്ധിമുട്ടുകൾ വന്നത് കണ്ടു ആശുപത്രിയിൽ കാണിച്ചതിന് ശേഷം പിന്നീടുള്ള പരിശോധനയിലാണ് പേവിഷബാധയേറ്റ വിവരമറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കടിച്ച പൂച്ച ചത്ത വിവരവും മനസ്സിലാക്കാൻ കഴിഞ്ഞു.

 പേവിഷബാധ എന്ന് കേൾക്കുമ്പോൾ പട്ടിയെ മാത്രമാണ് സാധാരണ നമ്മുടെ മനസ്സുകളിലേക്ക് ഓടിയെത്തുന്നത്. 'പൂച്ച കടിച്ച് പേവിഷബാധ ഏൽകുകയോ' എന്ന് ചിന്തിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. പട്ടി മാത്രമല്ല പൂച്ച, ആട്, പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾ വഴിയും പേവിഷബാധ ഏൽക്കാം എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.
 ഇനി നാം മനസ്സിലാക്കേണ്ട ഒരു കാര്യം പേവിഷ ബാധക്ക് കാരണമായ റാബീസ് വൈറസ് പിടിപെട്ടാൽ ദാരുണമായ മരണം സംഭവിക്കുക എന്നതല്ലാതെ ചികിത്സിച്ചു മാറ്റുക സാധ്യമല്ല. എന്നാൽ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുക്കുന്നതിലൂടെ 100% ഇതിനെ ഒഴിവാക്കാവുന്നതാണ്. അതിനാൽ ഇത്തരം വളർത്തു ജന്തുക്കളുടെ കടി ഏൽക്കുന്നതും നമ്മുടെ ശരീരത്തിലുള്ള മുറിവിൽ അവർ നക്കുന്നതും ഇനിമുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. ഇതിലൂടെ പേവിഷബാധ ഉണ്ടാവാനിടയുണ്ട് എന്ന് മനസ്സിലാക്കുക.
 ഇത്തരം ജന്തുക്കൾ കടിച്ചാൽ മുറിവ് നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പറയത്തക്ക മുറിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടിയേറ്റാൽ ഉടനെ സംശയിച്ചു നിൽക്കാതെ ഡോക്ടറെ കാണിക്കുകയും ടി ടി ആവശ്യമുള്ളവക്ക് ടി ടി എടുക്കുകയും ഉടനെതന്നെ ഫസ്റ്റ് ഡോസ് ആൻറി റാബിസ് വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയും ചെയ്യേണ്ടതാണ്. ഈ കുത്തിവെപ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യവും എളുപ്പത്തിൽ ലഭ്യവുമാണ്. ഇത്തരം മുറിവ് തുന്നേണ്ടത് ആവശ്യം വരാറില്ല. തനിയെ ഉണങ്ങുന്നതിന് ചിലപ്പോൾ മരുന്ന് നൽകിയേക്കാം. ഒന്നാമത്തെ ഡോസ് വാക്സിൻ എടുത്തശേഷം 3, 7, 28 തുടങ്ങിയ ദിവസങ്ങളിൽ തുടർ കുത്തിവെപ്പുകളും ആവശ്യമാണ്. ഇവയൊന്നും മുടങ്ങാതെ യഥാസമയം എടുക്കേണ്ടതുണ്ട്. കടിച്ച പട്ടിയെ മാറ്റിനിർത്തി കൂട്ടിലാക്കുകയോ കെട്ടിയിടുകയോ ഒക്കെ ചെയ്യുന്നത് രോഗത്തിൻറെ ലക്ഷണങ്ങൾ അവരിൽ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉണ്ടെങ്കിൽ അവ ചാവുന്നത് മനസിലാക്കാനും രോഗവ്യാപനം തടയാനും  അല്ല അല്ലാത്തപക്ഷം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കും. എന്നാൽ പത്ത് ദിവസം കഴിഞ്ഞു ഈ മൃഗത്തിന് യാതൊരു രോഗലക്ഷണവും കാണുന്നില്ല എങ്കിൽ ഉറപ്പ് വരുത്തിയ ശേഷം അവയെ പുറത്തു വിടുകയോ സ്വതന്ത്രമാക്കുകയോ ചെയ്യാവുന്നതാണ്.

 ഓർക്കുക, കടിച്ച ഉടനെ പേവിഷബാധ  ഏൽക്കണമെന്നില്ല. കുറേ കാലങ്ങൾക്കു ശേഷവും വരാം. വർഷങ്ങൾക്കുശേഷം പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നതും അസുഖം ബാധിച്ച ആൾ മരിക്കുന്നതും ആയ ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സംശയത്തിനു കാത്തുനിൽക്കാതെ പേവിഷബാധ സംശയിക്കുന്ന അവസരങ്ങളിലെല്ലാം കുത്തിവെപ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പുവരുത്താൻ മറക്കാതിരിക്കുക. അതല്ലാതെ മറ്റൊരു പോംവഴിയും വിഷബാധയെ തടയാൻ നിലവിലില്ല എന്ന് മനസ്സിലാക്കുക.
Dr OK Abdul Azeez
Kottakkal Unani Hospital
-------------------------------------

Tuesday, January 7, 2020

കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ?

*കുട്ടികൾ_ഭക്ഷണം_കഴിക്കുന്നില്ലേ?*
Dr OK Abdul Azeez, Kottakkal Unani Hospital
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല എന്ന പരാതി അമ്മമാർ നിരന്തരം ഉന്നയിക്കാറുണ്ട്. പിടിവലി യും ഒച്ച വെക്കലും ഭീഷണിപ്പെടുത്തലും അടിക്കലും എല്ലാം ഇക്കാര്യത്തിൽ പല വീടുകളിലും നടക്കുന്നതാണ്. ഇതിനൊരു പരിഹാരം ലഭിക്കാൻ എന്താണ് വഴി എന്ന് അമ്മമാർ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

കുട്ടികൾ ശരിയായ ഭക്ഷണ രീതി അവലംബിക്കാൻ ആദ്യം വേണ്ടത് അമ്മമാർക്കു ബോധവൽക്കരണം ലഭിക്കുക എന്നതാണ്. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം തന്നെ. കാരണം അവരുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും മാത്രമല്ല പെരുമാറ്റവും ജീവിത ശൈലികളും വരെ ഭക്ഷണശീലം സ്വാധീനിക്കുന്നുണ്ട്. ശരിയായി ഭക്ഷണം കഴിക്കുന്ന ദിവസം കുട്ടികളെ ശ്രദ്ധിച്ചുനോക്കൂ അവരുടെ വാശിയും വികൃതിയും തനിയെ കുറയുന്നതായി കാണാം.  കഴിപ്പിക്കുന്നതിൽ മാത്രമല്ല ശ്രദ്ധിക്കേണ്ടത്,  ഭക്ഷണം തയ്യാറാക്കുന്നതിലും   ഭക്ഷണത്തിൽ വിഭവങ്ങൾ തീരുമാനിക്കുന്നതിലും കുട്ടികളുടെ കാര്യം മനസിൽ വേണം. കൊടുക്കേണ്ട സമയത്തിലും വിഭവത്തിലും കൃത്യമായ പ്ലാനിങ്ങോടെയാവണം കുട്ടികളുടെ ഭക്ഷണ കാര്യം തീരുമാനിക്കേണ്ടത്.  ഓരോ കുട്ടിക്കും ഭക്ഷണത്തിലുള്ള താല്പര്യം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവം, ഇഷ്ടപ്പെടുന്ന രീതി, ഇഷ്ടപ്പെടുന്ന ആകൃതി, ഇഷ്ടപ്പെടുന്ന സമയം ഇവയെല്ലാം അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്. അതിനനുസരിച്ച് ഭക്ഷണം കഴിപ്പിക്കുന്ന സമയത്ത് അവരുടെ ഇഷ്ടത്തെ പരിഗണിക്കേണ്ടതാണ്.

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇരിക്കുമ്പോൾ അമ്മമാർക്ക് പരമാവധി ക്ഷമയും മനസ്സാന്നിധ്യവും വേണം. അവരിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടികളുടെ കൂടെ കുട്ടിയായി നിന്ന് അവരുടെ ഇഷ്ടം നേടിയെടുത്തു വേണം ഭക്ഷണം കഴിപ്പിക്കാൻ. കുട്ടികൾക്ക് അഞ്ചു സമയമെങ്കിലും ഭക്ഷണം നൽകണം. മൂന്ന് പ്രധാന ഭക്ഷണങ്ങളും രണ്ട് പലഹാരമോ ഇട വിഭവങ്ങളോ നൽകാം.
 എന്നും ഒരേ വിഭവം തന്നെ നൽകാതെ വ്യത്യസ്ത വിഭവങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. അതുതന്നെ ആരോഗ്യത്തിന് കൂടുതൽ ഗുണകരമായ പ്രോട്ടീൻ, വൈറ്റമിൻ, ജീവകങ്ങൾ, ധാതുക്കൾ എല്ലാം ഉൾപ്പെടുന്ന ഒരു സമീകൃത രീതി സ്വീകരിക്കേണ്ടതാണ്. എല്ലാ ഭക്ഷണ വിഭവങ്ങളും പരിചയിക്കാനും ഇഷ്ടപ്പെടാനും ഇത് സഹായിക്കും.

 കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ച് മുൻകൂട്ടി ഒരു പ്ലാൻ തയ്യാറാക്കുക. അവർക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങൾ സെലക്ട് ചെയ്യുവാനും അവർ  കഴിക്കുന്ന സമയത്തെ മുൻകൂട്ടി മനസ്സിലാക്കി ആ സമയത്ത് തന്നെ കഴിപ്പിക്കാനും ശ്രമിക്കുക. കുട്ടികളുടെ ഭക്ഷണരീതിയിൽ അച്ഛനമ്മമാർ തന്നെയാണ് മാതൃകയാകേണ്ടത്.  കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് കുട്ടികളോടൊത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കണം. അവർ ഇഷ്ടപ്പെടുന്ന രീതിയിൽ തമാശകളിലൂടെയും മറ്റും ഭക്ഷണം അവരറിയാതെ കഴിക്കുന്ന ശീലം മടിയുള്ള കുട്ടികളിൽ പ്രയോഗിക്കാം. ഒരിക്കലും ഭക്ഷണം കഴിക്കാത്തതിന് കുട്ടികളെ പേടിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ അടിക്കുകയോ ചീത്ത വിളിക്കുകയോ ഒന്നും ചെയ്യരുത്. ഒരു സമയത്ത് കഴിച്ചില്ലെങ്കിൽ കുറച്ചുസമയം കഴിഞ്ഞ് മറ്റൊരു സമയത്ത് അവർ ഇഷ്ടപ്പെടുന്ന രീതിയിലൂടെ കൊടുക്കാർ ശ്രമിക്കാം.  അനുനയത്തിന്റെ രീതിയാണ് എപ്പോഴും വേണ്ടത്.

 വൈകുന്നേര സമയത്തെ ബേക്കറി പലഹാരങ്ങളുടെ പകരം വീട്ടിൽ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ വിഭവങ്ങൾ പരീക്ഷിക്കാം. വൈവിധ്യം എപ്പോഴും ഭക്ഷണത്തിൽ പരീക്ഷിക്കണം. കുട്ടികൾക്ക്  വിവിധ ആകൃതിയിലുള്ള ഭക്ഷണങ്ങൾ അതുപോലെ വിവിധ കളറിലുള്ള ഭക്ഷണങ്ങളും നൽകാൻ മടിക്കരുത്. ഉദാഹരണത്തിന് ചപ്പാത്തി ചുടുമ്പോൾ ഇടക്കൊക്കെ ചതുരാകൃതിയിലോ ത്രികോണ ആകൃതിയിലോ പരീക്ഷിച്ചുനോക്കൂ. കുട്ടികൾ ഇഷ്ടപ്പെടുന്നത് കാണാം. പുട്ടിൽ തേങ്ങ ചേർക്കുന്നതിനു പകരം ക്യാരറ്റ് ചിരവിയതോ ബീറ്റ്റൂട്ടോ ഒക്കെ ഉപയോഗിക്കാം. കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം ഒരേ സമയത്തു തന്നെ എല്ലാ ദിവസവും കൊടുക്കാൻ ശ്രമിക്കുക.  രാവിലെ ബാക്കിയായ ഭക്ഷണവിഭവങ്ങൾ അടുത്ത സമയത്തേക്കു നൽകുന്ന പതിവ് ഉണ്ടാവരുത്.  പ്രധാന ഭക്ഷണങ്ങളുടെ കൂടെ പച്ചക്കറി സലാഡുകളും പഴങ്ങളുമൊക്കെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്. ഇത് സമീകൃതാഹാരം നിലനിർത്താൻ സഹായിക്കും.
Dr OK Abdul Azeez
Kottakkal Unani Hospital
8590113344
------------------------------

Related Posts Plugin for WordPress, Blogger...