Saturday, November 17, 2018

യുനാനി വൈദ്യശാസ്ത്രത്തെ അടുത്തറിയാം

യുനാനി വൈദ്യശാസ്ത്രം - ഒരാമുഖം
Dr OK Abdul Azeez. BUMS,PGDC
======================

ബദൽ ചികിത്സാരംഗത്ത്‌ ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ യുനാനി വൈദ്യശാസ്ത്രം. ശാസ്ത്രങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തിട്ടുള്ള ഗ്രീക്കിൽ നിന്നുതന്നെയാണു യുനാനിയുടെയും ഉത്ഭവം. അതുകൊണ്ടുതന്നെ ഗ്രീക്ക്‌ മെഡിസിൻ എന്നാണിതു വിളിക്കപ്പെടുന്നത്‌.

ബി.സി 460ൽ ജീവിച്ചിരുന്ന ഗ്രീക്ക്‌ തത്വചിന്തകനും ഭിഷഗ്വരനുമായിരുന്ന ബുഖറാത്ത്‌ (Hippocrates) ആണ്‌ ഈ വൈദ്യശാസ്ത്രത്തിന്‌ അടിത്തറ പാകിയത്‌. വൈദ്യത്തിന്‌ ഒരു ശാസ്ത്രീയ അടിത്തറ നൽകി അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ സങ്കൽപങ്ങളിൽ നിന്ന് വൈദ്യ മേഖലയെ മാറ്റിയെടുത്തതുകൊണ്ടുകൂടിയാണ്‌ ലോകം അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ (Father of Medicine) എന്ന് അംഗീകരിച്ചുപോരുന്നത്‌. ഹിപ്പോക്രാറ്റിസിന്റെ ചതുർഭൂത – ചതുർ ദോഷ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഇപ്പോഴും നിലനിന്നുപോരുന്ന ഒരേയൊരു വൈദ്യശാസ്ത്രമാണ്‌ യുനാനി വൈദ്യശാസ്ത്രം. ശേഷം വന്ന തത്വചിന്തകനും ഫിസിഷ്യനുമായ ജാലിനൂസ്‌ (Galen) ഈ ദർശനങ്ങളെ ഒന്നുകൂടി വിശദീകരിക്കുകയും കൂടുതൽ വ്യാപകമാക്കുകയും ചെയ്തു. പിന്നീട്‌ പ്രശസ്ത വൈദ്യശാസ്ത്ര ആചാര്യന്മാരായ റാസി (Rhazes), ഇബ്നുസിന (Avicenna) തുടങ്ങിയവർ യുനാനി വൈദ്യശാസ്ത്രത്തെ പരിപോഷിപ്പിക്കുകയും സമ്പൂർണ്ണമാക്കുകയും ചെയ്തു. ഇബ്നുസിനയുടെ “Encyclopedia of Medicine” എന്നറിയപ്പെടുന്ന “The canon of Medicine” (അൽ ഖാനൂൻ ഫിത്തിബ്‌) അടക്കം പല പ്രമുഖ യുനാനി ഭിഷഗ്വരന്മാരുടെ ഗ്രന്ഥങ്ങളും ലോകത്തെ അറിയപ്പെടുന്ന വൈജ്ഞാനിക കേന്ദ്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളായി അംഗീകരിച്ചുവരികയും ഇപ്പോഴും വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ അമൂല്യ ഉറവിടമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിൽ:

വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്ത ഉപഭൂഖണ്ഡങ്ങളിലൂടെ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ അതുല്യമായ സംഭാവനകളർപ്പിച്ച്‌ വികസിച്ചുവന്ന യുനാനി മുഗൾ ഭരണകാലത്താണ്‌ ഇന്ത്യയിൽ വ്യാപകമായത്‌. വിവിധ ഭരണകർത്താക്കളുടെ കാലത്ത്‌ കൊട്ടാര വൈദ്യന്മാരായി തിളങ്ങിനിന്ന യുനാനി ഹക്കീമുകളിലൂടെ യുനാനി ചികിത്‌സ ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി വളർന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏറെ തഴയപ്പെട്ടെങ്കിലും പിൽക്കാലത്ത്‌ യുനാനി വൈദ്യശാസ്ത്രം രാജ്യത്തിന്റെ തനതു വൈദ്യശാസ്ത്രമായി രൂപം കൊള്ളുകയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന അജ്മൽ ഖാൻ ഇന്ത്യയിൽ യുനാനിയുടെ വളർച്ചയിൽ മുഖ്യ പങ്ക്‌ വഹിച്ച വ്യക്തിയുമായിരുന്നു. ബ്രിട്ടീഷ്‌ അടിച്ചമർത്തൽ സമീപനത്തിലൂടെ പിറകോട്ടു പോയിരുന്ന സാഹചര്യത്തിൽ നിന്ന് മുന്നോട്ടു നയിക്കാൻ പുതിയ ഗവേഷണ സ്ഥാപങ്ങളും ചികിത്സാ കേന്ദ്രങ്ങളും അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. രാജ്യം പിന്നീട്‌ മസീഹുൽ മുൽക്‌ (Healer of the Nation) പട്ടം നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ ഹക്കീം കബീറുദ്ധീൻ, ഹക്കീം അബ്ദുൽ ഹമീദ്‌ സാഹിബ്‌ തുടങ്ങിയ പ്രമുഖർ ഇന്ത്യയിലെ യുനാനിയുടെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവരാണ്‌.

ഇന്ന് ആയുഷ്‌ വിഭാഗത്തിൽ ഉൾപ്പെടുന്ന യുനാനിയുടേതായി  Ministry of Health & Family welfareനു കീഴിൽ Central council for research in Unani medicine (CCRUM) മേൽനോട്ടം വഹിക്കുന്ന നിരവധി ഗവേഷണ – വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.

അടിസ്ഥാന തത്വങ്ങൾ:

ശരീരത്തിന്റെ നിർമ്മിതിയിലെ അടിസ്ഥാന ഘടകങ്ങളായ ജലം, വായു, മണ്ണ്‌, തീ എന്നീ ചതുർഭൂതങ്ങളെയും (Four elements theory) കഫം, പിത്തം, വാതം, രക്തം എനീ ചതുർ ദോഷങ്ങളെയും (Four humoural theory) അടിസ്ഥാനമാക്കിയുള്ള തത്വങ്ങളാണ്‌ യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിത്തറ. ഈ നാലു എലമെന്റുകളിലേക്ക്‌ ചേർത്ത്‌ ചൂട്‌ (Hot), തണുപ്പ്‌ (Cold), ഈർപ്പം (Moisture), വരൾച്ച (Dryness) എന്നീ സ്വഭാവങ്ങളുടെ സമ്മിശ്രമായ നാലു വ്യത്യസ്ത സ്വഭാവഗുണങ്ങൾ ശരീരത്തിന്‌ രൂപപ്പെട്ടു വന്നിട്ടുണ്ടാവും. മിസാജ്‌ (Temperament) എന്നറിയപ്പെടുന്ന ഈ അടിസ്ഥാന ഭൗതിക ഗുണങ്ങൾ : 1 – Hot and Dry (ചൂടും വരൾച്ചയും), 2 – Hot and Moist (ചൂടും ഈർപ്പവും), 3 – Cold and Dry (തണുപ്പും വരണ്ടതും), 4 – Cold and Moist (തണുപ്പും ഈർപ്പവും) എന്നിവയാണ്‌. വ്യത്യസ്ത അനുപാതത്തിൽ നിലകൊള്ളുന്ന ഈ മിസാജിന്റെ സന്തുലിതാവസ്ഥ ശരീരത്തിന്റെ ആരോഗ്യാവസ്ഥയെയും സ്വാധീനിക്കുന്നു.



അടിസ്ഥാന ശരീര ദ്രവങ്ങളായി കണക്കാക്കപ്പെട്ട നാലു humours (ചതുർദ്ദോഷങ്ങൾ) ഓരോ ശരീരത്തിലും വ്യത്യസ്ത അവസ്ഥകളിൽ സന്നിവേശിച്ചു കാണപ്പെടും. അതവർക്ക്‌ ശരിയായ ആരോഗ്യം നിലനിർത്തുന്നതിൽ പങ്ക്‌ വഹിക്കുന്നു. ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ രോഗസാഹചര്യം സൃഷ്ടിക്കുകയും മിസാജിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.

ആരോഗ്യം സംരക്ഷിക്കാൻ 6 കാര്യങ്ങൾ

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ആറ്‌ നിർബന്ധ കാര്യങ്ങൾ (Asbab Sitha Zarooriah) യുനാനി മുന്നോട്ടുവെക്കുന്നു:

വായു: അന്തരീക്ഷ വായു ജീവൻ നിലനിർത്താൻ അത്യാവശ്യമാണെങ്കിൽ അതിന്റെ ഗുണനിലവാരം ശരീരത്തിന്റെ Temperament/മിസാജിൽ മാറ്റം വരുത്തുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ഭക്ഷണം: പോഷക സമ്പുഷ്ടവും സമീകൃതവുമായ ആഹാരം ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്‌
ശാരീരിക പ്രവർത്തനങ്ങളും വിശ്രമവും: ആവശ്യത്തിനുള്ള ശാരീരിക ചലനവും വിശ്രമവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. വ്യായാമം ജീവിതശൈലീ രോഗങ്ങളിൽ നിർണായക പങ്കാണു പലപ്പോഴും വഹിക്കുന്നത്‌.
മാനസിക പ്രവർത്തനങ്ങളും ശാന്തതയും: ശരിയായ മാനസിക പ്രവർത്തനങ്ങൾ മനുഷ്യന്‌ ആരോഗ്യത്തോടെ ജീവിക്കാനുള്ള ഊർജ്ജം നൽകുന്നു.
ഉറക്കവും ഉണർച്ചയും: ഓരോ രോഗിയുടെയും ജീവിതസാഹചര്യത്തിനനുസരിച്ചുള്ള ശരിയായ അനുപാതത്തിലുള്ള ഉറക്കവും ഉണർച്ചയും അയാൾക്ക്‌ കിട്ടിയിരിക്കണം.
വിസർജനവും പോഷകാംശ ആഗിരണവും: ഉപാപചയ പ്രവർത്തനങ്ങൾക്ക്‌ ശേഷം ശരീരത്തിനാവശ്യമായ ഘടകങ്ങളുടെ ആഗിരണവും അനാവശ്യഘടകങ്ങളുടെ വിസർജനവും സമ്പൂർണമായില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്നു.
ചികിത്സ

രോഗം ഒരു സാധാരണ പ്രകൃതി പ്രക്രിയയും ലക്ഷണങ്ങൾ അതിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളുമാണെന്നാണ്‌ യുനാനിയുടെ പക്ഷം. യുനാനിയുടെ കാഴ്ചപ്പാട്‌ പ്രകാരം ഓരോ വ്യക്തിക്കും ഒരു ആന്തരിക ശക്തി ശരീരത്തിന്റെ ആരോഗ്യസന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കുവ്വത്തെ മുദബിർ ബദൻ (Quwate Mudabir Badan) എന്ന ഈ കഴിവിനെ പരിപോഷിപ്പിക്കലാണ്‌ യുനാനി ചികിത്സയുടെ അടിസ്ഥാന വശം. ഇതുവഴി ശരീരം സ്വയം രോഗത്തെ ചെറുക്കുന്നു.

നാലു ചികിത്സാരീതികളാണു യുനാനിയിൽ ഉള്ളത്‌.

Ilaj bil Ghiza (Dietotherapy): ഭക്ഷണത്തെ ഉപയോഗിച്ച്‌ രോഗശമനം സാദ്ധ്യമാക്കാൻ യുനാനിയിൽ പ്രഥമ പരിഗണന നൽകുന്നു.
Ilaj bil Dawa (Pharmacotherapy): ആവശ്യഘട്ടത്തിൽ പ്രകൃതിദത്തമായ മരുന്നുകൾ ഒറ്റമൂലിയായോ മിശ്രിത രൂപത്തിലോ രോഗിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.
Ilaj bil Thadbeer (Regimenal therapy): വിവിധ യുനാനി കർമ്മ ചികിത്സകളായ മസാജ്‌, ഹിജാമ, ഫസദ്‌, ലീച്ചിംഗ്‌, നുതൂൽ തുടങ്ങിയ നൂറുകണക്കിനു രീതികളാണിതിൽ ഉപയോഗിക്കുന്നത്‌.
Ilaj bil Yad (Surgery): മറ്റു ചികിത്സകൾ ഫലവത്താവാത്ത സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

 Dr OK Abdul Azeez Kottakkal

കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

KOTTAKKAL UNANI HOSPITAL,
OPP.NANDILLATH,
COLLEGEPADI, EDARIKODE NH,
KOTTAKKAL, MALAPPURAM
KERALA
PH: 8590113344; 9747962823
Related Posts Plugin for WordPress, Blogger...