Monday, July 23, 2012

കൊണ്ടോട്ടീലെ കണ്ടൂട്ടല്‍ ( മീറ്റ്‌ സ്പെഷ്യല്‍) ! ! !

ഇലകള്‍ വിരിയുന്നു.. 'പൂക്കളേക്കാള്‍ മണമുള്ള e-ലകള്‍' ശ്രീ: പി. സുരേന്ദ്രന്‍ 
ബ്ലോഗ്ഗര്‍ ശ്രീ: ശരീഫ് കൊട്ടാരക്കരക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
 വല്ല്യ  ഉറപ്പൊന്നും ഇല്ലായിരുന്നു കൊണ്ടോട്ടിയിലെ മീറ്റില്‍ പങ്കെടുക്കാനൊക്കുമെന്ന്‍.സാഹചര്യം ഒത്തു വന്നപ്പോ ഒന്ന് ചെന്ന് നോക്കാമെന്നായി. അങ്ങിനെ 11 -07 -12 നു പത്തര മണി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലേക്ക് കടന്നു ചെന്നു.

എന്റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റ്‌. ബൂലോകത്ത് തീരെ സജീവമല്ലാത്ത, ബൂലോകത്തെ ഒരു മനുഷ്യന്റെ കുഞ്ഞിനെ പോലും പരിചയവുമില്ലാത്ത ഒരാള്‍ ഇങ്ങിനെ ഒരു സംഭവത്തില്‍ ചെന്നു പെട്ടാല്‍.. അംസു ആകുമോ എന്തോ.. ഒരു നിശ്ചയവുമില്ല. എന്നാലും സൈബര്‍ ലോകത്തെ എഴുത്തിടത്തില്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണരാജി വിരിയിച്ച് പൂക്കളേക്കാള്‍ മണമുള്ള ഇലകളെ സൃഷ്ടിക്കുന്ന അക്ഷര ശലഭങ്ങളെയൊക്കെ അഭ്രപാളിക്കിപ്പുറം  ഭൂലോകത്ത് വെച്ച് അടുത്തറിയാനും സന്തോഷം പങ്കിടാനും കഴിയുമല്ലോ എന്ന് തോന്നി.
ഇടനാഴിയിലൊരു ഇട വേള..  (ശ്രീമാന്‍:പേരറിയില്ല :), കൂതറ ഹാഷിം, 
ഇംതിയാസ് ഭായ്, സിയാഫ്ക്ക, പ്രദീപ്‌ മാഷ്‌, ഉബൈദ് ഭായ്)

മുകളിലേക്ക് കയറുമ്പോള്‍ കോണിപ്പടിയില്‍ വിടര്‍ന്ന ചിരിയുമായി ഒരാള്‍.മുമ്പ് പല വട്ടം ഫോട്ടോ കണ്ട പരിചയത്തില്‍ ചോദിച്ചു,'ഫൈസു മദീനയല്ലേ?'. വീണ്ടും ചിരി വിടര്‍ന്നു 'അതെ'. കഴിഞ്ഞു വീണ്ടും കയറുമ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി വരുന്ന ഒരു മധ്യ വയസ്കന്‍. എന്തോ ഒരൂഹത്തില്‍ 'പ്രദീപ്‌ മാഷല്ലേ' എന്ന്‍ ചോദിച്ച് കൈ കയറിപ്പിടിച്ചു. ഭാഗ്യം മാഷ്‌ തന്നെ. വഴിയില്‍ കണ്ട ആരെയും വെറുതെ വിടാതെ ഹാളിലേക്ക് കടന്നു. കൊട്ടോട്ടി ചേട്ടന്‍ രജിസ്ട്രേഷന്‍ മേശക്കു സമീപം തന്നെയുണ്ട്‌. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം ബ്ലോഗ്‌ രചനകള്‍ക്ക് പ്രത്യേക ഇടം നല്‍കി നമ്മെ പ്രോത്സാഹിപ്പിക്കുന്ന 'കൈരളി നെറ്റ്' മാഗസിനെ പരിചയപ്പെടുത്തി. ഇടയ്ക്കു 'സടപടേ' ന്നു ഓടിച്ചാടി നടക്കുന്ന മുഖ്യ സംഘാടകന്‍ ശ്രീമാന്‍ ശ്രീജിത്ത് കൊണ്ടോട്ടിയെയും കണ്ടു മുട്ടി. അങ്ങിനെ കണ്ടാലറിയാവുന്ന അഞ്ചാറു പേരെ കണ്ടുകിട്ടിയ സന്തോഷത്തില്‍ ച്ചിരി അഹങ്കാരത്തോടെ ഹാളിലാകമാനം ഒന്ന് വീക്ഷിച്ചു. എവിടെ 'ഞാനുണ്ട്' 'ഞാനുമുണ്ട്' എന്ന് വരവറിയിച്ച മഹാന്മാരൊക്കെ?? എണ്ണം വളരെ കുറവാണല്ലോ ന്നു ആരോ പറയും പോലെ. ഏയ്‌ തോന്നിയതാവും.. അല്ലേലും എണ്ണം കുറഞ്ഞാലെന്താ വണ്ണം കൂടിയാ പോരെ..

പറഞ്ഞില്ലേ, ഇപ്പൊ ബ്ലോഗ്‌ മീറ്റിലാ..  (ശ്രീജിത്ത്‌ കൊണ്ടോട്ടി)
അപ്പുറത്ത് രണ്ടു പേരതാ നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്നു. കണ്ടിട്ട് ഒരെത്തും പിടിയുമില്ല. നേരെ അങ്ങോട്ട്‌ ഇടിച്ചു കയറി ശറഫാക്കപ്പെട്ട കൈ നീട്ടിക്കൊടുത്തു. ആ സംസാരം മുടക്കി പേരു വിവരം ചോദിച്ചു വാങ്ങി. ഒന്ന് സന്ദീപ്‌ രണ്ട് ഹക്കീം ചെറൂപ്പ. അപ്പോഴേക്കും ചായ കിട്ടി. അവിടവിടെയായി ഓരോരുത്തര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഒക്കെ സാവകാശം കാണാമെന്നു കരുതി മാറി നില്‍ക്കുമ്പോഴാണ് ഒരാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടത്, ഇങ്ങേ അറ്റത്ത് മുന്നിലെ മേശമേല്‍ ഒരു ലാപ് ടോപ്പും തുറന്നു വെച്ച്. അങ്ങടുത്തു ചെന്ന്‌ പരിചയപ്പെട്ടു 'ദേവന്‍ തൊടുപുഴ'- നമ്മുടെ ബൂലോക റേഡിയോക്കാരന്‍ തന്നെ. തട്ടിയും മുട്ടിയും അങ്ങിനെ നില്‍ക്കുന്നതിനിടക്ക് നമ്മുടെ നാമൂസ് ഏട്ടനെ ആരോടാ തിരക്കിയതെന്നോര്‍മയില്ല. അയാളുടെ മറുപടി പക്ഷെ നല്ല ഓര്‍മയുണ്ട് 'അവിടെവിടെയെങ്കിലും മുണ്ടും മടക്കി കുത്തി ഒരാളെ കാണും. അത് തന്നെ നാമൂസ്'. മ്ഹാ.. ഇനി ആ മടക്കി കുത്ത് കണ്ടു പിടിച്ചാ മതിയല്ലോ...

അപ്പോഴേക്കും ഇരിക്കാനുള്ള അറിയിപ്പുമായി ആരൊക്കെയോ ഓടി നടക്കുന്നു. പരിപാടി തുടങ്ങുന്നു എന്നര്‍ത്ഥം.കസേരകള്‍ നീണ്ട വട്ടത്തില്‍ നിരത്തി എല്ലാവരും ഇരുന്നു. എന്റെ ഇപ്പുറത്ത് 'സുറുമയിടാത്ത കണ്ണു'മായി വി.പി. അഹ്മദിക്കയും  അപ്പുറത്ത് 'ഗഫൂര്‍ കാ പക്കാ ദോസ്ത്'  അരുണ്‍ ചട്ടനും.  നാമൂസ് സാബിന്റെ സ്വാഗത ഭാഷണം കഴിഞ്ഞ് മൈക്ക് കസേരകളിലൂടെ നടന്നു നീങ്ങി, എല്ലാരുടേം പേരും ഊരും വിവരോം വിളിച്ചറിയിച്ചും കൊണ്ട്. പക്ഷെ എന്റെ ഭൂലോക ബന്ധു ജാബിര്‍ മലബാരിയെ കാണാനില്ല. അവന്‍ ഒരു മീറ്റ്‌ മിസ്സാക്കാന്‍ ഒരു ന്യായവും ഇല്ല. മാത്രവുമല്ല,  ഒരു മീറ്റ്‌ ഫോട്ടോ വേണമെന്ന് വെച്ചാലും അവനില്ലാതെ എങ്ങിന്യാ??

പി സുരേന്ദ്രന്റെ ഉത്ഘാടനപ്രസംഗം ഗംഭീരമായിരുന്നു. പ്രോഗ്രാം ബാനര്‍ ഒരു വശത്തും പ്രസംഗ പീഠം മറ്റൊരു വശത്തും ആണല്ലോ? ആ.. ഞാനതപ്പളേ മറന്നു.. എഴുത്തും വായനയും അതിന്റെ ഗതിവിഗതികളുമൊക്കെ വിശാലമായി സുരേന്ദ്രന്‍ മാഷ്‌ വിവരിക്കുന്നു. നാട്ടുമ്പുറങ്ങളിലെ സ്മ്നേഹോഷ്മളമായ കൂട്ടു ജീവിതത്തിനെയും അതിന്റെ ഭാവപ്പകര്‍ച്ചകളെയുമൊക്കെ തെളിമയാര്‍ന്ന ശൈലിയില്‍ ലളിതമായി എഴുതി വെക്കാറുള്ള സുരേന്ദ്രന്‍ മാഷ്‌ ഇപ്പോള്‍ സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ ഗഹനമായി അവതരിപ്പിക്കുന്നു. എഴുത്തിലെ വിപ്ലവവും പ്രണയവും ജീവിതവും എല്ലാം അതില്‍ വിഷയീഭവിച്ചു. മലയാളിക്ക് സാഹിത്യ അവബോധത്തില്‍ വന്നു കൊണ്ടിരിക്കുന്ന ഇടിവിനെ കുറിച്ചാണ് ആദ്യത്തെ അര മണിക്കൂറിലധികം അദ്ദേഹം സംസാരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടേണ്ട സാഹിത്യത്തെ കുറിച്ചുള്ള അറിവുകള്‍ വളരെ ശുഷ്കിച്ചു പോയിരിക്കുന്നുവെന്നും സാഹിത്യം പഠിപ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധ്യാപകര്‍ പോലും ഇക്കാര്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കാലത്തെ അദ്ധ്യാപകര്‍ സാഹിത്യത്തെ കുറിച്ചൊക്കെ അഗാധമായ അറിവുള്ളവരായിരുന്നു എന്ന് ഉദാഹരണ സഹിതം എടുത്തു കാട്ടി. ഈയൊരു അവസ്ഥയെ കുറ്റകരമായ അനാസ്ഥ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്‌. ഇക്കാരണത്താലൊക്കെതന്നെ വായന ഇന്ന് വളരെ കുറഞ്ഞു എന്ന് കൂടി പറഞ്ഞപ്പോള്‍ ഒരു വേള ഉള്‍ക്കൊള്ളാന്‍ പ്രയാസമായി തോന്നി. ഭൂമിമലയാളത്തിലെ കാക്കത്തൊള്ളായിരം പ്രസിദ്ധീകരണ ശാലകളില്‍ നിന്നിറങ്ങുന്ന പുസ്തകങ്ങളൊക്കെ വിറ്റു പോവുന്നത് പിന്നെ എങ്ങോട്ടാണ്? മുന്‍ നിരയിലെ ഒന്നോ രണ്ടോ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെ വിറ്റുവരവ് മാത്രം വിലയിരുത്തിയാല്‍ മതി വായനയുടെ തോത് മനസ്സിലാവും. പക്ഷെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സാഹിത്യകാരന്‍ പറയുമ്പോള്‍ അത് വെറും വാക്കാകില്ലല്ലോ എന്നാലോചിക്കുമ്പോള്‍... 

നേരെ നിക്കിന്‍, നാലാള്‍ കാണേണ്ടതാ..  (ശ്രീ:ശരീഫ്ക്ക കൊട്ടാരക്കര, 
ശ്രീ:ദേവന്‍ തൊടുപുഴ, ശ്രീ:ഇംതിയാസ്)
പിന്നെ മീറ്റിലെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞു പോയെന്ന സംഘാടകരുടെ പരാമര്‍ശത്തെ ഉദ്ധരിച്ച് മലയാളത്തിലെ സാഹിത്യ സദസ്സുകളിലെ ശുഷ്കിച്ച സദസ്സുകളെ കുറിച്ചദ്ധേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ തല മുതിര്‍ന്ന സാഹിത്യകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന സദസ്സുകളില്‍ പോലും ജന പങ്കാളിത്തം അമ്പത് തികയാതെ വരുന്ന അവസ്ഥകളെ എടുത്തു കാട്ടി, അങ്ങിനെ നോക്കുമ്പോള്‍ ഈ കുട്ടായ്മ എത്രയോ ഉയര്‍ന്ന നിലയിലാണെന്നു പറഞ്ഞപ്പോള്‍ ആശ്വാസത്തിന്റെ കയ്യടി മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. നമ്മുടെ പരിമിതികളെയും അതേ സമയം തന്നെ നമ്മുടെ വലിപ്പവും നാം തിരിച്ചറിയണം. സൈബര്‍ ലോകത്തെ വളരെ ചെറിയ വായനാവൃന്ദത്തെ ബോധനം ചെയ്യുമ്പോള്‍ ഒരിക്കലും വലിയ വിചാരങ്ങളൊന്നും നമുക്ക് വേണ്ട. എന്നാല്‍ ഓരോ മുക്കുറ്റി ചെടിക്കും തുമ്പ ചെടിക്കും അതിന്റേതായ പരിപൂര്‍ണ്ണത ഉണ്ട് എന്നത് പോലെ എഴുത്ത് എവിടെയായാലും എഴുത്ത് തന്നെ. വായിക്കാന്‍ ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും നന്നായി എഴുതാനാണ് നാം ശ്രമിക്കേണ്ടത്. ഒരാള്‍ തന്റെ പ്രണയിനിക്ക് എഴുതും പോലെ. അവിടെ വായനക്കായി ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ എഴുതാനാണ് ശ്രമിക്കുക.

ബ്ലോഗെഴുത്തില്‍ വലിയൊരു ഭാഗം പ്രവാസികളുടെതാണെന്ന തിരിച്ചറിവില്‍ അവരോടായി പ്രത്യേകം ഒരു കാര്യം ഓര്‍മിപ്പിച്ചു. പ്രവാസികള്‍ പൊതുവേ ഗൃഹാതുരത്വവും അനുഭവവും കലര്‍ന്ന രചനകള്‍ എഴുതി വെക്കുന്നതിനു പുറമേ, അവരുടെ മുന്നിലെ ജീവിത പശ്ചാത്തലം പരിസരമാക്കിയും വ്യത്യസ്ത ഭാഷാ-സംസ്കാരങ്ങളുള്ള അന്യ ദേശക്കാരെ കഥാപാത്രങ്ങളാക്കിയുമുള്ള കഥകളും മറ്റു രചനകളും നടത്താന്‍ അവര്‍ കൂടുതല്‍ മുന്നോട്ട് വരണം. കാരണം അതിനു അവര്‍ക്ക് മാത്രമേ കഴിയൂ എന്നതു തന്നെ.

ശേഷം 'പൂക്കളേക്കാള്‍ മണമുള്ള e -ലകള്‍'എന്ന ബ്ലോഗ്‌ കഥകളുടെ സമാഹാര പുസ്തകം പി.സുരേന്ദ്രന്‍ മാഷ്‌ ബ്ലോഗ്ഗര്‍ അഡ്വ.ശരീഫ് കൊട്ടാരക്കരക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.  തുടര്‍ന്ന് മ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ 'മഴവില്‍' ഇ-മാഗസിന്‍ ലോഞ്ചിങ്ങും അദ്ദേഹം തന്നെ നിര്‍വഹിച്ചു.
അതു കഴിഞ്ഞ് പുസ്തകത്തിലെ കഥകളെ അവലോകനം ചെയ്തു നാസര്‍ മാഷുടെ സംസാരം. ഒരു മണിക്കൂറിലധികം നീണ്ട ആ പ്രസംഗത്തില്‍ എഴുത്തിനെയും സാഹിത്യത്തെയും കുറിച്ചാണ് അധികവും സംസാരിച്ചത്. ഓഷോയും മാര്‍ക്സും ബഷീറും ലെനിനും എം ടിയും ബെന്യാമിനും എല്ലാം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ കഥകളെ വിലയിരുത്തല്‍ കുറഞ്ഞ വാക്കുകളില്‍ ഒതുക്കി. അതും കഴിഞ്ഞ് തല്‍ക്കാലം ആ ചടങ്ങ് അവസാനിപ്പിക്കുന്നതിന് മുന്നേ ഒരു സുഹൃത്ത്‌ അനുമതി വാങ്ങി സംസാരിച്ചു. 'മ' ഗ്രൂപ്പിലെ സമീപ കാലത്തെ പൊട്ടിത്തെറിയാണ്  വിഷയമാക്കിയത്. പടച്ചോനെ.. പ്രോഗ്രാം ലിസ്റ്റിലാണെങ്കില്‍ 'കലാ പരിപാടികള്‍' എന്ന് അച്ചടിച്ച്‌ കാണുകേം ചെയ്തു. ഇനി ഇവിടെയും കലകള്‍ വാഴാന്‍ പോകുന്നു?? . രണ്ടു മൂന്നു ദിവസമായി ഈ കലാപരിപാടികള്‍ ഗ്രൂപ്പില്‍ നിന്ന് തന്നെ നല്ലോണം ആസ്വദിക്കുക കൂടി ചെയ്തത് കൊണ്ട് ഞാന്‍ വാച്ചിലേക്ക് നോക്കി.. 

എല്ലാരും ഉണ്ടോ എന്തോ...

ഒന്ന് പുറത്തു പോയി വന്നപ്പോഴേക്കും എല്ലാവരും ഫോട്ടോ എടുപ്പിന്റെ ഒരുക്കത്തിലാണ്. സമയത്തിന് തന്നെ ജാബിര്‍ എത്തിയത് കൊണ്ട് ഈ ഗ്രൂപ്പ് ഫോട്ടോയിലും, പാവം അവനെ കാണാനൊക്കില്ല. ഇനി ഉണ്ണാന്‍ പിരിഞ്ഞു. ശരിക്കും പരിചയപ്പെടല്‍ സെഷന്‍ ഇതാണ്.  റാഷിദ് കൊച്ചുജാലകത്തെയും ജാബിര്‍ മലബാരിയെയും കൂട്ടു പിടിച്ച് അങ്ങിനെ കറങ്ങി നടന്നു. ഓരോരുത്തരുടെയും നേരെ ചെന്ന് 'എന്താ പേര്?ഏതാ ബ്ലോഗ്‌?' പരിപാടി തുടങ്ങി. 'തിരിച്ചറിയാതെ പോയ ശബീറി'നെ തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളിലൊരു ചിരി പൊട്ടി. ഉടമയില്ലാതെ ഒഴുകി നടന്ന ആ കല്ല്യാണ പോസ്റ്റിന്റെ കാര്യം ഓര്‍മ്മയില്‍ വന്നതാണ്. മനേഷ് മണ്ടൂനെയും ഷമീര്‍ തിക്കോടിയെയും പരിചയിക്കാന്‍ കിട്ടി. ഇടയ്ക്കു 'ശൂ...'ന്ന് വന്ന് ഒരാള്‍ കൈ പിടിച്ച് വാങ്ങി, "ഞാന്‍ കൂതറ ഹാഷിം" എന്ന് ഒരു കുലുക്ക്. പേടിച്ചു പോയി. ഇതെന്തു കൂതറത്തരം എന്ന് ചോദിക്കാന്‍ വന്നെങ്കിലും മുഖത്തേക്ക് നോക്കിയപ്പോള്‍ ആള്‍ മ്മടെ അത്ര കൂതറയല്ലല്ലോ ന്നൊരു തോന്നല്‍.



കുറച്ചു സമയം സുരേന്ദ്രന്‍ മാഷോട് കുശലം പറയാന്‍ കിട്ടി. ആ എഴുത്തിലെ ചെറുപ്പ കാലത്തെ നാട്ടുമ്പുറ കാഴ്ചകളുടെ വശ്യമായ പകര്ത്തലിനെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. ഉടുത്ത വെള്ള മുണ്ട് നന്നായൊന്ന് മടക്കി കുത്തി കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. ഈ സൗഹൃദം ഒരിക്കലും മുറിഞ്ഞു പോകരുതേ എന്ന്  ആശിച്ചു പോയി.  ബൂലോകത്തിന്റെ സ്വന്തം 'കഥാ വണ്ടി'യുമായി കയ്യില്‍ കഥാ ബുക്കും പിടിച്ച് സിയാഫ് ഭായ്. വണ്ടിയുടെ എഞ്ചിന്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അല്‍പനേരം മിണ്ടിപ്പറഞ്ഞു. വഴിവക്കില്‍ കുറുമ്പടി ഇസ്മായില്‍ക്കയെ കണ്ടുകിട്ടി. ആ 'തണലി'ല്‍ ജാബി ഒരു കളിക്കും ക്ലിക്കി. 'മ' ലോക 'ആചാര്യനായ' ഇംതിയാസ് ഭായിയെയും ബൂലോകത്ത് ഏറെ 'കേളികേട്ട' നിധിഷ് ഭായ് യെയും സൗഹൃദത്തിന്റെ ഒരു കണ്ണിയായി വിളക്കി ചേര്‍ത്തു. ബൂലോക മഹിളാ രത്നങ്ങള്‍ നാലഞ്ചെണ്ണം ഉണ്ടായിരുന്നു. സുജ, കൊച്ചുമോള്‍, ഷീല ടോമി, ധനലക്ഷ്മി തുടങ്ങിയ ചേച്ചിമാര്‍ പലരും കുടുംബ സമേതം തന്നെയാണ് എത്തിയിട്ടുള്ളത്.

ഊട്ടു പുരയിലെ കാര്യമെന്തായോ ആവോ? പലരും തിരിച്ചു വരവ് തുടങ്ങി. ഈ വിശപ്പിന്റെ അസുഖം ഉള്ളതാണേ.. നേരമായാ വിശക്കാന്‍ തുടങ്ങും. പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍ വാങ്ങാതെ എങ്ങന്യാ? അതും വാങ്ങിക്കഴിഞ്ഞപ്പോള്‍ നേരത്തെ ഈ പുസ്തകത്തിലെ കഥകളെ അധികരിച്ച് സംസാരിച്ച നാസര്‍ മാഷെ കിട്ടി. കുറേ കത്തിയടിച്ചു.  ഇനി വൈകണ്ട. കാര്യ പരിപാടിയിലേക്ക് ചെന്ന് നോക്കാം. എന്തൊക്കെയാണാവോ വിഭവങ്ങള്‍? സദ്യയാണെങ്കിലും എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കാണുവായിരിക്കും. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിത്തുടങ്ങുമ്പോള്‍ ജാബിയാണ് 'പുന്നശ്ശേരി'യുടെ കാര്യം പറഞ്ഞത്. ഹാവൂ.. സമാധാനമായി. മീറ്റ്‌ ഒരുപാട് പുതിയ കൂട്ടുകാരെ തന്നു. ഇനി ഈറ്റിലും വേണ്ടേ പുതുമയുള്ളതെന്തെങ്കിലും. ഈ എരിശ്ശേരിയും പുളിശേരിയുമൊക്കെ കുറേ കഴിച്ചു മടുത്തതാ. എന്നാല്‍ പുന്നശ്ശേരി ഞാനാദ്യായിട്ടാ.. എന്തായാലും ഒരു കലക്ക് കലക്കണം. വീട്ടിലെത്തി പുന്നശ്ശേരി വിശേഷത്തെ പറ്റി നാല് പറഞ്ഞു ഞെളിയുകയുമാവാല്ലോ. ഓര്‍ക്കുമ്പോ തന്നെ ലഡ്ഡു‌ പൊട്ടുന്നു.. 

ഇല ഞാനിട്ടില്ലേല്‍ ശരിയാവൂല... (പുതു ബ്ലോഗ്ഗര്‍ അനീസ്,
ശ്രീ ഫൈസു മദീന, ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ ഇ.പി.സലീം)

എരിശ്ശേരിയും പുളിശ്ശേരിയും എത്തി, അടുത്തത് അത് തന്നെ..

ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. വൈകാതെ ഫൈസു ഭായ് ഇലയിട്ടു. പിന്നെ വിഭവങ്ങളോരോന്നും വരി വരിയായി വന്ന് നിറഞ്ഞു. ഓരോന്നിലും ഞാന്‍ പുന്നശ്ശേരിയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പരിപ്പും കൂട്ടി ആദ്യത്തെ ഉരുള വായിലിട്ടപ്പോഴാണ് ഒരു കാര്യം ഓടിയത്. ഇതിപ്പോ ഇല തല തിരിഞ്ഞു പോയല്ലോന്ന് ! മദീന ഭായിയെ മെല്ലെ വിവരമാരിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഉള്ള കാര്യം പറഞ്ഞു. "ഞമ്മക്ക് ചിക്കന്‍ ബിരിയാണിയൊക്കെയല്ലേ  വിളമ്പി പരിചയമുള്ളൂ.. ഈ സദ്യയൊക്കെ.." അത് നേര്. പോട്ടെ എന്ന് വെക്കാം. പ്രശ്നം അതൊന്നുമല്ല. ഈ പുന്നശ്ശേരി എവിടെ? മുന്നിലെ ഇലയില്‍ നിരന്നു കാണുന്ന വിഭവങ്ങള്‍ ഓരോന്നും സൂക്ഷ്മ നിരീക്ഷണം നടത്തി. ഇനി എനിക്ക് തരാന്‍ മറന്നു പോയോ? അപ്പുറത്തെ ഇലയില്‍ കണ്ണിട്ടു ഒരു താരതമ്യ പഠനവും നടത്തി. എബടെ. ഇവിടെയുള്ളതൊക്കെത്തന്നെയേ അവിടെയുമുള്ളൂ.. ആകെയുള്ള പ്രതീക്ഷ പുന്നശ്ശേരി യായിരുന്നു. ഇനിയിപ്പോ തീര്‍ന്നോ മറ്റോ പോയോ എന്തോ? ഇനിയും മറച്ചു വെച്ചിട്ട് കാര്യമില്ല. അവനോടു തന്നെ കാര്യം തിരക്കാം."അല്ല ജാബീ, നീയല്ലേ പറഞ്ഞത് പുന്നശ്ശേരിയുണ്ടെന്ന്?" "ആ, എന്തേയ്?".. "എന്നിട്ടെവിടെ സാധനം?" "ഇപ്പഴും കണ്ടില്ലേ? ദേ ആ പായസചെമ്പു കണ്ടോ?" "അതെ".. "അതില്‍ കണ്ണ്  നട്ടിരിക്കുന്ന ആളെ കണ്ടില്ലേ? അതെന്നെ പുന്നശ്ശേരി" "എന്തോന്ന്?!" വായിലിട്ട സാമ്പാര്‍ മിക്സഡ്‌ ചോറുരുള അണ്ണാക്കില്‍ ആഞ്ഞു തറച്ച് പണിമുടക്കി. "റഷീദ് പുന്നശേരീന്ന് മുഴുവന്‍ പേര്" എന്നു കൂടി കേട്ടപ്പോള്‍ ചങ്കില്‍ തറച്ച ഉരുള താനേ ഇറങ്ങി.. വെറുതേ... നീ ആളെ കൊതിപ്പിച്ചല്ലോടാ.. ആത്മഗതം ചങ്കില്‍ കുടുങ്ങി..

എല്ലാരും എന്താ ഇങ്ങോട്ട് നോക്കുന്നേ... (ശ്രീ കെ.വി.നൗഷാദ്, 
ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ റഷീദ് പുന്നശ്ശേരി)
   
അങ്ങനെ ഫോട്ടോഗ്രാഫരുടെ ഫോട്ടോയും..

അച്ചടക്കമുള്ള കുട്ടികള്‍..
ച്ചിരി ചോര്‍..    (ശ്രീ.സമീര്‍ തിക്കോടി)

ഇതു കൊള്ളാല്ലോ.. 
(ശ്രീ.നാമൂസ്, ശ്രീ. റഷീദ് പുന്നശ്ശേരി, ശ്രീ.ഷബീര്‍ തിരിച്ചിലാന്‍, 
ശ്രീ ശ്രീജിത്ത് കൊണ്ടോട്ടി, ശ്രീ കെ.വി.നൗഷാദ് )
പടച്ച റബ്ബേകുടുങ്ങി..   (ശ്രീ.കൊണ്ടോട്ടി, മദീന)

പായസം കിടുവായിരുന്നുവെന്ന് പറയാതെ വയ്യ. പക്ഷെ ആ ഗ്ലാസ് കുറച്ചു കൂടെ ചെറുതാക്കാമായിരുന്നു എന്നൊരു തോന്നല്‍. കാരണം ഒരു മുഴു ഗ്ലാസ് പായസം വായില്‍ ഒഴിച്ചിട്ടും വായ പകുതിയും വായു !!

 ശാപ്പാട് കഴിഞ്ഞ് കുറച്ചു പേരെ കൂടി കാണാനുണ്ടായിരുന്നു. മൊബൈല്‍ കാമറയുടെ 'ജാലകം തുറന്നു കാണിക്കാതെ, സ്നേഹിതന്‍' നൌഷാദിക്കയും രോഷം തീരെ ഇല്ലാത്ത റോഷന്‍ ചേട്ടനും ഒക്കെ അതില്‍ പെടും. പിന്നെ ശ്രീ മനോജ്‌ ഭായിയെ കണ്ടിരുന്നെങ്കിലും ആളെ തിരിച്ചറിയാതെ ഞാനൊരു 'വിഡ്ഢി മാനാ'യി എന്ന് പറയുന്നതാവും ശരി. ശ്രീ കൊട്ടാരക്കര ശരീഫ്ക്കയും ഉബൈദ്ക്കയുമൊക്കെ അവിടെയെല്ലാം ഒഴുകി നടക്കുന്നുണ്ടായിരുന്നു.

ഇനി ഓരോരുത്തര്‍ ഗ്രൂപ്പ് തിരിഞ്ഞ് പിരിഞ്ഞു പോവാന്‍ തുടങ്ങി. പോയിട്ട് കുറച്ചു കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഞാനും എല്ലാരെയും കണ്ട് ഇനിയം കാണാമെന്ന് പറഞ്ഞു പിരിഞ്ഞു. പിന്നത്തെ കലാ പരിപാടി എന്തായോ ആവോ?? എന്തായാലും ഓര്‍ക്കാപ്പുറത്ത് കണ്ടു കിട്ടിയ ഒരു കൂട്ടം നല്ല മനസ്സുകാരെ കൂട്ടുകാരായി കിട്ടിയതില്‍ മനസ്സ് നിറഞ്ഞ് സന്തോഷിച്ചു കൊണ്ടാണ് അന്നവിടം വിട്ടത്, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളെയും നെഞ്ചിലേറ്റി...
--------------------------------------------------------------
ഫോട്ടോസ്: ജാബിര്‍ മലബാരി.

Friday, July 20, 2012

...ശഹ് റു റമദാന്‍ ...



വിശുദ്ധ റമദാന്‍ ആഗതമായിരിക്കുന്നു. വിശ്വാസികല്‍ക്കിത് ആത്മ സായൂജ്യത്തിന്റെ ദിന രാത്രങ്ങള്‍ . കഴിഞ്ഞ ഒരു വര്ഷം ഹൃദയത്തിലേറ്റ പാപക്കറകളെ ഒന്നൊന്നായി തുടച്ചു നീക്കുവാനും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് കരുണ കാണിക്കുവാനും പട്ടിണിപ്പാവങ്ങളുടെ വിശപ്പിന്റെ വേദനയില്‍ പങ്കു ചേര്‍ന്ന് മനസ്സുകൊണ്ടെങ്കിലും അവരോടു ഐക്യപ്പെടുവാനും വേണ്ടിയുള്ളതാണ് ഈ മാസം. കേവലം വിശപ്പ്‌ സഹിച്ചു പട്ടിണി കിടന്നത് കൊണ്ട് നോമ്പ് പൂര്തിയാകുന്നില്ല. അതൊരു നിയന്ത്രണമാണ് . സ്വേച്ചകള്‍ക്കു അടിമപ്പെട്ട വിചാര വികാരങ്ങളെ  ആത്മ നിയന്ത്രണത്തിന്റെ വലയത്തില്‍ കൊണ്ട് വന്ന് ദൈവ പ്രീതിക്ക് വേണ്ടി സമര്‍പ്പിക്കലാണ് നോമ്പിന്റെ കാമ്പ്.

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ ദിന രാത്രങ്ങളില്‍ തിന്മകളില്‍ നിന്ന് അകലം പാലിച്ച് നന്മകളെ പുല്കാനും സ്നേഹവും കരുണയും വിട്ടുവീഴ്ചയും മുഖ മുദ്രയാക്കി ജീവിതത്തിന് പുതിയൊരു മാനം നല്‍കുവാനും ഈ റമദാന്‍ നമുക്ക് വഴിയോരുക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.




ഏവര്‍ക്കും റമദാന്‍ മുബാറക്....

Thursday, July 12, 2012

കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയ ഗസല്‍ സുല്‍ത്താന്‍


തിങ്ങി നിറഞ്ഞ കോഴിക്കോട് ടാഗോര്‍ ഹാള്‍ . കാലം തളര്‍ത്തിയ ശരീരത്തെ തെല്ലും വക വെക്കാതെ പ്രായം തളര്‍ത്താത വിശേഷപ്പെട്ട ശബ്ദത്തില്‍ വേദിയിലിരുന്ന്  കേള്‍വിക്കാരന്റെ ഇംഗിതത്തിനനുസരിച്ച്  ഒന്നിന് പിറകെ ഒന്നായി  ഒരാള്‍ മഴ പെയ്യിക്കുന്നു. അനുഭൂതിയുടെ ഗസല്‍ മഴ! ജീവിതത്തിലെ അസുലഭ നിമിഷം ഇതാണെന്ന രീതിയില്‍ സദസ്സ് മുഴുവന്‍ ഒന്നായി ലയിച്ചിരിക്കുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഈരടികള്‍ ചോദിച്ചു വാങ്ങിക്കൊണ്ട് , ഒരവകാശമെന്ന പോലെ. പാട്ടവസാനിപ്പിച്ച് പെട്ടി പൂട്ടിയിട്ടും കോഴിക്കോട്ടുകാരുടെ സ്നേഹാഭ്യാര്‍ത്ഥനക്ക് മുന്നില്‍ പെട്ടി തുറന്നു വീണ്ടും പാടുന്നു, നിഷ്കളങ്ക ഹൃദയനായ ആ 73 കാരന്‍ .പാടി പാടി ഇനിയും പാടിച്ചാല്‍ ക്രൂരതയാവുമെന്ന്  സദസ്സിനും ഇനിയും പാടാന്‍ തനിക്കാവില്ലെന്ന് അദ്ദേഹത്തിനും ബോധ്യമാവും വരെ തുടര്‍ന്നു ആ സ്വരമാധുരിയുടെ ഒഴുക്ക്. അവസാനം രംഗം വിടുമ്പോള്‍ സംഘാടകരോട് അദ്ദേഹം പറഞ്ഞു:"ഞാന്‍ കോഴിക്കോട്ടു വരാന്‍ വൈകിയെന്ന് എനിക്ക് ബോധ്യമായി. സാരമില്ല ഇനിയും ഒരിക്കല്‍ കൂടെ നിങ്ങള്ക്ക് വേണ്ടി പാടാന്‍ തീര്‍ച്ചയായും വരുന്നുണ്ട്".  ഗസല്‍ പ്രേമികള്‍ അന്നവിടം വിട്ടത്, ആഹ്ലാദം തുളുമ്പുന്ന ഹൃദയവും പിരിയാന്‍ കൊതിക്കാത്ത മനസ്സുമായിട്ടാണ്, മെഹ്ദി ഹസ്സന്‍ എന്ന ഗസല്‍ മാന്ത്രികന്റെ രാജ്യതെര്‍ അവസാന മേഹ്ഫിലിലാണ് തങ്ങള്‍ പങ്കെടുത്തത് എന്നറിയാതെയും.വിധി പക്ഷെ മറ്റൊന്നായിരുന്നു. ആ വാഗ്ദാനം ഇനിയൊരിക്കലും പാലിക്കപ്പെടാന്‍ പോകുന്നില്ല എന്ന് നമ്മെ അറിയിച്ചു കൊണ്ട് ആ മഹാന്റെ മരണ വാര്‍ത്ത നമ്മെ തേടിയെത്തിയിരിക്കുന്നു. അതെ 'മെഹ്ദി ഹസന്‍' എന്ന ഗസല്‍ മാന്ത്രികന്‍ രംഗം വിട്ടിരിക്കുന്നു.

1927 ജൂലായ്‌ 12നു രാജസ്ഥാനിലാണ് മേഹ്ദിയുടെ ജനനം. പാരമ്പര്യ സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദിയുടെ സംഗീത പഠനങ്ങള്‍ തുടങ്ങുന്നത് പിതാവ് അസീം ഖാനില്‍ നിന്നും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനില്‍ നിന്നുമാണ്. മെഹ്ദിയുടെ ആദ്യ അരങ്ങേറ്റം ബറോഡ മഹാരാജാവിന്റെ ദര്‍ബാറിലായിരുന്നുവത്രേ- തന്റെ എട്ടാം വയസില്‍. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറിയ മെഹ്ദി ജീവിക്കാന്‍ വക നേടിയത് സൈക്കിള്‍ ഷാപ്പിലൂടെയായിരുന്നു. പിന്നെ മോട്ടോര്‍ ബൈക്കും ട്രാക്ടറും നന്നാക്കിക്കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ പാട് പെടുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തില്‍ സംഗീതത്തെ തേച്ചു മിനുക്കി കൂടെ കൊണ്ട് നടക്കുകയായിരുന്നു മെഹ്ദി, വരാന്‍ പോകുന്ന ഒരു ദിവസത്തെ കണ്ടു കാത്തിരിക്കുന്നവനെ പോലെ. 1952 ലാണ് റേഡിയോ പാകിസ്ഥാനിലൂടെ അദ്ധേഹത്തിന്റെ ശബ്ദം ആസ്വാദകരിലെത്തുന്നത്.

പിന്നീടങ്ങോട്ട് ഓരോഴുക്കായിരുന്നു. ഗസല്‍ വീചികളുടെ മാസ്മരിക സൌന്ദര്യം നിറഞ്ഞാടുന്ന ഹിമാലയന്‍ മേഹ്ഫിലുകള്‍ കയറിയിറങ്ങി, സാധാരണക്കാരന്റെ ഹൃദയ വിചാരത്തോട് സല്ലാപം നടത്തി, രാഷ്ട്രാതിര്‍വരംബുകള്‍ക്കപ്പുറത്തെ മനുഷ്യ മനസ്സുകളിലൂടെയുള്ള സ്നേഹത്തിന്റെ ഒഴുക്ക്. 'ഗുലോം മേ രംഗ് ഭരെ' യില്‍ തുടങ്ങി 'രഞ്ജിശ് ഹി സഹി' യുംയും കടന്ന്  'സിന്ദഗീ മേ സഭീ പ്യാറി' ലൂടെ 'പത്താ പത്താ ബൂട്ടാ ബൂട്ടാ' യും കഴിഞ്ഞ് 'ബാത്ത് കര്‍നീ മുജേ മുഷ്കിലു'കള്‍ക്കപ്പുറത്തെ 'അബ് കെ ബിച്ടെ തോ ശായിദി'ലേക്കങ്ങനെ....

സംഗീത പ്രപഞ്ചത്തില്‍ , ഭാവാത്മകമായ താളലയങ്ങളെ കൊണ്ട് പതിനായിരങ്ങളുടെ ഹൃദയത്തിന്റെ ഈണമായി നിലകൊണ്ട 'ഗസല്‍ പുഷ്പത്തെ പനിനീരിന്റെ നൈര്‍മല്ല്യം ചാര്‍ത്തി മുല്ലപ്പൂവിന്റെ പരിമളം പുരട്ടി തേനിന്‍  മധുരവും ചേര്‍ത്ത് മെഹ്ദി നമുക്ക് വേണ്ടി അണിയിച്ചൊരുക്കിയപ്പോള്‍ ഗസലിന് മെഹ്ദിയെന്ന  പര്യായം പോലും കല്പ്പിക്കപ്പെടുകയായിരുന്നു.

വരി ആരുടേതായാലും ശബ്ദം മെഹ്ദിയുടെതാണെങ്കില്‍  ഗസല്‍ അര്‍ത്ഥപൂര്‍ണ്ണമാവുന്ന മാന്ത്രിക വിദ്യ മെഹ്ദി ക്ക് മാത്രം സ്വന്തം. ഉര്‍ദു കവിതകളുടെ ദേവനായിരുന്ന 'മിര്‍ താഖി മീറി'ന്റെയും 'ഗാലിബി'ന്റെയും രാജഭരണത്തിനൊപ്പം കവിതാ രചനയില്‍ കൂടി കയ്യൊപ്പ് ചാര്‍ത്തിയ 'ബഹദൂര്‍ ഷാ സഫറി'ന്റെയുമൊക്കെ പുരാണ കവിതകളും, 'ഫിറാഖി' ന്റെയും 'ജിഗര്‍ മുരാദാബാദി'യുടെയും 'ജോഷിന്റെയും  'ഇഖ്‌ബാലി'ന്റെയുമൊക്കെ നവോഥാന കവിതകളും, ഉര്‍ദു കവിതകള്‍ക്ക് പുതുജീവന്‍ നല്‍കിയ ജയിലില്‍ നിന്ന് പോലും മാസ്റ്റര്‍പീസുകള്‍ക്ക് ജന്മം നല്‍കിയ 'ഫൈസ്  അഹ്മദ് ഫൈസി'ന്റെയും 'ഖതീല്‍ ശിഫാഇ' യുടെയും 'കൈഫ്‌ ആസ്മി'യുടെയും 21ആം നൂറ്റാണ്ടിന്റെ മഹാനായ ഉര്‍ദു കവി 'അഹ്മദ് ഫറാസി'ന്റെയുമൊക്കെ  ആധുനിക കവിതകളും എല്ലാം ഒരുപോലെ വഴങ്ങിയിരുന്ന മഹ്ദി സാബിന്റെ ആലാപന മികവിലൂടെ അവയെല്ലാം നമുക്കൊക്കെ പ്രിയപ്പെട്ടതായി.

സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന, പലരും തൊടാതെ മാറ്റി വെച്ചിരുന്ന 'ഗാലിബി'ന്റെയൊക്കെ വിശാലാര്‍ത്ഥത്തിലുള്ള സങ്കീര്‍ണ്ണമായ വരികള്‍ വരെ മെഹ്ദി യുടെ തലോടലില്‍ സ്വയം കുരുക്കഴിഞ്ഞ് സാധാരണക്കാര്‍ക്ക് പോലും ഇഷ്ട്ട വരികളാവുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

ഗസല്‍ ലോകത്തെ മറ്റൊരു ഇതിഹാസമായിരുന്ന 'തലത്ത് മഹ്മുദി'ന്  തന്റെ ശബ്ദത്തിലെ മാര്‍ദ്ദവമുള്ള സ്പന്ദന ഗതികളാണ്  വ്യത്യസ്തത നേടിക്കൊടുത്തതെങ്കില്‍ , ഖവാലിയുടെ കുലപതിയായിരുന്ന 'നുസ്രത് ഫതഹ് അലിഖാനെ' തന്റെ ശബ്ദ ഗാമ്ഭീര്യമാണ് ശ്രധിപ്പിച്ചതെങ്കില്‍, ഇന്ത്യന്‍ ഗസലിന്റെ തോഴനായിരുന്ന 'ജഗ്ജിത് സിംഗി'ന്റെ താളാത്മകമായ ശൈലിയാണ് അദ്ധേഹത്തെ നമുക്ക് പ്രിയങ്കരനാക്കുന്നതെങ്കില്‍ മെഹ്ദി ഹസനെ ഗസലിന്റെ ചക്രവര്തിയാക്കുന്നത്, ഇതെല്ലാം ഒരേ സമയം സന്നിവേശിപ്പിക്കുന്ന അസാധാരണമായ ആ ശബ്ദ സൌന്ദര്യമാണ് എന്നേ എനിക്ക് പറയാനറിയൂ. അത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടിയായ 'ലത മങ്കേഷ്കര്‍ ' ആ ശബ്ദത്തില്‍ ഈശ്വരനെ ദര്‍ശിച്ചത്, 'ജഗ്ജിത് സിംഗ്' എന്നും അദ്ധേഹത്തിന്റെ ശിഷ്യനാവാന്‍ കൊതിച്ചത്.

ഗസലുകള്‍ രണ്ടു രൂപത്തില്‍ നമ്മെ കരയിപ്പിക്കും.ഒന്ന് കഹാനിയിലെ വരികള്‍ പകര്‍ന്നു നല്‍കുന്ന ദുഃഖ ഭാരത്താല്‍. മറ്റൊന്ന് കാവ്യാംശത്തിലൂടെ അനുവാചകരില്‍ എത്തുന്ന ആനന്ദത്തിന്റെ മൂര്‍ത്ത  ഭാവത്താല്‍ . എന്നാല്‍ മെഹ്ദി യുടെ ഗസലുകള്‍ നയനങ്ങളില്‍ പലപ്പോഴും അശ്രു പൊഴിച്ചപ്പോഴും  ഒന്ന് മാത്രം അറിയാതെ പോകും, ഇതില്‍ എന്തിനു വേണ്ടിയായിരുന്നു അതെന്ന്‌.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പാരമ്പര്യവും ഉയര്‍ന്ന മികവും കാണിച്ചിട്ടും ഗസലിനെ മാത്രം ഇത്രയും കൂടെക്കൂട്ടാനുള്ള കാരണം ചോദിച്ചപ്പോള്‍ മെഹ്ദി പറഞ്ഞു:"മുഴുവന്‍ മനുഷ്യ ഭാവത്തെയും ഗസലില്‍ സജീവമാക്കാം.കവിതയും സംഗീതവും ഇത്ര കണ്ട് ഭാവാത്മകമായി സംവദിക്കുന്നത് ഗസലില്‍ മാത്രം". പരമ സത്യം. ഈ സംവേദനരീതി കൊണ്ട് ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുന്നവയാണ് മെഹ്ദിയുടെ ഓരോ ഗസലുകളും. വിഷാദം മുറ്റി നില്ക്കുന്ന ഗസലുകള്‍  പ്രത്യേകിച്ചും. അത്തരത്തില്‍ ഒന്നാണ് അഹ്മദ് ഫരാസ് രചിച്ച, മെഹ്ദിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ഈ വരികള്‍..

“രഞ്ജീശ് ഹി സഹീ ദില്‍ ഹി ദുഖാനെ കേലിയെ ആ
ആ ഫിര്‍ സെ മുജെ ച്ചോട്കെ ജാനേ കേലിയെ ആ
പെഹലെ സെ  മരാസിം ന സഹീ ഫിര്‍ ഭീ കഭീ തോ
റസം-ഓ-രഹ് യെ -ദുനിയാ ഹീ നിഭാനെ കേലിയെ ആ
കിസ് കിസകോ പതായേംഗേ ജുദായീ കാ സബബ് ഹം
തു മുച്ഹ്സെ ഖഫ ഹേ  തോ സമാനേ കേലിയെ ആ…..”
(ഹൃദയത്തെ മുറിവേല്‍പ്പിക്കാന്‍ ഇനിയും നീ വരണം, വേദനിക്കുമെങ്കിലും
വരണം ഇനിയും എന്നെ ഉപേക്ഷിച്ച് പോവാനാണെങ്കിലും നീ വരണം
കഴിഞ്ഞ കാലത്തെ ബന്ധത്തിന് വേണ്ടിയല്ലെങ്കിലും
ദുനിയാവിലെ നാട്ടു നടപ്പിനു വേണ്ടിയെങ്കിലും ഇനിയും വരണം
വേര്‍പാടിന്റെ കാരണം ആരോടു വിവരിക്കും ഞാന്‍
നിനക്കെന്നോട് പിണക്കമാണെങ്കിലും ലോകമാന്യത്തിനു വേണ്ടിയെങ്കിലും വരണം…)*

ആ ശബ്ദ സൌകുമാരത്തില്‍ ഞാന്‍ സ്വയം ലയിച്ചില്ലാതെയാവുന്നു.പ്രണയവും നൈരാശ്യവും കലര്‍ന്ന വരികള്‍ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റുന്നു.മണിക്കൂറുകളോളം അതില്‍ ലയിച്ചിരുന്നു പോകുന്നു.
ഗസലിന്റെ ആത്മാവ് തന്നെ പ്രണയമാണ്, സ്നേഹമാണ്. പ്രിയപ്പെട്ടവരോടുള്ള പ്രണയം, പ്രകൃതിയോടുള്ള പ്രണയം, ഈശ്വരനോടുള്ള പ്രണയം, തന്നോട് തന്നെയുള്ള പ്രണയം.. ആ പ്രണയമില്ലാതെ ഗസല്‍ ഇല്ല തന്നെ. മെഹ്ദി തന്നെ പാടട്ടെ..

"ഹമേന്‍ കോഇ ഗം നഹീ ഥാ, ഗമേ ആശിഖീ സെ പെഹലെ
 ന ഥീ ദുഷ്മനേം കിസീസേ, തെരി ദോസ്തീ സെ പെഹലെ
 ഹേ യേ മെരീ ബദ്നസീബ്, തേരാ ക്യാ ഖുസൂര്‍ ഈസ്‌ മേന്‍
 തെരെ ഗം നെ മാര്‍ ഡാലാ, മുജെ സിന്ദഗീ സെ പെഹലെ...
...........................
...... മേരാ  പ്യാര്‍ ജല്‍  രഹാ ഹേ, അരെ ചാന്ദ് ആജ് ചുപ്പ് ജാഓ
      കഭീ പ്യാര്‍ ഥാ ഹമെന്‍ ഭീ, തേരി ചാന്ദ്നീ സെ പെഹലേ...."
 ഈ രണ്ടു വരികള്‍ എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌.  ചന്ദ്രനോടുള്ള ആ സല്ലാപം മാത്രം മതി എത്ര പുകയുന്ന സമയത്തും മനസ്സ് നിറഞ്ഞ് എല്ലാം മറക്കാന്‍... മെഹ്ദി ഇവിടെ പാടുകയായിരുന്നില്ല, അനുഭവിച്ചറിഞ്ഞ ഒരു അവസ്ഥയെ അനുവാചകന്റെ ഹൃദയത്തിലേക്ക് ആനയിച്ച് കൊണ്ട് വരികയാണെന്നേ തോന്നുകയുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ എന്റെ അക്ഷരങ്ങള്‍ക്ക് ശക്തി പോരാ, ആ വശ്യാനുഭൂതിയെ പകര്ത്തിയിടാന്‍ മാത്രം.

മിര്‍ താഖി മിര്‍ "പത്താ പത്താ ബൂട്ടാ ബൂട്ടാ" യും ബഹദൂര്‍ഷ സഫര്‍ "ബാത്ത് കര്‍നീ മുജെ മുശ്കില്‍ കഭീ" യും ഗാലിബ് "ദില്‍ സെ തേരീ നിഗാഹ്" ഉം മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്നേ കുറിച്ചിട്ടത്‌ സത്യത്തില്‍ മെഹ്ദിയുടെ ശബ്ദമികവിനെ നമുക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോകും, നൂറ്റാണ്ടുകള്‍ക്കിപ്പുറം അവ മെഹ്ദി പാടുമ്പോള്‍.

"പത്താ പത്താ ബൂട്ടാ ബൂട്ടാ ഹാല്  ഹമാരാ ജാനേ ഹേ "..
ഇവിടെ പ്രകൃതിയുടെ നൈര്‍മല്യവും ഇളം തെന്നലുമാണ് മെഹ്ദിയുടെ ശബ്ദത്തില്‍ വിളക്കി ചേര്‍ത്തിരിക്കുന്നത്, പ്രകൃതിയുടെ മര്‍മരം പോലെ, പ്രകൃതിയോടുള്ള സല്ലാപം പോലെയും..

ഗസല്‍ ഗായകരില്‍ നിന്ന് മെഹ്ദിയെ വ്യത്യസ്തനാക്കുന്നത് ഉര്‍ദു വാക്കുകളുടെ ഉച്ചാരണ ശുദ്ധിയും പദവിന്യാസത്തിലെ സമ്പൂര്‍ണ്ണതയും കൂടിയാണ്. മറ്റൊരു പ്രത്യേകതയായ ആലാപനത്തിനിടയിലെ വിശദീകരണം കൂടിയാകുമ്പോള്‍ ഗസല്‍ മെഹ്ദിയുടെതാവുകയായി.

ഗസല്‍ സ്നേഹമാണ്. കളങ്കമില്ലാത്ത സ്നേഹം. ഹൃദയം കൊണ്ട് ആത്മാവിനെ തേടുന്നവരെ അനുഭൂതിയുടെ ചരടില്‍ കോര്‍ക്കുന്ന സ്നേഹം. ഗസല്‍ ഒരു യാത്രയുമാണ്, തന്നിലെ തന്നെ കണ്ടെത്താനുള്ള യാത്ര. സ്വന്തത്തെ തേടിയുള്ള ആത്മാന്വേഷകര്‍ക്ക് മാത്രം അനുഭവേദ്യമാകുന്ന തീര്‍ത്ഥയാത്ര. ആ യാത്രയില്‍ നമ്മെ വഴി നടത്തുന്നവരാണ് ഗസല്‍ ഗായകര്‍. മെഹ്ദി അവരുടെ നേതാവും. ഗസലിന്റെ ഭാവിയെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ ഊര് ചുറ്റിയായ ഒരു സൂഫി പറഞ്ഞുവത്രേ, 'ഭൂമിയില്‍ സ്നേഹമുള്ള കാലത്തോളം ഗസലും ഉണ്ടാകുമെ'ന്ന്. എങ്കില്‍ ഗസലുള്ള കാലത്തോളം മെഹ്ദിയുമുണ്ടാവും. അതറിയാതെ ആകില്ല മെഹ്ദി തന്നെ ഇങ്ങിനെ പാടിയത്.

"സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍ത്തീ ഹേ
 മേന്‍ തോ മര്‍ കര്‍ ഭീ മേരീ ജാന്‍ തുജെ ചാഹുന്ഗാ....
 ...തു മിലാ ഹേ തോ യെ ഇഹ്സാസ് ഹുആ ഹേ മുജ്കോ
     യേ മേരീ ഉമര്‍ മോഹബ്ബത് കേലിയെ തോഡീ ഹേ ...."
അതെത്ര ശരി..യെ ഉമര്‍ മുഹബ്ബത്ത് കേലിയെ തോഡീ ഹേ ..

മെഹ്ദിയുടെ ഓരോ ഗസലും കേള്‍ക്കുന്തോറും ഇമ്പം കൂടി കൂടി വരികയെ ഉള്ളൂ. അതാണല്ലോ മെഹ്ദി യുടെ കഴിവും. മെഹ്ദിയുടെ ഗസലുകളില്‍ ഏതിനെയാണ് പ്രത്യേകം എടുത്തുദ്ധരിക്കാനാവുക?   'ഗുലോം കോ രംഗ് ഭരേ' യെയോ 'ദേഖ് തു ദില്‍ കെ ജാന്‍ സെ ഉഡ് താ ഹേ' യെയോ അല്ലെങ്കില്‍ 'യൂന്‍ സിന്ദഗീ കി രാഹ് മെന്‍ ടക്റാ  ഗയാ കോയീ' യെയോ  'മോഹബ്ബത് കര്‍നേ വാലേ കം ന ഹോന്ഗെ തേരീ മെഹ്ഫില്‍ മേ ലേകിന്‍ ഹം ന ഹോന്ഗെ' യെയോ 'ഫൂല്‍ ഹി ഫൂല്‍ ഖില്‍ ഉട്ടെ' യെയോ അതോ 'ഏക്‌ ബസ് തുഹീ മുജെ' യെയോ 'ദുനിയാ കിസീകെ പ്യാര്‍ മേ ജനനത് സെ കം ന ഹോന്ഗെ' യെയോ അതുമല്ലെങ്കില്‍ 'ക്യാ ഹംസേ ഖഫാ ഹോ ഗയെ' യെയോ 'രഫ്താ രഫ്താ  ഓ മേരീ ഹസ്തീ കാ സമാന്‍ ഹോഗയെ' യെയോ അതോ... ഞാന്‍ വീണ്ടും അശക്തനാവുന്നു.

മെഹ്ദി നമ്മെ വിട്ടു പിരിഞ്ഞു. പകരം വെക്കാന്‍ മറ്റൊന്നും നമുക്കില്ല, അദ്ധേഹത്തിന്റെ തന്നെ ശബ്ദമല്ലാതെ. ആ ദുഃഖം മറക്കാനും പ്രിയപ്പെട്ട മെഹ്ദി സാബ് നമുക്ക് വേണ്ടി മുമ്പേ പാടി വെച്ചു…
 ”അബ് കെ ഹം ബിച്ച്ടെ തോ ശായിദ് കഭി ഖ്വാബോന്‍ മേന്‍ മിലേ
ജിസ് തരഹ് സുക്കെ ഹുവേ ഫൂല്‍ കിതാബോം മി മിലേ..”....
(ഒരു പക്ഷെ ഇപ്പോള്‍ നാം വിട്ടു പിരിഞ്ഞാല്‍
ചിലപ്പോള്‍ സ്വപ്നത്തില്‍ വെച്ച് കണ്ടു മുട്ടിയേക്കാം
പഴയ പുസ്തകത്താളുകളില്‍ അമര്ത്തി വെക്കപ്പെട്ട പുഷ്പത്തെ
പിന്നീടൊരിക്കല്‍ കണ്ടെത്തും പോലെ….)*
>>മഴവില്ല് E-മാഗസിനില്‍ പ്രസിദ്ധീകരിച്ചത്<<
......................................................................................................................
*തര്‍ജ്ജമ ശരിയല്ലെന്നറിയാം. പരാജയപ്പെട്ടെന്ന് അറിയിക്കാന്‍ വേണ്ടി മാത്രം.

Thursday, May 10, 2012

ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും.

നിങ്ങളൊരു യാത്രികനാണോ?യാത്രാ പ്രേമിയാണോ?യാത്രാ കുറിപ്പുകളെ ഇഷ്ടപ്പെടുന്നവനെങ്കിലും ആണോ? ആണെങ്കില്‍ നിങ്ങളീ കഥ അറിഞ്ഞേ പറ്റൂ.. അതെ, ഇതൊരു കഥയാണ്. ഒരു സാഹസിക സഞ്ചാരിയുടെ ജീവിത കഥ. പണക്കാരന്റെ മകനായി കുട്ടിക്കാലം കളിച്ചു കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി വിരുന്നു വന്ന ദാരിദ്ര്യത്തിന്റെ കയ്പ്പുനീര്‍ രുചിച്ച് പഠനം പോലും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന്, വിധി വൈപരീത്യത്തിന്റെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ മുന്നോട്ടുള്ള വഴിയെ മുള്ത്താരയാക്കിയപ്പോള്‍ ഒരു സാഹസിക യാത്രയെന്ന നിശ്ചയ ദാര്‍ഡ്യത്തിന്റെ കരുത്തുമായി ലോകം ചുറ്റാനിറങ്ങിയ ഒരു മലപ്പുറത്തുകാരന്‍ പയ്യന്റെ കഥ. അദ്ധേഹത്തിന്റെ പേരാണ് മൊയ്തു കിഴിശ്ശേരി.

മൊയ്തു കിഴിശ്ശേരി.
1976 ഡിസംബറില്‍ ലോകം ചുറ്റാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ തന്റെ കയ്യില്‍ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാ രേഖകളോ ഒന്നും തന്നെ ഇല്ലെന്നത് മോയ്തുവിനു പ്രശ്നമല്ലായിരുന്നു. അത്രക്കുണ്ടായിരുന്നു ആ ഉള്‍വിളിയുടെ കരുത്ത്.അങ്ങിനെ ആകെയുള്ള 50 രൂപയുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങാന്‍ ഒരുങ്ങി നില്‍ക്കവേയാണ് പ്ലാട്ഫോം ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പിടിക്കപ്പെടുന്നത്. മുന്നിലെ വിശാലമായ വഴിയില്‍ താന്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികളുടെ ആദ്യ കടമ്പയായിരുന്നു അത്. 15 രൂപ പിഴയടച്ചു തിരിച്ചു വരുമ്പോള്‍ പുറപ്പെടാന്‍ ഒരുങ്ങുന്ന  നിസാമുദീന്‍ ട്രെയിനാണ് മുന്നില്‍. ഒന്നും നോക്കാതെ അതില്‍ ചാടിക്കയരുമ്പോള്‍ മോയ്തുവിനു വയസ്സ് 17 ! മൂന്നു വന്കരകളിലൂടെ 24 രാഷ്ട്രങ്ങള്‍ ചുറ്റിത്തിരിഞ്ഞ, സംഭവ ബഹുലതകളാല്‍ ജീവിതത്തിനു പുതിയ നിറവും ഭാവവും നല്‍കിയ 7 വര്ഷം നീണ്ടു നിന്ന അസാധാരണമായ ഒരു സാഹസിക യാത്രക്ക് ഇവിടെ തുടക്കമാവുകയായിരുന്നു. 

മുന്‍കൂട്ടി തിരക്കഥയും സംവിധാനവുമെല്ലാം നടത്തി ഒഴുക്കിനനുസരിച്ചു നീങ്ങുക മാത്രം ചെയ്യേണ്ടുന്ന യാത്രകളെ മാത്രം കണ്ടും കേട്ടും പരിചയിച്ച നമുക്ക്, എങ്ങോട്ടെന്നോ എന്തിനെന്നോ ഒരു മുന്‍ധാരണയുമില്ലാതെ ചുറ്റിക്കറങ്ങാന്‍ മാത്രം തീരുമാനിച് രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്  ജീവന്‍ പണയം വെച്ചുള്ള, യാത്രാരേഖകള്‍ ഒന്നുമില്ലാതെയുള്ള ഈ യാത്ര ഒരല്ഭുതമായിരിക്കും.
 അതിര്‍ത്തിസേനയുടെ കണ്ണ് വെട്ടിച്ച് അതി വിദഗ്ധമായി നുഴഞ്ഞു കയറിയും മരണം മണക്കുന്ന മരുഭുമിയിലെ മണല്ക്കാട്ടിലൂടെ ദിവസങ്ങള്‍ അലക്ഷ്യമായി അലഞ്ഞു നടന്നും കുന്നും മലയും വലിഞ്ഞു കയറിയും കാടും കടലും താണ്ടിയും തോടും പുഴയും മുറിച്ചു കടന്നും ഒട്ടകത്തിലും പായക്കപ്പലിലും എ സി കാറിലും ചരക്കു ലോറിയിലും വിമാനത്തിലും സഞ്ചരിച്ചും ദേശാതിര്‍ത്തികള്‍ക്കപ്പുറത്തെ ജീവിതത്തെ തൊട്ടറിഞ്ഞ് കൂടെക്കൂടുകയായിരുന്നു മൊയ്തു എന്ന പയ്യന്‍.

വാഗ അതിര്‍ത്തിയില്‍ നിന്ന് പിടിക്കപ്പെട്ടിട്ടും പിന്തിരിയാതെ സേനയുടെ കണ്ണ് വെട്ടിച്ച് പാകിസ്ഥാനിലെത്തുന്നു. കുറെ കാലം അവിടെ കഴിഞ്ഞ ശേഷം ബലൂചിസ്ഥാന്‍ മരുഭൂമിയിലൂടെ അന്തമായ അലച്ചിലിനൊടുവില്‍ കാബൂളിലെത്തി. ദാരിദ്ര്യത്തോട് മല്ലടിച്ച് കഴിയുമ്പോഴും ലഹരിക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു കൂട്ടം പാവങ്ങളെ കണ്ടറിഞ്ഞ ശേഷം അവിടം വിടുന്നു. താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും കറങ്ങി വീണ്ടും കാബൂള്‍ വഴി കാണ്ടഹാറില്‍. പിന്നെ പാക്കിസ്ഥാനിലേക്ക് തന്നെ. 28 ദിവസത്തെ ജയില്‍വാസവും കഴിഞ്ഞ് ഇറാനിലെത്തുമ്പോള്‍ ആഭ്യന്തര കലാപത്തിന്റെയും ഇറാഖുമായുള്ള യുദ്ധത്തിന്റെയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടം. കുറെ കാലം അവിടെ കഴിഞ്ഞ് കൂടുന്നടിനിടയില്‍ ഒരു ഇറാന്‍ പത്രത്തില്‍ റിപ്പോര്ട്ടരായി ജോലി തരപ്പെട്ടു. അതു കഴിഞ്ഞ് തുര്‍ക്കിയിലേക്ക്. യാത്രയില്‍ തന്നോട് ഏറ്റവും ഇഴുകിച്ചേര്‍ന്ന നാടായിരുന്നു മോയ്തുവിനു തുര്‍ക്കി.  അകാലത്തില്‍ മരണപ്പെട്ട മകനാണെന്ന് കരുതി തന്നെ കണ്ടു മോഹാലസ്യപ്പെടുന്ന ഒരുമ്മയും കുടുംബവും ആ മകന്റെ ഐ ഡി യും ഡ്രെസ്സും മറ്റും നല്‍കി ആ കുടുംബത്തിലെ 'അവനാ'യി മാറാന്‍ നിര്‍ബന്ധിച്ചത്, തുര്‍ക്കി ഭാഷയും സംസ്കാരവും പഠിക്കാന്‍ കോളേജ് പഠനം, വഴിപോക്കനാണെന്നറിഞ്ഞിട്ടും സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ച് ജീവിതത്തിലേക്ക് ക്ഷണിക്കുന്ന പ്രണയിനി, ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയില്‍ വാസം.. തുടങ്ങി കുറച്ചൊന്നുമല്ല അനുഭവങ്ങള്‍ കൊണ്ട് തുര്‍ക്കി മൊയ്തുവിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഈ സഞ്ചാരത്തിനിടയില്‍ മൊയ്തു കൂടുതല്‍ തങ്ങിയതും തുര്‍ക്കിയില്‍ തന്നെ. 

പിന്നീട് റഷ്യ, ചെച്നിയ, ഉക്രൈന്‍, ലിബിയ, അള്‍ജീരിയ, ടുണീഷ്യ ഒക്കെ കഴിഞ്ഞ് സാംസ്കാരിക തനിമ കൊണ്ട് ചരിത്രത്തിലിടം കിട്ടിയ പിരമിഡുകളുടെ നാടായ ഈജിപ്തില്‍ . ശേഷം സിറിയ വഴി ഇറാഖില്‍ കടന്ന് ജോര്‍ദാന്‍ നദി നീന്തിക്കടന്ന് ഫലസ്തീനില്‍ വീണ്ടും ജോര്‍ദാനില്‍ വന്നത് അതിര്‍ത്തി കടന്ന് സൗദിയിലെ പുണ്യഭൂമിയിലെത്താനയിരുന്നു. പക്ഷെ ലക്ഷ്യം പിഴപ്പിച്ച സൈന്യം വെച്ച വെടി ഉന്നം പിഴച്ചെങ്കിലും അടുത്തത്  ഉന്നം പിഴക്കില്ലെന്നു പറഞ്ഞു ആട്ടിയപ്പോള്‍ തന്റെ രണ്ടാം പരാജയമെന്ന് മൊയ്തു അതിനെ വിലയിരുത്തി പിന്‍വാങ്ങി. 

ഇടക്ക് പെറ്റുമ്മയെകുറിച്ച് തികട്ടി വരുന്ന ഓര്‍മ്മ ഒരു മടക്ക യാത്രയെക്കുറിച്ച് ചിന്തിപ്പിക്കുന്നു. അങ്ങിനെ തുര്‍ക്കി- ഇറാന്‍ - പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക്‌ മടക്കം. അതോടെ, ഒരു പുരുഷായുസ്സിന്റെ, ആനന്ദത്തിമര്‍പ്പില്‍ ആറാടിക്കഴിയേണ്ട രക്തത്തിളപ്പിന്റെ യൗവന കാലത്തില്‍ നിന്നും വലിയൊരു ഭാഗം ചിലവഴിച്ചു നടത്തിയ, വ്യത്യസ്ത ജീവിതങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ കൊണ്ട് വിസ്മയതിന്റെ പുതിയൊരദ്ധ്യായം സമ്മാനിച്ച, വര്‍ഷങ്ങളുടെ ദൈര്‍ഖ്യമുള്ള ഒരസാധാരണ സഞ്ചാരത്തിന് വിരാമമിട്ട്  1984 ജനുവരി 1 ന് കിഴിശ്ശേരിയില്‍ മടങ്ങിയെത്തുമ്പോള്‍ പോക്കറ്റില്‍ വെറും 40  പൈസ മാത്രം ബാക്കിയുണ്ട്. അന്ന് വയസ്സ് 24 ..
'ദൂര്‍ കെ മുസാഫിര്‍' -മാതൃഭുമി ബുക്സ്
തുര്‍ക്കിയിലെ ഭരണാധികാരിയായിരുന്ന കമാല്‍ പാഷയെ കുറിച്ച് ഒരിക്കല്‍ വിവരം തപ്പുന്നതിനിടയിലാണ്  അവിചാരിതമായി മൊയ്തു കിഴിശ്ശേരിയുടെ ആദ്യ ബുക്കായ "തുര്‍ക്കിയിലേക്കൊരു  സാഹസിക യാത്ര" കയ്യിലെത്തുന്നതെങ്കില്‍ അടുത്ത ബുക്കായ "ദൂര്‍ കെ മുസാഫിര്‍" ഞാന്‍ തപ്പിപ്പിടിച്ച്‌ വാങ്ങിയതായിരുന്നു. തുര്‍ക്കി അത്രയ്ക്ക് പ്രിയപ്പെട്ടത് കൊണ്ടാണ് ആദ്യ ബുക്കിനു അങ്ങിനെ പേരിട്ടതെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. ആ പുസ്തകത്തിലുടനീളം അതാതു രാജ്യങ്ങളിലെ മത- രാഷ്ട്രീയ-സാംസ്കാരിക പരിസരങ്ങളെയും ഭംഗിയായി പറഞ്ഞു വെച്ചിരിക്കുന്നു. എന്നാലും പലപ്പോഴും യാത്രാ കുറിപ്പുകളിലൊക്കെ കാണും പോലെ ഇടക്കുള്ള ചരിത്ര പശ്ചാത്തലത്തെ വിശദീകരിക്കല്‍ ചിലര്‍ക്കെങ്കിലും അനവസരത്തിലുള്ള കടന്ന് കയറ്റമായി തോന്നിയേക്കാം. എന്നാല്‍ 'ദൂര്‍ കെ മുസാഫിര്‍' ല്‍ അങ്ങിനെയുള്ള വിശദീകരണങ്ങളൊന്നും ഇല്ല. തല മുതല്‍ ഒടു വരെ ഒരൊറ്റ പറച്ചിലായി കൊണ്ട് പോവുകയാണ് ചെയ്യുന്നത്.മാത്രമല്ല ആഗ്രഹിക്കാതെ കടന്നു വന്ന പ്രണയാനുഭവങ്ങള്‍ ഇതില്‍ കൂടുതലായി വിവരിക്കുന്നുമുണ്ട്. 

യാത്രയില്‍ നേരിടേണ്ടി വന്ന മധുരിക്കുന്നതും കൈപ്പേറിയതുമായ അനുഭവങ്ങള്‍ തന്നെയാണ് രണ്ടു പുസ്തകത്തിലും നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. തല മുകളിലൂടെ പായുന്ന വെടിയുണ്ടകളും, ഷെല്‍ വര്‍ഷത്തില്‍ കണ്മുന്നിലുള്ളവര്‍ മരിച്ചു വീഴുന്നതും, ജയില്‍ വാസവും, യൂഫ്രെട്ടീസിന്റെ കുത്തൊഴുക്കില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടുന്നതും, പട്ടാളക്കാരോടൊപ്പം ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുന്നതും, ഒരാള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും പൂമുഖത്തെ ഫ്രൈം ചെയ്തു വച്ച തന്റെ ഫോട്ടോ കണ്ടു അന്തം വിട്ടു നില്‍ക്കുമ്പോള്‍ അകത്തു നിന്ന് വന്ന ഉമ്മ തന്നെ കണ്ടു കുഴഞ്ഞു വീഴുന്നതും, മരുഭൂമിയിലൂടെ മരണത്തെ മുന്നില്‍ കണ്ട് അന്നപാനീയങ്ങളില്ലാതെ ദിക്കറിയാതെ അലയുന്നതും, ചെങ്കുത്തായ ഉരുളന്‍ കല്ലുകളുടെ ചെരുവില്‍ നിന്ന് മരണക്കയത്തിലേക്ക് ഉരുളുമ്പോള്‍ പിടിവള്ളി രക്ഷക്കെത്തുന്നതും, അതിര്‍ത്തി കടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുന്നതും, ജയിലില്‍ പോലീസ് മേധാവികളുടെ സ്വീകരണ ചടങ്ങും, കൊടും കാട്ടിലെ അന്തിയുറക്കവും, ഒറ്റപ്പെടലിനെ ഒരാനന്ദമായി കരുതുമ്പോഴും നിഷ്കളങ്കമായ സ്നേഹം കൊണ്ട് ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കുന്ന വിളിക്കാതെ കടന്നു വരുന്ന പ്രനയഭാജനങ്ങളും, അവരെ പിരിയേണ്ടി വരുന്ന വികാര നിര്‍ഭരമായ രംഗങ്ങളും, മനമില്ലാ മനസ്സോടെ ഉറപ്പിച്ച നിക്കാഹിന്റെ ആറു ദിവസം മുന്നേ നിവൃത്തിയില്ലാതെ മുങ്ങുന്നതും എല്ലാം നമ്മെ ജിജ്ഞാസയുടെ അങ്ങേത്തലക്കല്‍ എത്തിക്കുന്ന അനുഭവങ്ങളില്‍ ചിലത് മാത്രം.
മൊയ്തു കിഴിശ്ശേരിയുടെ പുസ്തകങ്ങള്‍ : 1.'തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര'- പൂങ്കാവനം ബുക്സ്, കോഴിക്കോട്.  2.'ദൂര്‍ കെ മുസാഫിര്‍' മാതൃഭുമി ബുക്സ്.  3.'ലിവിംഗ് ഓണ്‍ ദി എഡ്ജ്' -കൈരളി ബുക്സ്.  4.'ചരിത്ര ഭൂമികളിലൂടെ' -പൂങ്കാവനം ബുക്സ്, കോഴിക്കോട്. 5.'ദര്‍ദെ ജുദാഇ' - കൈരളി ബുക്സ്

യാത്രക്കാവശ്യമായ പണം മൊയ്തുവിനെ തേടി എത്തുന്നത് വിവിധങ്ങളായ വഴികളിലൂടെയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് ഗൈഡ് ആയും  പത്ര പ്രവര്‍ത്തകനായും മറ്റും ജോലി നോക്കിയിരുന്നെങ്കിലും, കാര്യമായി മൊയ്തുവിനെ സഹായിച്ചത് യാത്രയിലുടനീളം കഥ കേള്‍ക്കുന്ന നാട്ടുകാരും മറ്റും 'യാത്രക്കാരന്' ഒറ്റക്കും കൂട്ടമായി പിരിവെടുത്തും നല്‍കുന്ന കൈമടക്കുകളായിരുന്നു.

ഈ പുസ്തകങ്ങള്‍ ഒരുപാട് തവണ വായിച്ചപ്പോള്‍ പലപ്പോഴും കണ്ണടച്ച് കിടന്ന് , വിശാലമായ ഈ ഭൂമിയിലൂടെ മനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്, രേഖകള്‍ കൊണ്ട് വിലക്ക് വാങ്ങേണ്ടുന്ന അനുമതി വേണ്ടാതെ, പ്രകൃതിയെയും അതിന്റെ ജീവല്തുടിപ്പുകളെയും തൊട്ടറിഞ്ഞു കൊണ്ടുള്ള ഒരു അലച്ചില്‍ സ്വപ്നം കാണാന്‍ തുടങ്ങുമ്പോഴേക്കു പൊടുന്നനെ മനസ്സ് 'അസംഭവ്യം' എന്ന് വിലക്കുന്നുവെങ്കിലും, കൊതിച്ചു പോവുന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്ന്...

പിങ്കുറിപ്പ്: ഒരുപാട് കാലത്തെ പരിചയപ്പെടണമെന്ന ആഗ്രഹം തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം അദേഹത്തെ വിളിച്ചപ്പോഴാണ്  ഇനിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സൂഫികളെ കുറിച്ച ഒരു ബുക്ക്‌ പണിപ്പുരയിലാണെന്നും അറിയുന്നത്. കൈരളി ബുക്സിന്റെ  സാഹസികതകളെ ആധാരമാക്കിയുള്ള 'ലിവിംഗ് ഓണ്‍ ദി എഡ്ജ്' ഉം യാത്രയിലെ പ്രണയ നൊമ്പരങ്ങളെ അയവിറക്കുന്ന 'ദര്‍ദ് എ ജുദാഇ' യും ഉടനെ തന്നെ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്.

ഇദേഹത്തെ കുറിച്ച് പുറം ലോകം ഇപ്പോഴും അധികമൊന്നും അറിഞ്ഞിട്ടില്ലെങ്കിലും ഈയിടെയായി ചരിത്രാന്വേഷികളും വിദ്യാര്‍ഥികളും അടക്കം പലരും അദ്ധേഹത്തെ കാണാനും വിവരങ്ങള്‍ അറിയാനും വരാരുണ്ടത്രേ. ദി ഹിന്ദു, മാതൃഭുമി,സിറാജ്, ദേശാഭിമാനി തുടങ്ങി പല പത്രങ്ങളിലും അദേഹത്തെ കുറിച്ച ഫീച്ചര്‍ വന്നിരുന്നു. നിലമ്പൂരില്‍ തേക്ക് മ്യുസിയത്തിനടുത്ത്, യാത്രക്കിടയില്‍ കിട്ടിയ തന്റെ അമൂല്യ വസ്തുക്കളുടെ ശേഖരങ്ങളുമായി ഒരു മ്യുസിയം നടത്തുന്നു എന്ന് കേട്ടിരുന്നു. എന്റെ  നിലമ്പൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാന്‍ കൊതിച്ചതായിരുന്നു.പക്ഷെ നടന്നിരുന്നില്ല.  തുടങ്ങി ആറു മാസം കഴിഞ്ഞു ആരോഗ്യ സ്ഥിതിതി മോശമായപ്പോള്‍ ആ സംരംഭം ഒഴിവാക്കിയത്രേ. 


വിളിച്ചപ്പോള്‍ ആശുപത്രിയിലായിരുന്നു.അനാരോഗ്യം വല്ലാതെ അലട്ടുന്നു എന്ന് പറഞ്ഞെങ്കിലും ആശുപത്രിക്കിടക്കയില്‍ വെച്ചും ഒരുപാട് സംസാരിച്ചു. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബവുമൊത്ത്  കിഴിശ്ശേരിയിലാണ് താമസം. പുറത്ത് പറയുന്നില്ലെങ്കിലും സാമ്പത്തിക സ്ഥിതിയും അത്ര ആശാവഹമല്ല എന്നാണ് മനസ്സിലായത്‌.


Thursday, March 15, 2012

ഓര്‍മ്മത്താളിലെ ഓലപ്പുര

ഉച്ചയൂണ് കഴിഞ്ഞ് ഒരുച്ച മയക്കത്തിനായി മുകളിലത്തെ മുറിയില്‍ കയറി കിടന്നതാണ്. എപ്പോഴോ മയക്കം വിട്ടുണര്‍ന്നപ്പോള്‍ ജഗ്ജിത് സിങ്ങാണ് ട്രാക്കില്‍.

"യെ ദൌലത് ഭി ലേലോ, യെ ശൊഹ്രത് ഭി ലേലോ
  ഭലേ ച്ചീന്‍ ലോ മുജ്സെ മേരീ ജവാനീ.."

തന്റെ ഇപ്പോളത്തെ പ്രതാപവും പ്രശസ്തിയും ഒക്കെ തിരിച്ചെടുത്തോളാനാ പറയുന്നത്. വേണമെങ്കിലും ഈ നിറയൌവനവും തിരിച്ചെടുക്കാമെന്ന്..  എന്നിട്ടെന്ത്?? 

  ...മഗര്‍ മുജ്കോ ലോട്ടാ ദോ ബച്പന്‍ ക സാവന്‍
  വോ കാഗസ് കി കശ്തീ, വോ ബാരിഷ് കാ പാനീ.."

പകരം എനിക്കെന്റെ കുട്ടിക്കാലത്തെ വര്‍ഷക്കാലം തിരിച്ചു തന്നാല്‍ മതി. ആ കടലാസിന്റെ തോണിയും ആ മഴവെള്ളവും....

ചെരിഞ്ഞു കിടന്ന് തുറന്നിട്ട ജനല്‍ പാളിയിലൂടെ പുറത്തേക്ക് കണ്ണ് പായിച്ചപ്പോള്‍ റോട്ടിലൂടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍. നടന്നകലുന്ന ആ കുട്ടികളുടെ പുറത്തൂടെ തൂക്കിയിട്ട ബാഗാണോ , അതോ ചങ്ങാതിയുടെ തോളില്‍ കോര്‍ത്ത കയ്കളാണോ എന്നറിയില്ല ചിന്തയെ ഒരു വേള വര്‍ഷങ്ങള്‍ പുറകിലേക്ക് പായിച്ചു. അനുഭവങ്ങള്‍ കൊണ്ട് ബഹുവര്‍ണ ചിത്രങ്ങള്‍ വരച്ചിട്ട ഓര്‍മ്മപ്പുസ്തകത്തിലെ പൊടിപിടിക്കാത്ത താളുകള്‍ കയറിയിറങ്ങി ചെന്നെത്തിയത് അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ രണ്ടു വര്ഷം ചെന്നിരുന്ന 'ഓലപ്പുര'യുടെ വെളിച്ചം മങ്ങിയ അകത്തളത്തില്‍.

മൊയ്തുട്ടിക്കാന്റെ  പീടികക്ക് സമീപം റോഡു വക്കില്‍ നിന്ന് കുറച്ചകലെയായി, അതിരിട്ട അര മതിലിനെ ഒരു വശത്തെ ചുമരാക്കിയും ബാക്കി മൊത്തം തനി നാടന്‍ മൊടഞ്ഞ ഓലകൊണ്ട് പണിത ഓലപ്പുര. നടുക്ക് നിന്ന് ഇരു വശത്തേക്കും ചെരിച്ചു പന്തലിട്ടും വശങ്ങള്‍ വെച്ചു കെട്ടിയും ഉണ്ടാക്കിയ ഒരൊറ്റമുറിപ്പുരയാണിത്. സ്നേഹപൂര്‍വ്വം ഞങ്ങളെല്ലാവരും വിളിക്കും 'ഓലപ്പുര' എന്ന്.  ഈ ഓലപ്പുരയിലായിരുന്നു വിദ്യയെന്തെന്നറിയാത്ത അഭ്യാസക്കളരിയുടെ ആദ്യ രണ്ടു വര്ഷം ചിലവിട്ടത്.

ഞങ്ങള്‍ അന്നാട്ടുകാര്‍ക്ക്‌ ചുരുങ്ങിയത് രണ്ടു കിലോമീറ്റര്‍ എങ്കിലും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പോയാലല്ലാതെ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ വഴികളില്ലായിരുന്നു. പിന്നെയുള്ളത് ഇവിടെത്തന്നെയുള്ള ഒരു ഇംഗ്ലീഷ് മീഡിയമാണ്. അതാനെങ്കിലോ അന്ന് ഞങ്ങള്‍ക്കൊന്നും പറഞ്ഞതുമായിരുന്നില്ല. നാട്ടിലെ സമപ്രായക്കാരില്‍ ഒരാളെപ്പോലും ഈ സമയം അവിടെ പഠിച്ചിരുന്നതായി എനിക്കോര്‍ക്കാനില്ല. ആയതിനാല്‍ ഞങ്ങളുടെ നാട്ടിലെ പിള്ളേര്‍ക്ക് അ,ഇ,ഉ പഠിക്കാന്‍ തട്ടിക്കൂടി ഉണ്ടാക്കിയ ഒരു ഓത്തുപള്ളിയായിരുന്നു   ഈ ഓലപ്പുര. ഓലപ്പുരയുടെ നടത്തിപ്പുകാരായി ആകെയുള്ളത്, വടിയുടെയോ അടിയുടെയോ വിരട്ടലുകളില്ലാതെ സ്നേഹം ചോരിക്കൊഴിയുന്ന വാക്കുകളുമായി ഞങ്ങളെ മെരുക്കാന്‍ പ്രത്യേകം കഴിവ് തെളിയിച്ച സ്നേഹനിതിയായ സഫിയ ടീച്ചറും പിന്നെ മാവേലിയെപ്പോലെ എപ്പോഴെങ്കിലുമൊക്കെ കാണാന്‍ കിട്ടുന്ന മാനേജര്‍ ഗൌരവക്കാരന്‍ മുസ്തഫാക്കയും. ഈ ഒറ്റ മുറിയില്‍ ഉച്ച വരെ ഒന്നാം ക്ലാസ്സുകാര്‍ക്കും ഉച്ചക്ക് ശേഷം രണ്ടാം ക്ലാസ്സുകാര്‍ക്കും മുറ പോലെ സഫിയ ടീച്ചര്‍ പാഠം പഠിപ്പിച്ചു പോന്നു.

ഓലപ്പുരയുടെ ഒത്ത നടുക്ക് സാമാന്യം വണ്ണമുള്ള ഒരു മുരിങ്ങ മരം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.  ഓലപ്പ്പുരയുടെ നാഡിമിടിപ്പുകള്‍ തൊട്ടറിയുന്ന ഈ മുരിങ്ങ മരത്തെ പറയാതെ ഓലപ്പുരയുടെ വിശേഷങ്ങള്‍ പറഞ്ഞു തീര്‍ക്കാനാവില്ല. അത്രയ്ക്കുണ്ട് ആ മുരിങ്ങ മരവുമായുള്ള അടുപ്പം. ഓരോ നടത്തത്തിലും മുരിങ്ങ മരത്തെ ഒന്ന് തൊട്ടു തലോടാതെ ഞങ്ങള്‍ക്ക് തൃപ്തി വരില്ലായിരുന്നു. മഴക്കാലത്ത് പലപ്പോഴും സ്ലേറ്റു മായിക്കാന്‍ വെള്ളത്തണ്ട് തികയാതെ വന്നപ്പോള്‍ പൊതിര്‍ന്നു നില്‍ക്കുന്ന മുരിങ്ങ മരത്തില്‍ ഒരു പിച്ച് പിച്ചി കാര്യം സാധിക്കാന്‍ ഞങ്ങള്‍ക്ക് ആവേശമായിരുന്നു. പിന്നെ കൊല്ലത്തില്‍ ഒരു പ്രാവശ്യമാണെന്ന് തോന്നുന്നു, ഞങ്ങള്‍ക്കൊരു ഉത്സവം വരാനുണ്ട്. ഓലപ്പുരയുടെ പുതുക്കി പണിയലും മുരിങ്ങ മരം വെട്ടിത്തെളിക്കലും.. അന്നായിരുന്നു ഞങ്ങളുടെ യുവജനോത്സവവും സ്പോര്‍ട്സും എല്ലാം. വീട്ടില്‍ നിന്നും മുതിര്‍ന്നവരെ ആരെയെങ്കിലും കൂട്ടി ഞങ്ങള്‍ എല്ലാ സ്ടുടെന്റ്സും വരും, കലാപരിപാടികള്‍ കണ്‍ നിറയെ കാണാനും പിന്നെ പോകുമ്പോള്‍ ഒരു കഷ്ണമെങ്കിലും മുരിങ്ങാ കൊമ്പും കൈ നിറയെ മുരിങ്ങാ കായയും കൊണ്ട് പോകാന്‍. അന്ന് കൊണ്ട് വന്ന ഒരു കൊമ്പ് ഇന്നും എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വലിയ മുരിങ്ങ മരമായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കലാപരിപാടികളൊക്കെ തീരുമ്പോഴെക്ക്  മേല്‍ക്കൂരയുടെ തുരുമ്പിച്ച ഓലയും കഴുക്കോലുമൊക്കെ മാറ്റി പുതിയ കഴുക്കോലുകളും ഓലകളുമൊക്കെയായി ഓലപ്പുരക്ക് പുതിയൊരു ഭാവം തന്നെ വന്നു കഴിഞ്ഞിരിക്കും. പിറ്റേന്ന് സ്കൂളില്‍, അല്ല ഓലപ്പുരയില്‍ പോകാന്‍ നേരം വെളുക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാവും. പിന്നെ അവിടെയെത്തുന്നത് വരെ മറ്റൊരു ചിന്തക്കും മനസ്സിനകത്തേക്ക് കടക്കാനേ പറ്റില്ലായിരുന്നു. അങ്ങിനെ അവിടെ എത്തിക്കഴിഞ്ഞാല്‍ ഒരു പുതിയ മണമായിരിക്കും ഞങ്ങളെ സ്വീകരിക്കുക. അതൊരു വല്ലാത്ത അനുഭവമായിരിക്കും. അകവും പുറവും ചുറ്റും നടന്നു ഓലകളുടെ നീളവും കെട്ടിന്റെ മട്ടും അലകിന്റെ വണ്ണവും ഒക്കെ ശരിയാണോ എന്ന് നോക്കണം! കുറ്റങ്ങളും കുറവുകളുമൊക്കെ കണ്ടെത്തി ഒരു വിവാദമുണ്ടാകാന്‍ എല്ലാവര്ക്കും നൂറു നാവായിരിക്കും.  പിന്നെ ആ വിശേഷങ്ങളൊക്കെ പറഞ്ഞു തീരാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വന്നു.

സഫിയ ടീച്ചര്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കുകയായിരുന്നില്ല. വിസ്മയങ്ങളുടെ വിശാലമായ ലോകത്തേക്ക് ഞങ്ങളെ വഴി നടത്തുകയായിരുന്നു. ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞു തന്നും ഞങ്ങളുടെ മനം കവര്‍ന്നപ്പോള്‍ ഞാന്‍ വിസ്മയം കൊള്ളുമായിരുന്നു  "ഈ ടീച്ചര്‍ക്ക് ഇതൊക്കെ  എങ്ങിനെ അറിയുന്നു" എന്ന്. അന്നൊരിക്കല്‍  ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കുളമായ ഒരു രംഗം ഇന്നും ഒളിമങ്ങാതെ മനസ്സില്‍ കിടപ്പുണ്ട്. കേട്ടെഴുത്ത് എടുത്തതായിരുന്നോ ചോദ്യം ചോദിച്ചതായിരുന്നോ എന്നോര്‍ക്കുന്നില്ല, ചോദ്യമിതായിരുന്നു "വാര്‍ത്തകള്‍ അറിയാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം ഏത്?". ദിവസവും മുടങ്ങാതെ വെളുപ്പിന് ആറെ മുക്കാലിന്റെ ആകാശവാണി വാര്‍ത്ത ഉപ്പാന്റെ മേശക്കരികില്‍ ചെന്ന് സാകൂതം ശ്രവിക്കാരുണ്ടായിരുന്ന എനിക്ക് മുന്നില്‍ ഉത്തരം മുട്ടാന്‍ ഒന്നുമില്ലായിരുന്നു, 'റേഡിയോ' എന്നാ ഉത്തരമല്ലാതെ. അവിടെ പക്ഷെ ഉത്തരം ദിനപത്രമാണെന്നു ടീച്ചര്‍ തിരുത്തിയപ്പോള്‍ ദിവസങ്ങള്‍ മനസ്സ് നൊന്തത്‌, ശരിയുത്തരം പറയുന്നവന് കിട്ടാനുള്ള കളര്‍ ചോക്കിന്‍ കഷ്ണവും ഓലപ്പുരയിലെ ബെല്ലടിക്കാനുള്ള അവസരവും നഷ്ടപ്പെടുമെന്ന് ഓര്‍ത്തിട്ടായിരുന്നു. സഫിയ ടീച്ചര്‍ക്ക് എന്റെ വീട്ടുകാരുമായി പ്രത്യേക അടുപ്പം ഉണ്ടായിരുന്നത് കൊണ്ട് അനവസരത്തില്‍ പലപ്പോഴും ചോക്ക് തന്ന് ടീച്ചര്‍ എന്നെ പരിഗണിക്കുമ്പോള്‍ എന്തൊരഭിമായിരുന്നു.

പേരില്‍ 'പാത്താന്‍ വിടല്‍' ആയ പത്തു മിനുട്ട് ഇന്റര്‍വെല്‍ ഒരിക്കല്‍ പോലും പാത്താന്‍ ഉപയോഗിച്ചതായി ഓര്‍ക്കുന്നില്ല. പിന്നെ തൊട്ടടുത്തുള്ള മൊയ്തുക്കാന്റെ ആക്ക്രിക്കടയിലെ ഉപ്പുംപെട്ടിയില്‍ കയറി ഇരുന്നു കാരണവന്മാരെ പോലെ സൊറ പറഞ്ഞ് ഇരിക്കും. ചില്ലറ വല്ലതും ഉണ്ടെങ്കില്‍ രണ്ടു തേനിലാവോ പുളിയച്ചാരോ ഒക്കെ വാങ്ങി നുണയുകയുമാവാം.

ഓലപ്പുരക്കുള്ളിലെ ഇരുട്ടിനോട്‌ ഇണങ്ങാന്‍ തുടക്കത്തില്‍ ഞങ്ങള്‍ക്ക് പാട് പെടേണ്ടി വന്നു. മഴക്കാലത്ത് പെട്ടെന്ന് ആകാശം കറുത്ത് നല്ലൊരു മഴയ്ക്ക് അരങ്ങുണര്‍ന്നാല്‍ അവിടെമാകെ ഇരുട്ട് മൂടി എഴുത്തും വായനയും അസാധ്യമാകും വിധം 'സന്ധ്യ'യാകുന്നത് പിന്നീട് എനിക്ക് ഇഷ്ട്ടമായിത്തുടങ്ങി. ചുറ്റിലും കനം വെച്ച ആയിരക്കണക്കിന് വെള്ളത്തുള്ളികള്‍ വലിയ ശബ്ദത്തില്‍ തുരു തുരാ മഴയായി വന്നു പതിക്കുമ്പോള്‍, അടുത്ത് വന്നിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ സഫിയ ടീച്ചര്‍ ഞങ്ങള്‍ക്ക് ആടിന്റെയും പൂച്ചയുടെയും കോഴിയുടെയുമൊക്കെ കഥകള്‍ പറഞ്ഞ് തരുമ്പോള്‍ പുറകിലേക്ക് തിരിഞ്ഞ് നോക്കിയാല്‍  കാണാം, കഥാപാത്രങ്ങളായ ആടും കോഴിയും പൂച്ചയുമൊക്കെ അവസാനത്തെ ബെഞ്ചിന്റെ പിന്നിലായി കഥ കെട്ടും കൊണ്ടിരിക്കുന്നത്..

ഓര്‍ത്താല്‍ തീരാത്ത ഈ ഓലപ്പുര വിശേഷത്തില്‍ നിന്ന് തലയുരാന്‍ ഉമ്മാന്റെ ചായവിളിയാണ് കാരണമായത്‌. ഇനിയും വിളി കേട്ടില്ലെങ്കില്‍ ഉമ്മാന്റെ മട്ടു മാറും. ഓലപ്പുരയും ഓത്തുപള്ളിയുമൊന്നും അവിടെ ചിലവാകില്ല. അതുകൊണ്ട് വേഗം പോയി ചായ കുടിച്ചു വരാം....

Tuesday, February 21, 2012

ഫലസ്തീനിലൊരു 'ഗാന്ധി'- മാധ്യമം

 മുങ്കുറിപ്പ് : എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും നോക്ക് കുത്തിയാക്കി, ഒരു കുറ്റവും ചുമത്താതെ വിചാരണ പോലും നടത്താതെ അറസ്റ്റ് ചെയ്ത് അനന്തമായി ജയിലിലിട്ട് ക്രൂരമായി പീഡിപ്പിച്ച് ഭീകര വാഴ്ച തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ തടവില്‍ കിടന്ന് ഇത്തരം ഒരു ഫലസ്തീന്‍ ഇര 'ഖാദര്‍ അദ്നാന്‍ '  നടത്തുന്ന നിരാഹാര സമരത്തെ കുറിച്ച് 20012 feb 21 നു 'മാധ്യമം' എഡിറ്റോറിയല്‍
ഫലസ്തീനിലൊരു 'ഗാന്ധി'


  ഗാന്ധിജിയുടെ മാതൃകയെപ്പറ്റി ഊറ്റംകൊള്ളുന്ന നാം ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാനും പിന്തുണക്കാനും പറ്റേണ്ട ഒന്നായിരുന്നു ഖാദര്‍ അദ്നാന്റെ സമരം. ഇസ്രായേലി ജയിലില്‍ അന്യായത്തടങ്കലിലുള്ള അദ്ദേഹം തന്നെപ്പോലുള്ളവര്‍ക്ക് നീതി ആവശ്യപ്പെട്ട് രണ്ടു മാസത്തിലേറെയായി സമരത്തിലാണ്. സമരായുധമോ, തന്റെ സ്വതന്ത്ര നിയന്ത്രണത്തില്‍ ഇപ്പോഴുള്ള ഏക വസ്തുവായ സ്വശരീരവും. 65 ദിവസമായി നിരാഹാരസമരം തുടരുന്ന അദ്നാന്റെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഇനി ഒരാഴ്ചപോലും ഇങ്ങനെ തുടരാന്‍ പറ്റാത്തവിധം അവശനായിട്ടും അദ്ദേഹം ആവേശപൂര്‍വം സമരം തുടരുകയാണ്.




ഇസ്രായേലി അധിനിവേശത്തില്‍ സ്വന്തമായ നാടുപോലുമില്ലാതായ ഒരു ജനതയുടെ പ്രതീകമാണ് ഖാദര്‍ അദ്നാന്‍. ജനീവ കരാറിന്റെ ലംഘനമാണ് ഇസ്രായേല്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ എന്ന വിശാലമായ തടങ്കല്‍പാളയത്തില്‍ മര്‍ദനത്തടവറകള്‍ ധാരാളം. വ്യാജ ആരോപണങ്ങളടക്കം ഉന്നയിച്ചുള്ള അറസ്റ്റും തടങ്കലും മാത്രമല്ല അവിടെയുള്ളത്. കുറ്റപത്രമോ ആരോപണംപോലുമോ ഇല്ലാതെ, ഭരണസൗകര്യത്തിനായുള്ള തടങ്കല്‍ (അഡ്മിനിസ്ട്രേറ്റിവ് ഡിറ്റന്‍ഷന്‍) എന്ന മനുഷ്യാവകാശ ലംഘനവും സാര്‍വത്രികമാണ്. ഒരു ചെറുത്തുനില്‍പു പാര്‍ട്ടിയില്‍ അംഗമായ അദ്നാന്‍ എന്തെങ്കിലും അക്രമം നടത്തിയതിന് തെളിവില്ല. കുറ്റാരോപണമോ കേസോ ഒന്നുമില്ലാതെ അദ്ദേഹത്തെ വെറുതെ തടവിലിട്ടിരിക്കുന്നു. ഫലസ്തീനില്‍ അന്യായമായി തടവിലാക്കപ്പെട്ട ഇത്തരം മനുഷ്യര്‍തന്നെ 300ല്‍പരമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ കിരാത നീതിക്കെതിരെ ശബ്ദിക്കാന്‍ ആഗോളവേദികളോ രാജ്യങ്ങളോ തയാറല്ല. മരവിച്ചുപോയ ഈ മനുഷ്യ മനസ്സാക്ഷിക്കെതിരെ കൂടിയാണ് അദ്നാന്റെ ഗാന്ധിയന്‍ സമരം.
 -----------------------------------------------------------------------------
 


 

Tuesday, February 14, 2012

'ഖാദര്‍ അദ്നാന്‍' മരണത്തിലേക്കോ ??

ഒരു പക്ഷെ ഈ കുറിപ്പ് അവസാനിക്കും മുമ്പേ ആ മരണ വാര്‍ത്ത നിങ്ങളെ തേടി എത്തിയേക്കാം. 
എന്നാല്‍ അദ്ദേഹത്തിനിപ്പോഴും  ഒന്നേ പറയാനുള്ളൂ "അന്തസ്സാണ് എനിക്ക് ഭക്ഷണത്തെക്കാള്‍ വലുത്"..

ഒരു കാരണവുമില്ലാതെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് പോയി ജയിലിലടച്ച്‌ ഒരു കുറ്റം പോലും ചുമത്താതെ ഒരു വിശദീകരവും നല്‍കാതെ ക്രൂര മര്‍ദനം അഴിച്ചു വിടുന്ന ഇസ്രയേല്‍ കാട്ടാള നീതിക്കെതിരെ രണ്ടു മാസത്തോളമായി 'ഖാദര്‍ അദ്നാന്‍' ജയിലില്‍ നടത്തി വരുന്ന നിരാഹാര സമരം അതിന്റെ മൂര്ധന്യദയില് എത്തിയിരിക്കുന്നു. 58  ദിവസം പിന്നിട്ട നീതിക്ക് വേണ്ടിയുള്ള ആ സമരം ഖാദറിന്റെ ജീവന് അങ്ങേ അറ്റം ഭീഷണി ഉയര്‍ത്തുമ്പോഴും ഉറച്ച മനസുമായി ഖാദര്‍ തന്റെ നയത്തില്‍ നിന്നും അണുവിട തെറ്റാതെ മുന്നേറുന്ന കാഴ്ച സങ്കടകരവും അതിലേറെ അതിശയവുമായിരിക്കുന്നു. 

ബദല്‍ മാധ്യമ സംവിധാനങ്ങളിലൂടെ ലോകത്താകമാനം ഖാദറിന് വേണ്ടി ശബ്ദം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. 



എന്താണ് താന്‍ ചെയ്ത തെറ്റെന്നോ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തെതെന്നോ പോലും അദ്ദേഹത്തോട്    പറയാനില്ലാതെ ഇസ്രയേല്‍ സൈനിക മേധാവികള്‍ ഈ ക്രൂര വിനോദം ആസ്വദിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.

കട്ടിലില്‍ കെട്ടിയിടപ്പെട്ട ഖാദര്‍ ന്റെ ആരോഗ്യ സ്ഥിതി അത്യന്തം വഷളായതായി അറിഞ്ഞ ശേഷം
'ആംനെസ്റ്റി' ക്ക് പിറകെ 'ഹുമന്‍ റൈറ്റ്സ് വാച്'(H R W ) ഉം കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. H R W യുടെ മിഡില്‍ ഈസ്റ്റ് ഡയരക്ടര്‍  സാറ വിത്സണ്‍  പറയുന്നു:"ഇസ്രയേല്‍ അടിയന്തിരമായി ഈ അനീതി അവസാനിപ്പിക്കണം. ഒന്നുകില്‍ കുറ്റം ചുമത്തുക, അല്ലെങ്കില്‍ വിട്ടയക്കുക" അവര്‍ തുടരുന്നു:" ഒരുപക്ഷെ ഖാദര്‍ നിരാഹാരം മൂലം മരണത്തിലേക്ക് അതിവേഗം  അടുക്കുന്നു, എന്നിട്ടും ഇസ്രയേല്‍ അദ്ധേഹത്തെ കിടക്കയില്‍ കേട്ടിയിടുന്നതിലാണ് ശ്രദ്ധിക്കുന്നത്, അന്യായമായെങ്കിലും ഏറ്റവും ചുരുങ്ങിയത് ഒരു കള്ളക്കേസ് ചാര്ത്താനെങ്കിലും നോക്കാതെ"..

'ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍' ന്റെ ഒരു പഠനം എടുത്തു കാണിച്ച്‌, 55 മുതല്‍ 75 ദിവസത്തിനുള്ളില്‍ ഇത്തരം നിരാഹാരക്കാര്‍ക്ക് മരണം സംഭവിക്കാം എന്നും H R W ചൂണ്ടിക്കാണിക്കുന്നു...


"FREE KHADER ADNAN, who's dying2live"
 

Saturday, February 11, 2012

മലയാളം ബ്ലോഗേഴ്സ്, Khadar Adnan- നെ നമുക്കും അറിയേണ്ടേ??

മുഖ്യധാരാ മാധ്യമങ്ങളെല്ലാം മുഖം തിരിക്കുകയും ഇത്തരം വാര്‍ത്തകള്‍ അല്പമെങ്കിലും പുറം ലോകം അറിയുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും വഴിയാവുകയും ചെയ്യുമ്പോള്‍ 'ഖാദര്‍ അദ്നാ'നെ നമുക്കും അറിയേണ്ടതില്ലേ?? അറിയിക്കേണ്ടതില്ലെ?? 

പ്രിയപ്പെട്ടവരേ.. പിറന്നു വീണ മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ആയുധക്കരുതും പണക്കൊഴുപ്പിന്‍ പിന്ബലവുമില്ലാതെ അന്യ നാട്ടുകാരായ ഒരുപറ്റം ഭീകര കാപാലികരുടെ, സകലമാന കരുത്തുമുപയോഗിച്ച് കാലങ്ങളായുള്ള നിഷ്കരുണ കൂട്ടക്കൊലയോട്, നിശ്ചയദാര്‍ഡ്യമൊന്നിന്റെ കരുത്ത്‌ മാത്രം ഇനിയും ബാക്കിയുള്ളത് കൊണ്ട് പിടിച്ചു നില്‍ക്കുന്ന ഫലസ്തീന്‍കാരുടെ ദീനരോദനങ്ങള്‍ക്കിടയില്‍ Khader Adnan ന്റെ ഇപ്പോഴത്തെ വിശപ്പിന്റെ വിളിയെങ്കിലും നമുക്ക് കേട്ടല്ലേ പറ്റൂ....

വിഷയമിതാണ്, കഴിഞ്ഞ ഡിസംബര്‍ 17 നു വെസ്റ്റ്ബാങ്കിലെ വീട്ടില്‍ നിന്ന് ഖാദര്‍ അദ്നാന്‍ എന്ന 33 കാരനെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ട് പോയി ജയിലിലടച്ചിരിക്കുന്നു.ചോദ്യം ചെയ്യലിന്റെ പേരില്‍ ശാരീരികമായും മാനസികമായും കൊടിയ പീഡന മുറകള്‍ ഏല്‍ക്കേണ്ടി വന്നു. ഒരു കേസോ വിചാരണയോ ഒന്നും കൂടാതെ തോന്നിയ പോലെ അനിശ്ചിത കാലം ജയിലിലടച്ചു പീഡിപ്പിക്കുന്ന ഇസ്രയേല്‍ സൈനിക നയത്തിനെതിരെ ഡിസംബര്‍ 18 മുതല്‍ ഖാദര്‍ ജയിലില്‍ നിരാഹാരം അനുഷ്ടിച്ചു വരുന്നു.

ഇതൊരു  മാത്രം കഥയല്ല, ഖാദര്‍ ഒരു സമൂഹത്തിന്റെ പ്രതിനിധി മാത്രം. ഇതുപോലെ സ്വന്തം നാട്ടിലെ സ്വന്തം ഭവനത്തില്‍ നിന്ന് എന്തിനെന്ന് പോലും പറയാതെ ഇറക്കിക്കൊണ്ടു പോയി ഇസ്രയേല്‍ ജയിലുകള്‍ക്കുള്ളില്‍ അടച്ചിട്ട് ശാരീരികമായും മാനസികമായും തളര്ത്തിയിടപ്പെടുന്ന ഫലസ്തീനിലെ ഖാദരുമാരുടെ എണ്ണം കൂടിക്കൂടി വരുന്നുവത്രേ..

ആലോചിച്ചു നോക്കൂ, നമ്മെ പോലെ അമ്മയും അച്ഛനും അനിയനും പെങ്ങളും ഭാര്യയും മക്കളുമുള്ള പച്ച മനുഷ്യര്‍ ഒരു കാരണവുമില്ലാതെ ജയിലറക്കുള്ളില്‍ കൊടിയ പീഡനം സഹിച്ചു കഴിയേണ്ടി  വരുന്ന അവസ്ഥ എത്രമാത്രം ഭീകരമായിരിക്കും?? എന്നാല്‍ തങ്ങള്‍ നൂറു ശതമാനം നിരപരാധികളാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ഈ സമയത്തും, പേരിന് ഒരു ചാര്‍ജ് ഷീറ്റെങ്കിലും ഉണ്ടെങ്കില്‍ ഒരു നിമിഷത്തേക്കെങ്കിലും അവര്‍ അതിലേക്കു ചിന്തിക്കാന്‍ മനസ്സിനെ വിട്ടു അടക്കം കൊള്ളുമായിരിക്കും.. ഇവിടെ ആ ഒരു നടപടി പോലും ഇല്ലാതാവുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയുടെ നിലയെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാനെങ്കിലും ആവുന്നുണ്ടോ??

സുഹൃത്തുക്കളെ..ആരാണ് ഇസ്രായേലിന്, മുഴുവന്‍ അന്താരാഷ്ട്ര മര്യാദകളും ചവിട്ടിയരച്ച് ഇത്തരം നരനായാട്ട് നടത്താന്‍ അനുമതി നല്‍കിയത്?? ഇത് നമ്മുടെ മനസ്സിനെ ഒരു നിലക്കും നോവിപ്പിക്കുന്നില്ലെന്നാണോ??

പ്രിയരേ.. വാര്‍ത്തകളെ വര്ത്തമാനമാക്കേണ്ട മാധ്യമങ്ങള്‍ക്കൊന്നും ഇതിലൊരു വാര്‍ത്തയും കാണാനുള്ള കാഴ്ച ശക്തി കണ്ടു കാണുന്നില്ല. എന്നാലും രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഹൃദയത്തിനു കാഴ്ച ശക്തിയും കേള്‍വി ശക്തിയും നിലനില്‍ക്കുന്ന കാരണം കൊണ്ട് ലോകത്ത് പല കോണില്‍ നിന്നും ഖാദര്‍ അദ്നാന്‍ നു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നല്ല മനസ്സുകാര്‍ മുന്നോട്ടു വരുന്ന കാഴ്ച ആശാവഹമാണ്‌. എന്നാലും സാമൂഹിക പ്രതിബദ്ധതയിലൊക്കെ മുന്‍നിരയിലെന്നഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാര്യത്തിലേക്ക് ശ്രദ്ധിക്കാനൊന്നും എനിക്കും നിങ്ങള്‍ക്കും സമയം കിട്ടുന്നില്ല തന്നെ.

ഓര്‍ക്കുക.. ഖാദര്‍ അദ്നാന്റെ ജീവന്‍ അപകടത്തിലാണ്.  നിരാഹാരം തുടങ്ങിയിട്ട് 56 ദിവസമായി. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പോലും ഈയൊരു അവസ്ഥയെക്കുറിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നിട്ടെന്ത്??

ഇപ്പോള്‍ മനുഷ്യ സ്നേഹികളായ വിവിധ രാജ്യകാര്‍ ഖാദിര്‍ നു പിന്തുണയുമായി ബ്ലോഗും ട്വിറ്ററും എല്ലാം ഉപയോഗിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. അതൊക്കെതന്നെയെ ഇനി പ്രതീക്ഷയായുള്ളൂ.. അപ്പോള്‍ പിന്നെ 'ബൂലോകത്ത്' നമുക്കല്ലാതെ മറ്റാര്‍ക്കാണ് അതിനു പിന്തുണയെങ്കിലും നല്‍കാന്‍ കഴിയുക??

അനുവാചകവൃന്ദങ്ങള്‍ ഒരുപാടുള്ള എത്രയോ നല്ല ബ്ലോഗര്‍മാര്‍ നമുക്കിടയിലുണ്ട്. നമ്മുടെ സന്തോഷവും സങ്കടവും കൂട്ടുകാര്‍ക്ക് വായിക്കാന്‍ അവസരം കൊടുക്കുന്ന നമുക്ക്, ആരുമില്ലാത്ത നമ്മുടെ സഹോദരങ്ങളനുഭവിക്കുന്ന നരകയാതനയെ കൂടി ഒന്ന് ഏറ്റു പിടിച്ചു കൂടേ?? നമ്മെക്കൊണ്ട്  എന്ത് ചെയ്യാനാകുമെന്ന് നിഷ്ക്രിയരാകാതെ ച്ചിരി സമയവും ഊര്‍ജവും ദൈവം നമുക്ക് തന്ന കഴിവും ഉപയോഗിച്ച് നമ്മുടെ ചിന്തയുടെ താള മേളങ്ങള്‍ അവതരിപ്പിക്കുന്ന അതേ പേന കൊണ്ട് 'ഖാദര്‍ അദ്നാ'നെയും വരച്ചു കാട്ടിക്കൂടെ??
ഓണ്‍ലൈന്‍ ക്യാമ്പൈനും ബ്ലോഗ്‌ പോസ്റ്റും ഒക്കെ വഴി ചുരുങ്ങിയ പക്ഷം അല്പം വായനക്കാരില്‍ അതിന്റെ സന്ദേശം എത്തുകയെങ്കിലും ചെയ്‌താല്‍ ഒരു ജന്മം മുഴുവന്‍ ചെയ്‌താല്‍ കിട്ടുന്ന അത്രയും പുണ്യം കിട്ടും എന്ന് തീര്‍ച്ച. ആയതു കൊണ്ട് നമുക്കും ഈ ആഗോള മൂവ്മെന്റിന്റെ ഭാഗമാകാം...  ഒന്നിച്ചു വിളിക്കാം..   "Free Khader Adnan who's dying2live"*...
----------------------------------------------------------------------------------------------

*ഖാദര്‍ അദ്നാന്‍ നു പിന്തുണ അര്‍പ്പിച്ചു കൊണ്ടുള്ള ആഗോള മൂവ്മെന്റിന്റെ മുദ്രാവാക്യം.

Friday, February 3, 2012

നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര

നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര എന്ന പോസ്റ്റ്‌ ഇവിടെ വായിക്കാം.. എന്തോ ഒറിജിനല്‍ പോസ്റ്റ്‌ നേരത്തെ ഡാഷ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു കണ്ടില്ല.. ക്ഷമിക്കുമല്ലോ... 

Thursday, February 2, 2012

നിലമ്പൂര്‍ 'കനോലി പ്ലോട്ടി'ലേക്ക് ഒറ്റക്കൊരു ബൈക്ക് യാത്ര

സമയം ഏഴേ കാലായി.... 
ഹോ.. എന്തൊരു തണുപ്പാ..  അടിച്ചു വീശി നെഞ്ചത്ത് തുളച്ചു കയറുന്ന തണുപ്പ് കാറ്റിനെ പ്രതിരോധിക്കാന്‍ റൈന്‍ കോട്ട് ഉപകാരമായി. ഇപ്പൊ തണുപ്പ് ഒരു തരം രസമുള്ള കുളിര് കോരിത്തരുന്നു..സമയം ഇത്രയായിട്ടും ഇരുട്ടിന്റെ മൂടല്‍ മാറിത്തീര്‍ന്നിട്ടില്ല. വെളിച്ചത്തിന് കനം കൂടാന്‍ ഇനിയും വൈകും. ഈയിടെയായി പ്രഭാതം ഇന്ത്യന്‍ റയില്‍വേ പോലെയൊന്നുമല്ലെങ്കിലും ച്ചിരി ലേറ്റാ.കലണ്ടര്‍ പ്രകാരം 6-50 ആണ് സുര്യോദയം. 

രാവിലെ ആറര ആയപ്പോഴേ വിളി വന്നിരുന്നു 'എവിടെ, ഇറങ്ങിയോ' എന്നും ചോദിച്ച്.നിലമ്പൂരും വിട്ട് എവിടെയോ പോവാനാ.. ഒറ്റക്കാണെങ്കിലും  ബൈക്ക് യാത്രയോട് സൊതവേ എനിക്ക് ഇഷ്ടക്കേട്  തോന്നേണ്ട കാര്യമില്ലെങ്കിലും ഇന്ന് പുറപ്പെടാന്‍ മൂഡ്‌ കുറഞ്ഞതിനു കാരണങ്ങള്‍ പലതാണ്. രണ്ടു ദിവസം മുമ്പ് പിടികൂടിയ പനിചൂടിന്റെ ചൂര് ഇനിയും പൂര്‍ണമായി വിട്ടുപോയില്ലെന്ന തോന്നല്‍, രാത്രി ഉറക്കൊഴിച്ച  ക്ഷീണം,  ഇന്ന് ലീവാക്കേണ്ടി വന്നതിന്റെ വല്ലായ്മ, ... ഹാ ഒരു വിധം മേനിയൊക്കെ കഴുകി ഫ്രെഷായി ഇന്നലത്തെ ബാഗ് അതേ പോലെ തൂക്കിയെടുത്ത് നേരെ അടുക്കളദേശത്തേക്ക് കുതിച്ചു. "മമ്മാ..ന്നാ ഞാമ്പോട്ടെ, എന്താ ഉള്ളത്?.." ഒരു ആലസ്യവും കൂടാതെ ഇവിടെ എപ്പളേ ജോലി തുടങ്ങിയിരിക്കുന്നു. ഉശിരനൊരു കട്ടനും ഉമ്മ ചുട്ടു മാറ്റുന്നതില്‍ നിന്ന് ഒരു ചുടു ചപ്പാത്തിയും അകത്താക്കുന്നതിനിടയില്‍ ഉമ്മ: "അല്ല കുട്ട്യേ.. അനക്കിതെന്തിന്റെ കേടാ, ഇങ്ങനെ നടക്കാന്‍... വരാന്‍ പറ്റൂലാന്ന്  പറഞ്ഞുടെ?" കേള്‍ക്കാത്ത ഭാവം പരമാവധി നടിച്ചുകൊണ്ട്‌ കട്ടന്‍ ചായ വേഗത്തില്‍ കുടിച്ചു തീര്‍ത്തു. ഉമ്മ ഇനിയും പറഞ്ഞോട്ടെ, ഉമ്മാന്റെ മോനാണല്ലോ ഞാന്‍ .അധികം നില്‍ക്കാതെ ബൈക്കില്‍ കേറി പുറപ്പെട്ടതാണ്. 

വാഹനക്കൂമ്പാരങ്ങളുടെ മാലപ്പടക്കമില്ലാത്ത ഒഴിഞ്ഞ റോട്ടിലൂടെ മനസ്സിലേക്ക് ഓരോരോ ചിന്തകളെ കയറ്റി വിട്ട് ബൈക്ക് യാത്ര ആസ്വദിച്ചങ്ങനെ മുന്നോട്ടു നീങ്ങുമ്പോള്‍ "മെല്ലെ പൊയ്ക്കോ  ട്ടാ..." ഉമ്മാന്റെ കല്പന ഇടയ്ക്കിടെ ഓര്‍മിച്ചു എന്ന് വരുത്തി. 

ഹെല്‍മെറ്റിന്റെ ഉള്ളില്‍ തിരുകിക്കയറ്റിയ ഇയര്‍ഫോണ്‍ വഴി മൊബൈലില്‍ നിന്ന് തലത് മഹമൂദും മെഹ്ദി ഹസനും ജഗ്ജിത് സിങ്ങും ഫതഹ് അലിഖാനും ഉംബായിയും അടക്കം ഗസല്‍ രാഗങ്ങളുടെ ശഹന്ഷാ മാരെല്ലാം ചേര്‍ന്ന് അവാച്യമായ കാവ്യവീചികള്‍ കൊണ്ട് ആത്മഹര്‍ഷത്തിന്റെ വരികള്‍ തീര്‍ത്ത് കാറ്റിന്റെ ശീല്ക്കാരത്തെ വകഞ്ഞു മാറ്റി കാതുകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയത്തില്‍ അനുഭുതിയുടെ മെഹ്ഫില്‍ വിരിയുകയായിരുന്നു. 

വഴിയിലുടനീളം തുറക്കപ്പെടാത്ത വാതിലുകളുമായാണ് വീടുകളേറെയും കാണപ്പെടുന്നതെങ്കിലും പ്രഭാതത്തിലേക്ക്‌ മലര്‍ക്കെ തുറന്നിട്ട പ്രകൃതിയുടെ നഗ്നമേനി താഴുകിത്തലോടാന്‍ കാത്തു നില്‍ക്കുമ്പോലെ തോന്നിച്ചു. മോഹിപ്പിക്കുന്ന ഈ പ്രകൃതി സൌന്ദര്യം നുകരാന്‍ പ്രഭാതത്തോളം പറ്റിയ നേരമുണ്ടോ വേറെ?

ഈ ബൈക്ക് യാത്ര വല്ലാത്തൊരു ഹരമാണ്. ശരിക്കും ആസ്വദിക്കണമെങ്കില്‍ ഒറ്റയ്ക്ക് തന്നെ പോവുകയും വേണം എന്നാണ് എന്റെ പക്ഷം. നമുക്കും പ്രകൃതിക്കുമിടയില്‍ ഒരു മറയുമില്ലാതെ എല്ലാം കണ്ടും കെട്ടും അനുഭവിച്ചുമങ്ങിനെ നീങ്ങാന്‍ എന്ത് രസമാണെന്നോ.വഴിവക്കിലെ മരങ്ങളെയും ജീവികളെയും കെട്ടിടങ്ങളേയും ഒക്കെ നോക്കിക്കണ്ട്‌ ഇടക്കൊരു മരത്തണലോ കുഞ്ഞരുവിയോ പാറക്കെട്ടുകളോ അതുമല്ലെങ്കില്‍ സുന്ദരമായ ഒരു പുല്‍തകിടിയോ ഒക്കെ കണ്ടാല്‍ സൗകര്യം പോലെ ഒന്ന് നിര്‍ത്തി അല്പം കിന്നാരമൊക്കെയായി പിന്നെയും യാത്ര തുടരാം. 

ചാപ്പനങ്ങാടി- കോഡൂര്‍ വഴി മലപ്പുറത്തെത്തുമ്പോള്‍ ഇരുട്ട് വെളിച്ചത്തിന് കുറേ കൂടി വഴി മാറികൊടുത്തിരിക്കുന്നു. മാര്‍ക്കറ്റിലേക്കുള്ള  ചരക്കു വണ്ടികള്‍ നിരത്ത് കയ്യടക്കിയിട്ടുണ്ട്.നിറുത്താതെ വിട്ട് മഞ്ചേരിയെത്തി. ഒന്ന് സൈഡാക്കി. ഇവിടെയും പച്ചക്കറി വണ്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു.ഇവിടെ അങ്ങാടി തിരക്കിലേക്ക് എത്തിക്കഴിഞ്ഞു.വെറുതേ ഒരു ഓട്ടോ ഡ്രൈവറോട് നിലമ്പൂര്‍ലേക്ക് എത്ര കിലോമീറ്റര്‍ ഉണ്ടെന്നു തിരക്കി. ഓട്ടോ ഒന്ന് യൂ-ട്ടേണ്‍ അടിക്കാന്‍ പാകത്തില്‍ തിരിച്ച്‌ രണ്ടു കയ്യും ഏന്തി വലിച്ചു ഹാന്റ്ല്‍ നീട്ടി തിരിച്ച് പിടിച്ച് ഉടലാകെ വളച്ചുള്ള ആ നില്‍പ്പില്‍ നിന്നും തെല്ലിട ഇളകാതെ ചെരിച്ചു പിടിച്ച കഴുത്ത് നീളത്തിലൊന്ന് നീട്ടിക്കാണിച്ചു, 'ദാ ആ വഴിക്ക് പൊയ്ക്കോ' എന്ന്! സന്തോഷം.. ഉടന്‍ ഞാന്‍ യാത്ര തുടരുകയും ചെയ്തു. 

ഇന്ദ്രജാലമൊന്നും കൈവശമില്ലാത്തതിനാല്‍ വേഗം അടുത്ത പമ്പില്‍ കയറി ഇന്ധനം നിറച്ചു. മഞ്ചേരി-നിലമ്പൂര്‍ റൂട്ട് ഒന്നൂടെ പച്ചപ്പ്‌ കൂടുതലുള്ള സ്ഥലമാണ്. ടൌണ്‍ വിട്ട് കുറച്ചു നീങ്ങിയപ്പോള്‍ റോഡിനിരുവശവും പച്ചവിരിച്ച് നില്‍ക്കുന്ന ചെറുതും വലുതുമായ മരങ്ങള്‍ക്ക് പക്ഷെ ഉറക്കച്ചടവ് ഇനിയും തീര്‍ന്നിട്ടില്ലാത്ത പോലെ. തണുപ്പിനും ഇവിടെ നല്ല കട്ടിയുണ്ട്. ചന്തമുള്ള ഈ പച്ചക്കാഴ്ച മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരും. അങ്ങിനെ നിലമ്പൂര്‍- നാടുകാണി -ഗൂഡല്ലൂര്‍ എത്തുമ്പോഴേക്ക് ഈ പച്ചപ്പ്‌ കൊടും കാടായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരിക്കും. 

എന്തായാലും ഇറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന മൂടിക്കെട്ടിയ മൂഡൊക്കെ പോയി ഇപ്പൊ നല്ലൊരു സുഖം മനസ്സിനുണ്ട്. ഏറെ വൈകിയില്ല, ഒരു എട്ടര കഴിഞ്ഞു കാണും നിലമ്പൂര്‍ എത്തി. ആദ്യം ഒരിടത്തരം ഹോട്ടല്‍ പിടിച്ച് നാലഞ്ചു നൂല്‍പുട്ട് കടുക് വറുത്ത ചെറുപയര്‍ കറിയില്‍  കുഴച്ചു വയറ്റിലേക്ക് എത്തിച്ചു. പിന്നെ കാത്തു നില്‍ക്കുന്ന കൂട്ടുകാരോടൊപ്പം കാറില്‍ നിശ്ചയിച്ച സ്ഥലത്തേക്ക് പോയി. അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് നിലമ്പൂരിലെ കേന്ദ്രത്തില്‍ തിരിച്ചെത്തുമ്പോള്‍ സമയം മൂന്ന് കഴിഞ്ഞു. 

അല്പം വിശ്രമമൊക്കെ കഴിഞ്ഞ് നിലമ്പൂരില്‍ നിന്ന് തിരിച്ച് ബൈക്കില്‍ കോട്ടക്കലേക്ക്  യാത്ര തിരിച്ചു. ടൌണ്‍ ആകെ തിരക്ക്. നിലമ്പൂര്‍ ഉത്സവത്തിന്റെയാ. രണ്ടു കിലോമീറ്റര്‍ പോന്നു കാണും, റോഡ്‌ സൈഡില്‍ തന്നെ ഫോറസ്റ്റ്  ഡിപ്പാര്ട്ട്മെന്റിന്റെ അടയാളങ്ങളും 'കനോലി പ്ലോട്ടെ'ന്ന ബോര്‍ഡും കാണാനായി.ഇതുവരെ ഇവിടെ കേറിയിട്ടില്ല, ഇന്നാണെങ്കില്‍ വേറെ പണിയൊന്നും ഇല്ലതാനും. അങ്ങിനെയാണ് അപ്രതീക്ഷിതമായി ഈ 'കനോലി പ്ലോട്ട്' സന്ദര്‍ശനം എനിക്ക് ഒത്ത് വന്നത്. 

ടിക്കറ്റ്‌ കൌണ്ടറില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് പ്രകാരം ഇന്ത്യന്‍:20 വിദേശി:40 - ഹാ എന്തൊരു അന്തരം. മാര്‍ക്കറ്റില്‍ 'നാടന്‍ ', 'ഇറക്കുമതി' എന്നൊക്കെ പറയുമ്പോലെ. എന്തെങ്കിലും ആകട്ടെ.. സമയം മൂന്നേ മുക്കാല്‍ . ടിക്കറ്റും പിടിച്ച് ഒറ്റക്കാണെങ്കിലും ഗമയില്‍ ഞാനങ്ങനെ നടന്നു. വെല്‍ക്കം ബോര്‍ഡും പിന്നിട്ട് ടാറിട്ട വിശാലമായ വഴിയിലൂടെ മുന്നോട്ട്.. വശങ്ങളിലെ മരങ്ങളാല്‍ തണലിട്ട ആ വഴിയിലൂടെ നടക്കുമ്പോള്‍ അവിടെയെങ്ങും ആരുമില്ല. അകലെയായി മധ്യവയസ്സു പിന്നിട്ട ഒരു ഭാര്യയും ഭര്‍ത്താവും മാത്രം. നേരെ ചെന്ന് ഒരു ചെറിയ ഗൈറ്റില്‍ മുട്ടുമ്പോള്‍ റോഡു വലത്തോട്ട് തിരിഞ്ഞു പോകുന്നുണ്ട്. ഗൈറ്റു വഴി ഉള്ളില്‍ കടന്നതും ഒരു മുന്നറിയിപ്പ് ബോര്‍ഡ് ദേ തൂങ്ങുന്നു, 'പുഴയിലിറങ്ങരുത്'. താഴോട്ട് പുഴയിലേക്കുള്ള വഴി അടച്ചിട്ടിരിക്കുന്നു. ഇപ്പുറത്തൂടെ ചുവപ്പ് വിരിച്ച നടപ്പാതയാണ് മുന്നില്‍. നിറയെ ചെറുതും വലുതുമായ മരങ്ങള്‍ക്ക് നടുവിലൂടെയുള്ള ഈ നടത്തത്തില്‍ ഒരുമാതിരി ആസ്വാദനത്തിന്റെ തണുപ്പ് കൂട്ടിനുണ്ടായിരുന്നു. നേരെ എത്തിയത്  ഒരു തൂക്കുപാലത്തിന്റെ പൂമുഖത്താണ്, കേരളത്തിന്റെ സ്വന്തം പുഴയായ ചാലിയാറിന്റെ തീരത്ത്. ഈ തൂക്കുപാലം കടന്നു അക്കരയെത്തി വേണം 'കനോലി പ്ലോട്ട്' എന്ന 'തേക്ക് തോട്ടത്തി'ലെത്താന്‍. മൂന്ന് വര്ഷം മുമ്പ് വരെ ഈ പാലം ഇവിടെ ഇല്ലായിരുന്നു. പകരം നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് കണ്ട സ്ഥലത്ത് നിന്ന് താഴോട്ടു ഇറങ്ങി പുഴക്കരയില്‍ നിന്ന് വഞ്ചിയില്‍ അക്കരെ കടന്നാണ് കനോലി പ്ലോട്ടിലെത്തുക. ആ ഭാഗ്യം ഏതായാലും എനിക്കില്ല.

 ആളുകളെ നിയന്ത്രിക്കാന്‍ ഒരു യുണിഫോം ധാരി അരികിലുണ്ട്. ഞാനാദ്യമായാണ് ഇത്തരം ഒന്നില്‍ കയറുന്നത്. പാലത്തില്‍ കയറിയതും ഒരു ചെറിയ വിറയലായിരുന്നു. മനോഹരമായ കാഴ്ചയാണ് ഇവിടുന്ന് നോക്കിയാല്‍. കണ്‍ കുളിര്‍ക്കെക്കാണാന്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചാലിയാര്‍... തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളില്‍ നിന്നുല്‍ഭവിച്ച് നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി അരീക്കോട്-എടവണ്ണ നാട്ടുകാര്‍ക്ക് തെളിനീരിന്റെ അനുഭൂതി പകര്‍ന്ന് ഫറോക്കിലും കല്ലായിയിലും ചുറ്റിത്തിരിഞ്ഞ്‌ ബേപ്പൂര്‍- ചാലിയം ദേശത്ത് നിന്നും അറബിക്കടലിനോളം വലുതാവുന്ന ചാലിയാര്‍... കേരള സംസ്കാരത്തിനോടൊട്ടി നിന്ന് മലപ്പുറത്തിന്റെ ചരിത്ര നിര്‍മ്മിതിയിലലിഞ്ഞു ചേര്‍ന്ന് നൈര്‍മ്മല്യം കൊണ്ട്  ഓളങ്ങള്‍ സൃഷ്ടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്ന ചാലിയാര്‍... വേനലിന്റെ മാര്‍ച്ചിലും ഏപ്രിലിലും മറ്റു നദികളെല്ലാം നിര്‍ദയം  ഉള്‍വലിയുമ്പോഴും കരുണാര്‍ദ്രമായ ജീവജലം കൊണ്ട് നമ്മെ വീര്‍പ്പു മുട്ടിക്കുന്ന ചാലിയാര്‍...

പാലത്തിലെങ്ങും അധികമാരുമില്ല. നടക്കുമ്പോഴൊക്കെ പാലം ചെറുതായി ഉലഞ്ഞു കൊണ്ടിരുന്നു. ചുറ്റും കണ്ണോടിച്ച് അരക്ക് മുകളില്‍ ഉയരമുള്ള ഇരുമ്പ് കമ്പിയില്‍ പിടിച്ച് ഒരു പ്രത്യേക താളത്തില്‍ ഞാനങ്ങനെ നടന്നു നീങ്ങി. അക്കരെ ഇറങ്ങാന്‍ ഒരു പിരിയന്‍ കോണിയുണ്ട്. താഴെയിറങ്ങി ചെല്ലുന്നത് ഒരു തോട്ടത്തിലേക്കാണ്, നിറയെ തേക്ക് മരങ്ങളാല്‍ നിബിഡമായ കനോലി പ്ലോട്ടെന്ന തേക്കിന്‍ കാട്ടിലേക്ക്.
1840   മുതല്‍ 1855 വരെ മലബാര്‍ കലക്ടര്‍ ആയിരുന്ന 'HV.കനോലി' യുടെ മേല്‍നോട്ടത്തില്‍ സഹായി ശ്രീ. ചാത്തു മേനോന്‍ പണികഴിപ്പിച്ചതാണ് ഈ തോട്ടം. ലോകത്തിലെ തന്നെ ഏറ്റവും പഴയ മനുഷ്യ നിര്‍മിത തേക്ക് തോട്ടം. നിലമ്പൂര്‍ പരിസരത്ത് സുലഭമായി കണ്ടിരുന്ന തേക്ക് മരങ്ങളെ 1840 കളിലാണ് വ്യവസ്ഥാപിതമായി 1500 ഏക്കറോളം സ്ഥലത്ത് വെച്ച് പിടിപ്പിച്ചു തുടങ്ങിയത്. ശേഷം 1933 ല്‍ ഇതില്‍ നിന്നും 14.8 ഏക്കര്‍ തോട്ടം 'കനോലി പ്ലാന്റേഷന്‍' ആയി സംരക്ഷിക്കാന്‍ തുടങ്ങി. പിന്നീട് രണ്ടാംലോക മഹായുദ്ധത്തിലെ സഖ്യ കക്ഷികളുടെ വിവിധ തടി ആവശ്യങ്ങള്‍ക്കായി 1943 ല്‍ ഏകദേശം 9 ഏക്കറിലധികം സ്ഥലത്ത് നിന്നും മരങ്ങള്‍ മുറിച്ചു കൊണ്ടുപോയി. ബാക്കി 5.7 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഇവിടെ 'കനോലിപ്ലോട്ടെ'ന്ന പേരില്‍ തേക്ക് തോട്ടമുള്ളത്. തേക്ക് തടിയുടെ ഈടും ഉറപ്പും ശരിക്കും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരുടെ പ്രധാന ലക്‌ഷ്യം ഈ തോട്ടത്തില്‍ നിന്ന് ബ്രിട്ടീഷ് കപ്പല്‍ ശാലകളിലേക്ക് തരം പോലെ തേക്ക് തടി എത്തിക്കുക എന്നതായിരുന്നു. 

രണ്ടുമൂന്നു സ്റെപ്പുകള്‍ കയറി തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വിശാലമായ ഈ സ്ഥലത്തൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന സിമെന്റു നടപ്പാതയുണ്ട്. ഈ നടപ്പാതയില്‍ പല ഇടങ്ങളിലായി ഇരിപ്പിടത്തോട്‌ കൂടിയ കൂടാരങ്ങളും കാണാം. മറ്റു ഉദ്യാനങ്ങളില്‍ കാണും പോലെ തൂത്തുവാരി വൃത്തിയാക്കിയിട്ടൊന്നുമില്ല. നിറയെ ഉണക്ക ഇലകള്‍ കൊണ്ട് പ്രകൃത്യാ ഉള്ള ഒരു കുഞ്ഞു കാട് പോലെതന്നെ തോന്നിക്കും. ഞാന്‍ സിമെന്റു പാതയിലൂടെ നടക്കാന്‍ തുടങ്ങി. വലതു വശത്ത് തെക്കല്ലാത്ത ചെറുതും വലുതുമായ ഒരുപാട് മരങ്ങള്‍ നിറഞ്ഞിരിക്കുന്നു. 

മുന്നിലെങ്ങും ആരുമില്ല. അവിടവിടെയായി കുറച്ചു യുവ ദമ്പതികള്‍ ഫോട്ടോയെടുപ്പില്‍ വ്യാപൃതരായി നില്‍ക്കുന്നതൊഴിച്ചാല്‍ മറ്റു 'കശപിശ'കളൊന്നും ഇവിടെയില്ല. തേക്ക് മരങ്ങളുടെ വണ്ണം കൊതിപ്പിക്കുന്നതല്ലെങ്കിലും ആകാശം മുട്ടെയുള്ള അവറ്റകളുടെ നില്‍പ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. തോട്ടത്തിന്റെ നടുക്കുള്ള ഒട്ടുമിക്ക മരങ്ങള്‍ക്കും സിമന്റു തറ ഉണ്ടാക്കി കൊടുത്തിരിക്കുന്നു. റെഡിമെയ്ഡ് പാത വിട്ടു അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയപ്പോള്‍ പരവതാനി വിരിച്ച കരിയിലകള്‍ ചലപില ഒച്ചകള്‍ പുറപ്പെടുവിച്ചു സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. നടന്നുനടന്ന് ഒരു ഭാഗത്തെത്തിയപ്പോള്‍ താഴേക്ക് ചാലിയാറിന്റെ ഒരു വശം കാണാനായി. ചെറിയ മതില്‍ക്കെട്ട് കടന്ന് പുഴയുടെ ഓരത്തേക്ക് ഇറങ്ങാന്‍ പാകത്തില്‍ കുത്തനെയുള്ള ചെരിവിലൂടെ ആളുകള്‍ നടന്നുണ്ടാക്കിയ മെല്ലിച്ച ഒരു പാത കാണാം. ആ വഴിയിലൂടെ രണ്ടാളുകള്‍ ഇങ്ങോട്ട് കയറിയ ശേഷം ഞാനതിലൂടെ 'ഓടിനടന്ന്‌' താഴെ പുഴക്കരയിലെത്തി. വെള്ളം കുറെ വലിഞ്ഞു പോയിരിക്കുന്നു. ഉന്തിച്ചു നില്‍ക്കുന്ന പാറക്കെട്ടുകളിലൂടെ നടന്ന്‌ ചാലിയാറില്‍ നിന്നും കൈവെള്ളയില്‍ വെള്ളം കോരിയെടുത്ത് മുഖത്തൂടെയാകെ ഒലിപ്പിച്ചു. തണുപ്പുമാറാത്ത വെള്ളത്തില്‍ കയ്യും കാലും നന്നായി കഴുകി പാറക്കഷ്ണമൊന്നില്‍ അല്‍പനേരം ഒറ്റക്കിരുന്നു. മൊബൈലില്‍ രണ്ടു വിളികളൊക്കെ നടത്തി ഓരോന്നോര്‍ത്തങ്ങനെ....

സമയം കുറേ നീങ്ങി.ഇപ്പോള്‍ സാഹാഹ്ന സൂര്യന്റെ ഇളം മഞ്ഞ കിരണങ്ങളില്‍ മുങ്ങിക്കുളിച്ച് സുവര്‍ണ്ണ തിളക്കത്താല്‍ വശ്യമായി പുളയുന്ന ചാലിയാറില്‍ നിന്നും ഒന്നുകൂടെ മുഖം കഴുകി ഞാനെണീറ്റു. തിരിച്ച്, നിരങ്ങുന്ന മണ്‍ചെരിവിലെ വികൃതമായ പടവുകള്‍ സശ്രദ്ധം ചവിട്ടിക്കയറി വീണ്ടും തേക്ക് തോട്ടത്തില്‍ എത്തി. കാണാന്‍ ബാക്കിവെച്ച തേക്ക് മരങ്ങള്‍ ഓരോന്നും വിശദമായി തന്നെ തൊട്ടും കണ്ടും  കരിയിലകള്‍ക്കിടയിലൂടെ നടന്ന്‌ നീങ്ങി. സന്ദര്‍ശകര്‍ ഏറി വരികയാണ്. നേരത്തെതിലും ഇരട്ടിയിലധികം ആളുകള്‍ ചുറ്റിത്തിരിയുന്നു. അങ്ങിനെ ഞാന്‍ ഈ തോട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മരത്തിന്റെ മുമ്പിലെത്തി.ഉയരം 46.5 മീറ്റര്‍. ഇടയ്ക്കു എന്റെ പാട്ട മൊബൈലിലെ റ്റൂ മെഗാപിക്സല്‍ കാമറ തുറന്ന് നാലഞ്ചു ക്ലിക്ക് കൂടി ആവാമെന്ന് വെച്ചപ്പോള്‍ , ദേ അവന്‍ ഒരുക്കമല്ല്ലത്രേ.. നേരത്തെ തുടങ്ങിയ 'ലോ ബാറ്ററി' മുന്നറിയിപ്പ് വകവെക്കാതെ ക്ലിക്കിയതും പോരാഞ്ഞ് പുഴക്കരയില്‍ നിന്ന് ഒന്ന് രണ്ടു കോളുകള്‍ കൂടി ചെയ്തത് മൂപ്പര്‍ക്ക് തീരെ അങ്ങട് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. കാമറക്കണ്ണ്‍ തുറക്കാന്‍ പോലും അവന്‍ വഴങ്ങുന്നില്ല. അതു പോട്ടെ... അല്ലെങ്കിലും പിക്സലുകള്‍ക്കപ്പുറത്തെ ക്ലാരിറ്റിയോടെ ഒരിക്കലും മായാത്ത ചിത്രങ്ങളെടുത്ത് സൂക്ഷിക്കാന്‍ പാകത്തില്‍ സ്വന്തമായി രണ്ടു കണ്ണുകള്‍ കൂടെത്തന്നെയുള്ളപ്പോള്‍ ആര്‍ക്കു വേണം ഈ റെഡിമൈഡ് കാമറക്കണ്ണ്‍ ??!..
വെയിലാറി സൂര്യന്‍ അസ്തമയത്തോടടുത്തു കൊണ്ടിരിക്കുന്നു. ഇനി തിരിച്ചു പോവാം. അവസാനമായി പ്ലോട്ടാകെ ഒന്ന് കാണാന്‍ പാകത്തില്‍ നിന്ന നില്‍പ്പില്‍ 180 ഡിഗ്രി തിരിഞ്ഞ് ചുറ്റും ഒരു കണ്ണേര്‍ നടത്തി. എന്നിട്ട് അവിടം വിട്ടു. തിരിച്ച് നടന്ന് തൂക്കുപാലത്തിലേക്ക് കയറി. ആ വിറയല്‍ ഒന്ന് കൂടി അനുഭവിച്ച് ധൃതി കൂട്ടാതെ നടന്നു. ഈ സമയം, ഇങ്ങോട്ട് വരുന്ന ചില മഹിളാ രത്നങ്ങള്‍ പാലത്തിന്റെ ഈ വിറയലില്‍ അസ്വസ്ഥരായി പരസ്പരം മുറുകെ പിടിച്ചും ഇടക്കൊക്കെ ഒച്ചവെച്ചും മറ്റുള്ളവരുടെ ശ്രദ്ധയെ പിടിച്ചു വാങ്ങുന്നതായി കാണപ്പെട്ടു. പാലം ഇറങ്ങി യുണിഫോം ധാരിയോട് രണ്ടു വാക്ക് സംസാരിച്ച് ചുവപ്പ് നടപ്പാതയിലൂടെ പുറം ലോകം ലക്ഷ്യമാക്കി നടന്നു. അതിര് കടന്ന് ടാറിട്ട റോഡിലൂടെ മെയിന്‍ റോഡിനെ ലക്ഷ്യമാകി നടക്കുമ്പോള്‍ കരിയിലകളുടെ കലപിലയും തൂക്കുപാലത്തിന്റെ വിറയലും എന്നെ പിന്തുടരുന്ന പോലെ...

റോഡ്‌ സൈഡില്‍ നിന്ന്‍ ഒരു കരിമ്പ്‌ ജൂസും കുടിച്ച്, അകത്തു നിന്നും കാര്യമായി ആരെയും സംസാരിക്കാന്‍ കിട്ടാത്തതിന്റെ സങ്കടം തീര്‍ക്കാന്‍ ജുസുകാരനോട് കണക്കിന് കത്തിക്കയറി. ബൈക്കെടുത്ത് യാത്ര തുടരുമ്പോള്‍ സമയം കൊണ്ട് വൈകുന്നേരം അഞ്ചേമുക്കാല്‍ മണി....

പിങ്കുറിപ്പ്: നിശ്ചയിച്ചുറപ്പിച്ചു ചെന്നതല്ല, ഒത്തുവന്നപ്പോ കയറി എന്നേയുള്ളൂ..
Related Posts Plugin for WordPress, Blogger...