Monday, January 27, 2020

പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ

*പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ?*
Dr OK Abdul Azeez

പൂച്ചയുടെ കടിയേറ്റ് ഒരാഴ്ചയ്ക്കുശേഷം പേവിഷബാധയേറ്റ് കുട്ടി  മരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് നാം ഏവരും കേട്ടത്. തീർത്തും ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് അറിവില്ലായ്മയുടെ പേരിൽ സംഭവിച്ചത്. 11 വയസ്സുകാരനെ പൂച്ച കടിച്ചപ്പോൾ കാര്യമായ പരിക്കുകളോ മുറിവോ ഒന്നുമില്ലാത്തതിനാൽ നിസ്സാരം ആക്കുകയും ഒരാഴ്ചയ്ക്കുശേഷം ശാരീരിക ബുദ്ധിമുട്ടുകൾ വന്നത് കണ്ടു ആശുപത്രിയിൽ കാണിച്ചതിന് ശേഷം പിന്നീടുള്ള പരിശോധനയിലാണ് പേവിഷബാധയേറ്റ വിവരമറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കടിച്ച പൂച്ച ചത്ത വിവരവും മനസ്സിലാക്കാൻ കഴിഞ്ഞു.

 പേവിഷബാധ എന്ന് കേൾക്കുമ്പോൾ പട്ടിയെ മാത്രമാണ് സാധാരണ നമ്മുടെ മനസ്സുകളിലേക്ക് ഓടിയെത്തുന്നത്. 'പൂച്ച കടിച്ച് പേവിഷബാധ ഏൽകുകയോ' എന്ന് ചിന്തിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. പട്ടി മാത്രമല്ല പൂച്ച, ആട്, പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾ വഴിയും പേവിഷബാധ ഏൽക്കാം എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.
 ഇനി നാം മനസ്സിലാക്കേണ്ട ഒരു കാര്യം പേവിഷ ബാധക്ക് കാരണമായ റാബീസ് വൈറസ് പിടിപെട്ടാൽ ദാരുണമായ മരണം സംഭവിക്കുക എന്നതല്ലാതെ ചികിത്സിച്ചു മാറ്റുക സാധ്യമല്ല. എന്നാൽ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുക്കുന്നതിലൂടെ 100% ഇതിനെ ഒഴിവാക്കാവുന്നതാണ്. അതിനാൽ ഇത്തരം വളർത്തു ജന്തുക്കളുടെ കടി ഏൽക്കുന്നതും നമ്മുടെ ശരീരത്തിലുള്ള മുറിവിൽ അവർ നക്കുന്നതും ഇനിമുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. ഇതിലൂടെ പേവിഷബാധ ഉണ്ടാവാനിടയുണ്ട് എന്ന് മനസ്സിലാക്കുക.
 ഇത്തരം ജന്തുക്കൾ കടിച്ചാൽ മുറിവ് നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പറയത്തക്ക മുറിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടിയേറ്റാൽ ഉടനെ സംശയിച്ചു നിൽക്കാതെ ഡോക്ടറെ കാണിക്കുകയും ടി ടി ആവശ്യമുള്ളവക്ക് ടി ടി എടുക്കുകയും ഉടനെതന്നെ ഫസ്റ്റ് ഡോസ് ആൻറി റാബിസ് വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയും ചെയ്യേണ്ടതാണ്. ഈ കുത്തിവെപ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യവും എളുപ്പത്തിൽ ലഭ്യവുമാണ്. ഇത്തരം മുറിവ് തുന്നേണ്ടത് ആവശ്യം വരാറില്ല. തനിയെ ഉണങ്ങുന്നതിന് ചിലപ്പോൾ മരുന്ന് നൽകിയേക്കാം. ഒന്നാമത്തെ ഡോസ് വാക്സിൻ എടുത്തശേഷം 3, 7, 28 തുടങ്ങിയ ദിവസങ്ങളിൽ തുടർ കുത്തിവെപ്പുകളും ആവശ്യമാണ്. ഇവയൊന്നും മുടങ്ങാതെ യഥാസമയം എടുക്കേണ്ടതുണ്ട്. കടിച്ച പട്ടിയെ മാറ്റിനിർത്തി കൂട്ടിലാക്കുകയോ കെട്ടിയിടുകയോ ഒക്കെ ചെയ്യുന്നത് രോഗത്തിൻറെ ലക്ഷണങ്ങൾ അവരിൽ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉണ്ടെങ്കിൽ അവ ചാവുന്നത് മനസിലാക്കാനും രോഗവ്യാപനം തടയാനും  അല്ല അല്ലാത്തപക്ഷം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കും. എന്നാൽ പത്ത് ദിവസം കഴിഞ്ഞു ഈ മൃഗത്തിന് യാതൊരു രോഗലക്ഷണവും കാണുന്നില്ല എങ്കിൽ ഉറപ്പ് വരുത്തിയ ശേഷം അവയെ പുറത്തു വിടുകയോ സ്വതന്ത്രമാക്കുകയോ ചെയ്യാവുന്നതാണ്.

 ഓർക്കുക, കടിച്ച ഉടനെ പേവിഷബാധ  ഏൽക്കണമെന്നില്ല. കുറേ കാലങ്ങൾക്കു ശേഷവും വരാം. വർഷങ്ങൾക്കുശേഷം പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നതും അസുഖം ബാധിച്ച ആൾ മരിക്കുന്നതും ആയ ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സംശയത്തിനു കാത്തുനിൽക്കാതെ പേവിഷബാധ സംശയിക്കുന്ന അവസരങ്ങളിലെല്ലാം കുത്തിവെപ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പുവരുത്താൻ മറക്കാതിരിക്കുക. അതല്ലാതെ മറ്റൊരു പോംവഴിയും വിഷബാധയെ തടയാൻ നിലവിലില്ല എന്ന് മനസ്സിലാക്കുക.
Dr OK Abdul Azeez
Kottakkal Unani Hospital
-------------------------------------

No comments:

Post a Comment

Related Posts Plugin for WordPress, Blogger...