Thursday, June 8, 2017

ഹിജാമ വെറും രക്തം ഊറ്റലല്ല മിഷ്ടർ

ഹിജാമ വെറും രക്തം ഊറ്റലല്ല മിഷ്ടർ
***  ***  ***  ***  ***  ***

കാടടക്കി വെടിവെക്കുന്ന ശൈലിയിൽ ഇൻഫൊക്ലിനിക്കിൽ ഹിജാമയെ വിമർശിച്ചു വന്ന ലേഖനം ഇപ്പൊൾ ഹിറ്റാണല്ലോ. നിരവധി പേരാണ് അതിനുശേഷം വിഷയത്തിൽ നിലപാട് ആരാഞ്ഞ് സമീപിച്ചിരിക്കുന്നത്. അതിനിടക്കാണു  ഇൻഫൊക്ലിനിക്കിലെ ഈ ലേഖനം പൂട്ടിച്ചു എന്നു കേൾക്കുന്നത്. അതിനുമാത്രം എന്താണ് ഉണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതോ ഫോട്ടോ അപ്ലോഡ് പോളിസിയുമായി ബന്ധപ്പട്ട ഇഷ്യുവോ മറ്റോ ആവുമോ അറിയില്ല. ഏതായാലും ഈ പരിപാടി ആശയത്തെ ആശയം നേരിടാന്‍ കഴിയാത്തവരുടെ ഭീരുത്വമാണെന്നതില്‍ സംശയമില്ല.

ഈ തലവാചകം തന്നെ വായിച്ചാൽ അറിയാം ഇതെഴുതിയ ഡോക്ടർമാർ ഒരു ഗൃഹപാഠവും നടത്താതെ ഹിജാമയെ ശരിയായ രൂപത്തിൽ അല്ലാതെ ഉപയോഗിക്കുന്ന വ്യാജ അവകാശവാദക്കാരുടെ ജൽപ്പനങ്ങൾ മാത്രം കേട്ട് ഇടംവലം നോക്കാാതെ ഉറഞ്ഞു തുള്ളിയതാണെന്ന്.

നമ്മുടെ നാട്ടിൽ ഹിജാമ രണ്ട്‌ രൂപത്തിൽ ചെയ്തു വരുന്നുണ്ട്. ഒന്ന് ഇന്ത്യയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള യുനാനി വൈദ്യശാസ്ത്രത്തിന്റെ(മ്മേ ശാസ്ത്രം!) ഭാഗമായി അതിന്റെ റെജിമിനൽ തെറാപ്പികളിൽ പെട്ട ഒന്നായി യുനാനി ഡോക്ടർമാർ അവരുടെ ക്ലിനിക്കുകളിൽ ചെയ്തു വരുന്നത്. അത് അത്ര പെട്ടെന്ന് അലോപ്പതിക്കാര്‍ വിചാരിച്ചാൽ എഴുതി തള്ളാമെന്നു തോന്നുന്നില്ല.
മറ്റൊന്ന് അക്യു- പ്രവാചകവൈദ്യ - പ്രകൃതി ചികിൽസാ ലേബലുകളിൽ
 സ്വയം പ്രഖ്യാപിത വൈദ്യ ശിരോമണികൾ ചെയ്തു വരുന്നത്.  ഇത്തരം പൊട്ടിമുളക്കുന്ന 'ഹിജാമ ചികിൽസ'കരുടെ പരീക്ഷണങ്ങൾ കാരണം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായതും അതിനെതിരെ ഇന്‍ഫോ ലേഖനത്തിന് മുന്നേ മുതലേ അംഗീകൃത ഡോക്ടര്‍മാര്‍ രംഗത്ത് വന്നതുമാണ് മിഷ്ടര്‍.

ഇനി യുനാനിയുടെ ഭാഗമായി ചെയ്തു വരുന്ന ഹിജാമയുടെ കാര്യമാണെങ്കിൽ ഇതു പൂർണമായും  യുനാനി സിദ്ധാന്തങ്ങളെ ആസ്പദമാക്കി നിലകൊള്ളുന്ന ഒരു തെറാപ്പിയാണ്. ഇതിൽ രക്തം ശുദ്ധീകരിച്ച് കിഡ്നിയുടെ റോള്‍ ചെയ്യിക്കുന്ന ഏര്‍പ്പാട് ഇല്ല. ഇന്‍ഫോ ലേഖനത്തിൽ വലിയൊരു ഭാഗവും ഈ രക്തശുദ്ധി പല്ലവിയോടുള്ള ചോദ്യങ്ങളായതിനാല്‍ നമുക്ക് എതിര്‍പ്പില്ല. പക്ഷെ ലേഖകര്‍ ഇതിനെ കൊട്ടിഘോശിക്കും മുമ്പ് അറിവുള്ളവരോട് ഇതിന്‍റെ ഉദ്ദേശ്യം ചോദിച്ചു മനസ്സിലാക്കാമായിരുന്നു.

 ഹിജാമയുടെ യുനാനി വശം.

പ്രധാന ആര്‍ട്ടറികളോ വെയ്നുകളോ കാര്യമായി മുറിപ്പെടുത്താതെ കാപ്പില്ലറീസിനെയാണ് ഹിജാമയില്‍ ഫോക്കസ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ രക്തക്കുഴലുകളിലെ flowing blood ശേഖരിക്കുന്നതിനു പകരം കാപ്പിലറീസ് ശാഖകളില്‍ നിന്ന് diffusion mechanism വഴി രക്തം ആഗിരണം ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. ഈ കാപിലറി സര്‍കുലേഷന്‍റെ പല ഭാഗങ്ങളിലും രക്തയോട്ടം സുഗുമമല്ലാത്ത അവസ്ഥകൾ നീറ്റക്കെട്ട് കൊണ്ടോ മറ്റു സ്റ്റഗ്നേഷന്‍ മൂലമോ ഉണ്ടാകാം. ഇവയെ റിലാക്സ് ചെയ്യുക എന്നത് ഹിജാമയിലൂടെ സംഭവിക്കുന്നു. ഇതില്‍ നിന്ന് രക്തദാനവും ഹിജാമയും തമ്മിലുള്ള അന്തരം മനസ്സിലാക്കാവുന്നതേ ഉള്ളൂ.
കൂടാതെ ഹിജാമയിലൂടെ കിട്ടുന്ന രക്തത്തിൽ നിര്‍ജ്ജീവ കോശങ്ങളും മറ്റും കൂടുതലായി കാണുന്നു എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.

തന്‍ഖിയ എ മവാദ്/ഗല്‍ബയെ ഖില്‍ത്:

യുനാനിയുടെ അടിസ്ഥാന തത്വമനുസരിച്ച് നാല് Body Humours ആണ് ആരോഗ്യ- രോഗാവസ്ഥകളുടെ പ്രാഥമിക പ്രഭവ കേന്ദ്രം. രക്തം, വാതം, കഫം, പിത്തം എന്നീ നാലില്‍ ഒന്നിന്‍റെയോ അധികത്തിന്‍റെയോ വിവിധ ഘടകങ്ങളിലുള്ള ശരിയായ അനുപാതത്തിൽ വരുന്ന വ്യതിചലനവും അതുമൂലമുള്ള ഗല്‍ബ എ ഖില്‍ത് (morbid matter)ന്‍റെ ചില കോശ ഭാഗങ്ങളിലുള്ള accumulation ഉം ആ ഭാഗത്തെ കാപിലറി സര്‍കുലേഷനെ ബാധിക്കാം. ഇതിൽ morbid matter നെ നീക്കം ചെയ്യുക എന്ന ചികിത്സാ തത്വത്തില്‍ ഹിജാമ ഒരു ചികിത്സാ മാര്‍ഗമായി വരുന്നു.

ഇമാല എ മവാദ് (diversion of matter to associated organ):

 ഇത് ഒരേ രക്തക്കുഴലിന്‍റെ വ്യത്യസ്ത ശാഖകള്‍ വഴി ബന്ധിപ്പിക്കപ്പെട്ട രണ്ട് അവയവങ്ങളുടെ/ഭാഗങ്ങളുടെ കാര്യത്തിലാണ് നടക്കുന്നത്.
ഇവിടെ ടാര്‍ഗെറ്റ് ചെയ്യപ്പെടുന്ന അവയവത്തിന്‍റെ morbid matter നെ, ഈ അവയവത്തിലേക്കുള്ള രക്തചംക്രമണ വ്യവസ്ഥയുടെ മറ്റു ബ്രാഞ്ചുകളില്‍ ഹിജാമ ചെയ്യുക വഴി മറ്റൊരു ഭാഗത്തേക്ക് divert ചെയ്യുക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഇതിലൂടെ തബിയ്യത് മുദബ്ബിര്‍ ബദന്‍ എന്ന സിദ്ധാന്തം വഴി ഖില്‍തി(Humour)ന്‍റെ തബഇ കൈഫിയ്യത് (Homeostasis) കൈവരുന്നു.

ഇനി ശാസ്ത്രീയതയുടെ കാര്യം

ഈ പറഞ്ഞ തിയറികളെ മുഴുവൻ അ ലോപ്പതിക്ക് ശാസ്ത്രീയമായി കാണിച്ചു കൊടുത്താൽ മാത്രമേ അംഗീകാരമുള്ളൂ എന്നു പറഞ്ഞാല്‍ ശുദ്ധ അസംബന്ധം എന്നേ പറയേണ്ടൂ. കാര്യം ഇന്ത്യാ രാജ്യത്ത് ministry of Health ന്‍റെ കീഴില്‍ ആയുഷ് വിഭാഗത്തിൽ ഉള്‍പ്പെടുത്തി അംഗീകരിച്ചു പോരുന്ന ആയുര്‍വ്വേദ, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രങ്ങളൊന്നും അലോപ്പതിയുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവയല്ല. എന്നല്ല കേരളത്തിലെ പല അലോപ്പതി ഡോക്ടര്‍മാരും ഇവയെ മൊത്തം കപട ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നവരാണ്. എന്നിട്ടല്ലേ ഹിജാമയുടെ കാര്യം. മാത്രമല്ല ഈ മെഡിക്കല്‍ സിസ്റ്റങ്ങളുടെ സിദ്ധാന്തങ്ങളോ അവയിലെ ചികിത്സാ തത്വങ്ങളോ വിവിധ തെറാപ്പികളോ 'ശാസ്ത്രീയ'മാണ് എന്ന് തെളിയിക്കപ്പെട്ടതാണോ? ഈ സിസ്റ്റങ്ങളിലെല്ലാം എന്തുമാത്രം തെറാപ്പികള്‍ വേറെയുണ്ട്.ലീച്ചിംഗ്(അട്ട ചികിത്സ),venesection, ഉഴിച്ചില്‍ ഇവയൊന്നും പൂര്‍ണ്ണമായി ശാസ്ത്രീകരിക്കേണ്ടേ? അങ്ങനെ ശാസ്ത്രീയ ലേബല്‍ കിട്ടാത്തതു മുഴുവന്‍ എഴുതിത്തള്ളാന്‍ ഇവര്‍ക്കാരാണ് അധികാരം കൊടുത്തത്? അലോപ്പതിയില്‍ സര്‍ജറി നിര്‍ദേശിക്കുന്ന Cervical spondylosis, frozen shoulder, carpel tunnel syndrome തുടങ്ങിയ പല രോഗാവസ്ഥകളും സര്‍ജറിയില്ലാതെ യുനാനി ആയുര്‍വേദ പോലോത്ത സിസ്റ്റത്തിലെ റെജിമിനല്‍ തെറാപ്പികളെ കൊണ്ട് മാറിയെടുക്കാമെന്ന് പഠിപിക്കുകയും ക്ലിനിക്കലി പ്രാവര്‍ത്തികമാക്കി വരികയും ചെയ്യുന്നു. ഇതൊക്കെ ശാസ്ത്രീയമാണോ മിഷ്ടര്‍?
വിവിധ സിസ്റ്റങ്ങളുടെ ക്ലാസിക്കല്‍ വിഭവങ്ങളായ ഇത്തരം ചികിത്സാ മുറകളെയെല്ലാം അതാത് മെഡിക്കല്‍ സിസ്റ്റത്തിൽ ഉള്‍പ്പെടുത്താന്‍ ക്ലിനിക്കല്‍ ലവലിലുള്ള വിവിധങ്ങളായ പരീക്ഷണ നിരീക്ഷണ അനുഭവ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സിലബസിന്‍റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ അതിനു നിയോഗിക്കപ്പെട്ടexpert body യുടെ  പഠനങ്ങളും നടന്നിട്ടുണ്ട്. അതിനെയൊക്കെ ഒറ്റയടിക്ക് അങ്ങ് ഉൗതിക്കളയാം എന്നു വെച്ചാല്‍ അത്ര എളുപ്പമല്ല മിഷ്ടര്‍.

എന്നാൽ മോഡേൺ സയൻസിനെ തള്ളിപ്പറയാനല്ല ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിൻസ് ശ്രമിക്കാറുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ പഠനങ്ങളിലൂടെ നടത്തി ക്ലാസിക്കൽ സംഹിതകളെല്ലാം ആധുനിക വല്‍കരിക്കാന്‍ ശ്രമിക്കാറാണ് പതിവ്. ഇപ്പോള്‍ തന്നെ യുനാനിയിലെ ഇന്ന് ഉപയോഗിക്കേണ്ട മരുന്നുകളെയെല്ലാം സ്റ്റാന്‍ഡേര്‍ടൈസ് ചെയ്തു കഴിഞ്ഞു. റെജിമിനല്‍ തെറാപ്പികളുടേതും മറ്റും പഠനങ്ങള്‍ നിരന്തരം നടന്നുവരുന്നു. ഹിജാമയുടേതാണെങ്കില്‍ യുനാനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലടക്കം  നിരവധി പഠനങ്ങള്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ്. അതില്‍ പലതും നിങ്ങള്‍ക്ക് ഒണ്‍ലൈനില്‍ ലഭ്യവുമാണ്. അതായത് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ചികിത്സാ മുറകള്‍ അതാതു കാലത്തെ ശാസ്ത്ര കാഴ്ചപ്പാടുകൾക്കനുസരിച്ച പഠനങ്ങളും ക്ലിനിക്കൽ ട്രയലുകളും നടത്തിയ ശേഷം indications ഉം contraindications ഉം ഒക്കെ രേഖപ്പെടുത്തിയാണ് അംഗീകരിക്കപ്പെടുന്നത്. യുനാനിയില്‍ ഹിജാമയും പുരാതന കാലത്തില്‍ നിന്ന് വ്യത്യസ്തമായി കാലാനുസൃത ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അപ്ഡേറ്റ് ചെയ്താണ് ഉപയോഗിച്ചു വരുന്നത്.

ഇവിടെ ഹിജാമ ചെയ്യുന്നത് ഒരു ഡോക്ടറുടെ നേതൃത്വത്തിലാണ്. രോഗിയുടെ vitals, history, present conditions, contraindications തുടങ്ങിയ മുഴുവൻ കാര്യങ്ങളും പ്രാഥമിക പരിശോധനയില്‍ ഉറപ്പു വരുത്തിയ ശേഷം പൂര്‍ണ്ണ സ്റ്റെറൈല്‍ മുന്‍കരുതലോടെ ചെയ്യുന്ന ഹിജാമയില്‍ ഇന്‍ഫോയില്‍ പറഞ്ഞ രക്തജനൈ രോഗങ്ങളുടെ കാര്യവും വിളര്‍ച്ച പോലോത്ത കാര്യങ്ങളും ഇന്‍ഫോയില്‍ പറയാത്ത hypotension, vasovagal shock, anxiety, vomiting തുടങ്ങി പല കാര്യങ്ങളും കരുതിവെക്കപ്പെടുന്നുണ്ട് മിഷ്ടര്‍. എന്നാല്‍ ഇതൊന്നും അറിയാതെ വാ.. കിടക്ക് ഒരു ഹിജാമ എടുക്കട്ടെ എന്ന് രക്തമൂറ്റ് നടത്തുന്ന വ്യാജ ലോബികള്‍ ഉള്ളതും അവയെ തടയേണ്ടത് ആവശ്യവുമാണ്.

ശാസ്ത്രീയ വശങ്ങള്‍

1. ഹിജാമയുടെ പല പ്രധാന പോയിന്‍റുകളിലും ഹിജാമ ചെയ്യുന്നതോടെ ശരീരത്തിലെ autonomic nervous system ത്തിന്റെ ഭാഗമായ sympathetic and parasympathetic nervous സിസ്റ്റത്തില്‍ താല്‍കാലിക stress and relax (controlled temporary stress) മെത്തേഡിലൂടെ, ഈ nervous supply യിലൂടെ body functions നിയന്ത്രിക്കപ്പെടുന്ന ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുക വഴി ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നു.
2. പ്രത്യേകം ആസൂത്രണം ചെയ്തു അണുവിമുക്ത അവസ്ഥയിൽ കൃത്രിമമായി ഉണ്ടാക്കുന്ന നിയന്ത്രിത മുറിവിനെ (planned sterile injury induced under sterile condition -hijama) ഉപയോഗപ്പെടുത്തി ശരീരത്തിന്റെ innate immunity യെ ത്വരിതപ്പെടുത്തുന്നു. ഇവിടെ റിലീസ് ചെയ്യപ്പെടുന്ന antimicrobial peptides AMPs ഉം അതിലൂടെ ഉണ്ടാവുന്ന പ്രതി പ്രവര്‍ത്തനങ്ങളും വഴി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ പുനരുജ്ജീവിപ്പിക്കുകയും ഈ പ്രക്രിയയെ ചികിത്സയിൽ ഉപയോഗിക്കുകയുമാണ്.
3.ഹിജാമയുടെ sterile injury യിലൂടെ innate immune response വര്‍ധിപ്പിച്ച് epidermal growth factor ലൂടെ ശരീരത്തിന്റെ സെല്ലുലാർ ഗ്രോത്ത് ഉദ്ദീപിപ്പിക്കുന്നു. ചില പര്‍ടികുലര്‍ ഹിജാമ പോയിന്‍റുകള്‍ (sunna point) parotid and submandibular glands നെ parasympathetic branch വഴി സ്റ്റിമുലേറ്റ് ചെയ്യിക്കുന്നവയാണ്. ഇതിലൂടെ salivary EGF പ്രവര്‍ത്തനക്ഷമമാവുകയും അതു വഴി ചിലതരം erosions, ulcer പോലോത്തവയുടെ ഹീലിങ്ങില്‍ സഹായകമാവുകയും ചെയ്യുന്നു. കൂടാതെ food track ലെ പല അവസ്ഥകളിലും EGF ന്‍റെ മെക്കാനിസത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു.
ഇതുപോലെയുള്ള പര്‍ടികുലര്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അവ മോഡേണ്‍ ഡോക്ടേഴ്സിനും ആവാം.
4. ഹിജാമയിലൂടെ wbcs, antibodies  തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ഗുണകരമായി ചികിത്സയില്‍ ഉപയോഗപ്പെടുത്താം.

ഈ പറഞ്ഞവയെല്ലാം ശാസ്ത്രീയ പഠനങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമേ ആവൂ. ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട് എന്ന് അറിയാം. എന്നാലും ഒരു നിഷ്പക്ഷമതിക്ക് ശാസ്ത്രീയ വശം മനസ്സിലാക്കാന്‍ ഇവ ഉപകാരപ്രദമാവും എന്ന് വിശ്വസിക്കട്ടെ.

ഇന്ന് ഹിജാമയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരില്‍ മോഡേണ്‍ ഡോക്ടേര്‍സ് നിരവധിയാണ്. കേരളത്തിനകത്തും പുറത്തും ഹിജാമ നടത്തുന്നവരും ചെയ്യുന്നവരും ചെയ്യിക്കുന്നവരും ആയ MBBS,BDS ബിരുദധാരികളെ പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് (അതുകൊണ്ട് ഹിജാമ ശാസ്ത്രീയമാണെന്ന് വരുന്നില്ല എന്ന് ബോധ്യമുണ്ട്).
നിരവധി ക്ലിനിക്കല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹിജാമയുടെ വിശദീകരിക്കാന്‍ കഴിയാത്ത ഗുണങ്ങള്‍ ശാസ്ത്രീയതയുടെ മാത്രം പേരില്‍ തള്ളിക്കളയാന്‍ ആവില്ല. നൂറുകണക്കിന് അനുഭവസ്ഥര്‍ ഇതിനു തെളിവായി ഉണ്ട്. ശാസ്ത്രീയമായി ഇനിയും പരിശോധിച്ച് തെളിയിക്കപ്പെടുമായിരിക്കും.

ഹിജാമയെ കുറിച്ച് അറിയേണ്ട ചില വസ്തുതകള്‍

*ഹിജാമ ഒരു സര്‍വരോഗ സംഹാരിയൊന്നുമല്ല. മറ്റു ചികിത്സകള്‍ക്ക് ഒരു പൂര്‍ണ്ണ ബദലോ ആയിക്കൊള്ളണമെന്നില്ല.
* ഹിജാമ മറ്റു ചികിത്സയുടെ കൂടെ ഏറിയോ കുറഞ്ഞോ ചികിത്സക്ക് ഫലം നല്‍കുന്ന ഒരു തെറാപ്പിയാണ്
*  രോഗമില്ലാത്ത അവസ്ഥയില്‍ ഹിജാമ കൊണ്ട് ശരീരത്തിന് റെജുവനേഷന്‍ ലഭിക്കുവാനും ഹെല്‍ത്തി ആയി നിലനില്‍ക്കുവാനും സഹായിക്കും
*  ഹിജാമക്ക് വ്യക്തമായ indication ഉം contraindication ഉം ഉണ്ട്.
*  ഹിജാമ മറ്റു alternative treatment methodകളെ പോലെതന്നെ പൂര്‍ണ്ണമായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല.
* സാധാരണ ശരിയായി ഹിജാമ ചെയ്താല്‍ harmful complications ഒന്നും ഇല്ല. എങ്കിലും സാധ്യതയുള്ള complicationsഇവയാണ്
Fear and anxiety
Hypotension
Vomiting on full stomach hijama
Vasovagal shock
Blood born diseases
Scars
Blisters
Bruises
Tissue damage

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ മിഷ്ടര്‍. ശാസ്ത്രീയതക്കപ്പുറത്ത് ഇനിയും പലതുമുണ്ട് ഈ ലോകത്ത് പ്രത്യേകിച്ച് ഇതുപോലുള്ള മെഡിക്കല്‍ സിസ്റ്റങ്ങളില്‍. അതില്‍ വിശ്വാസമില്ലാത്ത സമ്പൂര്‍ണ്ണ ശാസ്ത്ര വാദികള്‍ക്ക് ഇതൊക്കെ പ്ലാസിബൊ ആയിരിക്കാം. അവരുടെ അവകാശത്തെ മാനിക്കുന്നു. തല്‍കാലം ഹിജാമയും ആ പ്ലാസിബൊ എഫക്റ്റുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് എണ്ണാം. പക്ഷെ തങ്ങള്‍ക്ക് അപ്രാപ്യമായതൊക്കെ കെട്ടുകഥകളും അജ്ഞതയുമാണെന്ന് വിധിയെഴുതാന്‍ നിങ്ങള്‍ക്ക് അവകാശമില്ല മിഷ്ടര്‍...

NB: ഹിജാമയുടെ അനുഭവസ്ഥരോ അഭ്യുദയ കാംക്ഷികളോ ആയ ധാരാളം സീനിയർ മോഡേൺ ഡോക്ടേര്‍സ്  വിവിധ യുനാനി ഡോക്ടേഴ്സിന് റഫറ് ചെയ്യാറുള്ളതും അവരുടെ നിര്‍ദേശങ്ങളും പഠനവിധേയമാക്കാന്‍ വേണ്ട സഹായങ്ങളും ചെയ്യുന്നതും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ട കൈത്താങ്ങാണ്. ഇനിയും അത്തരം സഹായങ്ങള്‍ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നു.

Dr OK Abdul Azeez BUMS

No comments:

Post a Comment

Related Posts Plugin for WordPress, Blogger...