Tuesday, January 22, 2013

മലപ്പുറം, കലയുടെ ഉത്സവപ്പുറം.(കേരള സ്കൂള്‍ കലോത്സവം 2013)

മലപ്പുറം കലയുടെ ഉത്സവപ്പുറമായി മാറിയിട്ട് ഇന്നേക്ക് മൂന്ന് നാള്‍. രാപ്പകലുകള്‍ നിറഞ്ഞാടുന്ന കലകളുടെ അമൂര്‍ത്തമായ കൗമാര ഭാവങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം ആവേശത്തോടെ മലപ്പുറം വാരിപ്പുണരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലാമേളയായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവം വീണ്ടും മലപ്പുറത്ത് വിരുന്നെത്തുമ്പോള്‍ ഒരു നോക്ക് കാണുകയെങ്കിലും വേണമല്ലോ ..

രാത്രിയാകുമ്പോള്‍ തിരക്കൊന്ന്  ഒഴിയുകയും  ചെയ്തോളും എന്നു കരുതിയാണ് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ കണക്കു കൂട്ടലുകള്‍ പിഴച്ചു എന്ന് ബോധ്യമാക്കും വിധം നിറഞ്ഞു തുളുമ്പുകയാണ് മലപ്പുറം നഗരം. നഗരവീഥികളിലൂടെ നാലഞ്ചു വേദികളെ വിട്ടു കടന്ന് ഇഴഞ്ഞിഴഞ്ഞാണ് മെയിന്‍ വേദിയായ msp യെ ലക്ഷ്യമാക്കി നീങ്ങുന്നത്‌. കുന്നുമ്മല്‍ എത്തിയപ്പോള്‍ ആ തിരക്ക്  പാരമ്യതയിലെത്തി. വാഹനത്തിരക്കും  ജനത്തിരക്കും കാരണം നിറുത്തി നിറുത്തി മുക്കിയും മൂളിയും അങ്ങെത്തിയപ്പോള്‍ സമയം എട്ടു കഴിഞ്ഞു.

ആളുകള്‍ നഗരിയെ ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഗൈറ്റിനു സമീപം ആള്‍ക്കൂട്ടം. അകത്തേക്ക് നീങ്ങുന്നില്ല. ചെന്ന് നോക്കിയപ്പോള്‍ വരി വരിയായി അകത്തു കടക്കുന്നത്‌, ലങ്കി മറിയുന്ന ഉടയാടകളും ചായത്തില്‍ മുക്കിയ മുഖങ്ങളുമായി ഉടുത്തൊരുങ്ങി വരുന്ന ഒപ്പനപ്പിള്ളേര്‍ . കട്ടിയില്‍ വാരിത്തേച്ച ആ ചമയക്കൂട്ട് തെല്ലൊന്ന് അലോസരപ്പെടുത്തി. ഒപ്പനയ്ക്ക് പോലും ഇത്രയുമോ? തികച്ചും ഈ കലയുടെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുന്നു ഈ വൈകൃതക്കൂട്ട്. "പടച്ചോനേ ഒപ്പനയും.." ഒന്നാത്മഗതിച്ച് കവാടത്തിനു ചുവട്ടിലെ ഇടുങ്ങിയ വഴിയിലൂടെ അകത്തു കടന്നു. നിറഞ്ഞു മറിയുന്ന msp മൈതാനം.നടുക്ക് നീണ്ടു കിടക്കുന്ന പടുകൂറ്റന്‍ പന്തല്‍. വശങ്ങളില്‍ നിരന്നു  നില്‍ക്കുന്നു വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളുടെ പവലിയനുകള്‍.

 വേദിയുടെ ഭാഗത്തേക്ക് നടന്നു നീങ്ങി. പന്തലിലേക്ക് അടുക്കാന്‍ വയ്യ. പാടുപെട്ടു മുന്നോട്ട് നീങ്ങി തലയുയര്‍ത്തി നോക്കിയപ്പോള്‍ കാഴ്ച മറച്ച് 'കാമറക്കളി'! ഒത്ത നടുക്ക് ആകാശത്ത് വലിയൊരു സ്റ്റേജ് കെട്ടി സകല ടീവിക്കാരും കസേരയുമിട്ട്‌ കാമറ പ്രവര്‍ത്തിപ്പിക്കുന്നു. ഇവര്‍ക്കൊക്കെ എന്നും നല്ലത് മാത്രം വരുത്തണേ  എന്ന് പ്രാര്‍ഥിക്കാനേ  എനിക്കായുള്ളൂ. കാരണം ഇവര്‍ക്ക് പിന്നില്‍ കൂടിയ വലിയോരു ജനസഞ്ചയത്തില്‍ ഞാനല്ലാത്ത മുഴുവന്‍ പേരും മനം നൊന്തു പ്രാകുകയായിരുന്നല്ലോ, "ശവങ്ങള്‍ ഗമയില്‍ കേറി നിന്ന് ഞെളിയുന്നത് കണ്ടില്ലേ.. മനിഷമ്മാരെ കാണാന്‍ സമ്മതിക്കാതെ .."എന്ന്.ആ കാമറക്കളി അവസാനിപ്പിച്ചു ഞാന്‍ പിന്‍വലിഞ്ഞു. അപ്പുറത്തൂടെ  ചെന്ന് നുഴഞ്ഞു കയറി  ഒരു വശത്തെത്തി. ഏന്തി വലിഞ്ഞു നടുവൊക്കെ വളച്ച് സ്റ്റേജ് ഒന്ന് കാണാനായി. നാടോടിനൃത്തം അരങ്ങു തകര്‍ക്കുകയാണ്. എന്നാലും ഇങ്ങനെ 'നടുനൃത്തം' ചെയ്ത് നാടോടി  കാണാന്‍ ഞാന്‍ നൃത്താശാന്റെ ശിഷ്യനൊന്നുമല്ലാത്തത് കൊണ്ട് അവിടം വിടാതെ പറ്റിയില്ല. സദസ്സിലെ ഇരിപ്പിടം മുഴുവന്‍ പെണ്‍ ജനങ്ങള്‍. അപ്പുറത്തെ സൈഡില്‍ നോക്കുമ്പോള്‍ അവിടെയും തഥൈവ. വല്ല സ്ത്രീ സംവരണവും ആവും! ഇപ്പൊ സമയം അതല്ലേ...

ഇടക്കൊരു കാര്യമോര്‍ത്തു. നാല് മണിയുടെ ഒപ്പന 9 ആയിട്ടും തുടങ്ങിയിട്ടില്ല. ഇക്കണക്കിന് ഇന്ന് ഈ പരിപാടി കൂടാന്‍ ഞമ്മളെ കിട്ടുമെന്ന് തോന്നിയില്ല.. നടത്തത്തിനിടയിലാണ് ആ ബാനര്‍ കണ്ണിലുടക്കിയത്. പോലീസുകാരുടെ വെള്ളം കുടിപ്പിക്കല്‍ പരിപാടി. ഓ പത്രത്തില്‍ കണ്ടതായിരുന്നു. പകല്‍ കട്ടന്‍ കാപ്പി, ഉച്ചക്ക് കട്ടന്‍ ചായ, രാത്രി ചുക്ക് കാപ്പി എന്നൊക്കെ.. നമുക്കിപ്പൊ ഏതായാലും തരക്കേടില്ല, ഒന്ന് ചൂടാക്കണം. ഓടിച്ചെന്ന് ഒരു ഗ്ലാസ് വാങ്ങി ഇടം വലം നോക്കാതെ വലിച്ചു കുടിച്ചു. അയ്യേ.. ഇത് വെറും കരിങ്ങാലിയാ.. 'മറ്റേതില്ലേ.. ചുക്ക്  കാപ്പി??'  ചോദിക്കാനിരുന്നതാ. പക്ഷേ ആ ഒഴിക്കുന്നയാളുടെ മുഖത്ത് നോക്കിയപ്പം പാവം തോന്നി (തെറ്റിദ്ധരിക്കരുത്. എനിക്ക് എന്നെ തന്നെ!) പോലീസുകാരല്ലേ വെറുതെ എന്തിനാ..

ഗേറ്റ് മുതല്‍ നിരന്നു നില്‍ക്കുന്നു സകലമാന പത്രങ്ങളുടെയും സ്റ്റാളുകള്‍. എല്ലാവര്‍ക്കുമുണ്ട് ഫോട്ടോ കാണിച്ചു ആളെക്കൂട്ടല്‍ പരിപാടി."അടിക്കുറിപ്പ് മത്സരം". മുഴുവനെണ്ണത്തിലും കയറി പൂരിപ്പിച്ച്  ഇറങ്ങുന്ന കാണികള്‍. സത്യം പറഞ്ഞാല്‍ വായ്നോട്ടം  കഴിഞ്ഞാല്‍ പിന്നെ കാണികള്‍ ഇത്രയും സജീവമായി പങ്കെടുത്ത ഒറ്റ ഐറ്റം കൂടിയേ ഞാന്‍ കണ്ടുള്ളൂ.. അത് വഴിയെ പറയാം.

എന്തായാലും മലപ്പുറത്തുകാര്‍ക്ക് ഇതൊരു ഉത്സവം തന്നെ. സ്ത്രീകളും കുട്ടികളും അടക്കം, എന്തിനു വല്ല്യുമ്മമാരും വല്ല്യുപ്പമാരും അടക്കം വീടും പൂട്ടി തീറ്റയും കുടിയും നീട്ടി ഉറങ്ങാതെ കാവലിരിക്കുകയല്ലേ ഈ മഹാ മേളക്ക്. പൊതുവെ അലമ്പത്തരങ്ങള്‍ നന്നേ കുറവ്. മലപ്പുറത്തുകാരനായതുകൊണ്ട് പറയുകയല്ല, ഈ അടക്കവും ഒതുക്കവും ആരെയും ആശ്ചര്യപ്പെടുത്തും. സ്വന്തം വീട്ടിലെന്ന പോലെയാണ് എല്ലാവരുമിവിടെ.

കരിങ്ങാലി കുടിച്ച കലിയടങ്ങാന്‍ നേരെ msp കാന്റീനി ലേക്ക് വിട്ടു. ചായയും കടിയും. പരിപ്പ് വടയും ഉഴുന്ന് വടയും ഉള്ളി വടയുമൊക്കെ തീര്‍ന്നിരിക്കുന്നു. ഉള്ളത് നെയ്‌ വട മാത്രം. msp ക്കാര്‍ക്ക് ച്ചിരി തണ്ടുണ്ടെന്ന് നേരത്തെ കേട്ടിരുന്നു. ആ ഗ്രൌണ്ട് കൈമാറുന്നതിലും മറ്റുമൊക്കെ ഒരു മസിലു പിടുത്തം. എന്നാല്‍ ചായപ്പൈസയുടെ കാര്യത്തില്‍ അയയാവുന്നിടത്തോളം ഇവര്‍ അയഞ്ഞിട്ടുണ്ട്.

ഇനി ആ ടീവിക്കാരുടെ അടുത്തൊക്കെ ഒന്ന് ചെല്ലാം. എങ്ങാനും ചാനലില്‍ പടം വന്നാലോ.. ചെന്ന് നോക്കിയപ്പോളല്ലേ.. ഇതാണ് കളി.. യഥാര്‍ത്ഥ മത്സരം..ലോക്കലും ഇന്റര്‍നാഷണലുമടക്കം ഭൂമി മലയാളത്തിലെ മുഴുവന്‍ ചാനലുകാരും ഇവിടെ ഹാജരുണ്ട്.മത്സരാര്‍ത്തികളുടെ ഉന്തും തള്ളും.. മുഖം കാണിക്കാന്‍ ഊഴം കാത്തു നില്‍ക്കുന്ന വിജയികള്‍, അവരുടെ അച്ഛനമ്മ പിതാമഹ-മഹിമാര്‍, ഗുരുക്കള്‍, കൂടെ പഠിച്ചവര്‍, അയല്‍വാസികള്‍, നാട്ടുകാര്‍... അങ്ങിനെ നീണ്ടു പോവും ആ ക്യൂ..  ഇന്റര്‍വ്യൂ നടക്കുന്നതിന്റെ മുന്നില്‍ തടിച്ചു കൂടിയ കാണികള്‍. നേരത്തെ പറഞ്ഞ സജീവതയുടെ അടുത്ത എപ്പിസോഡ് ഇവിടെയാണ്‌. അതറിയണമെങ്കില്‍ കാമറമാന്‍ കാമറ ഒന്ന് തിരിച്ചാല്‍ മാത്രം മതി. മുന്‍ നിരയിലുള്ളവരുടെ ചിരി(റി) വിടരല്‍, രണ്ടാം നിരയില്‍ നിന്ന് മുകളിലോട്ടുയരുന്ന കൈകള്‍, പിന്‍ നിരയില്‍ നിന്ന് ഉയര്‍ന്നു താഴുന്ന തലകള്‍..

ചാനല്‍ മത്സരവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഉള്ളു പൊള്ളിക്കുന്ന കദന കഥയാണ്. മേളയിലെ ഏറ്റവും ജനപ്രിയ വിഭാഗമായ സംസ്കൃതോത്സവത്തിലെ മുന്തിയ ഇനമൊന്നില്‍ ഫസ്റ്റ് മേടിച്ച തന്റെ മോളുമായാണ് അമ്മ ചാനല്‍ സ്റ്റുഡിയോയിലെ കസേരയില്‍  നേരത്തേ തന്നെ ഇരിപ്പുറപ്പിച്ചത്. അവതാരകന്‍ വന്നപ്പോള്‍ ഇരിക്കുന്നത് കണ്ടു കാര്യം തിരക്കി."എന്തോ?" "ദാ.. എന്റെ മോള്‍ക്കാ ഇന്ന ഇനത്തില്‍ ഫസ്റ്റ്.." "അതിന് ?"  "അല്ല, ഇന്റര്‍വ്യൂ..??"  ഒരു ദയാദാക്ഷിണ്യവും കൂടാതെയായിരുന്നു അയാളുടെ മറുപടി"അതിനൊന്നും ഇന്റര്‍വ്യൂ എടുക്കാന്‍ പറ്റില്ല. നിങ്ങള്‍ വേറെ എവിടെയെങ്കിലും പൊയ്ക്കോളൂ.." കലയെ മോളെക്കാള്‍ സ്നേഹിക്കുന്ന അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകള്‍.. "വാ മോളേ .. നമുക്ക് പരാതി കൊടുക്കാം" സങ്കടം സഹിക്കാനാവാതെ അവര്‍ മടങ്ങിയത്രേ. കരച്ചിലടക്കാന്‍ പാട് പെടുന്ന എനിക്ക് ബാക്കി കൂടി കേട്ടപ്പോള്‍ പൊട്ടിക്കരയാതിരിക്കാനായില്ല.  കണ്ണീരും കൈയ്യുമായി പാവം ആ സ്ത്രീ പരാതിയും കൊണ്ട് ചെന്നത് പ്രോഗ്രാം ഓഫീസിലേക്കായിരുന്നുവെന്ന്..!!!

ജനം കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല.മൈതാനത്തെ വലിയ ആ സ്ക്രീന്‍ പലര്‍ക്കും വലിയൊരു അനുഗ്രഹമായി. ഇനി ഒട്ടും അമാന്തിക്കണ്ട. മേളയുടെ ഒരേകദേശ രൂപരേഖ കയ്യിലായ സ്ഥിതിക്ക് വീട്ടിലേക്ക് വെച്ച് പിടിക്കാം. സമയം കൊണ്ട് ഇപ്പൊ ഒമ്പതേ മുക്കാല്‍.ആ പിന്നൊരു കാര്യം ആ നാലുമണിയുടെ ഒപ്പന ഇനിയും തുടങ്ങിയിട്ടില്ല കേട്ടോ... പോകുന്ന വഴിക്ക് കോട്ടപ്പടി മൈതാനത്തെ രണ്ടാം വേദിയിലും ഒന്ന് കേറി ഒപ്പിട്ട് വന്നു...

അപ്പൊ ഇനി അടുത്ത വരവിനായി കാത്തിരിക്കാം ല്ലേ.. 

4 comments:

 1. പേനയെടുത്തു കുത്തിമലർത്താൻ വ്യാമോഹിച്ചവർക്കും അതു ഭുജിക്കാൻ കാത്തിരുന്നവർക്കും ഏറ്റവും വലിയ തിരിച്ചടി. മലപ്പുറത്തിന്റെ യഥാർത്ഥ സ്നേഹം ആവോളം അനുഭവിച്ചപ്പോൾ അവർക്കും മലപ്പുറത്തെ അംഗീകരിക്കേണ്ടിവന്നു.

  ReplyDelete
 2. ഇതല്ലേ റിപ്പോര്‍ട്ടിംഗ്

  ReplyDelete
 3. സംഭവസ്ഥലം ഒന്ന് കറങ്ങി എത്തിയ തോന്നല്‍
  ചാനലുകാരുടെ ഇന്റര്‍വ്യൂന് പ്രതീക്ഷയോടെ എത്തിയ അമ്മയുടെയും കുഞ്ഞിന്റെയും കഥ വായിച്ചപ്പോള്‍ ചാനല്‍ തന്നെ കാണരുതെന്ന് തോന്നിപ്പോകുന്നു.

  ReplyDelete
 4. ബ്ലോഗ് ഉണ്ട് എന്നറിഞ്ഞിരുന്നില്ല. നന്നായിട്ടുണ്ട്. വായിക്കാൻ വരാം ഇടയ്ക്ക്. :)

  ReplyDelete

Related Posts Plugin for WordPress, Blogger...