Thursday, June 6, 2013

ഡൽഹി ഗാഥകളിലൂടെ


   'ഡൽഹി ഗാഥകൾ', സ്വാതന്ത്ര്യത്തിനു ശേഷം നാലഞ്ചു പതിറ്റാണ്ട് രാജ്യം അഭിമുഖീകരിച്ച സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളുടെ ജനകീയ വശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മയ്യഴിയുടെ കഥാകാരനിൽ നിന്നുള്ള സൃഷ്ടിയായത് കൊണ്ട് തന്നെ അത്തരം ഒരു മുൻധാരണ ഉള്ളിൽ കുടികൊണ്ടിരുന്നെങ്കിലും വായിച്ചു തുടങ്ങിയപ്പോ തന്നെ ആ ധാരണ ഇല്ലാതെയായി. എന്നാലും മുകുന്ദനിൽ നിന്ന് തന്നെ മുന്നേ പിറന്ന 'ദൽഹി' യുമായി എവിടെയൊക്കെയോ ചില കൂടിച്ചേരലുകൾ ഉള്ളതായി ആ വായനയെ കുറിച്ചുള്ള അവ്യക്തമായ ഓർമകൾ ഓർമ്മപ്പെടുത്തുന്നു.





 ചൈനാ യുദ്ധവും പാകിസ്ഥാൻ യുദ്ധവും അടിയന്തിരാവസ്ഥയും സഞ്ജയ്‌ പരിഷ്കാരങ്ങളും ഇന്ദിരാ വധവും സിഖ് വിരുദ്ധ കലാപവും എല്ലാമാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എങ്കിലും ഇതൊരു ചരിത്ര നോവൽ തീരെ അല്ല. എന്നാൽ ചരിത്രത്തിന്റെ വക്ക് പൊട്ടിയ ഇന്നലെകൾ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തെ എങ്ങിനെയെല്ലാം മുറിപ്പെടുത്തിയിരിക്കാം എന്ന് ഇവിടെ നിന്ന് വായിച്ചെടുക്കാനാവും. അടിയന്തിരാവസ്ഥയുടെ ചിലവിൽ ഡൽഹി തെരുവുകളി ആടിത്തീർത്ത ക്രൂരമായ നൃത്തച്ചുവടുകളുടെ വിവിധ ഭാവങ്ങൾ വായിക്കുമ്പോൾ ഒരു നെടുവീർപ്പ് അറിയാതെ വന്നുപോകും. അതിൽ ഏറ്റവും വേദനാജനകമായി അവതരിപ്പിച്ചതായി തോന്നിയത് പുരുഷ വന്ധ്യംകരണ യഞ്ജമാണ്. ഈ വിഷയം ഇത്രയും പൊള്ളുന്ന രീതിയിൽ മറ്റെവിടെയും വായിച്ചിട്ടില്ലാത്തത് കൊണ്ട് കൂടിയാവാം അങ്ങിനെ.

മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും കൊൽക്കത്തയിലും അടക്കം ഇന്ത്യയിലെ മുഴുവൻ മഹാനഗരങ്ങളിലുമെന്ന പോലെ ഡൽഹിയിലുമുണ്ട് എത്ര മായ്ക്കാൻ ശ്രമിച്ചാലും മായാതെ ആ നഗരത്തോടൊട്ടി കിടക്കുന്ന കുറെ ജീവിതങ്ങൾ. ഡൽഹിയുടെ അവകാശികളായ ദരിദ്ര വാസികൾ. തേച്ചു മിനുക്കിയ വാർപ്പ് ചുമരിലെ പൊള്ളപ്പ് പോലെ മിനുക്കലുകൽക്കിടയിലും മുഴച്ചു നില്ക്കുന്ന ആ ദരിദ്ര വാസികളെ കൂടി എടുത്തു കാട്ടിയാണ് ഇവിടെ പേജുകൾ മറിഞ്ഞു തീരുന്നത്...
 
നാടുവിട്ടുള്ള കലാലയ ജീവിതത്തിനിടയിലെ സൌഹൃദത്തിന്റെയും കൂടിച്ചേരലുകളുടെയും ഒരുപാട് നല്ല ഓർമ്മകളെ അയവിറക്കാനും 'ഡൽഹി ഗാഥകൾ' വഴിയൊരുക്കി...
 പിങ്കുറിപ്പ്: അലസത എന്നിൽ നിന്നും അകറ്റിക്കൊണ്ടിരിക്കുന്ന വായനയെ  തിരിച്ചു പിടിക്കുവാൻ  കിണഞ്ഞു ശ്രമിക്കുകയാണ്.

Tuesday, January 22, 2013

മലപ്പുറം, കലയുടെ ഉത്സവപ്പുറം.(കേരള സ്കൂള്‍ കലോത്സവം 2013)

മലപ്പുറം കലയുടെ ഉത്സവപ്പുറമായി മാറിയിട്ട് ഇന്നേക്ക് മൂന്ന് നാള്‍. രാപ്പകലുകള്‍ നിറഞ്ഞാടുന്ന കലകളുടെ അമൂര്‍ത്തമായ കൗമാര ഭാവങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം ആവേശത്തോടെ മലപ്പുറം വാരിപ്പുണരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലാമേളയായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവം വീണ്ടും മലപ്പുറത്ത് വിരുന്നെത്തുമ്പോള്‍ ഒരു നോക്ക് കാണുകയെങ്കിലും വേണമല്ലോ ..

രാത്രിയാകുമ്പോള്‍ തിരക്കൊന്ന്  ഒഴിയുകയും  ചെയ്തോളും എന്നു കരുതിയാണ് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ കണക്കു കൂട്ടലുകള്‍ പിഴച്ചു എന്ന് ബോധ്യമാക്കും വിധം നിറഞ്ഞു തുളുമ്പുകയാണ് മലപ്പുറം നഗരം. നഗരവീഥികളിലൂടെ നാലഞ്ചു വേദികളെ വിട്ടു കടന്ന് ഇഴഞ്ഞിഴഞ്ഞാണ് മെയിന്‍ വേദിയായ msp യെ ലക്ഷ്യമാക്കി നീങ്ങുന്നത്‌. കുന്നുമ്മല്‍ എത്തിയപ്പോള്‍ ആ തിരക്ക്  പാരമ്യതയിലെത്തി. വാഹനത്തിരക്കും  ജനത്തിരക്കും കാരണം നിറുത്തി നിറുത്തി മുക്കിയും മൂളിയും അങ്ങെത്തിയപ്പോള്‍ സമയം എട്ടു കഴിഞ്ഞു.

ആളുകള്‍ നഗരിയെ ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഗൈറ്റിനു സമീപം ആള്‍ക്കൂട്ടം. അകത്തേക്ക് നീങ്ങുന്നില്ല. ചെന്ന് നോക്കിയപ്പോള്‍ വരി വരിയായി അകത്തു കടക്കുന്നത്‌, ലങ്കി മറിയുന്ന ഉടയാടകളും ചായത്തില്‍ മുക്കിയ മുഖങ്ങളുമായി ഉടുത്തൊരുങ്ങി വരുന്ന ഒപ്പനപ്പിള്ളേര്‍ . കട്ടിയില്‍ വാരിത്തേച്ച ആ ചമയക്കൂട്ട് തെല്ലൊന്ന് അലോസരപ്പെടുത്തി. ഒപ്പനയ്ക്ക് പോലും ഇത്രയുമോ? തികച്ചും ഈ കലയുടെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുന്നു ഈ വൈകൃതക്കൂട്ട്. "പടച്ചോനേ ഒപ്പനയും.." ഒന്നാത്മഗതിച്ച് കവാടത്തിനു ചുവട്ടിലെ ഇടുങ്ങിയ വഴിയിലൂടെ അകത്തു കടന്നു. നിറഞ്ഞു മറിയുന്ന msp മൈതാനം.നടുക്ക് നീണ്ടു കിടക്കുന്ന പടുകൂറ്റന്‍ പന്തല്‍. വശങ്ങളില്‍ നിരന്നു  നില്‍ക്കുന്നു വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളുടെ പവലിയനുകള്‍.

 വേദിയുടെ ഭാഗത്തേക്ക് നടന്നു നീങ്ങി. പന്തലിലേക്ക് അടുക്കാന്‍ വയ്യ. പാടുപെട്ടു മുന്നോട്ട് നീങ്ങി തലയുയര്‍ത്തി നോക്കിയപ്പോള്‍ കാഴ്ച മറച്ച് 'കാമറക്കളി'! ഒത്ത നടുക്ക് ആകാശത്ത് വലിയൊരു സ്റ്റേജ് കെട്ടി സകല ടീവിക്കാരും കസേരയുമിട്ട്‌ കാമറ പ്രവര്‍ത്തിപ്പിക്കുന്നു. ഇവര്‍ക്കൊക്കെ എന്നും നല്ലത് മാത്രം വരുത്തണേ  എന്ന് പ്രാര്‍ഥിക്കാനേ  എനിക്കായുള്ളൂ. കാരണം ഇവര്‍ക്ക് പിന്നില്‍ കൂടിയ വലിയോരു ജനസഞ്ചയത്തില്‍ ഞാനല്ലാത്ത മുഴുവന്‍ പേരും മനം നൊന്തു പ്രാകുകയായിരുന്നല്ലോ, "ശവങ്ങള്‍ ഗമയില്‍ കേറി നിന്ന് ഞെളിയുന്നത് കണ്ടില്ലേ.. മനിഷമ്മാരെ കാണാന്‍ സമ്മതിക്കാതെ .."എന്ന്.ആ കാമറക്കളി അവസാനിപ്പിച്ചു ഞാന്‍ പിന്‍വലിഞ്ഞു. അപ്പുറത്തൂടെ  ചെന്ന് നുഴഞ്ഞു കയറി  ഒരു വശത്തെത്തി. ഏന്തി വലിഞ്ഞു നടുവൊക്കെ വളച്ച് സ്റ്റേജ് ഒന്ന് കാണാനായി. നാടോടിനൃത്തം അരങ്ങു തകര്‍ക്കുകയാണ്. എന്നാലും ഇങ്ങനെ 'നടുനൃത്തം' ചെയ്ത് നാടോടി  കാണാന്‍ ഞാന്‍ നൃത്താശാന്റെ ശിഷ്യനൊന്നുമല്ലാത്തത് കൊണ്ട് അവിടം വിടാതെ പറ്റിയില്ല. സദസ്സിലെ ഇരിപ്പിടം മുഴുവന്‍ പെണ്‍ ജനങ്ങള്‍. അപ്പുറത്തെ സൈഡില്‍ നോക്കുമ്പോള്‍ അവിടെയും തഥൈവ. വല്ല സ്ത്രീ സംവരണവും ആവും! ഇപ്പൊ സമയം അതല്ലേ...

ഇടക്കൊരു കാര്യമോര്‍ത്തു. നാല് മണിയുടെ ഒപ്പന 9 ആയിട്ടും തുടങ്ങിയിട്ടില്ല. ഇക്കണക്കിന് ഇന്ന് ഈ പരിപാടി കൂടാന്‍ ഞമ്മളെ കിട്ടുമെന്ന് തോന്നിയില്ല.. നടത്തത്തിനിടയിലാണ് ആ ബാനര്‍ കണ്ണിലുടക്കിയത്. പോലീസുകാരുടെ വെള്ളം കുടിപ്പിക്കല്‍ പരിപാടി. ഓ പത്രത്തില്‍ കണ്ടതായിരുന്നു. പകല്‍ കട്ടന്‍ കാപ്പി, ഉച്ചക്ക് കട്ടന്‍ ചായ, രാത്രി ചുക്ക് കാപ്പി എന്നൊക്കെ.. നമുക്കിപ്പൊ ഏതായാലും തരക്കേടില്ല, ഒന്ന് ചൂടാക്കണം. ഓടിച്ചെന്ന് ഒരു ഗ്ലാസ് വാങ്ങി ഇടം വലം നോക്കാതെ വലിച്ചു കുടിച്ചു. അയ്യേ.. ഇത് വെറും കരിങ്ങാലിയാ.. 'മറ്റേതില്ലേ.. ചുക്ക്  കാപ്പി??'  ചോദിക്കാനിരുന്നതാ. പക്ഷേ ആ ഒഴിക്കുന്നയാളുടെ മുഖത്ത് നോക്കിയപ്പം പാവം തോന്നി (തെറ്റിദ്ധരിക്കരുത്. എനിക്ക് എന്നെ തന്നെ!) പോലീസുകാരല്ലേ വെറുതെ എന്തിനാ..

ഗേറ്റ് മുതല്‍ നിരന്നു നില്‍ക്കുന്നു സകലമാന പത്രങ്ങളുടെയും സ്റ്റാളുകള്‍. എല്ലാവര്‍ക്കുമുണ്ട് ഫോട്ടോ കാണിച്ചു ആളെക്കൂട്ടല്‍ പരിപാടി."അടിക്കുറിപ്പ് മത്സരം". മുഴുവനെണ്ണത്തിലും കയറി പൂരിപ്പിച്ച്  ഇറങ്ങുന്ന കാണികള്‍. സത്യം പറഞ്ഞാല്‍ വായ്നോട്ടം  കഴിഞ്ഞാല്‍ പിന്നെ കാണികള്‍ ഇത്രയും സജീവമായി പങ്കെടുത്ത ഒറ്റ ഐറ്റം കൂടിയേ ഞാന്‍ കണ്ടുള്ളൂ.. അത് വഴിയെ പറയാം.

എന്തായാലും മലപ്പുറത്തുകാര്‍ക്ക് ഇതൊരു ഉത്സവം തന്നെ. സ്ത്രീകളും കുട്ടികളും അടക്കം, എന്തിനു വല്ല്യുമ്മമാരും വല്ല്യുപ്പമാരും അടക്കം വീടും പൂട്ടി തീറ്റയും കുടിയും നീട്ടി ഉറങ്ങാതെ കാവലിരിക്കുകയല്ലേ ഈ മഹാ മേളക്ക്. പൊതുവെ അലമ്പത്തരങ്ങള്‍ നന്നേ കുറവ്. മലപ്പുറത്തുകാരനായതുകൊണ്ട് പറയുകയല്ല, ഈ അടക്കവും ഒതുക്കവും ആരെയും ആശ്ചര്യപ്പെടുത്തും. സ്വന്തം വീട്ടിലെന്ന പോലെയാണ് എല്ലാവരുമിവിടെ.

കരിങ്ങാലി കുടിച്ച കലിയടങ്ങാന്‍ നേരെ msp കാന്റീനി ലേക്ക് വിട്ടു. ചായയും കടിയും. പരിപ്പ് വടയും ഉഴുന്ന് വടയും ഉള്ളി വടയുമൊക്കെ തീര്‍ന്നിരിക്കുന്നു. ഉള്ളത് നെയ്‌ വട മാത്രം. msp ക്കാര്‍ക്ക് ച്ചിരി തണ്ടുണ്ടെന്ന് നേരത്തെ കേട്ടിരുന്നു. ആ ഗ്രൌണ്ട് കൈമാറുന്നതിലും മറ്റുമൊക്കെ ഒരു മസിലു പിടുത്തം. എന്നാല്‍ ചായപ്പൈസയുടെ കാര്യത്തില്‍ അയയാവുന്നിടത്തോളം ഇവര്‍ അയഞ്ഞിട്ടുണ്ട്.

ഇനി ആ ടീവിക്കാരുടെ അടുത്തൊക്കെ ഒന്ന് ചെല്ലാം. എങ്ങാനും ചാനലില്‍ പടം വന്നാലോ.. ചെന്ന് നോക്കിയപ്പോളല്ലേ.. ഇതാണ് കളി.. യഥാര്‍ത്ഥ മത്സരം..ലോക്കലും ഇന്റര്‍നാഷണലുമടക്കം ഭൂമി മലയാളത്തിലെ മുഴുവന്‍ ചാനലുകാരും ഇവിടെ ഹാജരുണ്ട്.മത്സരാര്‍ത്തികളുടെ ഉന്തും തള്ളും.. മുഖം കാണിക്കാന്‍ ഊഴം കാത്തു നില്‍ക്കുന്ന വിജയികള്‍, അവരുടെ അച്ഛനമ്മ പിതാമഹ-മഹിമാര്‍, ഗുരുക്കള്‍, കൂടെ പഠിച്ചവര്‍, അയല്‍വാസികള്‍, നാട്ടുകാര്‍... അങ്ങിനെ നീണ്ടു പോവും ആ ക്യൂ..  ഇന്റര്‍വ്യൂ നടക്കുന്നതിന്റെ മുന്നില്‍ തടിച്ചു കൂടിയ കാണികള്‍. നേരത്തെ പറഞ്ഞ സജീവതയുടെ അടുത്ത എപ്പിസോഡ് ഇവിടെയാണ്‌. അതറിയണമെങ്കില്‍ കാമറമാന്‍ കാമറ ഒന്ന് തിരിച്ചാല്‍ മാത്രം മതി. മുന്‍ നിരയിലുള്ളവരുടെ ചിരി(റി) വിടരല്‍, രണ്ടാം നിരയില്‍ നിന്ന് മുകളിലോട്ടുയരുന്ന കൈകള്‍, പിന്‍ നിരയില്‍ നിന്ന് ഉയര്‍ന്നു താഴുന്ന തലകള്‍..

ചാനല്‍ മത്സരവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഉള്ളു പൊള്ളിക്കുന്ന കദന കഥയാണ്. മേളയിലെ ഏറ്റവും ജനപ്രിയ വിഭാഗമായ സംസ്കൃതോത്സവത്തിലെ മുന്തിയ ഇനമൊന്നില്‍ ഫസ്റ്റ് മേടിച്ച തന്റെ മോളുമായാണ് അമ്മ ചാനല്‍ സ്റ്റുഡിയോയിലെ കസേരയില്‍  നേരത്തേ തന്നെ ഇരിപ്പുറപ്പിച്ചത്. അവതാരകന്‍ വന്നപ്പോള്‍ ഇരിക്കുന്നത് കണ്ടു കാര്യം തിരക്കി."എന്തോ?" "ദാ.. എന്റെ മോള്‍ക്കാ ഇന്ന ഇനത്തില്‍ ഫസ്റ്റ്.." "അതിന് ?"  "അല്ല, ഇന്റര്‍വ്യൂ..??"  ഒരു ദയാദാക്ഷിണ്യവും കൂടാതെയായിരുന്നു അയാളുടെ മറുപടി"അതിനൊന്നും ഇന്റര്‍വ്യൂ എടുക്കാന്‍ പറ്റില്ല. നിങ്ങള്‍ വേറെ എവിടെയെങ്കിലും പൊയ്ക്കോളൂ.." കലയെ മോളെക്കാള്‍ സ്നേഹിക്കുന്ന അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകള്‍.. "വാ മോളേ .. നമുക്ക് പരാതി കൊടുക്കാം" സങ്കടം സഹിക്കാനാവാതെ അവര്‍ മടങ്ങിയത്രേ. കരച്ചിലടക്കാന്‍ പാട് പെടുന്ന എനിക്ക് ബാക്കി കൂടി കേട്ടപ്പോള്‍ പൊട്ടിക്കരയാതിരിക്കാനായില്ല.  കണ്ണീരും കൈയ്യുമായി പാവം ആ സ്ത്രീ പരാതിയും കൊണ്ട് ചെന്നത് പ്രോഗ്രാം ഓഫീസിലേക്കായിരുന്നുവെന്ന്..!!!

ജനം കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല.മൈതാനത്തെ വലിയ ആ സ്ക്രീന്‍ പലര്‍ക്കും വലിയൊരു അനുഗ്രഹമായി. ഇനി ഒട്ടും അമാന്തിക്കണ്ട. മേളയുടെ ഒരേകദേശ രൂപരേഖ കയ്യിലായ സ്ഥിതിക്ക് വീട്ടിലേക്ക് വെച്ച് പിടിക്കാം. സമയം കൊണ്ട് ഇപ്പൊ ഒമ്പതേ മുക്കാല്‍.ആ പിന്നൊരു കാര്യം ആ നാലുമണിയുടെ ഒപ്പന ഇനിയും തുടങ്ങിയിട്ടില്ല കേട്ടോ... പോകുന്ന വഴിക്ക് കോട്ടപ്പടി മൈതാനത്തെ രണ്ടാം വേദിയിലും ഒന്ന് കേറി ഒപ്പിട്ട് വന്നു...

അപ്പൊ ഇനി അടുത്ത വരവിനായി കാത്തിരിക്കാം ല്ലേ.. 

Monday, July 23, 2012

കൊണ്ടോട്ടീലെ കണ്ടൂട്ടല്‍ ( മീറ്റ്‌ സ്പെഷ്യല്‍) ! ! !

ഇലകള്‍ വിരിയുന്നു.. 'പൂക്കളേക്കാള്‍ മണമുള്ള e-ലകള്‍' ശ്രീ: പി. സുരേന്ദ്രന്‍ 
ബ്ലോഗ്ഗര്‍ ശ്രീ: ശരീഫ് കൊട്ടാരക്കരക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
 വല്ല്യ  ഉറപ്പൊന്നും ഇല്ലായിരുന്നു കൊണ്ടോട്ടിയിലെ മീറ്റില്‍ പങ്കെടുക്കാനൊക്കുമെന്ന്‍.സാഹചര്യം ഒത്തു വന്നപ്പോ ഒന്ന് ചെന്ന് നോക്കാമെന്നായി. അങ്ങിനെ 11 -07 -12 നു പത്തര മണി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലേക്ക് കടന്നു ചെന്നു.

എന്റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റ്‌. ബൂലോകത്ത് തീരെ സജീവമല്ലാത്ത, ബൂലോകത്തെ ഒരു മനുഷ്യന്റെ കുഞ്ഞിനെ പോലും പരിചയവുമില്ലാത്ത ഒരാള്‍ ഇങ്ങിനെ ഒരു സംഭവത്തില്‍ ചെന്നു പെട്ടാല്‍.. അംസു ആകുമോ എന്തോ.. ഒരു നിശ്ചയവുമില്ല. എന്നാലും സൈബര്‍ ലോകത്തെ എഴുത്തിടത്തില്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണരാജി വിരിയിച്ച് പൂക്കളേക്കാള്‍ മണമുള്ള ഇലകളെ സൃഷ്ടിക്കുന്ന അക്ഷര ശലഭങ്ങളെയൊക്കെ അഭ്രപാളിക്കിപ്പുറം  ഭൂലോകത്ത് വെച്ച് അടുത്തറിയാനും സന്തോഷം പങ്കിടാനും കഴിയുമല്ലോ എന്ന് തോന്നി.
ഇടനാഴിയിലൊരു ഇട വേള..  (ശ്രീമാന്‍:പേരറിയില്ല :), കൂതറ ഹാഷിം, 
ഇംതിയാസ് ഭായ്, സിയാഫ്ക്ക, പ്രദീപ്‌ മാഷ്‌, ഉബൈദ് ഭായ്)

മുകളിലേക്ക് കയറുമ്പോള്‍ കോണിപ്പടിയില്‍ വിടര്‍ന്ന ചിരിയുമായി ഒരാള്‍.മുമ്പ് പല വട്ടം ഫോട്ടോ കണ്ട പരിചയത്തില്‍ ചോദിച്ചു,'ഫൈസു മദീനയല്ലേ?'. വീണ്ടും ചിരി വിടര്‍ന്നു 'അതെ'. കഴിഞ്ഞു വീണ്ടും കയറുമ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി വരുന്ന ഒരു മധ്യ വയസ്കന്‍. എന്തോ ഒരൂഹത്തില്‍ 'പ്രദീപ്‌ മാഷല്ലേ' എന്ന്‍ ചോദിച്ച് കൈ കയറിപ്പിടിച്ചു. ഭാഗ്യം മാഷ്‌ തന്നെ. വഴിയില്‍ കണ്ട ആരെയും വെറുതെ വിടാതെ ഹാളിലേക്ക് കടന്നു. കൊട്ടോട്ടി ചേട്ടന്‍ രജിസ്ട്രേഷന്‍ മേശക്കു സമീപം തന്നെയുണ്ട്‌. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം ബ്ലോഗ്‌ രചനകള്‍ക്ക് പ്രത്യേക ഇടം നല്‍കി നമ്മെ പ്രോത്സാഹിപ്പിക്കുന്ന 'കൈരളി നെറ്റ്' മാഗസിനെ പരിചയപ്പെടുത്തി. ഇടയ്ക്കു 'സടപടേ' ന്നു ഓടിച്ചാടി നടക്കുന്ന മുഖ്യ സംഘാടകന്‍ ശ്രീമാന്‍ ശ്രീജിത്ത് കൊണ്ടോട്ടിയെയും കണ്ടു മുട്ടി. അങ്ങിനെ കണ്ടാലറിയാവുന്ന അഞ്ചാറു പേരെ കണ്ടുകിട്ടിയ സന്തോഷത്തില്‍ ച്ചിരി അഹങ്കാരത്തോടെ ഹാളിലാകമാനം ഒന്ന് വീക്ഷിച്ചു. എവിടെ 'ഞാനുണ്ട്' 'ഞാനുമുണ്ട്' എന്ന് വരവറിയിച്ച മഹാന്മാരൊക്കെ?? എണ്ണം വളരെ കുറവാണല്ലോ ന്നു ആരോ പറയും പോലെ. ഏയ്‌ തോന്നിയതാവും.. അല്ലേലും എണ്ണം കുറഞ്ഞാലെന്താ വണ്ണം കൂടിയാ പോരെ..

പറഞ്ഞില്ലേ, ഇപ്പൊ ബ്ലോഗ്‌ മീറ്റിലാ..  (ശ്രീജിത്ത്‌ കൊണ്ടോട്ടി)
അപ്പുറത്ത് രണ്ടു പേരതാ നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്നു. കണ്ടിട്ട് ഒരെത്തും പിടിയുമില്ല. നേരെ അങ്ങോട്ട്‌ ഇടിച്ചു കയറി ശറഫാക്കപ്പെട്ട കൈ നീട്ടിക്കൊടുത്തു. ആ സംസാരം മുടക്കി പേരു വിവരം ചോദിച്ചു വാങ്ങി. ഒന്ന് സന്ദീപ്‌ രണ്ട് ഹക്കീം ചെറൂപ്പ. അപ്പോഴേക്കും ചായ കിട്ടി. അവിടവിടെയായി ഓരോരുത്തര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഒക്കെ സാവകാശം കാണാമെന്നു കരുതി മാറി നില്‍ക്കുമ്പോഴാണ് ഒരാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടത്, ഇങ്ങേ അറ്റത്ത് മുന്നിലെ മേശമേല്‍ ഒരു ലാപ് ടോപ്പും തുറന്നു വെച്ച്. അങ്ങടുത്തു ചെന്ന്‌ പരിചയപ്പെട്ടു 'ദേവന്‍ തൊടുപുഴ'- നമ്മുടെ ബൂലോക റേഡിയോക്കാരന്‍ തന്നെ. തട്ടിയും മുട്ടിയും അങ്ങിനെ നില്‍ക്കുന്നതിനിടക്ക് നമ്മുടെ നാമൂസ് ഏട്ടനെ ആരോടാ തിരക്കിയതെന്നോര്‍മയില്ല. അയാളുടെ മറുപടി പക്ഷെ നല്ല ഓര്‍മയുണ്ട് 'അവിടെവിടെയെങ്കിലും മുണ്ടും മടക്കി കുത്തി ഒരാളെ കാണും. അത് തന്നെ നാമൂസ്'. മ്ഹാ.. ഇനി ആ മടക്കി കുത്ത് കണ്ടു പിടിച്ചാ മതിയല്ലോ...

അപ്പോഴേക്കും ഇരിക്കാനുള്ള അറിയിപ്പുമായി ആരൊക്കെയോ ഓടി നടക്കുന്നു. പരിപാടി തുടങ്ങുന്നു എന്നര്‍ത്ഥം.കസേരകള്‍ നീണ്ട വട്ടത്തില്‍ നിരത്തി എല്ലാവരും ഇരുന്നു. എന്റെ ഇപ്പുറത്ത് 'സുറുമയിടാത്ത കണ്ണു'മായി വി.പി. അഹ്മദിക്കയും  അപ്പുറത്ത് 'ഗഫൂര്‍ കാ പക്കാ ദോസ്ത്'  അരുണ്‍ ചട്ടനും.  നാമൂസ് സാബിന്റെ സ്വാഗത ഭാഷണം കഴിഞ്ഞ് മൈക്ക് കസേരകളിലൂടെ നടന്നു നീങ്ങി, എല്ലാരുടേം പേരും ഊരും വിവരോം വിളിച്ചറിയിച്ചും കൊണ്ട്. പക്ഷെ എന്റെ ഭൂലോക ബന്ധു ജാബിര്‍ മലബാരിയെ കാണാനില്ല. അവന്‍ ഒരു മീറ്റ്‌ മിസ്സാക്കാന്‍ ഒരു ന്യായവും ഇല്ല. മാത്രവുമല്ല,  ഒരു മീറ്റ്‌ ഫോട്ടോ വേണമെന്ന് വെച്ചാലും അവനില്ലാതെ എങ്ങിന്യാ??

പി സുരേന്ദ്രന്റെ ഉത്ഘാടനപ്രസംഗം ഗംഭീരമായിരുന്നു. പ്രോഗ്രാം ബാനര്‍ ഒരു വശത്തും പ്രസംഗ പീഠം മറ്റൊരു വശത്തും ആണല്ലോ? ആ.. ഞാനതപ്പളേ മറന്നു.. എഴുത്തും വായനയും അതിന്റെ ഗതിവിഗതികളുമൊക്കെ വിശാലമായി സുരേന്ദ്രന്‍ മാഷ്‌ വിവരിക്കുന്നു. നാട്ടുമ്പുറങ്ങളിലെ സ്മ്നേഹോഷ്മളമായ കൂട്ടു ജീവിതത്തിനെയും അതിന്റെ ഭാവപ്പകര്‍ച്ചകളെയുമൊക്കെ തെളിമയാര്‍ന്ന ശൈലിയില്‍ ലളിതമായി എഴുതി വെക്കാറുള്ള സുരേന്ദ്രന്‍ മാഷ്‌ ഇപ്പോള്‍ സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ ഗഹനമായി അവതരിപ്പിക്കുന്നു. എഴുത്തിലെ വിപ്ലവവും പ്രണയവും ജീവിതവും എല്ലാം അതില്‍ വിഷയീഭവിച്ചു. മലയാളിക്ക് സാഹിത്യ അവബോധത്തില്‍ വന്നു കൊണ്ടിരിക്കുന്ന ഇടിവിനെ കുറിച്ചാണ് ആദ്യത്തെ അര മണിക്കൂറിലധികം അദ്ദേഹം സംസാരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടേണ്ട സാഹിത്യത്തെ കുറിച്ചുള്ള അറിവുകള്‍ വളരെ ശുഷ്കിച്ചു പോയിരിക്കുന്നുവെന്നും സാഹിത്യം പഠിപ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധ്യാപകര്‍ പോലും ഇക്കാര്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കാലത്തെ അദ്ധ്യാപകര്‍ സാഹിത്യത്തെ കുറിച്ചൊക്കെ അഗാധമായ അറിവുള്ളവരായിരുന്നു എന്ന് ഉദാഹരണ സഹിതം എടുത്തു കാട്ടി. ഈയൊരു അവസ്ഥയെ കുറ്റകരമായ അനാസ്ഥ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്‌. ഇക്കാരണത്താലൊക്കെതന്നെ വായന ഇന്ന് വളരെ കുറഞ്ഞു എന്ന് കൂടി പറഞ്ഞപ്പോള്‍ ഒരു വേള ഉള്‍ക്കൊള്ളാന്‍ പ്രയാസമായി തോന്നി. ഭൂമിമലയാളത്തിലെ കാക്കത്തൊള്ളായിരം പ്രസിദ്ധീകരണ ശാലകളില്‍ നിന്നിറങ്ങുന്ന പുസ്തകങ്ങളൊക്കെ വിറ്റു പോവുന്നത് പിന്നെ എങ്ങോട്ടാണ്? മുന്‍ നിരയിലെ ഒന്നോ രണ്ടോ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെ വിറ്റുവരവ് മാത്രം വിലയിരുത്തിയാല്‍ മതി വായനയുടെ തോത് മനസ്സിലാവും. പക്ഷെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സാഹിത്യകാരന്‍ പറയുമ്പോള്‍ അത് വെറും വാക്കാകില്ലല്ലോ എന്നാലോചിക്കുമ്പോള്‍... 

നേരെ നിക്കിന്‍, നാലാള്‍ കാണേണ്ടതാ..  (ശ്രീ:ശരീഫ്ക്ക കൊട്ടാരക്കര, 
ശ്രീ:ദേവന്‍ തൊടുപുഴ, ശ്രീ:ഇംതിയാസ്)
പിന്നെ മീറ്റിലെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞു പോയെന്ന സംഘാടകരുടെ പരാമര്‍ശത്തെ ഉദ്ധരിച്ച് മലയാളത്തിലെ സാഹിത്യ സദസ്സുകളിലെ ശുഷ്കിച്ച സദസ്സുകളെ കുറിച്ചദ്ധേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ തല മുതിര്‍ന്ന സാഹിത്യകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന സദസ്സുകളില്‍ പോലും ജന പങ്കാളിത്തം അമ്പത് തികയാതെ വരുന്ന അവസ്ഥകളെ എടുത്തു കാട്ടി, അങ്ങിനെ നോക്കുമ്പോള്‍ ഈ കുട്ടായ്മ എത്രയോ ഉയര്‍ന്ന നിലയിലാണെന്നു പറഞ്ഞപ്പോള്‍ ആശ്വാസത്തിന്റെ കയ്യടി മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. നമ്മുടെ പരിമിതികളെയും അതേ സമയം തന്നെ നമ്മുടെ വലിപ്പവും നാം തിരിച്ചറിയണം. സൈബര്‍ ലോകത്തെ വളരെ ചെറിയ വായനാവൃന്ദത്തെ ബോധനം ചെയ്യുമ്പോള്‍ ഒരിക്കലും വലിയ വിചാരങ്ങളൊന്നും നമുക്ക് വേണ്ട. എന്നാല്‍ ഓരോ മുക്കുറ്റി ചെടിക്കും തുമ്പ ചെടിക്കും അതിന്റേതായ പരിപൂര്‍ണ്ണത ഉണ്ട് എന്നത് പോലെ എഴുത്ത് എവിടെയായാലും എഴുത്ത് തന്നെ. വായിക്കാന്‍ ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും നന്നായി എഴുതാനാണ് നാം ശ്രമിക്കേണ്ടത്. ഒരാള്‍ തന്റെ പ്രണയിനിക്ക് എഴുതും പോലെ. അവിടെ വായനക്കായി ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ എഴുതാനാണ് ശ്രമിക്കുക.

ബ്ലോഗെഴുത്തില്‍ വലിയൊരു ഭാഗം പ്രവാസികളുടെതാണെന്ന തിരിച്ചറിവില്‍ അവരോടായി പ്രത്യേകം ഒരു കാര്യം ഓര്‍മിപ്പിച്ചു. പ്രവാസികള്‍ പൊതുവേ ഗൃഹാതുരത്വവും അനുഭവവും കലര്‍ന്ന രചനകള്‍ എഴുതി വെക്കുന്നതിനു പുറമേ, അവരുടെ മുന്നിലെ ജീവിത പശ്ചാത്തലം പരിസരമാക്കിയും വ്യത്യസ്ത ഭാഷാ-സംസ്കാരങ്ങളുള്ള അന്യ ദേശക്കാരെ കഥാപാത്രങ്ങളാക്കിയുമുള്ള കഥകളും മറ്റു രചനകളും നടത്താന്‍ അവര്‍ കൂടുതല്‍ മുന്നോട്ട് വരണം. കാരണം അതിനു അവര്‍ക്ക് മാത്രമേ കഴിയൂ എന്നതു തന്നെ.

ശേഷം 'പൂക്കളേക്കാള്‍ മണമുള്ള e -ലകള്‍'എന്ന ബ്ലോഗ്‌ കഥകളുടെ സമാഹാര പുസ്തകം പി.സുരേന്ദ്രന്‍ മാഷ്‌ ബ്ലോഗ്ഗര്‍ അഡ്വ.ശരീഫ് കൊട്ടാരക്കരക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.  തുടര്‍ന്ന് മ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ 'മഴവില്‍' ഇ-മാഗസിന്‍ ലോഞ്ചിങ്ങും അദ്ദേഹം തന്നെ നിര്‍വഹിച്ചു.
അതു കഴിഞ്ഞ് പുസ്തകത്തിലെ കഥകളെ അവലോകനം ചെയ്തു നാസര്‍ മാഷുടെ സംസാരം. ഒരു മണിക്കൂറിലധികം നീണ്ട ആ പ്രസംഗത്തില്‍ എഴുത്തിനെയും സാഹിത്യത്തെയും കുറിച്ചാണ് അധികവും സംസാരിച്ചത്. ഓഷോയും മാര്‍ക്സും ബഷീറും ലെനിനും എം ടിയും ബെന്യാമിനും എല്ലാം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ കഥകളെ വിലയിരുത്തല്‍ കുറഞ്ഞ വാക്കുകളില്‍ ഒതുക്കി. അതും കഴിഞ്ഞ് തല്‍ക്കാലം ആ ചടങ്ങ് അവസാനിപ്പിക്കുന്നതിന് മുന്നേ ഒരു സുഹൃത്ത്‌ അനുമതി വാങ്ങി സംസാരിച്ചു. 'മ' ഗ്രൂപ്പിലെ സമീപ കാലത്തെ പൊട്ടിത്തെറിയാണ്  വിഷയമാക്കിയത്. പടച്ചോനെ.. പ്രോഗ്രാം ലിസ്റ്റിലാണെങ്കില്‍ 'കലാ പരിപാടികള്‍' എന്ന് അച്ചടിച്ച്‌ കാണുകേം ചെയ്തു. ഇനി ഇവിടെയും കലകള്‍ വാഴാന്‍ പോകുന്നു?? . രണ്ടു മൂന്നു ദിവസമായി ഈ കലാപരിപാടികള്‍ ഗ്രൂപ്പില്‍ നിന്ന് തന്നെ നല്ലോണം ആസ്വദിക്കുക കൂടി ചെയ്തത് കൊണ്ട് ഞാന്‍ വാച്ചിലേക്ക് നോക്കി.. 

എല്ലാരും ഉണ്ടോ എന്തോ...

ഒന്ന് പുറത്തു പോയി വന്നപ്പോഴേക്കും എല്ലാവരും ഫോട്ടോ എടുപ്പിന്റെ ഒരുക്കത്തിലാണ്. സമയത്തിന് തന്നെ ജാബിര്‍ എത്തിയത് കൊണ്ട് ഈ ഗ്രൂപ്പ് ഫോട്ടോയിലും, പാവം അവനെ കാണാനൊക്കില്ല. ഇനി ഉണ്ണാന്‍ പിരിഞ്ഞു. ശരിക്കും പരിചയപ്പെടല്‍ സെഷന്‍ ഇതാണ്.  റാഷിദ് കൊച്ചുജാലകത്തെയും ജാബിര്‍ മലബാരിയെയും കൂട്ടു പിടിച്ച് അങ്ങിനെ കറങ്ങി നടന്നു. ഓരോരുത്തരുടെയും നേരെ ചെന്ന് 'എന്താ പേര്?ഏതാ ബ്ലോഗ്‌?' പരിപാടി തുടങ്ങി. 'തിരിച്ചറിയാതെ പോയ ശബീറി'നെ തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളിലൊരു ചിരി പൊട്ടി. ഉടമയില്ലാതെ ഒഴുകി നടന്ന ആ കല്ല്യാണ പോസ്റ്റിന്റെ കാര്യം ഓര്‍മ്മയില്‍ വന്നതാണ്. മനേഷ് മണ്ടൂനെയും ഷമീര്‍ തിക്കോടിയെയും പരിചയിക്കാന്‍ കിട്ടി. ഇടയ്ക്കു 'ശൂ...'ന്ന് വന്ന് ഒരാള്‍ കൈ പിടിച്ച് വാങ്ങി, "ഞാന്‍ കൂതറ ഹാഷിം" എന്ന് ഒരു കുലുക്ക്. പേടിച്ചു പോയി. ഇതെന്തു കൂതറത്തരം എന്ന് ചോദിക്കാന്‍ വന്നെങ്കിലും മുഖത്തേക്ക് നോക്കിയപ്പോള്‍ ആള്‍ മ്മടെ അത്ര കൂതറയല്ലല്ലോ ന്നൊരു തോന്നല്‍.



കുറച്ചു സമയം സുരേന്ദ്രന്‍ മാഷോട് കുശലം പറയാന്‍ കിട്ടി. ആ എഴുത്തിലെ ചെറുപ്പ കാലത്തെ നാട്ടുമ്പുറ കാഴ്ചകളുടെ വശ്യമായ പകര്ത്തലിനെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. ഉടുത്ത വെള്ള മുണ്ട് നന്നായൊന്ന് മടക്കി കുത്തി കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. ഈ സൗഹൃദം ഒരിക്കലും മുറിഞ്ഞു പോകരുതേ എന്ന്  ആശിച്ചു പോയി.  ബൂലോകത്തിന്റെ സ്വന്തം 'കഥാ വണ്ടി'യുമായി കയ്യില്‍ കഥാ ബുക്കും പിടിച്ച് സിയാഫ് ഭായ്. വണ്ടിയുടെ എഞ്ചിന്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അല്‍പനേരം മിണ്ടിപ്പറഞ്ഞു. വഴിവക്കില്‍ കുറുമ്പടി ഇസ്മായില്‍ക്കയെ കണ്ടുകിട്ടി. ആ 'തണലി'ല്‍ ജാബി ഒരു കളിക്കും ക്ലിക്കി. 'മ' ലോക 'ആചാര്യനായ' ഇംതിയാസ് ഭായിയെയും ബൂലോകത്ത് ഏറെ 'കേളികേട്ട' നിധിഷ് ഭായ് യെയും സൗഹൃദത്തിന്റെ ഒരു കണ്ണിയായി വിളക്കി ചേര്‍ത്തു. ബൂലോക മഹിളാ രത്നങ്ങള്‍ നാലഞ്ചെണ്ണം ഉണ്ടായിരുന്നു. സുജ, കൊച്ചുമോള്‍, ഷീല ടോമി, ധനലക്ഷ്മി തുടങ്ങിയ ചേച്ചിമാര്‍ പലരും കുടുംബ സമേതം തന്നെയാണ് എത്തിയിട്ടുള്ളത്.

ഊട്ടു പുരയിലെ കാര്യമെന്തായോ ആവോ? പലരും തിരിച്ചു വരവ് തുടങ്ങി. ഈ വിശപ്പിന്റെ അസുഖം ഉള്ളതാണേ.. നേരമായാ വിശക്കാന്‍ തുടങ്ങും. പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍ വാങ്ങാതെ എങ്ങന്യാ? അതും വാങ്ങിക്കഴിഞ്ഞപ്പോള്‍ നേരത്തെ ഈ പുസ്തകത്തിലെ കഥകളെ അധികരിച്ച് സംസാരിച്ച നാസര്‍ മാഷെ കിട്ടി. കുറേ കത്തിയടിച്ചു.  ഇനി വൈകണ്ട. കാര്യ പരിപാടിയിലേക്ക് ചെന്ന് നോക്കാം. എന്തൊക്കെയാണാവോ വിഭവങ്ങള്‍? സദ്യയാണെങ്കിലും എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കാണുവായിരിക്കും. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിത്തുടങ്ങുമ്പോള്‍ ജാബിയാണ് 'പുന്നശ്ശേരി'യുടെ കാര്യം പറഞ്ഞത്. ഹാവൂ.. സമാധാനമായി. മീറ്റ്‌ ഒരുപാട് പുതിയ കൂട്ടുകാരെ തന്നു. ഇനി ഈറ്റിലും വേണ്ടേ പുതുമയുള്ളതെന്തെങ്കിലും. ഈ എരിശ്ശേരിയും പുളിശേരിയുമൊക്കെ കുറേ കഴിച്ചു മടുത്തതാ. എന്നാല്‍ പുന്നശ്ശേരി ഞാനാദ്യായിട്ടാ.. എന്തായാലും ഒരു കലക്ക് കലക്കണം. വീട്ടിലെത്തി പുന്നശ്ശേരി വിശേഷത്തെ പറ്റി നാല് പറഞ്ഞു ഞെളിയുകയുമാവാല്ലോ. ഓര്‍ക്കുമ്പോ തന്നെ ലഡ്ഡു‌ പൊട്ടുന്നു.. 

ഇല ഞാനിട്ടില്ലേല്‍ ശരിയാവൂല... (പുതു ബ്ലോഗ്ഗര്‍ അനീസ്,
ശ്രീ ഫൈസു മദീന, ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ ഇ.പി.സലീം)

എരിശ്ശേരിയും പുളിശ്ശേരിയും എത്തി, അടുത്തത് അത് തന്നെ..

ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. വൈകാതെ ഫൈസു ഭായ് ഇലയിട്ടു. പിന്നെ വിഭവങ്ങളോരോന്നും വരി വരിയായി വന്ന് നിറഞ്ഞു. ഓരോന്നിലും ഞാന്‍ പുന്നശ്ശേരിയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പരിപ്പും കൂട്ടി ആദ്യത്തെ ഉരുള വായിലിട്ടപ്പോഴാണ് ഒരു കാര്യം ഓടിയത്. ഇതിപ്പോ ഇല തല തിരിഞ്ഞു പോയല്ലോന്ന് ! മദീന ഭായിയെ മെല്ലെ വിവരമാരിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഉള്ള കാര്യം പറഞ്ഞു. "ഞമ്മക്ക് ചിക്കന്‍ ബിരിയാണിയൊക്കെയല്ലേ  വിളമ്പി പരിചയമുള്ളൂ.. ഈ സദ്യയൊക്കെ.." അത് നേര്. പോട്ടെ എന്ന് വെക്കാം. പ്രശ്നം അതൊന്നുമല്ല. ഈ പുന്നശ്ശേരി എവിടെ? മുന്നിലെ ഇലയില്‍ നിരന്നു കാണുന്ന വിഭവങ്ങള്‍ ഓരോന്നും സൂക്ഷ്മ നിരീക്ഷണം നടത്തി. ഇനി എനിക്ക് തരാന്‍ മറന്നു പോയോ? അപ്പുറത്തെ ഇലയില്‍ കണ്ണിട്ടു ഒരു താരതമ്യ പഠനവും നടത്തി. എബടെ. ഇവിടെയുള്ളതൊക്കെത്തന്നെയേ അവിടെയുമുള്ളൂ.. ആകെയുള്ള പ്രതീക്ഷ പുന്നശ്ശേരി യായിരുന്നു. ഇനിയിപ്പോ തീര്‍ന്നോ മറ്റോ പോയോ എന്തോ? ഇനിയും മറച്ചു വെച്ചിട്ട് കാര്യമില്ല. അവനോടു തന്നെ കാര്യം തിരക്കാം."അല്ല ജാബീ, നീയല്ലേ പറഞ്ഞത് പുന്നശ്ശേരിയുണ്ടെന്ന്?" "ആ, എന്തേയ്?".. "എന്നിട്ടെവിടെ സാധനം?" "ഇപ്പഴും കണ്ടില്ലേ? ദേ ആ പായസചെമ്പു കണ്ടോ?" "അതെ".. "അതില്‍ കണ്ണ്  നട്ടിരിക്കുന്ന ആളെ കണ്ടില്ലേ? അതെന്നെ പുന്നശ്ശേരി" "എന്തോന്ന്?!" വായിലിട്ട സാമ്പാര്‍ മിക്സഡ്‌ ചോറുരുള അണ്ണാക്കില്‍ ആഞ്ഞു തറച്ച് പണിമുടക്കി. "റഷീദ് പുന്നശേരീന്ന് മുഴുവന്‍ പേര്" എന്നു കൂടി കേട്ടപ്പോള്‍ ചങ്കില്‍ തറച്ച ഉരുള താനേ ഇറങ്ങി.. വെറുതേ... നീ ആളെ കൊതിപ്പിച്ചല്ലോടാ.. ആത്മഗതം ചങ്കില്‍ കുടുങ്ങി..

എല്ലാരും എന്താ ഇങ്ങോട്ട് നോക്കുന്നേ... (ശ്രീ കെ.വി.നൗഷാദ്, 
ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ റഷീദ് പുന്നശ്ശേരി)
   
അങ്ങനെ ഫോട്ടോഗ്രാഫരുടെ ഫോട്ടോയും..

അച്ചടക്കമുള്ള കുട്ടികള്‍..
ച്ചിരി ചോര്‍..    (ശ്രീ.സമീര്‍ തിക്കോടി)

ഇതു കൊള്ളാല്ലോ.. 
(ശ്രീ.നാമൂസ്, ശ്രീ. റഷീദ് പുന്നശ്ശേരി, ശ്രീ.ഷബീര്‍ തിരിച്ചിലാന്‍, 
ശ്രീ ശ്രീജിത്ത് കൊണ്ടോട്ടി, ശ്രീ കെ.വി.നൗഷാദ് )
പടച്ച റബ്ബേകുടുങ്ങി..   (ശ്രീ.കൊണ്ടോട്ടി, മദീന)

പായസം കിടുവായിരുന്നുവെന്ന് പറയാതെ വയ്യ. പക്ഷെ ആ ഗ്ലാസ് കുറച്ചു കൂടെ ചെറുതാക്കാമായിരുന്നു എന്നൊരു തോന്നല്‍. കാരണം ഒരു മുഴു ഗ്ലാസ് പായസം വായില്‍ ഒഴിച്ചിട്ടും വായ പകുതിയും വായു !!

 ശാപ്പാട് കഴിഞ്ഞ് കുറച്ചു പേരെ കൂടി കാണാനുണ്ടായിരുന്നു. മൊബൈല്‍ കാമറയുടെ 'ജാലകം തുറന്നു കാണിക്കാതെ, സ്നേഹിതന്‍' നൌഷാദിക്കയും രോഷം തീരെ ഇല്ലാത്ത റോഷന്‍ ചേട്ടനും ഒക്കെ അതില്‍ പെടും. പിന്നെ ശ്രീ മനോജ്‌ ഭായിയെ കണ്ടിരുന്നെങ്കിലും ആളെ തിരിച്ചറിയാതെ ഞാനൊരു 'വിഡ്ഢി മാനാ'യി എന്ന് പറയുന്നതാവും ശരി. ശ്രീ കൊട്ടാരക്കര ശരീഫ്ക്കയും ഉബൈദ്ക്കയുമൊക്കെ അവിടെയെല്ലാം ഒഴുകി നടക്കുന്നുണ്ടായിരുന്നു.

ഇനി ഓരോരുത്തര്‍ ഗ്രൂപ്പ് തിരിഞ്ഞ് പിരിഞ്ഞു പോവാന്‍ തുടങ്ങി. പോയിട്ട് കുറച്ചു കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഞാനും എല്ലാരെയും കണ്ട് ഇനിയം കാണാമെന്ന് പറഞ്ഞു പിരിഞ്ഞു. പിന്നത്തെ കലാ പരിപാടി എന്തായോ ആവോ?? എന്തായാലും ഓര്‍ക്കാപ്പുറത്ത് കണ്ടു കിട്ടിയ ഒരു കൂട്ടം നല്ല മനസ്സുകാരെ കൂട്ടുകാരായി കിട്ടിയതില്‍ മനസ്സ് നിറഞ്ഞ് സന്തോഷിച്ചു കൊണ്ടാണ് അന്നവിടം വിട്ടത്, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളെയും നെഞ്ചിലേറ്റി...
--------------------------------------------------------------
ഫോട്ടോസ്: ജാബിര്‍ മലബാരി.

Friday, July 20, 2012

...ശഹ് റു റമദാന്‍ ...



വിശുദ്ധ റമദാന്‍ ആഗതമായിരിക്കുന്നു. വിശ്വാസികല്‍ക്കിത് ആത്മ സായൂജ്യത്തിന്റെ ദിന രാത്രങ്ങള്‍ . കഴിഞ്ഞ ഒരു വര്ഷം ഹൃദയത്തിലേറ്റ പാപക്കറകളെ ഒന്നൊന്നായി തുടച്ചു നീക്കുവാനും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് കരുണ കാണിക്കുവാനും പട്ടിണിപ്പാവങ്ങളുടെ വിശപ്പിന്റെ വേദനയില്‍ പങ്കു ചേര്‍ന്ന് മനസ്സുകൊണ്ടെങ്കിലും അവരോടു ഐക്യപ്പെടുവാനും വേണ്ടിയുള്ളതാണ് ഈ മാസം. കേവലം വിശപ്പ്‌ സഹിച്ചു പട്ടിണി കിടന്നത് കൊണ്ട് നോമ്പ് പൂര്തിയാകുന്നില്ല. അതൊരു നിയന്ത്രണമാണ് . സ്വേച്ചകള്‍ക്കു അടിമപ്പെട്ട വിചാര വികാരങ്ങളെ  ആത്മ നിയന്ത്രണത്തിന്റെ വലയത്തില്‍ കൊണ്ട് വന്ന് ദൈവ പ്രീതിക്ക് വേണ്ടി സമര്‍പ്പിക്കലാണ് നോമ്പിന്റെ കാമ്പ്.

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ ദിന രാത്രങ്ങളില്‍ തിന്മകളില്‍ നിന്ന് അകലം പാലിച്ച് നന്മകളെ പുല്കാനും സ്നേഹവും കരുണയും വിട്ടുവീഴ്ചയും മുഖ മുദ്രയാക്കി ജീവിതത്തിന് പുതിയൊരു മാനം നല്‍കുവാനും ഈ റമദാന്‍ നമുക്ക് വഴിയോരുക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.




ഏവര്‍ക്കും റമദാന്‍ മുബാറക്....

Thursday, July 12, 2012

കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയ ഗസല്‍ സുല്‍ത്താന്‍


തിങ്ങി നിറഞ്ഞ കോഴിക്കോട് ടാഗോര്‍ ഹാള്‍ . കാലം തളര്‍ത്തിയ ശരീരത്തെ തെല്ലും വക വെക്കാതെ പ്രായം തളര്‍ത്താത വിശേഷപ്പെട്ട ശബ്ദത്തില്‍ വേദിയിലിരുന്ന്  കേള്‍വിക്കാരന്റെ ഇംഗിതത്തിനനുസരിച്ച്  ഒന്നിന് പിറകെ ഒന്നായി  ഒരാള്‍ മഴ പെയ്യിക്കുന്നു. അനുഭൂതിയുടെ ഗസല്‍ മഴ! ജീവിതത്തിലെ അസുലഭ നിമിഷം ഇതാണെന്ന രീതിയില്‍ സദസ്സ് മുഴുവന്‍ ഒന്നായി ലയിച്ചിരിക്കുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഈരടികള്‍ ചോദിച്ചു വാങ്ങിക്കൊണ്ട് , ഒരവകാശമെന്ന പോലെ. പാട്ടവസാനിപ്പിച്ച് പെട്ടി പൂട്ടിയിട്ടും കോഴിക്കോട്ടുകാരുടെ സ്നേഹാഭ്യാര്‍ത്ഥനക്ക് മുന്നില്‍ പെട്ടി തുറന്നു വീണ്ടും പാടുന്നു, നിഷ്കളങ്ക ഹൃദയനായ ആ 73 കാരന്‍ .പാടി പാടി ഇനിയും പാടിച്ചാല്‍ ക്രൂരതയാവുമെന്ന്  സദസ്സിനും ഇനിയും പാടാന്‍ തനിക്കാവില്ലെന്ന് അദ്ദേഹത്തിനും ബോധ്യമാവും വരെ തുടര്‍ന്നു ആ സ്വരമാധുരിയുടെ ഒഴുക്ക്. അവസാനം രംഗം വിടുമ്പോള്‍ സംഘാടകരോട് അദ്ദേഹം പറഞ്ഞു:"ഞാന്‍ കോഴിക്കോട്ടു വരാന്‍ വൈകിയെന്ന് എനിക്ക് ബോധ്യമായി. സാരമില്ല ഇനിയും ഒരിക്കല്‍ കൂടെ നിങ്ങള്ക്ക് വേണ്ടി പാടാന്‍ തീര്‍ച്ചയായും വരുന്നുണ്ട്".  ഗസല്‍ പ്രേമികള്‍ അന്നവിടം വിട്ടത്, ആഹ്ലാദം തുളുമ്പുന്ന ഹൃദയവും പിരിയാന്‍ കൊതിക്കാത്ത മനസ്സുമായിട്ടാണ്, മെഹ്ദി ഹസ്സന്‍ എന്ന ഗസല്‍ മാന്ത്രികന്റെ രാജ്യതെര്‍ അവസാന മേഹ്ഫിലിലാണ് തങ്ങള്‍ പങ്കെടുത്തത് എന്നറിയാതെയും.വിധി പക്ഷെ മറ്റൊന്നായിരുന്നു. ആ വാഗ്ദാനം ഇനിയൊരിക്കലും പാലിക്കപ്പെടാന്‍ പോകുന്നില്ല എന്ന് നമ്മെ അറിയിച്ചു കൊണ്ട് ആ മഹാന്റെ മരണ വാര്‍ത്ത നമ്മെ തേടിയെത്തിയിരിക്കുന്നു. അതെ 'മെഹ്ദി ഹസന്‍' എന്ന ഗസല്‍ മാന്ത്രികന്‍ രംഗം വിട്ടിരിക്കുന്നു.

1927 ജൂലായ്‌ 12നു രാജസ്ഥാനിലാണ് മേഹ്ദിയുടെ ജനനം. പാരമ്പര്യ സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദിയുടെ സംഗീത പഠനങ്ങള്‍ തുടങ്ങുന്നത് പിതാവ് അസീം ഖാനില്‍ നിന്നും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനില്‍ നിന്നുമാണ്. മെഹ്ദിയുടെ ആദ്യ അരങ്ങേറ്റം ബറോഡ മഹാരാജാവിന്റെ ദര്‍ബാറിലായിരുന്നുവത്രേ- തന്റെ എട്ടാം വയസില്‍. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറിയ മെഹ്ദി ജീവിക്കാന്‍ വക നേടിയത് സൈക്കിള്‍ ഷാപ്പിലൂടെയായിരുന്നു. പിന്നെ മോട്ടോര്‍ ബൈക്കും ട്രാക്ടറും നന്നാക്കിക്കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ പാട് പെടുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തില്‍ സംഗീതത്തെ തേച്ചു മിനുക്കി കൂടെ കൊണ്ട് നടക്കുകയായിരുന്നു മെഹ്ദി, വരാന്‍ പോകുന്ന ഒരു ദിവസത്തെ കണ്ടു കാത്തിരിക്കുന്നവനെ പോലെ. 1952 ലാണ് റേഡിയോ പാകിസ്ഥാനിലൂടെ അദ്ധേഹത്തിന്റെ ശബ്ദം ആസ്വാദകരിലെത്തുന്നത്.

പിന്നീടങ്ങോട്ട് ഓരോഴുക്കായിരുന്നു. ഗസല്‍ വീചികളുടെ മാസ്മരിക സൌന്ദര്യം നിറഞ്ഞാടുന്ന ഹിമാലയന്‍ മേഹ്ഫിലുകള്‍ കയറിയിറങ്ങി, സാധാരണക്കാരന്റെ ഹൃദയ വിചാരത്തോട് സല്ലാപം നടത്തി, രാഷ്ട്രാതിര്‍വരംബുകള്‍ക്കപ്പുറത്തെ മനുഷ്യ മനസ്സുകളിലൂടെയുള്ള സ്നേഹത്തിന്റെ ഒഴുക്ക്. 'ഗുലോം മേ രംഗ് ഭരെ' യില്‍ തുടങ്ങി 'രഞ്ജിശ് ഹി സഹി' യുംയും കടന്ന്  'സിന്ദഗീ മേ സഭീ പ്യാറി' ലൂടെ 'പത്താ പത്താ ബൂട്ടാ ബൂട്ടാ' യും കഴിഞ്ഞ് 'ബാത്ത് കര്‍നീ മുജേ മുഷ്കിലു'കള്‍ക്കപ്പുറത്തെ 'അബ് കെ ബിച്ടെ തോ ശായിദി'ലേക്കങ്ങനെ....

സംഗീത പ്രപഞ്ചത്തില്‍ , ഭാവാത്മകമായ താളലയങ്ങളെ കൊണ്ട് പതിനായിരങ്ങളുടെ ഹൃദയത്തിന്റെ ഈണമായി നിലകൊണ്ട 'ഗസല്‍ പുഷ്പത്തെ പനിനീരിന്റെ നൈര്‍മല്ല്യം ചാര്‍ത്തി മുല്ലപ്പൂവിന്റെ പരിമളം പുരട്ടി തേനിന്‍  മധുരവും ചേര്‍ത്ത് മെഹ്ദി നമുക്ക് വേണ്ടി അണിയിച്ചൊരുക്കിയപ്പോള്‍ ഗസലിന് മെഹ്ദിയെന്ന  പര്യായം പോലും കല്പ്പിക്കപ്പെടുകയായിരുന്നു.

വരി ആരുടേതായാലും ശബ്ദം മെഹ്ദിയുടെതാണെങ്കില്‍  ഗസല്‍ അര്‍ത്ഥപൂര്‍ണ്ണമാവുന്ന മാന്ത്രിക വിദ്യ മെഹ്ദി ക്ക് മാത്രം സ്വന്തം. ഉര്‍ദു കവിതകളുടെ ദേവനായിരുന്ന 'മിര്‍ താഖി മീറി'ന്റെയും 'ഗാലിബി'ന്റെയും രാജഭരണത്തിനൊപ്പം കവിതാ രചനയില്‍ കൂടി കയ്യൊപ്പ് ചാര്‍ത്തിയ 'ബഹദൂര്‍ ഷാ സഫറി'ന്റെയുമൊക്കെ പുരാണ കവിതകളും, 'ഫിറാഖി' ന്റെയും 'ജിഗര്‍ മുരാദാബാദി'യുടെയും 'ജോഷിന്റെയും  'ഇഖ്‌ബാലി'ന്റെയുമൊക്കെ നവോഥാന കവിതകളും, ഉര്‍ദു കവിതകള്‍ക്ക് പുതുജീവന്‍ നല്‍കിയ ജയിലില്‍ നിന്ന് പോലും മാസ്റ്റര്‍പീസുകള്‍ക്ക് ജന്മം നല്‍കിയ 'ഫൈസ്  അഹ്മദ് ഫൈസി'ന്റെയും 'ഖതീല്‍ ശിഫാഇ' യുടെയും 'കൈഫ്‌ ആസ്മി'യുടെയും 21ആം നൂറ്റാണ്ടിന്റെ മഹാനായ ഉര്‍ദു കവി 'അഹ്മദ് ഫറാസി'ന്റെയുമൊക്കെ  ആധുനിക കവിതകളും എല്ലാം ഒരുപോലെ വഴങ്ങിയിരുന്ന മഹ്ദി സാബിന്റെ ആലാപന മികവിലൂടെ അവയെല്ലാം നമുക്കൊക്കെ പ്രിയപ്പെട്ടതായി.

സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന, പലരും തൊടാതെ മാറ്റി വെച്ചിരുന്ന 'ഗാലിബി'ന്റെയൊക്കെ വിശാലാര്‍ത്ഥത്തിലുള്ള സങ്കീര്‍ണ്ണമായ വരികള്‍ വരെ മെഹ്ദി യുടെ തലോടലില്‍ സ്വയം കുരുക്കഴിഞ്ഞ് സാധാരണക്കാര്‍ക്ക് പോലും ഇഷ്ട്ട വരികളാവുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

ഗസല്‍ ലോകത്തെ മറ്റൊരു ഇതിഹാസമായിരുന്ന 'തലത്ത് മഹ്മുദി'ന്  തന്റെ ശബ്ദത്തിലെ മാര്‍ദ്ദവമുള്ള സ്പന്ദന ഗതികളാണ്  വ്യത്യസ്തത നേടിക്കൊടുത്തതെങ്കില്‍ , ഖവാലിയുടെ കുലപതിയായിരുന്ന 'നുസ്രത് ഫതഹ് അലിഖാനെ' തന്റെ ശബ്ദ ഗാമ്ഭീര്യമാണ് ശ്രധിപ്പിച്ചതെങ്കില്‍, ഇന്ത്യന്‍ ഗസലിന്റെ തോഴനായിരുന്ന 'ജഗ്ജിത് സിംഗി'ന്റെ താളാത്മകമായ ശൈലിയാണ് അദ്ധേഹത്തെ നമുക്ക് പ്രിയങ്കരനാക്കുന്നതെങ്കില്‍ മെഹ്ദി ഹസനെ ഗസലിന്റെ ചക്രവര്തിയാക്കുന്നത്, ഇതെല്ലാം ഒരേ സമയം സന്നിവേശിപ്പിക്കുന്ന അസാധാരണമായ ആ ശബ്ദ സൌന്ദര്യമാണ് എന്നേ എനിക്ക് പറയാനറിയൂ. അത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടിയായ 'ലത മങ്കേഷ്കര്‍ ' ആ ശബ്ദത്തില്‍ ഈശ്വരനെ ദര്‍ശിച്ചത്, 'ജഗ്ജിത് സിംഗ്' എന്നും അദ്ധേഹത്തിന്റെ ശിഷ്യനാവാന്‍ കൊതിച്ചത്.

ഗസലുകള്‍ രണ്ടു രൂപത്തില്‍ നമ്മെ കരയിപ്പിക്കും.ഒന്ന് കഹാനിയിലെ വരികള്‍ പകര്‍ന്നു നല്‍കുന്ന ദുഃഖ ഭാരത്താല്‍. മറ്റൊന്ന് കാവ്യാംശത്തിലൂടെ അനുവാചകരില്‍ എത്തുന്ന ആനന്ദത്തിന്റെ മൂര്‍ത്ത  ഭാവത്താല്‍ . എന്നാല്‍ മെഹ്ദി യുടെ ഗസലുകള്‍ നയനങ്ങളില്‍ പലപ്പോഴും അശ്രു പൊഴിച്ചപ്പോഴും  ഒന്ന് മാത്രം അറിയാതെ പോകും, ഇതില്‍ എന്തിനു വേണ്ടിയായിരുന്നു അതെന്ന്‌.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പാരമ്പര്യവും ഉയര്‍ന്ന മികവും കാണിച്ചിട്ടും ഗസലിനെ മാത്രം ഇത്രയും കൂടെക്കൂട്ടാനുള്ള കാരണം ചോദിച്ചപ്പോള്‍ മെഹ്ദി പറഞ്ഞു:"മുഴുവന്‍ മനുഷ്യ ഭാവത്തെയും ഗസലില്‍ സജീവമാക്കാം.കവിതയും സംഗീതവും ഇത്ര കണ്ട് ഭാവാത്മകമായി സംവദിക്കുന്നത് ഗസലില്‍ മാത്രം". പരമ സത്യം. ഈ സംവേദനരീതി കൊണ്ട് ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുന്നവയാണ് മെഹ്ദിയുടെ ഓരോ ഗസലുകളും. വിഷാദം മുറ്റി നില്ക്കുന്ന ഗസലുകള്‍  പ്രത്യേകിച്ചും. അത്തരത്തില്‍ ഒന്നാണ് അഹ്മദ് ഫരാസ് രചിച്ച, മെഹ്ദിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ഈ വരികള്‍..

“രഞ്ജീശ് ഹി സഹീ ദില്‍ ഹി ദുഖാനെ കേലിയെ ആ
ആ ഫിര്‍ സെ മുജെ ച്ചോട്കെ ജാനേ കേലിയെ ആ
പെഹലെ സെ  മരാസിം ന സഹീ ഫിര്‍ ഭീ കഭീ തോ
റസം-ഓ-രഹ് യെ -ദുനിയാ ഹീ നിഭാനെ കേലിയെ ആ
കിസ് കിസകോ പതായേംഗേ ജുദായീ കാ സബബ് ഹം
തു മുച്ഹ്സെ ഖഫ ഹേ  തോ സമാനേ കേലിയെ ആ…..”
(ഹൃദയത്തെ മുറിവേല്‍പ്പിക്കാന്‍ ഇനിയും നീ വരണം, വേദനിക്കുമെങ്കിലും
വരണം ഇനിയും എന്നെ ഉപേക്ഷിച്ച് പോവാനാണെങ്കിലും നീ വരണം
കഴിഞ്ഞ കാലത്തെ ബന്ധത്തിന് വേണ്ടിയല്ലെങ്കിലും
ദുനിയാവിലെ നാട്ടു നടപ്പിനു വേണ്ടിയെങ്കിലും ഇനിയും വരണം
വേര്‍പാടിന്റെ കാരണം ആരോടു വിവരിക്കും ഞാന്‍
നിനക്കെന്നോട് പിണക്കമാണെങ്കിലും ലോകമാന്യത്തിനു വേണ്ടിയെങ്കിലും വരണം…)*

ആ ശബ്ദ സൌകുമാരത്തില്‍ ഞാന്‍ സ്വയം ലയിച്ചില്ലാതെയാവുന്നു.പ്രണയവും നൈരാശ്യവും കലര്‍ന്ന വരികള്‍ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റുന്നു.മണിക്കൂറുകളോളം അതില്‍ ലയിച്ചിരുന്നു പോകുന്നു.
ഗസലിന്റെ ആത്മാവ് തന്നെ പ്രണയമാണ്, സ്നേഹമാണ്. പ്രിയപ്പെട്ടവരോടുള്ള പ്രണയം, പ്രകൃതിയോടുള്ള പ്രണയം, ഈശ്വരനോടുള്ള പ്രണയം, തന്നോട് തന്നെയുള്ള പ്രണയം.. ആ പ്രണയമില്ലാതെ ഗസല്‍ ഇല്ല തന്നെ. മെഹ്ദി തന്നെ പാടട്ടെ..

"ഹമേന്‍ കോഇ ഗം നഹീ ഥാ, ഗമേ ആശിഖീ സെ പെഹലെ
 ന ഥീ ദുഷ്മനേം കിസീസേ, തെരി ദോസ്തീ സെ പെഹലെ
 ഹേ യേ മെരീ ബദ്നസീബ്, തേരാ ക്യാ ഖുസൂര്‍ ഈസ്‌ മേന്‍
 തെരെ ഗം നെ മാര്‍ ഡാലാ, മുജെ സിന്ദഗീ സെ പെഹലെ...
...........................
...... മേരാ  പ്യാര്‍ ജല്‍  രഹാ ഹേ, അരെ ചാന്ദ് ആജ് ചുപ്പ് ജാഓ
      കഭീ പ്യാര്‍ ഥാ ഹമെന്‍ ഭീ, തേരി ചാന്ദ്നീ സെ പെഹലേ...."
 ഈ രണ്ടു വരികള്‍ എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌.  ചന്ദ്രനോടുള്ള ആ സല്ലാപം മാത്രം മതി എത്ര പുകയുന്ന സമയത്തും മനസ്സ് നിറഞ്ഞ് എല്ലാം മറക്കാന്‍... മെഹ്ദി ഇവിടെ പാടുകയായിരുന്നില്ല, അനുഭവിച്ചറിഞ്ഞ ഒരു അവസ്ഥയെ അനുവാചകന്റെ ഹൃദയത്തിലേക്ക് ആനയിച്ച് കൊണ്ട് വരികയാണെന്നേ തോന്നുകയുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ എന്റെ അക്ഷരങ്ങള്‍ക്ക് ശക്തി പോരാ, ആ വശ്യാനുഭൂതിയെ പകര്ത്തിയിടാന്‍ മാത്രം.

മിര്‍ താഖി മിര്‍ "പത്താ പത്താ ബൂട്ടാ ബൂട്ടാ" യും ബഹദൂര്‍ഷ സഫര്‍ "ബാത്ത് കര്‍നീ മുജെ മുശ്കില്‍ കഭീ" യും ഗാലിബ് "ദില്‍ സെ തേരീ നിഗാഹ്" ഉം മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്നേ കുറിച്ചിട്ടത്‌ സത്യത്തില്‍ മെഹ്ദിയുടെ ശബ്ദമികവിനെ നമുക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോകും, നൂറ്റാണ്ടുകള്‍ക്കിപ്പുറം അവ മെഹ്ദി പാടുമ്പോള്‍.

"പത്താ പത്താ ബൂട്ടാ ബൂട്ടാ ഹാല്  ഹമാരാ ജാനേ ഹേ "..
ഇവിടെ പ്രകൃതിയുടെ നൈര്‍മല്യവും ഇളം തെന്നലുമാണ് മെഹ്ദിയുടെ ശബ്ദത്തില്‍ വിളക്കി ചേര്‍ത്തിരിക്കുന്നത്, പ്രകൃതിയുടെ മര്‍മരം പോലെ, പ്രകൃതിയോടുള്ള സല്ലാപം പോലെയും..

ഗസല്‍ ഗായകരില്‍ നിന്ന് മെഹ്ദിയെ വ്യത്യസ്തനാക്കുന്നത് ഉര്‍ദു വാക്കുകളുടെ ഉച്ചാരണ ശുദ്ധിയും പദവിന്യാസത്തിലെ സമ്പൂര്‍ണ്ണതയും കൂടിയാണ്. മറ്റൊരു പ്രത്യേകതയായ ആലാപനത്തിനിടയിലെ വിശദീകരണം കൂടിയാകുമ്പോള്‍ ഗസല്‍ മെഹ്ദിയുടെതാവുകയായി.

ഗസല്‍ സ്നേഹമാണ്. കളങ്കമില്ലാത്ത സ്നേഹം. ഹൃദയം കൊണ്ട് ആത്മാവിനെ തേടുന്നവരെ അനുഭൂതിയുടെ ചരടില്‍ കോര്‍ക്കുന്ന സ്നേഹം. ഗസല്‍ ഒരു യാത്രയുമാണ്, തന്നിലെ തന്നെ കണ്ടെത്താനുള്ള യാത്ര. സ്വന്തത്തെ തേടിയുള്ള ആത്മാന്വേഷകര്‍ക്ക് മാത്രം അനുഭവേദ്യമാകുന്ന തീര്‍ത്ഥയാത്ര. ആ യാത്രയില്‍ നമ്മെ വഴി നടത്തുന്നവരാണ് ഗസല്‍ ഗായകര്‍. മെഹ്ദി അവരുടെ നേതാവും. ഗസലിന്റെ ഭാവിയെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ ഊര് ചുറ്റിയായ ഒരു സൂഫി പറഞ്ഞുവത്രേ, 'ഭൂമിയില്‍ സ്നേഹമുള്ള കാലത്തോളം ഗസലും ഉണ്ടാകുമെ'ന്ന്. എങ്കില്‍ ഗസലുള്ള കാലത്തോളം മെഹ്ദിയുമുണ്ടാവും. അതറിയാതെ ആകില്ല മെഹ്ദി തന്നെ ഇങ്ങിനെ പാടിയത്.

"സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍ത്തീ ഹേ
 മേന്‍ തോ മര്‍ കര്‍ ഭീ മേരീ ജാന്‍ തുജെ ചാഹുന്ഗാ....
 ...തു മിലാ ഹേ തോ യെ ഇഹ്സാസ് ഹുആ ഹേ മുജ്കോ
     യേ മേരീ ഉമര്‍ മോഹബ്ബത് കേലിയെ തോഡീ ഹേ ...."
അതെത്ര ശരി..യെ ഉമര്‍ മുഹബ്ബത്ത് കേലിയെ തോഡീ ഹേ ..

മെഹ്ദിയുടെ ഓരോ ഗസലും കേള്‍ക്കുന്തോറും ഇമ്പം കൂടി കൂടി വരികയെ ഉള്ളൂ. അതാണല്ലോ മെഹ്ദി യുടെ കഴിവും. മെഹ്ദിയുടെ ഗസലുകളില്‍ ഏതിനെയാണ് പ്രത്യേകം എടുത്തുദ്ധരിക്കാനാവുക?   'ഗുലോം കോ രംഗ് ഭരേ' യെയോ 'ദേഖ് തു ദില്‍ കെ ജാന്‍ സെ ഉഡ് താ ഹേ' യെയോ അല്ലെങ്കില്‍ 'യൂന്‍ സിന്ദഗീ കി രാഹ് മെന്‍ ടക്റാ  ഗയാ കോയീ' യെയോ  'മോഹബ്ബത് കര്‍നേ വാലേ കം ന ഹോന്ഗെ തേരീ മെഹ്ഫില്‍ മേ ലേകിന്‍ ഹം ന ഹോന്ഗെ' യെയോ 'ഫൂല്‍ ഹി ഫൂല്‍ ഖില്‍ ഉട്ടെ' യെയോ അതോ 'ഏക്‌ ബസ് തുഹീ മുജെ' യെയോ 'ദുനിയാ കിസീകെ പ്യാര്‍ മേ ജനനത് സെ കം ന ഹോന്ഗെ' യെയോ അതുമല്ലെങ്കില്‍ 'ക്യാ ഹംസേ ഖഫാ ഹോ ഗയെ' യെയോ 'രഫ്താ രഫ്താ  ഓ മേരീ ഹസ്തീ കാ സമാന്‍ ഹോഗയെ' യെയോ അതോ... ഞാന്‍ വീണ്ടും അശക്തനാവുന്നു.

മെഹ്ദി നമ്മെ വിട്ടു പിരിഞ്ഞു. പകരം വെക്കാന്‍ മറ്റൊന്നും നമുക്കില്ല, അദ്ധേഹത്തിന്റെ തന്നെ ശബ്ദമല്ലാതെ. ആ ദുഃഖം മറക്കാനും പ്രിയപ്പെട്ട മെഹ്ദി സാബ് നമുക്ക് വേണ്ടി മുമ്പേ പാടി വെച്ചു…
 ”അബ് കെ ഹം ബിച്ച്ടെ തോ ശായിദ് കഭി ഖ്വാബോന്‍ മേന്‍ മിലേ
ജിസ് തരഹ് സുക്കെ ഹുവേ ഫൂല്‍ കിതാബോം മി മിലേ..”....
(ഒരു പക്ഷെ ഇപ്പോള്‍ നാം വിട്ടു പിരിഞ്ഞാല്‍
ചിലപ്പോള്‍ സ്വപ്നത്തില്‍ വെച്ച് കണ്ടു മുട്ടിയേക്കാം
പഴയ പുസ്തകത്താളുകളില്‍ അമര്ത്തി വെക്കപ്പെട്ട പുഷ്പത്തെ
പിന്നീടൊരിക്കല്‍ കണ്ടെത്തും പോലെ….)*
>>മഴവില്ല് E-മാഗസിനില്‍ പ്രസിദ്ധീകരിച്ചത്<<
......................................................................................................................
*തര്‍ജ്ജമ ശരിയല്ലെന്നറിയാം. പരാജയപ്പെട്ടെന്ന് അറിയിക്കാന്‍ വേണ്ടി മാത്രം.

Thursday, May 10, 2012

ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും.

നിങ്ങളൊരു യാത്രികനാണോ?യാത്രാ പ്രേമിയാണോ?യാത്രാ കുറിപ്പുകളെ ഇഷ്ടപ്പെടുന്നവനെങ്കിലും ആണോ? ആണെങ്കില്‍ നിങ്ങളീ കഥ അറിഞ്ഞേ പറ്റൂ.. അതെ, ഇതൊരു കഥയാണ്. ഒരു സാഹസിക സഞ്ചാരിയുടെ ജീവിത കഥ. പണക്കാരന്റെ മകനായി കുട്ടിക്കാലം കളിച്ചു കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി വിരുന്നു വന്ന ദാരിദ്ര്യത്തിന്റെ കയ്പ്പുനീര്‍ രുചിച്ച് പഠനം പോലും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന്, വിധി വൈപരീത്യത്തിന്റെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ മുന്നോട്ടുള്ള വഴിയെ മുള്ത്താരയാക്കിയപ്പോള്‍ ഒരു സാഹസിക യാത്രയെന്ന നിശ്ചയ ദാര്‍ഡ്യത്തിന്റെ കരുത്തുമായി ലോകം ചുറ്റാനിറങ്ങിയ ഒരു മലപ്പുറത്തുകാരന്‍ പയ്യന്റെ കഥ. അദ്ധേഹത്തിന്റെ പേരാണ് മൊയ്തു കിഴിശ്ശേരി.

മൊയ്തു കിഴിശ്ശേരി.
1976 ഡിസംബറില്‍ ലോകം ചുറ്റാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ തന്റെ കയ്യില്‍ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാ രേഖകളോ ഒന്നും തന്നെ ഇല്ലെന്നത് മോയ്തുവിനു പ്രശ്നമല്ലായിരുന്നു. അത്രക്കുണ്ടായിരുന്നു ആ ഉള്‍വിളിയുടെ കരുത്ത്.അങ്ങിനെ ആകെയുള്ള 50 രൂപയുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങാന്‍ ഒരുങ്ങി നില്‍ക്കവേയാണ് പ്ലാട്ഫോം ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പിടിക്കപ്പെടുന്നത്. മുന്നിലെ വിശാലമായ വഴിയില്‍ താന്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികളുടെ ആദ്യ കടമ്പയായിരുന്നു അത്. 15 രൂപ പിഴയടച്ചു തിരിച്ചു വരുമ്പോള്‍ പുറപ്പെടാന്‍ ഒരുങ്ങുന്ന  നിസാമുദീന്‍ ട്രെയിനാണ് മുന്നില്‍. ഒന്നും നോക്കാതെ അതില്‍ ചാടിക്കയരുമ്പോള്‍ മോയ്തുവിനു വയസ്സ് 17 ! മൂന്നു വന്കരകളിലൂടെ 24 രാഷ്ട്രങ്ങള്‍ ചുറ്റിത്തിരിഞ്ഞ, സംഭവ ബഹുലതകളാല്‍ ജീവിതത്തിനു പുതിയ നിറവും ഭാവവും നല്‍കിയ 7 വര്ഷം നീണ്ടു നിന്ന അസാധാരണമായ ഒരു സാഹസിക യാത്രക്ക് ഇവിടെ തുടക്കമാവുകയായിരുന്നു. 

മുന്‍കൂട്ടി തിരക്കഥയും സംവിധാനവുമെല്ലാം നടത്തി ഒഴുക്കിനനുസരിച്ചു നീങ്ങുക മാത്രം ചെയ്യേണ്ടുന്ന യാത്രകളെ മാത്രം കണ്ടും കേട്ടും പരിചയിച്ച നമുക്ക്, എങ്ങോട്ടെന്നോ എന്തിനെന്നോ ഒരു മുന്‍ധാരണയുമില്ലാതെ ചുറ്റിക്കറങ്ങാന്‍ മാത്രം തീരുമാനിച് രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്  ജീവന്‍ പണയം വെച്ചുള്ള, യാത്രാരേഖകള്‍ ഒന്നുമില്ലാതെയുള്ള ഈ യാത്ര ഒരല്ഭുതമായിരിക്കും.
 അതിര്‍ത്തിസേനയുടെ കണ്ണ് വെട്ടിച്ച് അതി വിദഗ്ധമായി നുഴഞ്ഞു കയറിയും മരണം മണക്കുന്ന മരുഭുമിയിലെ മണല്ക്കാട്ടിലൂടെ ദിവസങ്ങള്‍ അലക്ഷ്യമായി അലഞ്ഞു നടന്നും കുന്നും മലയും വലിഞ്ഞു കയറിയും കാടും കടലും താണ്ടിയും തോടും പുഴയും മുറിച്ചു കടന്നും ഒട്ടകത്തിലും പായക്കപ്പലിലും എ സി കാറിലും ചരക്കു ലോറിയിലും വിമാനത്തിലും സഞ്ചരിച്ചും ദേശാതിര്‍ത്തികള്‍ക്കപ്പുറത്തെ ജീവിതത്തെ തൊട്ടറിഞ്ഞ് കൂടെക്കൂടുകയായിരുന്നു മൊയ്തു എന്ന പയ്യന്‍.

വാഗ അതിര്‍ത്തിയില്‍ നിന്ന് പിടിക്കപ്പെട്ടിട്ടും പിന്തിരിയാതെ സേനയുടെ കണ്ണ് വെട്ടിച്ച് പാകിസ്ഥാനിലെത്തുന്നു. കുറെ കാലം അവിടെ കഴിഞ്ഞ ശേഷം ബലൂചിസ്ഥാന്‍ മരുഭൂമിയിലൂടെ അന്തമായ അലച്ചിലിനൊടുവില്‍ കാബൂളിലെത്തി. ദാരിദ്ര്യത്തോട് മല്ലടിച്ച് കഴിയുമ്പോഴും ലഹരിക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു കൂട്ടം പാവങ്ങളെ കണ്ടറിഞ്ഞ ശേഷം അവിടം വിടുന്നു. താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും കറങ്ങി വീണ്ടും കാബൂള്‍ വഴി കാണ്ടഹാറില്‍. പിന്നെ പാക്കിസ്ഥാനിലേക്ക് തന്നെ. 28 ദിവസത്തെ ജയില്‍വാസവും കഴിഞ്ഞ് ഇറാനിലെത്തുമ്പോള്‍ ആഭ്യന്തര കലാപത്തിന്റെയും ഇറാഖുമായുള്ള യുദ്ധത്തിന്റെയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടം. കുറെ കാലം അവിടെ കഴിഞ്ഞ് കൂടുന്നടിനിടയില്‍ ഒരു ഇറാന്‍ പത്രത്തില്‍ റിപ്പോര്ട്ടരായി ജോലി തരപ്പെട്ടു. അതു കഴിഞ്ഞ് തുര്‍ക്കിയിലേക്ക്. യാത്രയില്‍ തന്നോട് ഏറ്റവും ഇഴുകിച്ചേര്‍ന്ന നാടായിരുന്നു മോയ്തുവിനു തുര്‍ക്കി.  അകാലത്തില്‍ മരണപ്പെട്ട മകനാണെന്ന് കരുതി തന്നെ കണ്ടു മോഹാലസ്യപ്പെടുന്ന ഒരുമ്മയും കുടുംബവും ആ മകന്റെ ഐ ഡി യും ഡ്രെസ്സും മറ്റും നല്‍കി ആ കുടുംബത്തിലെ 'അവനാ'യി മാറാന്‍ നിര്‍ബന്ധിച്ചത്, തുര്‍ക്കി ഭാഷയും സംസ്കാരവും പഠിക്കാന്‍ കോളേജ് പഠനം, വഴിപോക്കനാണെന്നറിഞ്ഞിട്ടും സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ച് ജീവിതത്തിലേക്ക് ക്ഷണിക്കുന്ന പ്രണയിനി, ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയില്‍ വാസം.. തുടങ്ങി കുറച്ചൊന്നുമല്ല അനുഭവങ്ങള്‍ കൊണ്ട് തുര്‍ക്കി മൊയ്തുവിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഈ സഞ്ചാരത്തിനിടയില്‍ മൊയ്തു കൂടുതല്‍ തങ്ങിയതും തുര്‍ക്കിയില്‍ തന്നെ. 

പിന്നീട് റഷ്യ, ചെച്നിയ, ഉക്രൈന്‍, ലിബിയ, അള്‍ജീരിയ, ടുണീഷ്യ ഒക്കെ കഴിഞ്ഞ് സാംസ്കാരിക തനിമ കൊണ്ട് ചരിത്രത്തിലിടം കിട്ടിയ പിരമിഡുകളുടെ നാടായ ഈജിപ്തില്‍ . ശേഷം സിറിയ വഴി ഇറാഖില്‍ കടന്ന് ജോര്‍ദാന്‍ നദി നീന്തിക്കടന്ന് ഫലസ്തീനില്‍ വീണ്ടും ജോര്‍ദാനില്‍ വന്നത് അതിര്‍ത്തി കടന്ന് സൗദിയിലെ പുണ്യഭൂമിയിലെത്താനയിരുന്നു. പക്ഷെ ലക്ഷ്യം പിഴപ്പിച്ച സൈന്യം വെച്ച വെടി ഉന്നം പിഴച്ചെങ്കിലും അടുത്തത്  ഉന്നം പിഴക്കില്ലെന്നു പറഞ്ഞു ആട്ടിയപ്പോള്‍ തന്റെ രണ്ടാം പരാജയമെന്ന് മൊയ്തു അതിനെ വിലയിരുത്തി പിന്‍വാങ്ങി. 

ഇടക്ക് പെറ്റുമ്മയെകുറിച്ച് തികട്ടി വരുന്ന ഓര്‍മ്മ ഒരു മടക്ക യാത്രയെക്കുറിച്ച് ചിന്തിപ്പിക്കുന്നു. അങ്ങിനെ തുര്‍ക്കി- ഇറാന്‍ - പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക്‌ മടക്കം. അതോടെ, ഒരു പുരുഷായുസ്സിന്റെ, ആനന്ദത്തിമര്‍പ്പില്‍ ആറാടിക്കഴിയേണ്ട രക്തത്തിളപ്പിന്റെ യൗവന കാലത്തില്‍ നിന്നും വലിയൊരു ഭാഗം ചിലവഴിച്ചു നടത്തിയ, വ്യത്യസ്ത ജീവിതങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ കൊണ്ട് വിസ്മയതിന്റെ പുതിയൊരദ്ധ്യായം സമ്മാനിച്ച, വര്‍ഷങ്ങളുടെ ദൈര്‍ഖ്യമുള്ള ഒരസാധാരണ സഞ്ചാരത്തിന് വിരാമമിട്ട്  1984 ജനുവരി 1 ന് കിഴിശ്ശേരിയില്‍ മടങ്ങിയെത്തുമ്പോള്‍ പോക്കറ്റില്‍ വെറും 40  പൈസ മാത്രം ബാക്കിയുണ്ട്. അന്ന് വയസ്സ് 24 ..
'ദൂര്‍ കെ മുസാഫിര്‍' -മാതൃഭുമി ബുക്സ്
തുര്‍ക്കിയിലെ ഭരണാധികാരിയായിരുന്ന കമാല്‍ പാഷയെ കുറിച്ച് ഒരിക്കല്‍ വിവരം തപ്പുന്നതിനിടയിലാണ്  അവിചാരിതമായി മൊയ്തു കിഴിശ്ശേരിയുടെ ആദ്യ ബുക്കായ "തുര്‍ക്കിയിലേക്കൊരു  സാഹസിക യാത്ര" കയ്യിലെത്തുന്നതെങ്കില്‍ അടുത്ത ബുക്കായ "ദൂര്‍ കെ മുസാഫിര്‍" ഞാന്‍ തപ്പിപ്പിടിച്ച്‌ വാങ്ങിയതായിരുന്നു. തുര്‍ക്കി അത്രയ്ക്ക് പ്രിയപ്പെട്ടത് കൊണ്ടാണ് ആദ്യ ബുക്കിനു അങ്ങിനെ പേരിട്ടതെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. ആ പുസ്തകത്തിലുടനീളം അതാതു രാജ്യങ്ങളിലെ മത- രാഷ്ട്രീയ-സാംസ്കാരിക പരിസരങ്ങളെയും ഭംഗിയായി പറഞ്ഞു വെച്ചിരിക്കുന്നു. എന്നാലും പലപ്പോഴും യാത്രാ കുറിപ്പുകളിലൊക്കെ കാണും പോലെ ഇടക്കുള്ള ചരിത്ര പശ്ചാത്തലത്തെ വിശദീകരിക്കല്‍ ചിലര്‍ക്കെങ്കിലും അനവസരത്തിലുള്ള കടന്ന് കയറ്റമായി തോന്നിയേക്കാം. എന്നാല്‍ 'ദൂര്‍ കെ മുസാഫിര്‍' ല്‍ അങ്ങിനെയുള്ള വിശദീകരണങ്ങളൊന്നും ഇല്ല. തല മുതല്‍ ഒടു വരെ ഒരൊറ്റ പറച്ചിലായി കൊണ്ട് പോവുകയാണ് ചെയ്യുന്നത്.മാത്രമല്ല ആഗ്രഹിക്കാതെ കടന്നു വന്ന പ്രണയാനുഭവങ്ങള്‍ ഇതില്‍ കൂടുതലായി വിവരിക്കുന്നുമുണ്ട്. 

യാത്രയില്‍ നേരിടേണ്ടി വന്ന മധുരിക്കുന്നതും കൈപ്പേറിയതുമായ അനുഭവങ്ങള്‍ തന്നെയാണ് രണ്ടു പുസ്തകത്തിലും നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. തല മുകളിലൂടെ പായുന്ന വെടിയുണ്ടകളും, ഷെല്‍ വര്‍ഷത്തില്‍ കണ്മുന്നിലുള്ളവര്‍ മരിച്ചു വീഴുന്നതും, ജയില്‍ വാസവും, യൂഫ്രെട്ടീസിന്റെ കുത്തൊഴുക്കില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടുന്നതും, പട്ടാളക്കാരോടൊപ്പം ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുന്നതും, ഒരാള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും പൂമുഖത്തെ ഫ്രൈം ചെയ്തു വച്ച തന്റെ ഫോട്ടോ കണ്ടു അന്തം വിട്ടു നില്‍ക്കുമ്പോള്‍ അകത്തു നിന്ന് വന്ന ഉമ്മ തന്നെ കണ്ടു കുഴഞ്ഞു വീഴുന്നതും, മരുഭൂമിയിലൂടെ മരണത്തെ മുന്നില്‍ കണ്ട് അന്നപാനീയങ്ങളില്ലാതെ ദിക്കറിയാതെ അലയുന്നതും, ചെങ്കുത്തായ ഉരുളന്‍ കല്ലുകളുടെ ചെരുവില്‍ നിന്ന് മരണക്കയത്തിലേക്ക് ഉരുളുമ്പോള്‍ പിടിവള്ളി രക്ഷക്കെത്തുന്നതും, അതിര്‍ത്തി കടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുന്നതും, ജയിലില്‍ പോലീസ് മേധാവികളുടെ സ്വീകരണ ചടങ്ങും, കൊടും കാട്ടിലെ അന്തിയുറക്കവും, ഒറ്റപ്പെടലിനെ ഒരാനന്ദമായി കരുതുമ്പോഴും നിഷ്കളങ്കമായ സ്നേഹം കൊണ്ട് ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കുന്ന വിളിക്കാതെ കടന്നു വരുന്ന പ്രനയഭാജനങ്ങളും, അവരെ പിരിയേണ്ടി വരുന്ന വികാര നിര്‍ഭരമായ രംഗങ്ങളും, മനമില്ലാ മനസ്സോടെ ഉറപ്പിച്ച നിക്കാഹിന്റെ ആറു ദിവസം മുന്നേ നിവൃത്തിയില്ലാതെ മുങ്ങുന്നതും എല്ലാം നമ്മെ ജിജ്ഞാസയുടെ അങ്ങേത്തലക്കല്‍ എത്തിക്കുന്ന അനുഭവങ്ങളില്‍ ചിലത് മാത്രം.
മൊയ്തു കിഴിശ്ശേരിയുടെ പുസ്തകങ്ങള്‍ : 1.'തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര'- പൂങ്കാവനം ബുക്സ്, കോഴിക്കോട്.  2.'ദൂര്‍ കെ മുസാഫിര്‍' മാതൃഭുമി ബുക്സ്.  3.'ലിവിംഗ് ഓണ്‍ ദി എഡ്ജ്' -കൈരളി ബുക്സ്.  4.'ചരിത്ര ഭൂമികളിലൂടെ' -പൂങ്കാവനം ബുക്സ്, കോഴിക്കോട്. 5.'ദര്‍ദെ ജുദാഇ' - കൈരളി ബുക്സ്

യാത്രക്കാവശ്യമായ പണം മൊയ്തുവിനെ തേടി എത്തുന്നത് വിവിധങ്ങളായ വഴികളിലൂടെയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് ഗൈഡ് ആയും  പത്ര പ്രവര്‍ത്തകനായും മറ്റും ജോലി നോക്കിയിരുന്നെങ്കിലും, കാര്യമായി മൊയ്തുവിനെ സഹായിച്ചത് യാത്രയിലുടനീളം കഥ കേള്‍ക്കുന്ന നാട്ടുകാരും മറ്റും 'യാത്രക്കാരന്' ഒറ്റക്കും കൂട്ടമായി പിരിവെടുത്തും നല്‍കുന്ന കൈമടക്കുകളായിരുന്നു.

ഈ പുസ്തകങ്ങള്‍ ഒരുപാട് തവണ വായിച്ചപ്പോള്‍ പലപ്പോഴും കണ്ണടച്ച് കിടന്ന് , വിശാലമായ ഈ ഭൂമിയിലൂടെ മനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്, രേഖകള്‍ കൊണ്ട് വിലക്ക് വാങ്ങേണ്ടുന്ന അനുമതി വേണ്ടാതെ, പ്രകൃതിയെയും അതിന്റെ ജീവല്തുടിപ്പുകളെയും തൊട്ടറിഞ്ഞു കൊണ്ടുള്ള ഒരു അലച്ചില്‍ സ്വപ്നം കാണാന്‍ തുടങ്ങുമ്പോഴേക്കു പൊടുന്നനെ മനസ്സ് 'അസംഭവ്യം' എന്ന് വിലക്കുന്നുവെങ്കിലും, കൊതിച്ചു പോവുന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്ന്...

പിങ്കുറിപ്പ്: ഒരുപാട് കാലത്തെ പരിചയപ്പെടണമെന്ന ആഗ്രഹം തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം അദേഹത്തെ വിളിച്ചപ്പോഴാണ്  ഇനിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സൂഫികളെ കുറിച്ച ഒരു ബുക്ക്‌ പണിപ്പുരയിലാണെന്നും അറിയുന്നത്. കൈരളി ബുക്സിന്റെ  സാഹസികതകളെ ആധാരമാക്കിയുള്ള 'ലിവിംഗ് ഓണ്‍ ദി എഡ്ജ്' ഉം യാത്രയിലെ പ്രണയ നൊമ്പരങ്ങളെ അയവിറക്കുന്ന 'ദര്‍ദ് എ ജുദാഇ' യും ഉടനെ തന്നെ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്.

ഇദേഹത്തെ കുറിച്ച് പുറം ലോകം ഇപ്പോഴും അധികമൊന്നും അറിഞ്ഞിട്ടില്ലെങ്കിലും ഈയിടെയായി ചരിത്രാന്വേഷികളും വിദ്യാര്‍ഥികളും അടക്കം പലരും അദ്ധേഹത്തെ കാണാനും വിവരങ്ങള്‍ അറിയാനും വരാരുണ്ടത്രേ. ദി ഹിന്ദു, മാതൃഭുമി,സിറാജ്, ദേശാഭിമാനി തുടങ്ങി പല പത്രങ്ങളിലും അദേഹത്തെ കുറിച്ച ഫീച്ചര്‍ വന്നിരുന്നു. നിലമ്പൂരില്‍ തേക്ക് മ്യുസിയത്തിനടുത്ത്, യാത്രക്കിടയില്‍ കിട്ടിയ തന്റെ അമൂല്യ വസ്തുക്കളുടെ ശേഖരങ്ങളുമായി ഒരു മ്യുസിയം നടത്തുന്നു എന്ന് കേട്ടിരുന്നു. എന്റെ  നിലമ്പൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാന്‍ കൊതിച്ചതായിരുന്നു.പക്ഷെ നടന്നിരുന്നില്ല.  തുടങ്ങി ആറു മാസം കഴിഞ്ഞു ആരോഗ്യ സ്ഥിതിതി മോശമായപ്പോള്‍ ആ സംരംഭം ഒഴിവാക്കിയത്രേ. 


വിളിച്ചപ്പോള്‍ ആശുപത്രിയിലായിരുന്നു.അനാരോഗ്യം വല്ലാതെ അലട്ടുന്നു എന്ന് പറഞ്ഞെങ്കിലും ആശുപത്രിക്കിടക്കയില്‍ വെച്ചും ഒരുപാട് സംസാരിച്ചു. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബവുമൊത്ത്  കിഴിശ്ശേരിയിലാണ് താമസം. പുറത്ത് പറയുന്നില്ലെങ്കിലും സാമ്പത്തിക സ്ഥിതിയും അത്ര ആശാവഹമല്ല എന്നാണ് മനസ്സിലായത്‌.


Related Posts Plugin for WordPress, Blogger...